This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃണജളൂകന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃണജളൂകന്യായം

ലൗകികന്യായങ്ങളിലൊന്ന്. തൃണം-പുല്ല്, ജളൂകം - അട്ട. പുല്ലട്ടയുടെ സഞ്ചാരത്തെ ആസ്പദമാക്കിയിട്ടുള്ള ന്യായമായതിനാലാണ് ഈ പേര് ലഭിച്ചത്. പുല്ലട്ട ഒരു പുല്ലില്‍ നിന്നും മറ്റൊരു പുല്ലിലേക്ക് നീങ്ങുമ്പോള്‍ പുതിയ പുല്ലില്‍ പിടുത്തം ഉറപ്പിച്ചശേഷമേ ആദ്യപുല്ലിലെ പിടുത്തം വിടുകയുള്ളൂ. ഈ രീതിയില്‍ പഴയതിനെ തിരസ്കരിച്ച് പുതിയതിനെ സ്വീകരിക്കുന്നതിനെ പരമാര്‍ശിക്കുന്നതിനെയാണ് ഈ ന്യായം കൊണ്ട് വിശേഷിപ്പിക്കുന്നത്.

പഴയതിനെ ഉപേക്ഷിക്കുന്നവര്‍ പുതുതായി ഏതിലെങ്കിലും ദൃഢമായി ഊന്നിനിന്നിട്ടുവേണം ആദ്യത്തേതിനെ ഉപേക്ഷിക്കേണ്ടതെന്നുള്ള തത്ത്വത്തെ പറയാന്‍ ഈ ന്യായം ഉപയോഗിക്കാം. ന്യായശാസ്ത്രത്തില്‍ ഈ ന്യായം ഒരു വിവാദതത്ത്വത്തെ അവതരിപ്പിക്കുന്നുണ്ട്. ജീവന്‍ ഒരു ദേഹത്തില്‍നിന്നും മറ്റൊരു ദേഹത്തില്‍ പ്രവേശിക്കുന്നതിന്റെ സന്ദര്‍ഭത്തെ സൂചിപ്പിക്കാന്‍ നൈയായികന്മാര്‍ ഈ ന്യായത്തെ സ്വീകരിക്കുന്നു. മരണശേഷം ജീവന്‍ പുതിയ ഒരു ശരീരം സ്വീകരിക്കുന്നതുവരെ പഴയ സ്ഥലവുമായി ബന്ധപ്പെട്ട് സ്ഥിതിചെയ്യുന്നു. അഥവാ പുതിയ ഒരു ശരീരം കണ്ടെത്തിക്കഴിയുമ്പോഴാണ് നിലവിലുള്ള ശരീരത്തെ ത്യജിക്കുന്നത് എന്നാണ് ഈ ന്യായവാക്യത്തിന്റെ സഹായത്താല്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ശരീരമില്ലാതെയും ജീവന് നിലനില്പുണ്ടെന്നാണ് ശ്രുതികളിലെ സൂചന. ഘടത്തിലെ ആകാശത്തെ (ശൂന്യമായ സ്ഥലം) പോലെ മാത്രമാണ് ജീവന്‍ ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നത്, സ്വതന്ത്രമാകുമ്പോള്‍പരലോകത്തേക്കു പോകുന്നു എന്നാണ് ശ്രുതിയില്‍ പറയുന്നത് (ഉദാ: പഞ്ചാഗ്നിശ്രുതിയില്‍ പറയുന്നു - ഘടാകാശവദുപഹിതോജീവഃ സൂക്ഷ്മോപാധിഗത്യാ ലോകാന്തരംഗച്ഛതി.) ശ്രുതിവിരുദ്ധമായതിനാല്‍ വേദാന്തികളും മറ്റും നൈയായികരുടെ ഈ തൃണജളൂകന്യായത്താല്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന വാദത്തെ അംഗീകരിക്കുന്നില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍