This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃക്കാക്കര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃക്കാക്കര

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍പ്പെട്ട ഒരു സ്ഥലം. കേരളീയരുടെ ദേശീയോത്സവമായ ഓണത്തിന്റെ ഉദ്ഭവത്തെ സംബന്ധിക്കുന്ന ഐതിഹ്യവുമായുള്ള ബന്ധമാണ് തൃക്കാക്കരയുടെ പ്രശസ്തിക്കു നിദാനം. പെരുമാള്‍ ഭരണകാലത്തെ പുകള്‍പെറ്റ ഒരു നാട്ടുരാജ്യമായിരുന്നു 'കാല്‍ക്കരനാട്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃക്കാക്കര. മഹാബലിയുടെ ആസ്ഥാനമായിരുന്നു തൃക്കാക്കര എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ പാദം പതിഞ്ഞ ഇടമായിരുന്നതിനാല്‍ ഈ പ്രദേശം മുമ്പ് 'തൃക്കാല്‍ക്കര' എന്നാണ് അറിയപ്പെട്ടിരുന്നതത്രെ.'തൃക്കാല്‍ക്കര' പില്ക്കാലത്ത് തൃക്കാക്കരയായി ലോപിച്ചെന്നാണ് പ്രബല മതം.

തൃക്കാക്കര ക്ഷേത്രം

തൃക്കാക്കരക്ഷേത്രം പ്രസിദ്ധമാണ്. വാമനമൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. ഇവിടത്തെ പ്രതിഷ്ഠാമൂര്‍ത്തി തൃക്കാക്കരയപ്പന്‍ എന്നാണറിയപ്പെടുന്നത്. മഹാബലിയെ പാതാളത്തിലേക്കയച്ചത് ഇവിടെവച്ചാണെന്നാണ് ഐതിഹ്യം. തൃക്കാക്കരയപ്പനുപുറമേ ക്ഷേത്രത്തില്‍ മഹാലക്ഷ്മി, ഗോപാലകൃഷ്ണന്‍, സ്വയംഭൂവായ ശിവന്‍, ശ്രീ പാര്‍വതി, ദുര്‍ഗ, സുബ്രഹ്മണ്യന്‍, ഗണപതി, ധര്‍മശാസ്താവ്, യക്ഷി എന്നീ പ്രതിഷ്ഠകളുമുണ്ട്. ചേരമാന്‍പെരുമാള്‍ ഈ ക്ഷേത്രത്തില്‍ കര്‍ക്കിടകമാസത്തിലെ തിരുവോണം മുതല്‍ ചിങ്ങമാസത്തിലെ തിരുവോണം വരെ ഇരുപത്തെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവം നടത്തിയിരുന്നു എന്നാണ് ഐതിഹ്യം. തൃക്കാക്കര ക്ഷേത്രത്തിന് കേരളത്തിനുപുറത്തും പ്രശസ്തിയുണ്ടായിരുന്നു. തമിഴ് വൈഷ്ണവമുനിയായ നമ്മാഴ്വാര്‍ തൃക്കാക്കരയപ്പനെക്കുറിച്ച് സ്തുതിഗീതങ്ങള്‍ രചിച്ചിട്ടുണ്ട്. തൃക്കാക്കരക്ഷേത്രം തമിഴ് വൈഷ്ണവഭക്തന്മാരുടെ തീര്‍ഥാടനകേന്ദ്രമാണ്. വിദേശീയരുടെ ആക്രമണം മൂലം 14-ാം ശ.-ത്തിനുശേഷം ക്ഷേത്രത്തിന് നാശനഷ്ടങ്ങളുണ്ടായി. പുനരുദ്ധാരണം പൂര്‍ത്തിയായത് 1948-ലാണ്. ഈ ക്ഷേത്രത്തില്‍ നിന്ന് ധാരാളം ശിലാരേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍