This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃശൂര്‍ പൂരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃശൂര്‍ പൂരം

കേരളത്തിലെ പ്രമുഖമായ ഒരു ഉത്സവം. സംസ്കാരത്തിന്റെ മാധുര്യവും മതേതരത്വത്തിന്റെ സൗഭാഗ്യവും തികഞ്ഞ പൂരത്തിന് രണ്ട് നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ട്. അതിനെ ഇന്നത്തെ നിലയില്‍ പരിഷ്കരിച്ചത് ശക്തന്‍ തമ്പുരാനാണ്. അദ്ദേഹം തൃശൂര്‍ നഗരത്തെ ആധുനികമാക്കി. നഗരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി മത്സരാടിസ്ഥാനത്തില്‍ പൂരം തുടങ്ങി. തൃശൂര്‍നഗരത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ കീഴിലാക്കിയതും അദ്ദേഹമാണ്. ആദ്യം മീനമാസത്തിലാണ് പൂരം തുടങ്ങിയത്. ആനകളേയും വാദ്യക്കാരേയും കിട്ടാന്‍ ബുദ്ധിമുട്ടായതോടെ മേടമാസത്തിലേക്കു മാറ്റി.

പൂരങ്ങളുടെ പൂരമായാണ് തൃശൂര്‍ പൂരം അറിയപ്പെടുന്നത്. തൃശൂര്‍നഗരത്തിലും സമീപത്തുമുള്ള പത്ത് ക്ഷേത്രങ്ങള്‍ പൂരത്തില്‍ പങ്കെടുക്കുന്നു. കണിമംഗലം ശാസ്താക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, ചെമ്പുക്കാവ് ഭഗവതിക്ഷേത്രം, നൈതലക്കാവ് ഭഗവതിക്ഷേത്രം, കാരമുക്ക് ഭഗവതിക്ഷേത്രം, ലാലൂര്‍ ഭഗവതിക്ഷേത്രം, ചുരക്കോട്ടുകാവ് ഭഗവതിക്ഷേത്രം, അയ്യന്തോള്‍ ഭഗവതിക്ഷേത്രം, പാറമേക്കാവ് ഭഗവതിക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം എന്നിയാണിവ. മേടമാസത്തില്‍ മിക്കവാറും മകം നാളിലായിരിക്കും പൂരം. പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളില്‍ കൊടികയറുന്നു. തന്ത്രി, മേല്‍ശാന്തി എന്നിവരുടെ നേതൃത്വത്തില്‍ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തിരക്കാരായ ആശാരിമാര്‍ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങില്‍ ആലിലയും മാവിലയും ചേര്‍ത്തു കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തില്‍ തട്ടകക്കാര്‍ ആര്‍പ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയില്‍ പ്രതിഷ്ഠിക്കുന്നു.

തിരുവമ്പാടി ക്ഷേത്രത്തില്‍ കൊടിമരം പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ആശാരി ഭൂമിപൂജ നടത്തുന്നു. പൂജയ്ക്കുശേഷം കൊടിമരം തട്ടകത്തെ ജനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഭഗവതിയുടെ കോമരം ചെമ്പട്ടുടുത്ത് ഈ അവസരത്തില്‍ സന്നിഹിതനായിരിക്കും. കൊടിമരം പ്രതിഷ്ഠിക്കാനായി ഉയര്‍ത്തുമ്പോള്‍ ചുറ്റും കൂടിയിട്ടുള്ളവരില്‍ സ്ത്രീകള്‍ കുരവയിടുന്നു. ചിലര്‍ നാമം ജപിക്കുന്നു. ആശാരിയും മറ്റുള്ളവരും ചേര്‍ന്ന് മണ്ണിട്ട് കുഴിയില്‍ കൊടിമരം ഉറപ്പിക്കുന്നു. ക്ഷേത്രം അടിയന്തിരക്കാരായ വാദ്യക്കാര്‍ ഈ സമയത്ത് മേളം തുടങ്ങുന്നു. തുടര്‍ന്ന് ഭഗവതിയുടെ തിടമ്പ് ചേര്‍ത്തു കെട്ടിയിട്ടുള്ള കോലം ആനപ്പുറത്തു കയറ്റുന്നു. കോലം വച്ച ആനയും മേളവുമായി ആളുകള്‍ മൂന്നുതവണ ക്ഷേത്രം വലംവയ്ക്കുന്നു.

പാറമേക്കാവ് ക്ഷേത്രത്തില്‍ ദീപസ്തംഭത്തിന്റെ അരികിലാണ് കൊടിമരം പ്രതിഷ്ഠിക്കുന്നത്. പകല്‍ പതിനൊന്നുമണിക്കു ശേഷമാണ് കൊടിയേറ്റം നടക്കുന്നത്. മറ്റു ക്ഷേത്രങ്ങളിലും മുന്‍നിശ്ചയിച്ച സമയത്ത് കൊടിയേറുന്നു. കാരമുക്ക് ഭഗവതി ക്ഷേത്രത്തില്‍ പെരുമ്പറയടിച്ചാണ് കൊടിയേറുന്നത്.

ക്ഷേത്രത്തില്‍ കൊടികയറിയ ഉടനെ കൊടിമരത്തിനുസമീപം ഭക്തജനങ്ങള്‍ പറ നിറയ്ക്കുന്ന പതിവ് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലുണ്ട്. 'കൊടിക്കല്‍പറ' എന്നാണ് ഇതിനു പറയുന്നത്. നെല്ല്, മലര്, അവില്‍, ശര്‍ക്കര, പഞ്ചസാര, പഴം, പൂവ്, മഞ്ഞള്‍ എന്നിവകൊണ്ടാണ് പറ നിറയ്ക്കുക. ചിലപ്പോള്‍ നാണയപ്പറയും ഉണ്ടാകാറുണ്ട്.

കൊടികയറിയശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവമ്പാടി ഭഗവതിയുടെ പൂരം പുറപ്പാട് ആരംഭിക്കുന്നു. ആനപ്പുറത്ത് തിടമ്പും കോലവും കയറ്റിയശേഷം എഴുന്നള്ളത്തു തുടങ്ങുന്നു. ക്ഷേത്രം അടിയന്തിരക്കാരുടെ വാദ്യത്തോടൊപ്പം ഭക്തജനങ്ങള്‍ ക്ഷേത്രം വലംവച്ചശേഷം ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നു. ഭഗവതിയെ എതിരേല്‍ക്കാന്‍ എഴുന്നള്ളത്തു വരുന്ന വഴിയില്‍ നിറപറ വച്ചിട്ടുണ്ടാകും. എഴുന്നള്ളത്ത് തേക്കിന്‍കാട് മൈതാനിയിലേക്കു കയറി വടക്കുന്നാഥക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് എത്തുമ്പോള്‍ മേളം കലാശിക്കുന്നു. അവിടെ നിന്നു പഴയനടക്കാവിലുള്ള ബ്രഹ്മസ്വം മഠത്തിലേക്ക് എഴുന്നളളത്ത് നീങ്ങുന്നു. ബ്രഹ്മസ്വം മഠത്തില്‍ കോലമിറക്കിവയ്ക്കുന്നു. ബ്രഹ്മസ്വം മഠത്തിലെ കുളത്തിലാണ് ഭഗവതിയുടെ ആറാട്ട്. ആറാട്ടിനുശേഷം വൈകിട്ടാണ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നളളുന്നത്.

പാറമേക്കാവില്‍ ശ്രീഭൂതബലിയോടെയാണ് പൂരം പുറപ്പാട് ആരംഭിക്കുന്നത്. കോലവും തിടമ്പും ആനപ്പുറത്തു കയറ്റിയശേഷം മേളത്തിന്റെ അകമ്പടിയില്‍ ക്ഷേത്രത്തിനു മൂന്നുതവണ പ്രദക്ഷിണം വയ്ക്കുന്നു. ഗോപുരവഴിയിലും സമീപത്തും തിങ്ങിക്കൂടുന്ന ജനങ്ങള്‍ ഭഗവതിയെ കൈകൂപ്പി തൊഴുന്നു. പാണികൊട്ടി കലാശിച്ചശേഷം എഴുന്നള്ളത്ത് പുറത്തേക്കു കടക്കുന്നു. ചെമ്പടമേളത്തിന്റെ അകമ്പടിയോടെയാണ് ക്ഷേത്രത്തില്‍ എഴുന്നള്ളത്ത് ആരംഭിക്കുക. ഗോപുരത്തിനു വെളിയില്‍ ചെമ്പട കലാശിച്ച് പാണ്ടിമേളം തുടങ്ങുന്നു. എഴുന്നളളത്ത് സ്വരാജ് റൌണ്ടിലൂടെ മണികണ്ഠനാല്‍ ജങ്ഷനിലെത്തി ആലില്‍ പൂരത്തിന്റെ കൊടി നാട്ടുന്നു. ഈ സമയം കതിന പൊട്ടിക്കുന്നു. പിന്നീട് തേക്കിന്‍കാട് മൈതാനിയിലേക്കു കടക്കുന്ന എഴുന്നള്ളത്ത് വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിലൂടെ അകത്തേക്ക് നീങ്ങുന്നു. വടക്കുന്നാഥനെ പ്രദക്ഷിണംവച്ച് ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് മേളം കലാശിക്കുന്നു. വടക്കുന്നാഥക്ഷേത്രത്തിന്റെ വടക്കേ നടയിലുള്ള കൊക്കര്‍ണിയില്‍ ഭഗവതിയുടെ ആറാട്ട് നടത്തുന്നു. ആറാട്ടിനുശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് കിഴക്കേഗോപുരം വഴിയാണ്. മറ്റു ക്ഷേത്രങ്ങളിലും കൊടിയേറിക്കഴിഞ്ഞാല്‍ പൂരം പുറപ്പാട് നടക്കുന്നു. ക്ഷേത്രത്തിനു വെളിയിലേക്ക് എഴുന്നള്ളത്തു കടന്ന് ആറാട്ടിനുശേഷം തിരിച്ചുവരുന്നു.

കൊടികയറിയതിനു പിറ്റേന്നു മുതല്‍ ക്ഷേത്രതട്ടകങ്ങളില്‍ പറയെടുക്കുന്നു. നിത്യേന വെളുപ്പിനുള്ള ആറാട്ട്, ശീവേലി എന്നീ ചടങ്ങുകള്‍ക്കു ശേഷമാണ് പറയെടുപ്പിന് എഴുന്നള്ളുന്നത്. ഓരോ ക്ഷേത്രത്തിനും പാരമ്പര്യപ്രകാരം തട്ടകമുണ്ട്. പണ്ടു മുതല്‍ക്കേയുള്ള രീതിയനുസരിച്ചാണ് പറയ്ക്കു പോകുന്നത്. വടക്കേ അങ്ങാടി, പൂങ്കുന്നം, ചിറക്കല്‍ എന്നിവയാണ് തിരുവമ്പാടി തട്ടകം. കൂര്‍ക്കഞ്ചേരി, ചെമ്പുക്കാവ്, കിഴക്കമ്പാട്ടുകര, വെളിയന്നൂര്‍, പാറമേക്കാവ് എന്നീ സ്ഥലങ്ങളാണ് പാറമേക്കാവ് തട്ടകം. ആനയും മേളക്കാരും നടത്തിപ്പുകാരുമായുള്ള യാത്ര ആയതിനാല്‍ പറയെടുപ്പിനിടയില്‍ കോലം ചിലേടത്ത് ഇറക്കി വയ്ക്കാറുണ്ട്. നമ്പൂതിരി ഇല്ലങ്ങളിലോ ക്ഷേത്രങ്ങളിലോ ആണ് കോലം ഇറക്കിവയ്ക്കുന്നത്. ഇറക്കിപൂജ എന്നാണ് കോലമിറക്കിയുള്ള പൂജയ്ക്കു പേര്. അപ്പം, അട, പായസം എന്നിവ ഇറക്കി പൂജയ്ക്കു നിവേദിക്കുന്നു.

കൊടിയേറ്റത്തിനുശേഷം എല്ലാ ദിവസവും പൂരപങ്കാളികളായ ക്ഷേത്രങ്ങളില്‍ ആറാട്ടുണ്ട്. തിരുവമ്പാടി ഭഗവതിക്ക് ദേവസ്വം വക കുളത്തിലും പാറമേക്കാവ് ഭഗവതിക്ക് വടക്കുന്നാഥക്ഷേത്രത്തിന്റെ കൊക്കര്‍ണിയിലുമാണ് ആറാട്ട്. ആറാട്ടു കഴിഞ്ഞ് ആറുമണിയോടെ ക്ഷേത്രങ്ങളിലേക്ക് തിരിച്ചെഴുന്നള്ളത്തു നടത്തുന്നു. കൊടിയേറ്റത്തിനുശേഷം പൂരം പങ്കാളികളായ ക്ഷേത്രങ്ങളില്‍ നിത്യേന മൂന്നുനേരവും ശീവേലിയുണ്ട്. ഒരാനയും വാദ്യക്കാരുമായാണ് ശീവേലി നടത്തുക. തിരുവമ്പാടിക്ഷേത്രത്തില്‍ ഉച്ചപൂജയ്ക്കു കലശമാടുന്നു. ആറുദിവസവും ഇതാവര്‍ത്തിക്കും. ശ്രീകൃഷ്ണന് ഒന്‍പതുകലശവും ഭഗവതിക്ക് ഒറ്റക്കലശവുമാണ് ആടുക. പറയ്ക്കുശേഷം തട്ടകത്തുനിന്ന് ഭഗവതിയുടെ എഴുന്നള്ളത്തു തിരിച്ചുവന്നാല്‍ അത്താഴപൂജയും നടത്തുന്നു.

സാധാരണ ദിവസങ്ങളില്‍ തുറന്നിടാത്ത വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരം പൂരത്തിന്റെ ആവശ്യത്തിനു തുറക്കുന്നത് പൂരത്തിന്റെ തലേ ദിവസത്തിനു മുന്‍പുള്ള ദിവസമാണ്. നൈതലക്കാവ് ഭഗവതിക്കാണ് ഇതിനുള്ള അവകാശം. ഭഗവതിയുടെ എഴുന്നള്ളത്ത് അന്നേദിവസം തൃശൂരിലെത്തുന്നു. വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം വഴി അകത്തുകടന്ന് തെക്കേഗോപുരം വഴി പുറത്തേക്കു കടക്കുന്നു. ഇതോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്നിടുന്നു.

പൂരത്തിന്റെ തലേത്തലേന്നാളാണ് സാമ്പിള്‍ വെടിക്കെട്ട് നടത്തുന്നത്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ രാത്രി ഏഴരമണിയോടെ സാമ്പിള്‍ വെടിക്കെട്ട് കത്തിക്കും. തേക്കിന്‍കാട് മൈതാനിയില്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വെടിക്കെട്ടുപുരയ്ക്കു സമീപമാണ് സാമ്പിള്‍ വെടിക്കെട്ട് നടത്തുന്നത്. പൂരം വെടിക്കെട്ടിന്റെ ഗുണം ആളുകള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നത് സാമ്പിളിന്റെ പ്രകടനം നോക്കിയാണ്. പൂരം വെടിക്കെട്ടിന്റെ മത്സരസ്വഭാവം സാമ്പിളിലും ദൃശ്യമാണ്. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി സാമ്പിള്‍ വെടിക്കെട്ട് കാണാനായി എത്തിച്ചേരുന്നു.

പൂരത്തിന്റെ തലേന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പൂരത്തിന് അണിനിരത്തുന്ന ആനകളുടെ ചമയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. നെറ്റിപ്പട്ടം, കുടകള്‍, വട്ടക്കയര്‍, കോലം, ആലവട്ടം, വെഞ്ചാമരം എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്. നിറപറയും നിലവിളക്കുംവച്ച് കമനീയമായി അലങ്കരിച്ചാണ് പ്രദര്‍ശനം ഒരുക്കുന്നത്. പകല്‍ പതിനൊന്നരമണിയോടെ പ്രദര്‍ശനം ആരംഭിക്കുന്നു. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളെയും പ്രദര്‍ശന സ്ഥലത്തിനടുത്ത് തളച്ചിട്ടുണ്ടാകും. പ്രദര്‍ശനം അര്‍ധരാത്രിവരെ നീളുന്നു. തൃശൂര്‍പൂരത്തിന് സ്വരാജ് റൗണ്ടിലെ മണികണ്ഠനാല്‍, നായ്ക്കനാല്‍, നടുവിലാല്‍ ജംഗ്ഷനുകളില്‍ ബഹുനില പന്തലുകള്‍ ഉയര്‍ത്തുന്നു. എഴുപത്തഞ്ച് അടിയിലേറെ ഉയരത്തില്‍ നാകത്തകിടുകൊണ്ടുള്ള തൂണുകളില്‍ നിര്‍മിക്കുന്ന പന്തലുകള്‍ വൈദ്യുതാലങ്കാരത്താല്‍ കൂടുതല്‍ മനോഹരമാക്കുന്നു. ഓരോ വര്‍ഷവും പുതിയ മാതൃകയിലുള്ള പന്തലുകളാണ് നിര്‍മിക്കുന്നത്.

തൃശൂര്‍പൂരത്തിനോടനുബന്ധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ പൂരം പ്രദര്‍ശനം നടത്തുന്നു. തേക്കിന്‍കാട് മൈതാനിയുടെ വടക്കുകിഴക്കുഭാഗത്താണ് പ്രദര്‍ശനം സജ്ജീകരിക്കുന്നത്. പൂരത്തിന് ഒരു മാസം മുമ്പ് പ്രദര്‍ശനം ആരംഭിക്കുന്നു. പൂരം കഴിഞ്ഞ് രണ്ടാഴ്ചയോളം ഇത് നീണ്ടുനില്‍ക്കും. പ്രദര്‍ശന സ്ഥലത്ത് എല്ലാദിവസവും വൈകിട്ട് നൃത്തം, സംഗീതം, നാടകം എന്നിങ്ങനെയുള്ള സാംസ്കാരിക കലാപരിപാടികള്‍ അരങ്ങേറുന്നു. പതിനഞ്ചുലക്ഷത്തിലധികം ജനങ്ങള്‍ പ്രദര്‍ശനം കാണാനെത്തുന്നതായി കണക്കാക്കപ്പെടുന്നു.

തൃശൂര്‍ പൂരത്തിന്റെ ഉണര്‍വ് ആദ്യമുണ്ടാക്കുന്നത് ചെറു പൂരങ്ങളാണ്. ആനയെഴുന്നള്ളിപ്പും വാദ്യങ്ങളുമായി തങ്ങളുടെ ക്ഷേത്രങ്ങളില്‍ നിന്നു പുലര്‍ച്ചെ മുതല്‍ ഈ പൂരങ്ങളുടെ എഴുന്നള്ളിപ്പുകള്‍ തൃശൂരിലേക്കു പുറപ്പെടുന്നു. തേക്കിന്‍കാട് മൈതാനിയെ ജനസമുദ്രമാക്കാന്‍ ആദ്യമെത്തുന്നത് ഈ പൂരങ്ങളോടൊപ്പം വരുന്ന ആളുകളാണ്.

തൃശൂര്‍ പൂരദിവസം തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തില്‍ രാവിലെ മൂന്നുമണിക്ക് നട തുറക്കുന്നു. നാലുമണിക്ക് ഭഗവതിയുടെ ആറാട്ടു നടത്തും. അതിനുശേഷം ക്ഷേത്രചടങ്ങുകള്‍ ആരംഭിക്കുന്നു. കോലം കയറ്റിയതടക്കം മൂന്ന് ആനകളോടുകൂടി നടപ്പാണ്ടി മേളത്തിന്റേയും ഭക്തജനങ്ങളുടേയും അകമ്പടിയില്‍ ക്ഷേത്രത്തില്‍നിന്ന് ഏഴരമണിയോടെ ഭഗവതിയുടെ പൂരം എഴുന്നളളത്ത് ആരംഭിക്കുന്നു. നിരത്തിന് ഇരുവശത്തുമുള്ള വീടുകള്‍ക്കു മുന്നില്‍ വച്ചിട്ടുള്ള പറകള്‍ സ്വീകരിച്ചുകൊണ്ടാണ് ഭഗവതിയുടെ എഴുന്നള്ളത്ത്. സ്വരാജ് റൌണ്ടിലൂടെ നീങ്ങുന്ന എഴുന്നള്ളത്ത് പത്തുമണിയോടെ പഴയ നടക്കാവിലെ നടുവില്‍ മഠത്തിനു മുന്നിലെത്തുന്നു. ഇറക്കിപൂജയ്ക്കായി കോലമിറക്കുന്നു. പൂജ കഴിഞ്ഞാല്‍ കോലവും തിടമ്പും വടക്കേ മഠത്തിലെ ഒരു മുറിയില്‍ എഴുന്നള്ളിച്ചു വയ്ക്കുന്നു. പുതിയ മാലചാര്‍ത്തി അലങ്കാരം കഴിഞ്ഞ് തിടമ്പു ചേര്‍ത്തുവച്ച് പാണികൊട്ടി കോലം പുറത്തേക്കെടുക്കും.

നടുവില്‍ മഠത്തിനു മുന്നില്‍ താത്ക്കാലികമായി തീര്‍ത്തിട്ടുള്ള ആനപ്പന്തലില്‍ കോലം കയറ്റാനുള്ളതടക്കം മൂന്നാനയെ നിര്‍ത്തുന്നു. മഠത്തില്‍ നിന്നു പുറത്തേക്കു കൊണ്ടുവരുന്ന കോലം ആനപ്പുറത്തു കയറ്റുന്നു. ഈ സമയത്ത് മൂന്നുതവണ ശംഖുവിളിച്ച് പഞ്ചവാദ്യം ആരംഭിക്കും. പഞ്ചവാദ്യം ആരംഭിക്കുന്നതിനു മുമ്പ് കതിന പൊട്ടിക്കുന്നു. പഞ്ചവാദ്യത്തിനൊപ്പം മഠത്തിന് അല്‍പ്പം മുന്നില്‍നിന്ന് നാഗസ്വരവും ആരംഭിക്കുന്നു. പതിനേഴ് തിമില, പത്ത് മദ്ദളം, പതിനേഴ് വീതം കൊമ്പും ഇലത്താളവും, മൂന്ന് ഇടയ്ക്ക എന്നിവയോടുകൂടി തുടങ്ങുന്ന പഞ്ചവാദ്യവും എളുന്നള്ളിപ്പും പതുക്കെ മുന്നോട്ടു നീങ്ങുന്നു. പഞ്ചവാദ്യം തുടങ്ങുന്നതോടെ വാദ്യപ്രേമികള്‍ കൈ ഉയര്‍ത്തി താളമിടും. പഴയ നടക്കാവില്‍ നിന്ന് പൂരം എഴുന്നള്ളത്ത് സ്വരാജ് റൌണ്ടിലെത്തുമ്പോള്‍ നാലാനകൂടി പൂരത്തോട് ചേരുന്നു. ഏഴാനയുമായി എഴുന്നള്ളത്ത് നടുവിലാല്‍ പന്തലിലേക്കാണ് നീങ്ങുന്നത്. നടുവിലാല്‍ മഠത്തിനും നായ്ക്കനാല്‍ പന്തലിനുമിടയില്‍ വിവിധ കലാശങ്ങള്‍ കഴിഞ്ഞ് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ നായ്ക്കനാല്‍ പന്തലില്‍ പഞ്ചവാദ്യം തീരുന്നു. നായ്ക്കനാലില്‍ വച്ച് പൂരത്തോട് എട്ടാന കൂടി ചേര്‍ന്ന് ആനകളുടെ എണ്ണം പതിനഞ്ചാകും. എഴുന്നള്ളത്ത് നേരെ തേക്കിന്‍കാട് മൈതാനിയിലേക്ക് കയറുന്നു. അരമണിക്കൂറോളം ചെമ്പടമേളം കൊട്ടിയശേഷം പാണ്ടിമേളം തുടങ്ങുന്നു. നൂറ്റമ്പതോളം വാദ്യക്കാര്‍ പങ്കെടുക്കുന്ന ഈ പാണ്ടിമേളം എഴുന്നള്ളിപ്പിനൊപ്പം ശ്രീമൂലസ്ഥാനത്തേക്കാണ് നീങ്ങുക. ഇതിനിടെ ആനകളുടെ കുടകള്‍ മാറ്റി പുതുമ ജനിപ്പിക്കുന്നു. വൈകിട്ട് അഞ്ചുമണിയോടെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കുന്നു.

പാറമേക്കാവ് പൂരം പതിനഞ്ച് ആനയോടും പാണ്ടിമേളത്തോടും പാറമേക്കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയുടെ പുറത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ തുടങ്ങുന്നു. പതിനഞ്ചാന നിരന്നതില്‍ ഒത്തനടുവില്‍ ഭഗവതിയുടെ കോലം കയറ്റിയ ആന നില്‍ക്കുന്നു. അരമണിക്കൂറോളം ചെമ്പടകൊട്ടിയശേഷം പാണ്ടിമേളം തുടങ്ങുന്നു. ആനയും മേളവും ആളുകളും പതുക്കെ നേരെ തേക്കിന്‍കാട് മൈതാനിയിലേക്കു കയറുന്നു. രണ്ടുമണിയോടെ കിഴക്കേ ഗോപുരത്തിലൂടെ വടക്കുന്നാഥക്ഷേത്രത്തിനകത്തു കടക്കുന്നു. എഴുന്നള്ളത്ത് പടിഞ്ഞാറേ ഗോപുരത്തിനടുത്തുള്ള ഇലഞ്ഞിക്കു സമീപമെത്തുമ്പോള്‍ ആനകള്‍ രണ്ടുവരിയായി നില്‍ക്കുന്നു.

ഇലഞ്ഞിത്തറമേളമാണ് തുടര്‍ന്നുള്ള ചടങ്ങ്. ഇലഞ്ഞിത്തറയ്ക്കു സമീപം തീര്‍ത്തിട്ടുള്ള ചെറിയ പന്തലില്‍ മേളക്കാര്‍ നിരക്കുന്നു. പതിനഞ്ച് ഉരുട്ടു ചെണ്ട, എഴുപത്തഞ്ചിലധികം വീക്കു ചെണ്ട, ഇരുപത്തൊമ്പതോളം കൊമ്പ്, പതിനേഴ് കുഴല്‍, അമ്പത് ഇലത്താളം എന്നതില്‍ കുറയാത്ത വാദ്യക്കാര്‍ മേളത്തില്‍ പങ്കെടുക്കുന്നു. മേളത്തിന്റെ മുന്‍നിരയില്‍ പ്രഗത്ഭരായ വാദ്യക്കാര്‍ നില്‍ക്കുന്നു. ഉരുട്ടുചെണ്ടക്കാരുടെ മധ്യത്തിലാണ് മേളപ്രമാണി നില്‍ക്കുക. ചെമ്പടയും ഒലമ്പലും കഴിഞ്ഞുള്ള പാണ്ടിമേളത്തിന്റെ ഭാഗങ്ങളാണ് ഇലഞ്ഞിച്ചുവട്ടില്‍ കൊട്ടിത്തീര്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വാദ്യക്കാര്‍ പങ്കെടുക്കുന്ന മേളമാണിത്. പാണ്ടിമേളത്തിന്റെ കാലങ്ങള്‍ മുഴുവനായി ഇലഞ്ഞിത്തറമേളത്തില്‍ കൊട്ടിത്തീര്‍ക്കുന്നു. മേളം മുറുകുമ്പോള്‍ ആസ്വാദകര്‍ ആരവം മുഴക്കുകയും ചെണ്ടയുടെ താളത്തിനൊപ്പം കൈകളുയര്‍ത്തി വിരലുകളാല്‍ താളം പിടിക്കുകയും ചെയ്യുന്നു. നാലരമണിയോടെ മേളം കലാശിക്കുന്നു.

ഇലഞ്ഞിത്തറമേളം കഴിഞ്ഞ് പാറമേക്കാവ് പൂരത്തിന്റെ ആനകളും വാദ്യക്കാരും വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരം വഴി പുറത്തേക്കിറങ്ങുന്നു. പാറമേക്കാവ് പൂരം ഇറങ്ങിയതിനു പിന്നാലെ ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളം കഴിഞ്ഞുനില്‍ക്കുന്ന തിരുവമ്പാടിപൂരത്തിന്റെ ആനയും വാദ്യക്കാരും ആളുകളും വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം വഴി അകത്തു കടന്ന് ക്ഷേത്രം വലംവച്ച് തെക്കേ ഗോപുരത്തിലൂടെ പുറത്തിറങ്ങുന്നു. തിരുവമ്പാടിയുടെ പതിനഞ്ചാന തെക്കേ ഗോപുരസമീപം നിരക്കുന്നു. ഇരുവിഭാഗം എഴുന്നള്ളിപ്പും തെക്കേഗോപുരത്തിലൂടെ പുറത്തിറങ്ങുന്നതാണ് തെക്കോട്ടിറക്കം.

തെക്കേഗോപുരത്തിലൂടെ പുറത്തിറങ്ങുന്ന പാറമേക്കാവ് പൂരത്തിന്റെ തിടമ്പേറ്റിയ ആനയും ആറ് കൂട്ടാനയും നേരെ താഴേക്കിറങ്ങി ശക്തന്‍ തമ്പുരാന്റെ പ്രതിമവരെ ചെന്ന് പ്രതിമയെ വലംവയ്ക്കുന്നു. കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവ പ്രതിമ സമീപം വച്ചു നടക്കുന്നു. ഏഴാനയും വാദ്യക്കാരും തിരികെ വന്ന് അപ്പോഴേക്കും മണികണ്ഠനാല്‍ ജങ്ഷനില്‍ നിരക്കുന്ന എട്ടാനയോടുചേര്‍ന്ന് നില്‍ക്കുന്നു. ഇങ്ങനെ ഇരുപൂരങ്ങളും അഭിമുഖം നില്‍ക്കുമ്പോള്‍ തേക്കിന്‍കാട് മൈതാനിയുടെ തെക്കുഭാഗത്ത് ജനങ്ങള്‍ നിറഞ്ഞിരിക്കും. അഞ്ചര മണിയോടെ ഇരുവിഭാഗവും ആനപ്പുറത്തു പിടിച്ചിട്ടുളള കുടകള്‍ മാറ്റി പുതിയത് പിടിക്കുന്നു. കുടമാറ്റം തുടങ്ങുന്നതിനുമുമ്പ് നടുവില്‍ പച്ചക്കുടയും ബാക്കി ചുവപ്പുമായിരിക്കും ഇരുഭാഗത്തെയും കുടകള്‍. തിരുവമ്പാടി വിഭാഗമാണ് കുടമാറ്റം തുടങ്ങുന്നത്. മത്സരത്തിന്റെ ആവേശം ജനിപ്പിക്കുന്നതാണ് കുടമാറ്റം. കുടമാറുന്നതോടൊപ്പം ജനങ്ങളില്‍നിന്ന് ആര്‍പ്പുവിളിയും ഉയരുന്നു. ഇരുഭാഗവും ഒരിക്കല്‍ കുടമാറിയാല്‍ മൂന്നു പ്രാവശ്യം ആലവട്ടവും വെഞ്ചാമരവും വീശുന്നു. തിടമ്പേറ്റിയ ആനയ്ക്കു പിടിക്കുന്ന കുട മറ്റുള്ളവയില്‍നിന്ന് ഓരോ തവണ മാറുമ്പോഴും വ്യത്യസ്തമായിരിക്കും. മറ്റു പതിനാലും ഒരേതരവും. വെള്ള, വയലറ്റ്, മഞ്ഞ എന്നിങ്ങനെ ഒറ്റവര്‍ണം മാത്രമുള്ളവ, പല വര്‍ണങ്ങള്‍ ചേര്‍ന്നവ, ഗോപുരാകൃതിയിലുള്ളവ, പല നിലകള്‍ ഉള്ളവ എന്നിങ്ങനെ കരകൌശലത്തികവുള്ള വ്യത്യസ്തങ്ങളായ രണ്ടു ഡസനിലധികം കുടകള്‍ ഇരുവിഭാഗവും മാറുന്നു. ഇരുഭാഗം കുടകളെയും താരതമ്യം നടത്തി ആര്‍ത്തുവിളിക്കുന്നവര്‍ രംഗത്തിനു ഹരം പകരുന്നു. ഏഴുമണിയോടെ കുടമാറ്റം അവസാനിക്കുന്നു.

കുടമാറ്റം കഴിഞ്ഞ് പാറമേക്കാവ് വിഭാഗം ഏഴുമണിയോടെ ഏഴാനയും മേളവുമായി പാറമേക്കാവ് ക്ഷേത്രത്തിലേക്കു തിരിച്ചുപോകുന്നു. വലന്തല കൊട്ടി ഒറ്റച്ചെണ്ടയാണ് മേളമായി തിരിച്ചെഴുന്നള്ളത്തിനുണ്ടാവുക. ക്ഷേത്രത്തിലെത്തി ഭഗവതിയുടെ കോലമിറക്കിവയ്ക്കുന്നു. തിരുവമ്പാടി വിഭാഗം കുടമാറ്റം കഴിഞ്ഞ് മണികണ്ഠനാല്‍ പന്തലിലേക്കു നീങ്ങി പ്രതിമയെ വലംവച്ച് പന്തലിലെത്തുന്നു. അവിടെ മേളം കലാശിച്ച് തിടമ്പേറ്റിയ ആന ഒഴികെ മറ്റുള്ളവ പിരിയും. എഴുന്നള്ളത്ത് നേരെ മുകളിലേക്കു കയറി പാറമേക്കാവ് ഭാഗത്തിന്റെ വെടിക്കെട്ട് മേഖലയിലൂടെ വടക്കേമഠത്തിലേക്കു പോകുന്നു. പോകുന്ന വഴിക്ക് കര്‍പ്പൂരാരാധനയുണ്ട്. വടക്കേമഠത്തില്‍ കോലമിറക്കി വയ്ക്കുന്നു. ഏഴരമണിയോടെ ഇറക്കിപ്പൂജ കഴിയുന്നു. പകല്‍പ്പൂരം കഴിയുന്നതോടെ കതിന പൊട്ടിക്കുന്നു.

രാത്രിയിലെ പൂരം എഴുന്നള്ളത്തുകള്‍ പകല്‍പ്പൂരം പോലെ തന്നെയാണ്. പാറമേക്കാവ് പൂരം രാത്രി പതിനൊന്നുമണിക്ക് ക്ഷേത്രനടയിലെ പാലച്ചോട്ടില്‍ എഴുന്നള്ളിപ്പോടെ ആരംഭിക്കുന്നു. ഏഴാനയേ രാത്രിയിലെ എഴുന്നള്ളിപ്പിന് ഉണ്ടാകൂ. പുലര്‍ച്ചെ രണ്ടുമണിയോടെ പഞ്ചവാദ്യം കലാശിക്കുന്നു. കോലംവച്ച ആനയൊഴികെ മറ്റുള്ളവ പന്തലില്‍ നിന്നു പിരിയുന്നു. തിരുവമ്പാടി വിഭാഗം പതിനൊന്നുമണിയോടെ മഠത്തില്‍നിന്നു വരുന്നു. മൂന്നാനയും പഞ്ചവാദ്യവുമായുള്ള എഴുന്നള്ളിപ്പ് പഴയനടക്കാവില്‍ നിന്ന് സ്വരാജ് റൗണ്ടിലെത്തുമ്പോള്‍ നാലാന കൂടെ ചേര്‍ന്ന് ഏഴാകുന്നു. പുലര്‍ച്ചെ രണ്ടരമണിയോടെ നായ്ക്കനാലില്‍ പഞ്ചവാദ്യം കലാശിക്കും.

പുലര്‍ച്ചെ മൂന്നുമണികഴിഞ്ഞ് വെടിക്കെട്ട് ആരംഭിക്കുന്നു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് വടക്കു പടിഞ്ഞാറുഭാഗത്ത് തിരുവമ്പാടി വിഭാഗവും തെക്കുപടിഞ്ഞാറുഭാഗത്ത് പാറമേക്കാവ് വിഭാഗവും വെടിക്കെട്ടിനാവശ്യമായ സജ്ജീകരണം നടത്തുന്നു. മുളവേലി കെട്ടി വെടിക്കെട്ടിന്റെ സ്ഥലം സുരക്ഷിതമാക്കുന്നു. ഓരോ വര്‍ഷവും ഓരോ വിഭാഗമാണ് ആദ്യം വെടിക്കെട്ട് തുടങ്ങുക. അമിട്ടു പൊട്ടിച്ചാണ് ആരംഭിക്കുന്നത്. അമിട്ടു പൊട്ടിച്ച് ഓലപ്പടക്കത്തില്‍ തീ കൊളുത്തുന്നു. പടക്കമാലയിലൂടെ തീ കത്തിവരുമ്പോള്‍ ചെകിടടപ്പിക്കുന്ന ശബ്ദഗാംഭീര്യമാണ് അനുഭവപ്പെടുക. തീ കത്തി വന്ന് അവസാനം ഗുണ്ടുകള്‍ മാത്രം ചേര്‍ത്തു കെട്ടിയിട്ടുള്ള ഭാഗം പൊട്ടുന്നതോടെ ശബ്ദവും തീയും പാരമ്യത്തിലെത്തുന്നു. കൂട്ടപ്പൊരിച്ചില്‍ എന്നാണ് ഈ പൊട്ടലിനു പറയുന്നത്. തിങ്ങിനിറഞ്ഞജനങ്ങള്‍ ആവേശത്തില്‍ തുള്ളിച്ചാടാറുണ്ട്. കൂട്ടപ്പൊരിച്ചിലിനുശേഷം മുകളില്‍പോയി പലനിലയില്‍ പൊട്ടുന്ന വര്‍ണ അമിട്ടുകള്‍ ഒന്നൊന്നായി പൊട്ടിക്കുന്നു. ആകാശത്ത് വര്‍ണം വിതറുന്നതോടൊപ്പം പാരച്യൂട്ട് മാതൃകയിലുള്ള ചെറിയ കുടകള്‍ വിരിഞ്ഞ് പാറിനടക്കുകയും ചെയ്യും. ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്നതാണ് വെടിക്കെട്ടിന്റെ പ്രകടനം.

വെടിക്കെട്ടു കഴിഞ്ഞാല്‍ നായ്ക്കനാല്‍ പന്തലിലും മണികണ്ഠനാല്‍ പന്തലിലും കോലം വഹിച്ചു നില്‍ക്കുന്ന ഇരുവിഭാഗത്തിലും പെട്ട ആനകളുടെ പുറത്തുനിന്ന് കോലം വേറെ ആനകളുടെ പുറത്തേക്കു മാറ്റുന്നു. ഓരോ ഭാഗത്തും പതിനഞ്ചാനവീതം നിരന്നാണ് പൂരം തുടങ്ങുന്നത്. എട്ടുമണിയോടെ എഴുന്നള്ളത്ത് ആരംഭിക്കുന്നു. ചെമ്പടമേളം കൊട്ടിത്തീരുമ്പോള്‍ പാണ്ടിമേളം തുടങ്ങും. എഴുന്നള്ളത്തുകള്‍ പതുക്കെ ഇരുവശത്തുനിന്നും ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങുന്നു. പത്തുമണിയോടെ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പാണ്ടിമേളം മുറുകുന്നു. പാറമേക്കാവിന്റെ മേളമാണ് സാധാരണ ആദ്യം കലാശിക്കുക. പതിനഞ്ചു മിനിറ്റോളം കഴിഞ്ഞ് തിരുവമ്പാടിയുടെ മേളവും കൊട്ടിക്കലാശിക്കുന്നു. പതിനൊന്നരമണിയോടെ പകല്‍പ്പൂരത്തിന്റെ മേളം തീരുന്നു.

ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ചതിനുശേഷം പാറമേക്കാവിന്റെ തിടമ്പുകേറ്റിയ ആനയും കുറച്ചു വാദ്യക്കാരും മാത്രം പടിഞ്ഞാറെ ഗോപുരത്തിലൂടെ ക്ഷേത്രത്തിനകത്തു കടന്ന് വടക്കുന്നാഥനെ വലംവച്ച് തിരിച്ചുവന്ന് ശ്രീമൂലസ്ഥാനത്തിന് ഇടതുവശത്തായി നിലയുറപ്പിക്കുന്നു. തിരുവമ്പാടിയുടെ തിടമ്പേറ്റിയ ആനയും വാദ്യക്കാരും വടക്കുന്നാഥ ക്ഷേത്രത്തിലേക്കു കടന്ന് വലംവച്ച് തിരിച്ചുവരുന്നു. പുറത്തേക്കിറങ്ങി നേരെ പടിഞ്ഞാറോട്ടു പോയി നടവിലാല്‍ വരെ എത്തി തിരികെ ശ്രീമൂലസ്ഥാനത്തേക്കുവരും. ഇരുവിഭാഗത്തിന്റെയും തിടമ്പേറ്റിയ ആനകള്‍ ശ്രീമൂലസ്ഥാനത്തിനു സമീപം അല്‍പനേരം അഭിമുഖമായി നില്‍ക്കുന്നു. ഇതോടെ ചെണ്ടമേളം തീരുന്നു. ഇങ്ങനെ ഉപചാരം ചൊല്ലി ഭഗവതിമാര്‍ പിരിയുന്നതോടെ പൂരം അവസാനിക്കുന്നു. തുടര്‍ന്ന് ചെറിയ വെടിക്കെട്ടുമുണ്ടാകും.

പൂരം കഴിഞ്ഞ് തിരുവമ്പാടി വിഭാഗം നായ്ക്കനാലിലേക്കിറങ്ങി നടപ്പാണ്ടി മേളത്തോടെ തിരുവമ്പാടി ക്ഷേത്രത്തിലേക്കാണ് പോവുക. ക്ഷേത്രത്തില്‍ കടന്ന് ആന ക്ഷേത്രം ഒന്നു വലംവയ്ക്കുന്നു. വലന്തലകൊട്ട് തീര്‍ന്ന് കോലം ആനപ്പുറത്തു നിന്നിറക്കി തിടമ്പ് ശ്രീകോവിലില്‍ പൂജിച്ചുവയ്ക്കുന്നു. മൂന്നുമണിയോടെ പറയെടുപ്പിനായി എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. ബ്രഹ്മസ്വം മഠത്തില്‍ കോലമിറക്കി അവിടെ അവസാനത്തെ ആറാട്ടു കഴിഞ്ഞശേഷം ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളുന്നു. അത്താഴപൂജയ്ക്കു ക്ഷേത്രത്തില്‍ ആറാട്ടു കലശമാടും. ഉത്രം വിളക്കിനുശേഷം പതിവു ശീവേലി നടത്തുന്നു. ഭഗവതിയെ ഒരു പ്രദക്ഷിണമായി എഴുന്നള്ളിക്കുന്നു. ക്ഷേത്രം ഒന്നുവലംവച്ചശേഷം കോലമിറക്കും. കോലം വച്ച ആനയെക്കൊണ്ട് കൊടിമരം പറിക്കുന്നു.

പൂരം കഴിഞ്ഞ് പാറമേക്കാവ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്ന ഭഗവതിയുടെ കോലം ക്ഷേത്രത്തിലിറക്കി വച്ച് നടയടയ്ക്കുന്നു. പൂരക്കഞ്ഞിക്കുശേഷം ഉച്ചതിരിഞ്ഞ് പറകഴിഞ്ഞ് സന്ധ്യയോടെ നടുവില്‍ മഠം വക പടിഞ്ഞാറെച്ചിറയില്‍ അവസാനത്തെ ആറാട്ടു നടത്തും. തുടര്‍ന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തി ഏഴ് പ്രദക്ഷിണം വയ്ക്കുന്നു. കൊടിമരം ആന ഒന്നിളക്കിയശേഷം നാട്ടുകാര്‍ കൊടിയിറക്കും. ചെറുപൂരക്ഷേത്രങ്ങളിലും ഇതുപോലെ ആറാട്ടുകഴിഞ്ഞ് രാത്രിതന്നെ കൊടിയിറക്കുന്നു.

ആദ്യകാലത്ത് ഹൈന്ദവോത്സവമായിരുന്ന പൂരം ഇപ്പോള്‍ തൃശൂര്‍ക്കാരുടെ ദേശീയോത്സവമായി മാറിയിട്ടുണ്ട്. നമ്പൂതിരിമാരുടേയോ നാടുവാഴികളുടേയോ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയോ നാട്ടുകാര്‍ ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ പൂരം നടത്താന്‍ തുടങ്ങുകയോ ചെയ്തതിലൂടെയാണ് മറ്റു ജാതിവിഭാഗങ്ങളില്‍പെടുന്നവര്‍ നടത്തിപ്പില്‍ പങ്കാളികളായത്. ഇങ്ങനെ നായന്മാരുടെ മുഖ്യപങ്കാളിത്തത്തിലുള്ള പൂരം തൃശൂരിന്റെ ദേശീയാഘോഷമായി മാറിയതിന് തൃശൂരിലെ മറ്റു സാമൂഹികചലനങ്ങളുമായി ബന്ധമുണ്ടെന്നു കാണാം. പൂരത്തിന്റെ പ്രധാന സംഭവങ്ങള്‍ നടക്കുന്നത് അഹിന്ദുക്കളടക്കം എല്ലാ വിഭാഗക്കാര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്നവിധം തേക്കിന്‍കാട് മൈതാനിയിലാണ്. മതസൗഹാര്‍ദത്തിന്റെ മനോഹരവേദിയാണിത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍