This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെക്കുംകൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെക്കുംകൂര്‍

ഇപ്പോഴത്തെ കോട്ടയം ജില്ലയില്‍പ്പെടുന്ന ചില പ്രദേശങ്ങളിലും പരിസരങ്ങളിലുമായി 12-ാം ശ.-ത്തോടെ നിലവില്‍വന്ന നാട്ടുരാജ്യം. ശക്തമായിരുന്നകാലത്ത് ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ തുടങ്ങിയ പ്രദേശങ്ങളുടെ ചില ഭാഗങ്ങള്‍വരെ തെക്കുംകൂര്‍ വ്യാപിച്ചിരുന്നു.

കോട്ടയം ജില്ലയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ കുലശേഖരഭരണം നിലനിന്നിരുന്നു. നന്റുഴൈനാട്, മഞ്ചുനാട് (മുഞ്ഞുനാട്), വേമ്പൊലിനാട് എന്നീ നാടുകളായി വിഭജിതമായ പ്രദേശമായിരുന്നു ഇവിടം. ഇതില്‍ വേമ്പൊലിനാട്ടില്‍ (സംസ്കൃതത്തില്‍ ബിംബലിദേശം) ഭരണം നടത്തിയിരുന്ന വേമ്പൊലി രാജവംശം രണ്ട് തായ്വഴികളായി പിരിഞ്ഞതില്‍ ഒന്നാണ് തെക്കുംകൂര്‍; രണ്ടാമത്തേത് വടക്കുംകൂറും. 12-ാം ശ.-ത്തിന്റെ തുടക്കത്തിലായിരുന്നു ഇത്. വേമ്പൊലിനാടിന്റെ തെക്കന്‍ പ്രദേശങ്ങളും മഞ്ചുനാടും നന്റുഴൈനാടിന്റെ ചില ഭാഗങ്ങളും ചേര്‍ന്ന് തെക്കുംകൂര്‍ ആയി; വേമ്പൊലിനാടിന്റെ വടക്കന്‍ പ്രദേശങ്ങള്‍ വടക്കുംകൂറും. ബിംബലീശന്‍ എന്നും മണികണ്ഠന്‍ എന്നുമുള്ള അഭിധാനങ്ങള്‍ തെക്കുംകൂറിലേയും വടക്കുംകൂറിലേയും രാജാക്കന്മാര്‍ സ്വീകരിച്ചിരുന്നു. തിരുവല്ലാ ചെപ്പേടുകളില്‍ തെക്കുംകൂറിനെപ്പറ്റിയുള്ള സൂചനകളുണ്ട്. കി. ഇല്ലിക്കല്‍മല മുതല്‍ പ. വേമ്പനാട്ടുകായല്‍ വരെയും വ. കാണക്കാരിക്കുന്ന് മുതല്‍ തെ. കൈപ്പട്ടൂര്‍കടവ് വരെയും രാജ്യം വ്യാപിച്ചിരുന്നു. വെന്നിമല, മണികണ്ഠപുരം, തളി (കോട്ടയം പട്ടണത്തില്‍) തുടങ്ങിയ സ്ഥലങ്ങളില്‍ തലസ്ഥാനം സ്ഥാപിച്ചിരുന്നതായാണ് സൂചന. കൊച്ചി രാജ്യവുമായും വടക്കുംകൂറുമായും തെക്കുംകൂറിന് യുദ്ധം ചെയ്യേണ്ടിവന്നിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തിയ കാലത്ത് തെക്കുംകൂര്‍ ഇവിടത്തെ പ്രധാന രാജ്യങ്ങളിലൊന്നായിരുന്നു.

കേരളത്തിലെത്തിയ ഡച്ചുകാര്‍ക്ക് തെക്കുംകൂറുമായി നല്ലബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞു. തെക്കുംകൂറുമായി വ്യാപാരക്കരാറുണ്ടാക്കിക്കൊണ്ട് ഈ രാജ്യത്ത് സമൃദ്ധമായി ലഭ്യമായിരുന്ന കുരുമുളക് വിലയ്ക്കു വാങ്ങാനുള്ള അവസരം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഡച്ചുകാരുടെ സമീപനം. ഹെന്റിക് വാന്റീഡ് എന്ന ഡച്ച് ഭരണാധികാരി തെക്കുംകൂറുമായി വ്യാപാരക്കരാറുണ്ടാക്കാന്‍ 1663-ഓടെ നടത്തിയ ആദ്യശ്രമം വിജയപ്രദമായില്ല. എന്നാല്‍ 1664-ല്‍ ഒരു കരാറുണ്ടാക്കാന്‍ ഡച്ചുകാര്‍ക്കു കഴിഞ്ഞത് വ്യാപാരം സുഗമമാക്കുന്നതിനു സഹായകമായി.

തെക്കുംകൂറില്‍നിന്ന് ഒരു രാജകുമാരിയെ 1728-ല്‍ സാമൂതിരി ദത്തെടുത്തു. തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മയുമായി യുദ്ധംചെയ്ത ഇളയിടത്തു സ്വരൂപം, കായംകുളം, അമ്പലപ്പുഴ (ചെമ്പകശ്ശേരി) തുടങ്ങിയ രാജ്യങ്ങളെ തെക്കുംകൂര്‍ സഹായിച്ചിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ ഭരണാധികാരി മരണമടഞ്ഞതിനെത്തുടര്‍ന്ന് അവിടത്തെ റാണിക്ക് തെക്കുംകൂര്‍ അഭയം നല്കി. കായംകുളവും അമ്പലപ്പുഴയും കീഴടക്കിയ മാര്‍ത്താണ്ഡവര്‍മ തുടര്‍ന്ന് തെക്കുംകൂര്‍ കീഴടക്കാനുള്ള ശ്രമം ആരംഭിച്ചു. ക്യാപ്റ്റന്‍ ഡി ലനോയ്യുടെ നേതൃത്വത്തില്‍ പരിഷ്കൃതയുദ്ധമുറ സ്വീകരിച്ചിരുന്ന തിരുവിതാംകൂര്‍ സേനയോട് പിടിച്ചുനില്ക്കാന്‍ തെക്കുംകൂറിനു കഴിഞ്ഞില്ല. 1749 സെപ്. ഓടെ ചങ്ങനാശ്ശേരി വരെയുള്ള പ്രദേശങ്ങള്‍ തിരുവിതാംകൂറിന്റെ കൈവശമായി. വര്‍ഷാവസാനത്തോടെ തെക്കുംകൂര്‍ തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍