This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃത്താല ഭഗവതി ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃത്താല ഭഗവതി ക്ഷേത്രം

പാലക്കാട് ജില്ലയിലെ തൃത്താലയിലുള്ള ഒരു പ്രാചീന ക്ഷേത്രം. വേമഞ്ചേരിമന എന്ന കടമ്പൂര്‍മനയില്‍ സ്ഥിതിചെയ്യുന്നു. വേമഞ്ചേരിക്ഷേത്രം എന്നും സ്ഥലവാസികള്‍ പറഞ്ഞുവരുന്നു. വേമഞ്ചേരിമന പറച്ചിപെറ്റ പന്തിരുകുലത്തില്‍പ്പെട്ട സീമന്ത പുത്രനായ അഗ്നിഹോത്രിയുടെ മനയായിരുന്നു. യജ്ഞശാലയുടെ കണക്കനുസരിച്ച് നിര്‍മിച്ച ഇല്ലമാണ് ഇത്. ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആരാധനാമൂര്‍ത്തി ഭഗവതിയാണ്. വിഗ്രഹമില്ല. ഒരു കല്‍വിളക്കിനെ ഭഗവതിയുടെ പ്രതീകമായി കരുതി ആരാധിച്ചുവരുന്നു. അഗ്നിഹോത്രി കാവേരി നദിയുടെ ചുഴിയില്‍ മുങ്ങിയപ്പോള്‍ അദ്ദേഹത്തിനു കിട്ടിയ മൂന്നു ശൂലങ്ങളില്‍ ഒന്നായ സ്വര്‍ണം കൊണ്ടുള്ള ശൂലം പ്രതിഷ്ഠിച്ച പീഠത്തില്‍ പൊന്തിവന്നതാണ് ആ കല്‍വിളക്ക് എന്നാണ് ഐതിഹ്യം. ഈ ക്ഷേത്രത്തില്‍ ദിവസേന രണ്ടു നേരം പൂജ നടത്തിവരുന്നു. ഇവിടത്തെ പ്രസാദം പൂവും എണ്ണയുമാണ്. ക്ഷേത്രത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. മകരമാസത്തിലെ മുപ്പെട്ടു ചൊവ്വാഴ്ച ഭഗവതിപ്പാട്ടു നടത്തുന്നു.

അഗ്നിഹോത്രി ക്രിസ്ത്വബ്ദം 317-ല്‍ ജനിച്ച് 381-ല്‍ മരിച്ചു എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹം പന്നിയൂര്‍ ഗ്രാമക്കാരനായിരുന്നു. ബ്രാഹ്മണര്‍ക്കിടയില്‍ ആദ്യമായി ഋതുമതി വിവാഹം നടത്തിയത് അദ്ദേഹമായിരുന്നു എന്ന വിശ്വാസം നിലവിലുണ്ട്. യാഗങ്ങള്‍ നടത്താന്‍ മൂന്ന് പത്നിമാര്‍ വേണമെന്നുള്ളതുകൊണ്ട് അഗ്നിഹോത്രി മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചു എന്നും ഐതിഹ്യമുണ്ട്.

(പ്രൊഫ. കെ.എസ്.നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍