This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെന്മല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെന്മല

കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള മലയോര ഗ്രാമപ്രദേശം. സഹ്യപര്‍വതത്തിന്റെ പടിഞ്ഞാറേ അരികില്‍ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി പ്രദേശമാണ് തെന്മല. സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.

'തേന്‍മല' എന്ന പേരില്‍നിന്നാണ് 'തെന്മല' എന്ന സ്ഥലനാമം നിഷ്പന്നമായത് എന്നാണ് വിശ്വാസം. ഔഷധഗുണമുള്ള തേന്‍ ധാരാളമായി കിട്ടിയിരുന്നതിനാലാണത്രെ 'തേന്‍മല' എന്ന പേര് ലഭിച്ചത്. അത് പിന്നീട് 'തെ തന്മല എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു.

തെന്മലയിലെ പതിമൂന്ന്കണ്ണറ റെയില്‍പ്പാലം

പത്തനാപുരം താലൂക്കില്‍ ഉള്‍പ്പെട്ട അഞ്ചല്‍ ബ്ലോക്കിലാണ് തെന്മല പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഇടമണ്‍, തെന്മല (ഭാഗികം), പിറവന്തൂര്‍ (ഭാഗികം) എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന തെന്മല പഞ്ചായത്തിന് 162.34 ച.കി.മീ. വിസ്തൃതിയുണ്ട്. വാര്‍ഡുകളുടെ എണ്ണം 11. അതിരുകള്‍: കി.ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകള്‍; തെ.കല്ലടയാറ് (ഏരൂര്‍ മുതല്‍ കുളത്തൂപ്പുഴ വരെ); പ.പുനലൂര്‍ മുനിസിപ്പാലിറ്റിയും പിറവന്തൂര്‍ ഗ്രാമപഞ്ചായത്തും; വ.അമ്പനാര്‍ അരുവിയും പിറവന്തൂര്‍-ആര്യങ്കാവ് പഞ്ചായത്തുകളും. 1963-ല്‍ നിലവില്‍വന്ന തെന്മല പഞ്ചായത്തില്‍ ആര്യങ്കാവ് പഞ്ചായത്തുകൂടി ഉള്‍പ്പെട്ടിരുന്നു. 1969-ല്‍ തെന്മല പഞ്ചായത്തിനെ തെന്മല, ആര്യങ്കാവ് എന്നീ പഞ്ചായത്തുകളായി വിഭജിച്ചു.

ഭൂപ്രകൃതിയനുസരിച്ച് മലനാട് ഭൂവിഭാഗത്തില്‍ ഉള്‍പ്പെട്ട തെന്മലയില്‍ 75 മീ. മുതല്‍ 900 മീ. വരെ ഉയരമുള്ള കുന്നുകളും മലകളും കാണാം. സഹ്യാദ്രിശൃംഗങ്ങളില്‍ ഒന്നായ നെടുംപാറ സ്ഥിതിചെയ്യുന്നത് ഒറ്റക്കല്ലിനും നാഗമലയ്ക്കും മധ്യേയാണ്. പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉദ്ഭവിക്കുന്ന കഴുതുരുട്ടിയാറ്, ചെന്തുരുണിയാറ്, കുളത്തൂപ്പുഴയാറ് എന്നിവ സംഗമിച്ച് കല്ലടയാറായി പടിഞ്ഞാറോട്ടൊഴുകി അഷ്ടമുടിക്കായലില്‍ പതിക്കുന്നു. ഏകദേശം 31.5 കി.മീ. ദൈര്‍ഘ്യത്തില്‍ കല്ലടയാറ് തെന്മലയിലൂടെ കടന്നുപോകുന്നു. പഞ്ചായത്തിലെ മിക്ക അരുവികളും തോടുകളും കല്ലടയാറിലേക്കാണ് പ്രവഹിക്കുന്നത്.

പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന കല്ലടയാറും ഏതാണ്ട് വടക്കേ അതിരിലൂടെ ഒഴുകുന്ന അമ്പനാര്‍ അരുവിയും മധ്യഭാഗത്തുകൂടി പ്രവഹിക്കുന്ന കുറവന്താവളം, ഇഞ്ചപ്പള്ളി ആറുകളും ആണ് പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സുകള്‍. കല്ലട പദ്ധതിയുടെ പ്രധാന അണക്കെട്ടായ പരപ്പാര്‍ അണക്കെട്ടും ഒറ്റക്കല്‍ തടയണയും തെന്മലയിലാണ് സ്ഥിതി ചെയ്യുന്നത്. കല്ലട ജലസേചന പദ്ധതിയുടെ വലതുകര കനാല്‍ കടന്നുപോകുന്നതും തെന്മലയിലൂടെയാണ്. കൊല്ലം ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയാണ് കല്ലട പദ്ധതി.

പ്രധാനമായും ചെമ്മണ്ണും കളിമണ്ണു കലര്‍ന്ന എക്കല്‍ മണ്ണും തെന്മലയില്‍ സമൃദ്ധമായി കാണപ്പെടുന്നു. അശാസ്ത്രീയമായ പാറപൊട്ടിക്കല്‍, മണല്‍വാരല്‍ എന്നിവ ഇവിടെ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.തെന്മലയില്‍ മരച്ചീനി, നെല്ല്, കരിമ്പ്, പയറുവര്‍ഗങ്ങള്‍, കശുമാവ്, തെങ്ങ്, കുരുമുളക്, കമുക്, വാഴ, റബ്ബര്‍ എന്നിവ കൃഷിചെയ്യുന്നു. വനംവകുപ്പിന്റെ കീഴിലുള്ള തേക്ക്, യൂക്കാലിപ്റ്റസ് തോട്ടങ്ങളും ഈ പഞ്ചായത്തിലുണ്ട്. കൃഷി കഴിഞ്ഞാല്‍ കന്നുകാലി വളര്‍ത്തലും വ്യാപാരവുമാണ് തദ്ദേശീയരുടെ ഉപജീവനമാര്‍ഗം. ഒരു വെറ്ററിനറി ഡിസ്പെന്‍സറിയും തമിഴ്നാട്ടില്‍നിന്നു കൊണ്ടുവരുന്ന കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്കുന്ന ഒരു റിന്റര്‍ പെസ്റ്റ് ചെക്ക്പോസ്റ്റും നിരവധി പാല്‍ ഉത്പാദന കേന്ദ്രങ്ങളും തെന്മലയില്‍ പ്രവര്‍ത്തിക്കുന്നു.

മലഞ്ചരിവിലുളള നടപ്പാത
പാലരുവി വെള്ളച്ചാട്ടം

ചെറുകിട വ്യവസായങ്ങളില്‍ കേന്ദ്രീകൃതമാണ് തെന്മലയുടെ വ്യാവസായിക മേഖല. 1972-ല്‍ എച്ച്. ആന്‍ഡ് സി. കമ്പനി സ്ഥാപിച്ച തേയില നിര്‍മാണ ഫാക്റ്ററി 1992-ല്‍ റബ്ബര്‍ നിര്‍മാണ ഫാക്റ്ററിയായി മാറി. ഒരു ഫോറസ്റ്റ് ഡിപ്പോയും ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് തെന്മലയില്‍ പല മരക്കമ്പോളങ്ങള്‍ നിലവിലുണ്ടായിരുന്നു.

ഗതാഗതരംഗത്ത് ശ്രദ്ധേയമായ സ്ഥാനമാണ് തെന്മലയ്ക്കുള്ളത്. അന്തര്‍സംസ്ഥാന റോഡുകളായ കൊല്ലം-ചെങ്കോട്ട, തിരുവനന്തപുരം-ചെങ്കോട്ട റോഡുകള്‍ക്കു പുറമേ തിരുവിതാംകൂറിലെ പ്രഥമ റെയില്‍പ്പാതയായ കൊല്ലം-തിരുനെല്‍വേലി മീറ്റര്‍ഗേജ് പാതയും തെന്മലയിലൂടെ കടന്നുപോകുന്നു. തെന്മല, ഇടമണ്‍ എന്നിവിടങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളും ഒറ്റക്കല്ലില്‍ ഒരു ഹാള്‍ട്ട് സ്റ്റേഷനും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പാതയിലെ അഞ്ച് ടണലുകളില്‍ നാലെണ്ണവും പ്രധാന പാലങ്ങളും തെന്മലയുടെ അതിര്‍ത്തിക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്.

വിദ്യാഭ്യാസ-വ്യാവസായിക രംഗങ്ങളില്‍ പിന്നോക്കം നില്ക്കുന്ന പ്രദേശമാണ് തെന്മല. ഇവിടത്തെ അധഃസ്ഥിതരുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി യത്നിച്ച സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു അയ്യപ്പന്‍ കൃഷ്ണന്‍. 1916-ല്‍ ഇദ്ദേഹം തെന്മലയിലെ ഇടമണ്ണില്‍ സ്ഥാപിച്ച പള്ളിക്കൂടം 1946-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ രണ്ട് ഹൈസ്കൂളുകള്‍ ഉള്‍പ്പെടെ 11 സ്കൂളുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

മണ്‍മറഞ്ഞ ശിലായുഗ സംസ്കാരത്തിന്റെ നിരവധി ചരിത്രാവശിഷ്ടങ്ങള്‍ തെന്മലയില്‍ കണ്ടെത്തിയിട്ടുണ്ട്. കല്ലട ജലസേചന പദ്ധതിയുടെ വലതുകനാല്‍മേഖലയില്‍നിന്നു ലഭിച്ച പുരാതന ഗൃഹോപകരണങ്ങള്‍ പ്രത്യേക ചരിത്രപ്രാധാന്യമര്‍ഹിക്കുന്നു. പാണ്ഡ്യ രാജാക്കന്മാരുടെ ഭരണകാലത്തു നിര്‍മിച്ച മാമ്പഴത്തറ ക്ഷേത്രം തെന്മലയിലെ പുരാതന ആരാധനാലയം എന്നതിനൊപ്പം ചരിത്രപരമായ പ്രസിദ്ധിയും പേറുന്നു.

ഉദ്ദേശം 200 വര്‍ഷങ്ങള്‍ക്കുമുമ്പ് തെന്മലയിലേക്ക് വ്യാപകമായ തോതില്‍ കുടിയേറ്റമുണ്ടായി. 1865-ല്‍ തേയിലക്കൃഷിയും തുടര്‍ന്ന് റബ്ബര്‍കൃഷിയും വ്യാപകമായതോടെ കുടിയേറ്റവും വര്‍ധിച്ചു. സ്വാതന്ത്ര്യാനന്തരം ഭക്ഷ്യക്ഷാമമുണ്ടായപ്പോള്‍ (1948) തെന്മല മുതല്‍ അണ്ടൂര്‍പച്ച വരെയുള്ള പ്രദേശങ്ങള്‍ ഭക്ഷ്യോത്പാദന മേഖലയായി തിരഞ്ഞെടുത്ത് നെല്ല് തുടങ്ങിയ ധാന്യവിളകളുടെ കൃഷിക്കായി കര്‍ഷകര്‍ക്കു വിട്ടുകൊടുത്തു. നെല്ല് ശേഖരിച്ച് അരിയാക്കി വില്ക്കുന്നതിന് കര്‍ഷകരുടെ വക ഒരു കൈക്കുത്തരി സംഘവും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

മ്യൂസിക്കല്‍ ഡാന്‍സിങ് ഫൗണ്ടന്‍

കല്ലട ജലസേചന പദ്ധതിയും ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്രവും നിലവില്‍വന്നതോടെ തെന്മല കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടി. കല്ലട ഡാം, ഒറ്റക്കല്‍ തടയണ, ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്രം, പാണ്ഡവന്‍പാറ എന്നിവ ഇവിടത്തെ വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളാണ്. തെന്മല വന്യജീവി ഡിവിഷനില്‍പ്പെട്ട തെന്മല റെയിഞ്ചിലെ കുളത്തൂപ്പുഴ റിസര്‍വ് വനമേഖല 1984 ആഗ. 25-ന് ചെന്തുരുണി വന്യജീവിസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. 100 ച.കി.മീ. വിസ്തൃതിയുള്ള ഈ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെ ആസ്ഥാനം തെന്മലയാണ്. തെന്മലയിലുള്ള അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ സഞ്ചാരികള്‍ക്ക് വന്യമൃഗസംരക്ഷണകേന്ദ്രം സന്ദര്‍ശിക്കാം.

ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍, അര്‍ധ നിത്യഹരിതവനങ്ങള്‍, ഇലകൊഴിയും കാടുകള്‍, ഗിരിശീര്‍ഷ ഹരിതവനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന വനങ്ങള്‍ ഈ വന്യമൃഗസംരക്ഷണകേന്ദ്രത്തിലുണ്ട്. തമ്പകം, പുന്ന, കല്പയിന്‍, വെള്ളപ്പയിന്‍ തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളും കരിമരുത്, വെന്തേക്ക്, വേങ്ങ, ഈട്ടി മുതലായ ഇലകൊഴിയും വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും മുളങ്കൂട്ടങ്ങളും ഇടകലര്‍ന്ന സമ്മിശ്ര വനഭാഗങ്ങളാണിവ. ഈ കാടുകളില്‍ സ്വാഭാവികമായി തേക്ക് വളരാറില്ല എന്നൊരു സവിശേഷതയുണ്ട്. ഈ പ്രദേശത്തുമാത്രം കണ്ടുവരുന്ന ചെങ്കുരുണി അഥവാ ചെങ്കുറുഞ്ഞി മരത്തിനെ ആസ്പദമാക്കിയാണ് വന്യമൃഗസംരക്ഷണകേന്ദ്രത്തിന് ചെന്തുരുണി എന്ന പേര് കൈവന്നത്. അനാകാര്‍ഡിയേസീ കുടുംബത്തില്‍പ്പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം ഗ്ലൂട്ടാ ട്രാവന്‍കോറിക്ക എന്നാണ്. കനത്ത തൊലിയും നീണ്ട് കട്ടിയുള്ള ഇലകളുമാണ് ഈ മരത്തിന്റെ പ്രത്യേകത.

തെന്മലയില്‍നിന്ന് ജലസംഭരണിയിലൂടെ ബോട്ടില്‍ യാത്ര ചെയ്താല്‍ ചെന്തുരുണി വന്യമൃഗസങ്കേതത്തിന്റെ ഹരിതകാന്തിയും ജൈവവൈവിധ്യവും ആസ്വദിക്കാനാകും. നാടന്‍കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ്, അണ്ണാന്‍, മലയണ്ണാന്‍, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍, കലമാന്‍, കൂരന്‍, കാട്ടുപന്നി, മുള്ളന്‍പന്നി, ആന, കൂരമാന്‍, കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, ചെന്നായ്, കുറുക്കന്‍, കരടി, വെരുക്, മരപ്പട്ടി, കീരി, അളുങ്ക് തുടങ്ങിയ മൃഗങ്ങളും മഞ്ഞക്കിളി, മണ്ണാത്തിപ്പുള്ള്, ചെമ്പുകൊട്ടി, പച്ചമരപ്പൊട്ടന്‍, കാട്ടുമൈന, കരിയിലക്കിളി, കാടുമുഴക്കി, തീക്കുരുവി, തീക്കാക്ക, നാകമോഹന്‍, ആനറാഞ്ചി തുടങ്ങിയ നിരവധി പക്ഷിജാലങ്ങളും ഇവിടെയുണ്ട്.

മാന്‍പാര്‍ക്കിലെഏറുമാടം
തെന്മല ശില്പോദ്യാനത്തിലെ ഏകലവ്യന്റെ ശില്പം

തെന്മല ഇക്കോടൂറിസം പദ്ധതി ഈ പ്രദേശത്തിന് ഇന്ത്യന്‍ വിനോദസഞ്ചാര ഭൂപടത്തില്‍ സുപ്രധാനവും സവിശേഷവുമായ സ്ഥാനം നേടിക്കൊടുത്തു. ഭൂമിയോടും പ്രകൃതിയോടും പ്രതിബദ്ധത പുലര്‍ത്തുന്നതാണ് ഇക്കോടൂറിസം. പ്രകൃതിയിലധിഷ്ഠിതമായിരിക്കുക, വിദ്യാഭ്യാസമൂല്യമുള്ളതായിരിക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതായിരിക്കുക, തദ്ദേശവാസികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായിരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ഈ ഇക്കോടൂറിസം പദ്ധതി തെന്മലയിലേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു. ഇവിടെ ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറല്‍ ടൂറിസം, പില്‍ഗ്രിമേജ് ടൂറിസം എന്നീ മൂന്ന് വിഭാഗങ്ങളിലായുള്ള സന്ദര്‍ശന പദ്ധതികളുണ്ട്.

ഇക്കോടൂറിസത്തില്‍ പ്രധാനമായും ട്രക്കിങ് ആണ് ഉള്‍പ്പെടുന്നത്. തെന്മലയില്‍നിന്ന് രണ്ടുമണിക്കൂര്‍ സമയംകൊണ്ട് പൂര്‍ത്തിയാക്കാവുന്ന 'സോഫ്റ്റ് ട്രക്കിങ്' മുതല്‍ മൂന്നുദിവസംകൊണ്ട് പൂര്‍ത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാല്‍നടയാത്ര വരെ ഇതിലുള്‍പ്പെടുന്നു. തെന്മലയില്‍നിന്ന് 17 കി.മീ. അകലെയുള്ള പാലരുവി എന്ന വെള്ളച്ചാട്ടം വരെയുള്ള കാല്‍നടയാത്രയാണ് മറ്റൊരു സന്ദര്‍ശന പരിപാടി.

ഇക്കോഫ്രണ്ട്ലി ജനറല്‍ ടൂറിസം പദ്ധതി തെന്മലയില്‍മാത്രം കേന്ദ്രീകരിച്ചുള്ളതാണ്. ഇതിലെ ഒരു വിഭാഗം തെന്മലയിലുള്ള ഇക്കോടൂറിസം ഫെസിലിറ്റേഷന്‍ സെന്ററിലെ പരിപാടികളാണ്. ഇതില്‍ ആംഫീ തിയെറ്റര്‍, ഷോപ്പ് കോര്‍ട്ട്സ്, റസ്റ്റൊറന്റ്, മ്യൂസിക്കല്‍ ഡാന്‍സിങ് ഫൗണ്ടന്‍ എന്നിവയുണ്ട്.

മലഞ്ചരിവിലൂടെയുള്ള നടപ്പാതകള്‍, കാട്ടിലൂടെയുള്ള ചെറുപാതകള്‍, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയര്‍ത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങള്‍, ശില്പോദ്യാനം, മാന്‍ പാര്‍ക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ മറ്റൊരു 'ഇക്കോഫ്രണ്ട്ലി' വിഭാഗം.

സാഹസിക ടൂറിസത്തിനുള്ള സൗകര്യങ്ങളും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്. നേച്ചര്‍ ട്രെയിന്‍, താമരക്കുളം, മൌണ്ടന്‍ ബൈക്കിങ്, റോക്ക് ക്ളൈംബിങ്, റാപ്പലിങ്, റിവര്‍ ക്രോസിങ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.

തെന്മലയില്‍നിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലേക്കുള്ള തീര്‍ഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയാണ് 'പില്‍ഗ്രിമേജ്' വിഭാഗത്തിലുള്ളത്. തെന്മല ഇക്കോടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേല്‍നോട്ടം നടത്തുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%86%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍