This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃതീയ മേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃതീയ മേഖല

ഗതാഗതം, വാണിജ്യം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ ഉള്‍പ്പെടുന്ന സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖല. സമ്പദ്ഘടനയെ പ്രാഥമിക മേഖല, ദ്വീതിയ മേഖല, തൃതീയമേഖല എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. കാര്‍ഷിക പ്രധാനമായ ഉത്പാദന രംഗത്തെ പ്രാഥമിക മേഖലയെന്നും വ്യാവസായിക പ്രധാനമായ ഉത്പാദനമേഖലയെ ദ്വിതീയ മേഖലയെന്നും വിളിക്കുന്നു. കാര്‍ഷികമേഖല, വ്യാവസായികമേഖല, സേവനമേഖല എന്നും സമ്പദ്ഘടനയെ വിഭജിക്കാവുന്നതാണ്. സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നതനുസരിച്ച് പടിപടിയായി ഉത്പാദന പ്രവര്‍ത്തനത്തിന്റെ ഊന്നല്‍ പ്രാഥമികമേഖലയില്‍ നിന്നും ദ്വിതീയമേഖലയിലേക്കു മാറുന്നു. തൃതീയമേഖലയുടെ വികാസം സൂചിപ്പിക്കുന്നത്, വളരെ ഉയര്‍ന്ന സാമ്പത്തിക വികസനത്തേയും പുരോഗതിയേയുമാണ്. വികസിത രാജ്യങ്ങളില്‍, ഈ മേഖലയാണ് സമ്പദ്ഘടനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസം, ഉയര്‍ന്ന ജീവിതഗുണനിലവാരം, ശാസ്ത്ര-സാങ്കേതിക വളര്‍ച്ച എന്നിവയാണ് തൃതീയമേഖലയുടെ പുരോഗതിക്കു പ്രേരകമാകുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മനസ്സിലാക്കുന്നതിന് അറ്റ ദേശീയോത്പന്നത്തില്‍ ഓരോ മേഖലയുടെയും വിഹിതം എത്രയെന്ന് കണക്കാക്കണം. കേരളത്തിന്റെ അറ്റദേശീയോത്പന്നത്തിന്, തൃതീയമേഖലയുടെ വിഹിതം 53 ശ.മാ. ആണെന്ന് കണക്കാക്കപ്പെടുന്നു.

തൊഴില്‍ ശക്തിയുടെ ഘടന മനസിലാക്കുന്നതിനും ഈ വിഭജനം സഹായകമാണ്. സമ്പദ്ഘടനയില്‍ ഓരോ മേഖലയുടെയും ശക്തിയും സംഭാവനയും പൊതുവായ സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളാണ്. വികസിത രാജ്യങ്ങളില്‍, തൊഴില്‍ ശക്തിയിലെ ഭൂരിപക്ഷവും തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നത് തൃതീയമേഖലയിലായിരിക്കും. മൊത്തം ജനസംഖ്യയില്‍ തൊഴില്‍ ശക്തിയുടെ അനുപാതത്തെ 'തൊഴില്‍ പങ്കാളിത്ത നിരക്ക്'(labour participation rate) എന്നാണു പറയുന്നത്. തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ന്നതാണെങ്കില്‍ അതിനര്‍ഥം ജനസംഖ്യയില്‍ ഭൂരിപക്ഷവും ഉത്പാദനക്ഷമമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണ്. ദ്വീതീയ-തൃതീയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചെങ്കില്‍ മാത്രമേ, പ്രാഥമികമേഖലയില്‍ അധികം വരുന്ന തൊഴില്‍ശക്തിയെ ഉള്‍ക്കൊള്ളാനാവുകയുള്ളൂ. തൃതീയ മേഖലയില്‍ തൊഴിലവസരങ്ങള്‍ കൂടുന്നതനുസരിച്ച്, പ്രാഥമിക മേഖലയിലെ അനുപാതം കുറയുന്നത് സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണമാണ്. അതിനാല്‍, തൃതീയ മേഖലയില്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ത്താവുന്ന തരത്തില്‍ തൊഴില്‍ ഘടനയില്‍ മാറ്റം വരുത്തുകയെന്നത് വികസിത രാജ്യങ്ങളുടെ സാമ്പത്തിക നയത്തിന്റെ ഭാഗമാണ്. വികാസോന്മുഖമായ തൊഴില്‍ സന്തുലിതാവസ്ഥയുണ്ടാകണമെങ്കില്‍ പ്രാഥമിക മേഖലയിലെ തൊഴില്‍ശക്തിയുടെ കേന്ദ്രീകരണം കുറച്ച്, ദ്വിതീയ-തൃതീയ മേഖലകളിലേക്ക് തിരിച്ചുവിടാന്‍ കഴിയണം. വികസിത രാജ്യങ്ങളില്‍ തൃതീയ മേഖലയ്ക്ക് ലഭിച്ചിരുന്ന പ്രാമുഖ്യം, തൊഴില്‍ ഘടനയില്‍ സംഭവിച്ചിട്ടുള്ള മാറ്റത്തെയാണ് കാണിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ഭൂരിപക്ഷം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നത് പ്രാഥമിക മേഖലയിലായിരിക്കും. എന്നാല്‍, വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി കൂടുതല്‍ തൊഴില്‍ശക്തിയെ ദ്വിതീയ മേഖലയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും. ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളുടെ ഫലമായി വ്യവസായങ്ങള്‍ കൂടുതല്‍ ഉത്പാദനക്ഷമവും കാര്യക്ഷമവുമാകുന്നതോടെ, കുറഞ്ഞ അധ്വാനശക്തികൊണ്ട് കൂടുതല്‍ ഉത്പാദിപ്പിക്കാവുന്ന സ്ഥിതി വരുന്നു. ഇങ്ങനെ ദ്വിതീയ മേഖലയില്‍ മിച്ചമാകുന്ന തൊഴില്‍ശക്തിയെ തൃതീയമേഖല ഉള്‍ക്കൊള്ളുന്നു.

ഇംഗ്ലണ്ടിലും അമേരിക്കയിലും മൊത്തം തൊഴില്‍ശക്തിയുടെ 3 ശ.മാനവും ജപ്പാനില്‍ 11 ശ.മാനവുമാണ് പ്രാഥമിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ രാജ്യങ്ങളില്‍ തൊഴില്‍ശക്തിയുടെ മൂന്നില്‍ രണ്ടു ഭാഗവും തൃതീയമേഖലയിലാണ് പണിയെടുക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ തൊഴില്‍ ശക്തിയുടെ സിംഹഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് പ്രാഥമിക മേഖലയിലാണ്. സാമ്പത്തിക വളര്‍ച്ചയനുസരിച്ച്, തൃതീയമേഖലയിലെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിക്കാനുള്ള പ്രവണതയെക്കുറിച്ച് ആദ്യമായി സിദ്ധാന്തിച്ചത് 17-ാം ശ.-ത്തിലെ സാമ്പത്തിക ശാസ്ത്രചിന്തകനായിരുന്ന സര്‍ വില്യം പെറ്റി (1623-1687)യായിരുന്നു. 'പെറ്റിയുടെ നിയമം' (Petty's Law) എന്നാണിതറിയപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍