This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെന്നാലി രാമന്‍ (1485 - 1575)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെന്നാലി രാമന്‍ (1485 - 1575)

തെലുഗു കവിയും വിദൂഷകനും. രാമലിംഗകവി, രാമകൃഷ്ണകവി എന്നീ പേരുകളിലും അറിയപ്പെടുന്നു. വിജയനഗര ചക്രവര്‍ത്തിയായ കൃഷ്ണദേവരായരുടെ (ഭ.കാ. 1509-1529) സദസ്യനായിരുന്നുവെന്ന് കരുതപ്പെടുന്ന ഇദ്ദേഹം ജീവിച്ചിരുന്നതായി തെളിയിക്കുന്ന ചരിത്രരേഖകള്‍ ഒന്നും ഇല്ല. ഐതിഹ്യങ്ങളില്‍ക്കൂടി ലഭിച്ചിട്ടുളള വിവരങ്ങള്‍ ഇപ്രകാരമാണ്. തെനാലി എന്ന ഗ്രാമത്തില്‍ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. രാമലിംഗം എന്നായിരുന്നു പേര്. ഒരു സന്ന്യാസി ഉപദേശിച്ച മന്ത്രം ജപിച്ച് ഭദ്രകാളിയെ പ്രത്യക്ഷപ്പെടുത്തി. ദേവിയുടെ അനുഗ്രഹം കൊണ്ട് വിദ്യയും ധനവും നേടി. അതോടുകൂടി തെന്നാലി രാമന്‍ എന്ന പേരു സ്വീകരിച്ചു. രാജഗുരുവിനെ സ്വാധീനിച്ച് രാജസദസ്സില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും രാജഗുരു വഞ്ചിച്ചതിനാല്‍ അത് ആദ്യം സഫലമായില്ല. ഒടുവില്‍ രാജഗുരുവിനെ കെണിയില്‍പ്പെടുത്തി രാജസദസ്സില്‍ പ്രവേശിച്ചു. രാജാവിന്റെ പ്രീതിക്കു പാത്രമാവുകയും ചെയ്തു. അസൂയാലുക്കള്‍ തെന്നാലിയെ ദ്രോഹിക്കാന്‍ ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെടുത്തി.

തെന്നാലി രാമന്റെ കുടുംബപ്പേര് ഗാര്‍ലപതി എന്നാണ്. വ്യക്തിനാമത്തോട് ഗ്രാമപ്പേരായ തെനാലി ചേര്‍ത്താണ് തെന്നാലി രാമന്‍ ആക്കിയത്. ആദ്യം ഒരു ശൈവനായിരുന്നു ഇദ്ദേഹം. ആദ്യത്തെ കാവ്യമായ ഉദ്ഭടാരാധ്യചരിത്രത്തില്‍ തെന്നാലിരാമലിംഗ കവി എന്നാണ് പേരു കാണുന്നത്. വിജയനഗരസാമ്രാജ്യ സദസ്സുമായുള്ള ബന്ധം മൂലമാണ് പില്ക്കാലത്ത് വൈഷ്ണവനായി മാറിയതും രാമകൃഷ്ണ കവി എന്ന പേരു സ്വീകരിച്ചതും.

ഉദ്ഭടാരാധ്യചരിത്രമു എന്ന പ്രബന്ധകാവ്യവും ഘടികാചല മാഹാത്മ്യമു, പാണ്ഡുരംഗമാഹാത്മ്യമു എന്നീ മഹാകാവ്യങ്ങളുമാണ് തെന്നാലി രാമന്റേതായി അറിയപ്പെടുന്ന കാവ്യകൃതികള്‍. പാല്കുരുകി സോമനാഥന്റെ ബസവപുരാണത്തിന്റെ ഒരു ഭാഗത്തെ ആധാരമാക്കി രചിച്ചിട്ടുള്ളതാണ് മൂന്ന് ഖണ്ഡങ്ങളുളള ഉദ്ഭടാരാധ്യചരിത്രമു എന്ന പ്രബന്ധകാവ്യം. ശൈവ മതത്തെ അധികരിച്ചു രചിച്ചിട്ടുള്ള ഈ കാവ്യം കൃഷ്ണദേവരായനാണ് സമര്‍പ്പിച്ചിരിക്കുന്നത്.

അഞ്ച് ഖണ്ഡങ്ങളുള്ള പാണ്ഡുരംഗമാഹാത്മ്യവും മൂന്ന് ഖണ്ഡങ്ങളുള്ള ഘടികാചലമാഹാത്മ്യവും ക്ഷേത്രമാഹാത്മ്യങ്ങളാണ്. ഇവയില്‍ ഭൈമിനീനദിയുടേയും ഘടികാചല നദിയുടേയും തീരങ്ങളില്‍ സ്ഥിതിചെയ്യുന്ന വൈഷ്ണവക്ഷേത്രങ്ങളുടെ മഹിമകള്‍ വര്‍ണിച്ചിരിക്കുന്നു. സ്കന്ദപുരാണത്തില്‍ നിന്ന് എടുത്തിട്ടുളളവയാണ് രണ്ടു കാവ്യങ്ങളിലേയും പ്രതിപാദ്യവിഷയം. ക്ഷേത്രം, തീര്‍ഥം, ദേവന്‍ എന്നിവയ്ക്ക് ഒന്നുപോലെ മഹത്ത്വവും പ്രാധാന്യവും ഉള്ള സ്ഥലം ഏതെന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് പാണ്ഡുരംഗമാഹാത്മ്യം അവതരിപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ മഹത്ത്വം സൂചിപ്പിക്കുന്ന പല ഉപകഥകളും ഇതിലുണ്ട്. ഇവയില്‍ പുണ്ഡരീകന്റേയും നിഗമശര്‍മയുടേയും സുശീലയുടേയും കഥകള്‍ പ്രധാനങ്ങളാണ്. ആഖ്യാനരീതിക്ക് ഒരു ഭാഗം ഉദാഹരിക്കാം. നിഗമശര്‍മയുടെ തെറ്റുകള്‍ തിരുത്താന്‍ വരുന്ന സഹോദരി വാത്സല്യപൂര്‍വം പറയുന്ന ഭാഗം നോക്കുക: 'പ്രിയ സഹോദരാ, ഏറെക്കാലമായി നീ എന്നെ കാണാന്‍ വന്നില്ലല്ലോ. നീ തുടങ്ങിവച്ച വേദപഠനം മുടങ്ങിപ്പോകുമെന്ന ഭയം കൊണ്ടാണോ? എന്റെ താമരക്കണ്ണുകള്‍ നിന്നെ കാണാനുഴറുന്നു. നിന്റെ സ്യാലന്‍, കടല്‍ ചന്ദ്രോദയത്തെ എന്നപോലെ നിന്നെ കാണാന്‍ ആര്‍ത്തി പൂണ്ടിരിക്കുന്നു.'

പണ്ഡിതന്മാര്‍ക്കു മാത്രം ആസ്വദിക്കാന്‍ കഴിയത്തക്കവിധം സംസ്കൃത ബഹുലമാണ് പാണ്ഡുരംഗമാഹാത്മ്യത്തിലെ ഭാഷാരീതി. എന്നാല്‍ അവിടവിടെ തനി തെലുഗു പ്രയോഗങ്ങളും ശൈലികളും പഴഞ്ചൊല്ലുകളും ഉപയോഗിച്ചിട്ടുമുണ്ട്. ആശയഗാംഭീര്യത്തിനും രസഭാവാവിഷ്കരണത്തിനും പാത്രചിത്രീകരണത്തിനും രാമലിംഗകവികളുടെ കഴിവ് പ്രശംസനീയമാണ്.

വികടകവി എന്ന് അറിയപ്പെടുന്ന തെന്നാലി രാമന്റെ ഫലിതമയവും സാന്ദര്‍ഭികവുമായ കവിതകളും കഥകളും തെലുഗു നാട്ടിലെന്നു മാത്രമല്ല മറ്റ് ഇന്ത്യന്‍ ഭാഷാപ്രദേശങ്ങളിലും (പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍) പ്രസിദ്ധമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍