This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃക്കുന്നപ്പുഴ ധര്‍മശാസ്താ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃക്കുന്നപ്പുഴ ധര്‍മശാസ്താ ക്ഷേത്രം

ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് നിന്ന് 8 കിലോമീറ്റര്‍ അകലെ തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം. ഇവിടത്തെ പ്രധാനപ്പെട്ട വിഗ്രഹം ശ്രീബുദ്ധന്റേതാണ്. ശാസ്താവ് എന്ന സങ്കല്പത്തില്‍ ആരാധിച്ചുവരുന്നു. വിഗ്രഹത്തിന്റെ ഇടതുകൈ നഷ്ടപ്പെട്ടതിനാല്‍ പുറമേ പഞ്ചലോഹം വാര്‍ത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. കേരളത്തിലെ 108 അയ്യപ്പന്‍ കാവുകളില്‍ ആദ്യത്തേതാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രം കടലിനടുത്താണ് സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടു ദര്‍ശനം. ഇവിടെ ദിവസേന അഞ്ച് പൂജയും മൂന്ന് ശീവേലിയും നടത്തിവരുന്നു.

സുബ്രഹ്മണ്യന്‍, ശിവന്‍, ദുര്‍ഗ്ഗ, യക്ഷി, രക്ഷസ്സ് എന്നിങ്ങനെ അഞ്ച് ഉപദേവതകള്‍ ഇവിടെയുണ്ട്. സുബ്രഹ്മണ്യ വിഗ്രഹത്തിന് ഏകദേശം 6 അടി പൊക്കമുണ്ട്.

10 ദിവസത്തെ ഉത്സവം ആഘോഷിച്ചുവരുന്നു. വൃശ്ചിക മാസ ത്തിലെ കാര്‍ത്തികനാളിലാണ് കൊടിയേറ്റ്. ഉത്രം നാളിലാണ് ആറാട്ട്. കടല്‍വെള്ളം കയറി ഈ ക്ഷേത്രം പല തവണ നശിച്ചുപോയിട്ടുണ്ട്. 931 മകരം 24-ന് മീനം രാശിയില്‍ സമുദ്രത്തില്‍ നിന്ന് പെരുമാളെ പ്രതിഷ്ഠിച്ചതാണ് ഇപ്പോള്‍ കാണുന്ന ക്ഷേത്രമെന്ന് ഒരു ശിലാ രേഖയില്‍ കാണുന്നു. ഇവിടത്തെ പ്രതിഷ്ഠ പരശുരാമന്റേതാണെന്നും ചേരമാന്‍ പെരുമാളിന്റെ കാലത്താണ് ആ പ്രതിഷ്ഠ നടത്തിയതെന്നും ഒരു ഐതിഹ്യമുണ്ട്. ഇതിന്റെ മൂലക്ഷേത്രം ശ്രീമൂലവാസത്തിലെ ബുദ്ധവിഹാരം ആയിരുന്നുവെന്നും ഒരു വിശ്വാസം നിലവിലുണ്ട്. പ്രസ്തുത ശ്രീമൂലവാസം അശോകചക്രവര്‍ത്തിയുടെ പുത്രനായ മഹീന്ദ്രന്‍ സിലോണിലേക്ക് പോകുന്ന വഴിക്ക് സ്ഥാപിച്ചതാണെന്നും പഴമക്കാര്‍ കരുതുന്നു.

എം.ഫൗച്ചര്‍ക്ക് 'ലോകനാഥന്റെ‌ വിഗ്രഹം' കിട്ടിയതോടെയാണ് ശ്രീമൂലവാസം എന്ന ബുദ്ധമതകേന്ദ്രമുണ്ടായിരുന്നതിനെക്കുറിച്ച് ചരിത്രകാരന്മാര്‍ നിഗമനങ്ങള്‍ നടത്താന്‍ തുടങ്ങിയത്. ഫൗച്ചര്‍ക്ക് ലഭിച്ച വിഗ്രഹത്തില്‍ 'ദക്ഷിണപഥേ ശ്രീമൂലവാസ ലോകനാഥ 'എന്ന ലിഖിതം കൊത്തിയിരുന്നു. ദക്ഷിണദേശത്തിലെ ശ്രീമൂലവാസത്തിലുള്ള ലോകനാഥന്‍ അന്നേ പ്രസിദ്ധനായിരുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

എ.ഡി. 11-ാം ശ.-ത്തില്‍ ശ്രീമൂലവാസം കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മൂഷികവംശം കാവ്യത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മൂഷിക രാജാവ് വിക്രമതമന്‍ കടലില്‍ കല്ലിട്ട് കടലാക്രമണത്തെ ചെറുത്തുവെന്നും ക്ഷേത്രത്തെ സംരക്ഷിച്ചുവെന്നുമാണ് കാവ്യത്തില്‍ രേഖപ്പെടുത്തിക്കാണുന്നത്. മഞ്ജു ശ്രീമൂലതന്ത്രം, ആര്യമഞ്ജുശ്രീകല്പം എന്നിവയുടെ രചയിതാവായ മഞ്ജുശ്രീമൂലനാഥന്‍ ഈ ക്ഷേത്രത്തിലെ ആചാര്യനായിരുന്നുവത്രെ.

ഈ ക്ഷേത്രം 1973 വരെ ഇടപ്പള്ളി സ്വരൂപത്തിന്റെ വകയായി രുന്നു. ഇപ്പോള്‍ അയ്യപ്പസേവാസംഘത്തിന്റെ വകയാണിത്.

(പ്രൊഫ. കെ.എസ്. നാരായണപിള്ള, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍