This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെരിസ, (ആവില) വിശുദ്ധ (1515 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെരിസ, (ആവില) വിശുദ്ധ (1515 - 82)

Teresa of Avila,Saint

സ്പാനിഷ് സന്ന്യാസിനിയും മതപരിഷ്കര്‍ത്താവും. നിരവധി ആത്മീയ പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. 'ഡോക്ടര്‍ ഒഫ് ദ് ചര്‍ച്ച്' ബഹുമതി ലഭിച്ച ആദ്യത്തെ രണ്ട് വനിതകളില്‍ ഒരാള്‍ തെരിസ ആയിരുന്നു. സിയന്നയിലെ വിശുദ്ധ കാതറിനിനാണ് തെരിസയോടൊപ്പം പ്രസ്തുത ബഹുമതി ലഭിച്ചത്. 1515 മാ. 28-ന് സ്പെയിനിലെ ആവിലയില്‍ ഒരു കുലീന കുടുംബത്തിലാണ് തെരിസ ദ സിപെദ ജനിച്ചത്. ഇരുപതാമത്തെ വയസ്സില്‍ ആവിലയിലെ കാര്‍മലൈറ്റ് സന്ന്യാസിനിമഠത്തില്‍ അംഗമായി.

അനാരോഗ്യംമൂലം അല്പകാലം മഠത്തില്‍നിന്ന് മാറിനിന്നുവെങ്കിലും പത്തൊമ്പതു വര്‍ഷത്തെ സന്ന്യാസജീവിതം തെരിസയില്‍ പല മാറ്റങ്ങളും വരുത്തി. ദൈവം തന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്നു എന്നു മനസ്സിലാക്കിയ തെരിസയ്ക്ക് യേശുക്രിസ്തുവിന്റെ 'ശാരീരിക സാമീപ്യ'വും അനുഭവപ്പെട്ടു. തന്റെ അനുഭവങ്ങളെക്കുറിച്ചു സംസാരിച്ചപ്പോള്‍ പരസ്പര വിരുദ്ധങ്ങളായ ഉപദേശങ്ങളാണ് കൂടുതലും ലഭിച്ചതെങ്കിലും വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ, അല്‍കാന്‍ടാരയിലെ വിശുദ്ധ പീറ്റര്‍, ഡൊമിങ്ഗൊ ബാനെസ് തുടങ്ങിയവര്‍ തെരിസയെ പ്രോത്സാഹിപ്പിച്ചു.

വിശുദ്ധ തെരിസ:ഒരു ചിത്രീകരണം

1560-ല്‍ റോമിലെ മതനേതാക്കളുടെ അംഗീകാരത്തോടെ തെരിസ തന്റെ ആദ്യത്തെ സന്ന്യാസിനിമഠം ആരംഭിച്ചു. കഠിനമായ കാര്‍മലൈറ്റ് നിയമങ്ങളാണ് ഇവിടെ പിന്തുടര്‍ന്നിരുന്നത്. ഇക്കാലത്തുതന്നെയാണ് ഇവര്‍ തന്റെ ആത്മീയാനുഭവങ്ങളെക്കുറിച്ചുള്ള വിദ (Vida) എന്ന പ്രബന്ധം രചിച്ചത്. പ്രാദേശികമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നുവെങ്കിലും തെരിസ വീണ്ടും സന്ന്യാസിനിമഠങ്ങള്‍ ആരംഭിച്ചു. റോമില്‍നിന്നുള്ള പിന്തുണമൂലമാണ് ഇതു സാധ്യമായത്. സന്ന്യാസിനിമാര്‍ക്കായി തെരിസ രചിച്ച പ്രബന്ധമാണ് ദ് വേ ഒഫ് പെര്‍ഫെക്ഷന്‍. പ്രാര്‍ഥനാ രീതികളെക്കുറിച്ചും സദ്ഗുണങ്ങള്‍ വികസിപ്പിക്കുവാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുമാണ് ഈ കൃതി പ്രതിപാദിക്കുന്നത്. 1567-ല്‍ വിശുദ്ധ ജോണ്‍ ഒഫ് ദ് ക്രോസിന്റെ സഹകരണത്തോടുകൂടി തെരിസ പുരുഷന്മാര്‍ക്കായി പരിഷ്കൃത കാര്‍മലൈറ്റ് സന്ന്യാസിമഠങ്ങള്‍ സ്ഥാപിക്കുവാനുള്ള ശ്രമമാരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ തെരിസയുടെ ആത്മീയ വളര്‍ച്ചയ്ക്കും സഹായകമായി. 1572-ല്‍ തന്റെ ആത്മീയ പരിണയം നടന്നതായി തെരിസ വെളിപ്പെടുത്തി. ആത്മാവ് പൂര്‍ണമായി ദൈവവുമായി സംയോജിക്കുന്ന ആത്മീയ ജീവിതത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണിത്. 1575-ല്‍ റോമിലെ അധികാരികള്‍ തെരിസയെ പുതിയ മഠങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് വിലക്കി. സ്പെയിനിലെ ഫിലിപ്പ് II രാജാവ് ഇടപെട്ടതുമൂലം നാലുവര്‍ഷങ്ങള്‍ക്കുശേഷം ഈ വിലക്ക് പിന്‍വലിച്ചു.

തെരിസ അസാമാന്യ ബുദ്ധിശക്തിയും പ്രായോഗികജ്ഞാനവും നര്‍മബോധവുമുള്ള വനിതയായിരുന്നു എന്നാണ് അവരുടെ കൃതികള്‍ സൂചിപ്പിക്കുന്നത്. ബുക്ക് ഒഫ് ഫൗണ്ടേഷന്‍സ്, ദി ഇന്റീരിയര്‍ കാസില്‍ എന്നിവയാണ് തെരിസയുടെ പ്രധാന കൃതികള്‍. 1582 ഒ. 4-ന് ആല്‍ബയില്‍ തെരിസ അന്തരിച്ചു. 1662-ല്‍ ഇവര്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. 1970-ല്‍ ഡോക്ടര്‍ ഒഫ് ദ് ചര്‍ച്ച് ബഹുമതിയും ലഭിച്ചു. ഒ. 15 വിശുദ്ധ തെരിസയുടെ തിരുനാളായി ആഘോഷിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍