This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃപ്രയാര്‍ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃപ്രയാര്‍ ക്ഷേത്രം

കേരളത്തിലെ പ്രസിദ്ധമായ ഒരു ക്ഷേത്രം. തൃശൂര്‍ പട്ടണത്തില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ ചാവക്കാട് താലൂക്കില്‍ കൊടുങ്ങല്ലൂരിനും ഗുരുവായൂരിനുമിടയ്ക്ക് നിലകൊള്ളുന്നു. ഇവിടത്തെ പ്രതിഷ്ഠയെ സംബന്ധിച്ച ഐതിഹ്യം ഇപ്രകാരമാണ്. വലവീശുന്ന മുക്കുവന്മാര്‍ക്ക് പണ്ട് കടലില്‍ നിന്ന് നാല് വിഗ്രഹങ്ങള്‍ കിട്ടി. അവര്‍ അത് നാടുവാഴിയായിരുന്ന വായ്ക്കല്‍ കയ്മള്‍ക്കു കാഴ്ചവച്ചു. തൃപ്രയാറില്‍നിന്ന് അഞ്ചാറു കിലോമീറ്റര്‍ തെക്കുമാറിയാണ് വായ്ക്കല്‍ കയ്മളുടെ ഭവനം. അദ്ദേഹം പ്രാശ്നികന്മാരെ വരുത്തി ദൈവഹിതം അറിഞ്ഞ് ആ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാന്‍ ഏര്‍പ്പാടു ചെയ്തു. അപ്രകാരം ശ്രീരാമവിഗ്രഹം തൃപ്രയാറും ഭരതന്‍ ഇരിങ്ങാലക്കുടയിലും ലക്ഷ്മണന്‍ മൂഴിക്കുളത്തും ശത്രുഘ്നന്‍ പായമേലും പ്രതിഷ്ഠിക്കപ്പെട്ടു.

വിഗ്രഹങ്ങളില്‍ മുഖ്യസ്ഥാനം ശ്രീരാമവിഗ്രഹത്തിനു തന്നെയായിരുന്നു. ശ്രീരാമ പ്രതിഷ്ഠ നിര്‍വഹിക്കേണ്ട ദിക്കില്‍ ഒരു പക്ഷി പ്രത്യക്ഷപ്പെടുമെന്ന് അശരീരി കേട്ടതനുസരിച്ച് അങ്ങനെ ആകാമെന്നു തീരുമാനിച്ചു. പക്ഷെ വളരെ നാളുകള്‍ കഴിഞ്ഞിട്ടും പക്ഷി പ്രത്യക്ഷപ്പെടുകയുണ്ടായില്ല. ഒടുവില്‍ ഇന്നത്തെ സ്ഥലത്ത് താന്ത്രികവിധി അനുസരിച്ച് ശ്രീരാമപ്രതിഷ്ഠ നടത്തുകയാണുണ്ടായത്. അതിനുശേഷം പക്ഷി പ്രത്യക്ഷപ്പെട്ടു. ആ സ്ഥാനത്താണ് ഇപ്പോഴത്തെ ബലിക്കല്ല് സ്ഥാപിച്ചിട്ടുള്ളത്. അക്കാരണത്താലാണ് മറ്റൊരിടത്തും കാണാത്ത പ്രാധാന്യം ഈ ക്ഷേത്രത്തില്‍ ബലിക്കല്ലിനു കാണുന്നത്.

തൃപ്രയാര്‍ ക്ഷേത്രം

കോകസന്ദേശത്തിലെ 'കംസാന്തകനുപുറയാറെന്റൊറാവാസഭൂമി' എന്ന വരി 14-ാം ശ.-ത്തിനു മുമ്പുതന്നെ ഈ ക്ഷേത്രം പ്രസിദ്ധമായിരുന്നു എന്നതിനു തെളിവാണ്. സന്ദേശകാവ്യകര്‍ത്താവ് ശ്രീകൃഷ്ണ പ്രതിഷ്ഠയായി കരുതുന്നുണ്ടെങ്കിലും അടുത്ത ശ്ളോകത്തില്‍ വിഷ്ണുരൂപമായിത്തന്നെ വര്‍ണിക്കുന്നുണ്ട്. മാത്രമല്ല പ്രധാന ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ശ്രീകൃഷ്ണന്റെ ഉപപ്രതിഷ്ഠയും ഉണ്ട്. ആദ്യമുണ്ടായിരുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അടുത്താകാം ശ്രീരാമക്ഷേത്രം ഉയര്‍ന്നുവന്നത്. ഇന്നു കാണുന്ന ശ്രീകൃഷ്ണ പ്രതിഷ്ഠ ഗോശാലകൃഷ്ണനായിട്ടാണ് കാണുന്നത്. ശംഖ്, ചക്രം, കോദണ്ഡം, അക്ഷമാല എന്നിവ ധരിച്ച് നാല് കൈകളോടുകൂടിയ വിഗ്രഹത്തില്‍ ശ്രീയും ഭൂമിയും ഇരു പാര്‍ശ്വങ്ങളിലും നിന്ന് ഭഗവനെ അര്‍ച്ചിക്കുന്നു. പ്രതിഷ്ഠാസങ്കല്‍പം ശൈവ-വൈഷ്ണവ തേജസ്സുകള്‍ ഒരുമിച്ചു പ്രതിബിംബിച്ച ഖരവധാവസരത്തിലെ ശ്രീരാമനാണെന്നും കരുതുന്നവരുണ്ട്.

ശ്രീരാമഭക്തഹനുമാന്റെ സാന്നിധ്യം ക്ഷേത്രത്തിലുണ്ടെങ്കിലും ഹനുമാന് ക്ഷേത്രത്തിനകത്ത് പ്രത്യേക പ്രതിഷ്ഠയില്ല; മുഖമണ്ഡപത്തില്‍ എപ്പോഴുമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. അവില്‍ നിവേദ്യവഴിപാട് ഹനുമാനുള്ളതാണ്. ശ്രീരാമചന്ദ്രനെ തൊഴുത് പ്രദക്ഷിണമായി ചെല്ലുമ്പോള്‍ കാണുന്നത് ദക്ഷിണാമൂര്‍ത്തിയാണ്. തെക്കു പടിഞ്ഞാറേ കോണില്‍ ഗണപതിയുമുണ്ട്. ശ്രീകോവിലിന്റെ പടിഞ്ഞാറെ നട ഇന്നും അടച്ചിട്ടിരിക്കുകയാണ്. അതുചെയ്തത് വില്വമംഗലം സ്വാമിയാരാണെന്നു ഐതിഹ്യം പറയുന്നു. ശ്രീഭഗവതിയേയും ഭൂമീദേവിയേയും അനുസരിപ്പിച്ച് ദേവന്റെ ഇരുവശത്തും പിടിച്ചിരുത്തിയതും സ്വാമിയാരാണത്രെ. മുഖ്യക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറെ ഭാഗത്ത് അയ്യപ്പക്ഷേത്രം നിലകൊള്ളുന്നു. എള്ളുതിരി കത്തിക്കുകയാണ് അയ്യപ്പന്റെ പ്രധാന വഴിപാട്. സ്ത്രീകളുടെ സുഖപ്രസവത്തിന് വെടിക്കു പണം ഉഴിഞ്ഞുവക്കുന്ന ഏര്‍പ്പാട് ഇവിടെയുണ്ട്. കൂടാതെ പാല്‍പായസവും കളഭച്ചാര്‍ത്തും പലതരം അര്‍ച്ചനകളും ഭഗവാന് ഏറ്റവും പ്രിയങ്കരമാണ്.

വൃശ്ചികമാസത്തിലെ കറുത്തപക്ഷത്തിലെ ഏകാദശിയും മീനമാസത്തിലെ മകയിരം പുറപ്പാടും ആറാട്ടുപുഴ പൂരവും ആണ് ഭഗവാന്റെ പ്രധാന ആഘോഷങ്ങള്‍. ഏകാദശിക്കു കാണുന്ന ജനത്തിരക്ക് അതിന്റെ പ്രാധാന്യം വെളിവാക്കുന്നു. വഴിപാടായി എഴുന്നള്ളിക്കാന്‍ ധാരാളം ആനകള്‍ എത്തുന്നതും ദിവസങ്ങളോളം നീണ്ടു നില്ക്കുന്ന കലാപരിപാടികളും ഉത്സവത്തിനു മികവേകുന്നു. ഏകാദശിവ്രതവും ദ്വാദശിനാള്‍ ഭഗവാന് കാണിക്ക സമര്‍പ്പിച്ച് ദര്‍ശനവും പുണ്യമാണ്. മീനമാസത്തിലെ പൂരത്തിന് തൊട്ടുമുമ്പുള്ള മകയിരം നക്ഷത്രത്തില്‍ കര്‍ക്കടകം രാശി സമയത്താണ് പൂരം പുറപ്പാട്. ഉത്രം വിളക്കോടെ ചടങ്ങുകള്‍ അവസാനിക്കും. ഇതിനു പുറമേ ഇടവത്തിലെ അത്തം, പ്രതിഷ്ഠാദിനമായും ആചരിക്കപ്പെടുന്നുണ്ട്. അന്ന് കതിനാവെടിയും മീനൂട്ടുമാണ് പ്രധാന വഴിപാടുകള്‍. ഇവിടെ കൊടികയറിയുള്ള ഉത്സവം പതിവില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ആറാട്ടുപുഴ പൂരത്തിന്‍ നാള്‍ സന്ധ്യയ്ക്ക് തൃപ്രയാറ്റപ്പന്‍ പ്രൗഢിയോടെ ആറാട്ടുപുഴയിലേക്കു യാത്ര തിരിക്കും. ആ പൂരത്തിന്റെ നെടുനായകത്വം വഹിക്കുന്നത് തേവരാണ്. അക്കൂട്ടത്തില്‍ തൃപ്രയാറപ്പന്റെ മകനെന്നു കരുതപ്പെടുന്ന അവണങ്ങാട്ടു ചാത്തനുമുണ്ടാകും. ദേവമേള കാണാന്‍ ആറാട്ടുപുഴ പാടത്ത് മുപ്പതു മുക്കോടി ദേവകളും സകല ഭൂതപ്രേതപിശാചുക്കളും എത്തുമത്രെ. ഒരാള്‍ മരിച്ചാല്‍ അക്കൊല്ലം ആ കുടുംബക്കാര്‍ ആറാട്ടുപുഴ പൂരം കാണാന്‍ പോകണമെന്ന നിബന്ധന ഇന്നും ചില ഹൈന്ദവകുടുംബങ്ങള്‍ നിലനിര്‍ത്തുന്നത് ഈ വിശ്വാസത്തിലാണ്. ഒരു ഗ്രാമോത്സവത്തിന്റെ ഛായയാണ് പൂരത്തിന്. ഗ്രാമറിപ്പബ്ളിക്കുകള്‍ ക്ഷേത്രങ്ങളുടെ തണലില്‍ വളര്‍ന്ന് ഈശ്വരസാക്ഷിയായി ഭരണം നടത്തിയിരുന്ന കാലത്തെ ഇത് ഓര്‍മിപ്പിക്കുന്നു. ഗ്രന്ഥവരി പ്രകാരം ആറാട്ടുപുഴ പൂരം ക്രി.വ. 583-ല്‍ വീണ്ടും ആരംഭിച്ചിട്ടുള്ളതായി കാണുന്നു.

ചാത്തന്റെ ഉപദ്രവത്തില്‍ നിന്നു രക്ഷകിട്ടുന്നതിനുള്ള മാര്‍ഗം തൃപ്രയാറ്റപ്പനെ സേവിച്ച് പ്രീതിപ്പെടുത്തുകയാണ് എന്നൊരു വിശ്വാസം നിലവിലുണ്ട്. ക്ഷേത്രനടയ്ക്കലെ ഭണ്ഡാരത്തിന്റെ പേരുതന്നെ ചാത്തന്‍ ഭണ്ഡാരം എന്നാണ്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി ചാത്തന്‍ദൈവത്തിന് വഴിപാടുകള്‍ അര്‍പ്പിച്ച് സമാധാനം നേടി തിരിച്ചു പോകാറുണ്ട്.

ക്ഷേത്രത്തിലെ ഊരായ്മസ്ഥാനം ചേലൂര്, ജ്ഞാനപ്പള്ളി, പുനപ്പിള്ളി എന്നീ മനകള്‍ക്കും സംരക്ഷണ ചുമതല ബ്ളാഹയില്‍ നായര്‍ക്കുമായിരുന്നു. പില്ക്കാലത്ത് ക്ഷേത്രഭരണം സര്‍ക്കാരില്‍ നിക്ഷിപ്തമായി. അനന്തരം കൊച്ചി ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു.

ചുമര്‍ചിത്രങ്ങള്‍, ദാരുശില്പങ്ങള്‍, ശിലാശില്പങ്ങള്‍ എന്നിവയാല്‍ കേരളീയ കലാചരിത്രത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്. ചരിത്രപരമായും ഈ ക്ഷേത്രത്തിന് ചില പ്രാധാന്യങ്ങളുണ്ട്. ഈ ക്ഷേത്രത്തിന് ടിപ്പു സുല്‍ത്താന്‍ സംഭാവന ചെയ്ത ഭൂമി (ടിപ്പു സര്‍വമാന്യം)യുടെ ആദായമെടുത്താണ് ഇവിടെ നിത്യേന അത്താഴപൂജയുടെ വെടിക്കെട്ടു നടത്തുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍