This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃക്കവിയൂര്‍ മഹാദേവക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃക്കവിയൂര്‍ മഹാദേവക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ പഞ്ചായത്തിലുള്ള ഒരു ക്ഷേത്രം. ഇത് ഗ്രാമക്ഷേത്രമാണ്. പ്രധാന മൂര്‍ത്തി ശിവന്‍. ഉപദേവന്‍ ഹനുമാന്‍. ഉപദേവന് മുഖ്യ ദേവനേക്കാള്‍ പ്രാധാന്യം കല്പിക്കപ്പെടുന്നു. 'കവിയൂര്‍ ഹനുമാന്‍' പ്രസിദ്ധിയാര്‍ജ്ജിച്ച ഉപാസനാമൂര്‍ത്തിയാണ്. കപിയൂര്‍ എന്ന പേരാണ് കവിയൂര്‍ എന്നായി മാറിയതെന്ന് ഒരഭിപ്രായമുണ്ട്.

ശിവന്റെ ശ്രീകോവില്‍ വൃത്താകാരമാണ്. ദര്‍ശനം കിഴക്കോട്ട്. ഒരു പാര്‍വ്വതി പ്രതിഷ്ഠയുമുണ്ട്. അത് പടിഞ്ഞാട്ട് ദര്‍ശനമായിട്ടാണ്. ആ പ്രതിഷ്ഠ നടത്തിയത് കവിയൂര്‍ മൂസ്സത് കുടുംബക്കാരാണ് - 1068 മകരമാസത്തിലെ ഉത്രട്ടാതിനാളില്‍. ഹനുമാനു പുറമേ വിഷ്ണുവും യക്ഷിയും ഉപദേവതകള്‍. ദിവസേന അഞ്ച്പൂജ നടത്തുന്നു. ഇതിനു പുറമേ എല്ലാ ദിവസവും നവകമുണ്ട്.

കാരാണ്മശാന്തി 'പടിമഹായോഗത്തിലെ പത്ത് ഇല്ലക്കാര്‍'ക്കാ യിരുന്നു. പത്തുദിവസം ഉത്സവം ആഘോഷിച്ചു വരുന്നു. ഉത്സവത്തിന് കൊടിയേറുന്നത് ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ്.

ചുറ്റുമതിലിന് പടിഞ്ഞാറുഭാഗത്ത് വിഷ്ണുവിഗ്രഹം സ്ഥിതി ചെയ്യുന്നു. ഈ വിഗ്രഹത്തിന് അഞ്ചടിയോളം പൊക്കമുണ്ട്. ഈ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം നമ്പൂതിരിയാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഐതിഹ്യപ്രകാരം ഹനുമാനെ വില്വമംഗ ലവും, ശിവനെ ശ്രീരാമനും, വിഷ്ണുവിനെ പരശുരാമനും ആണ് പ്രതിഷ്ഠിച്ചത്. ഹനുമാന് നിവേദ്യമായി അര്‍പ്പിക്കുന്നത് അവില്‍ ആണ്.

ഈ ക്ഷേത്രം ദാരുശില്പങ്ങള്‍ക്ക് പ്രസിദ്ധമാണ്. ശ്രീകോവി ലിന്റെ ചുവരുകളിലുള്ള 14 ശില്പങ്ങളില്‍ ഓരോന്നിനും ആയിരം തച്ചുവീതം വേണ്ടിവന്നു എന്നാണ് ഐതിഹ്യം. ബലിക്കല്‍പ്പുരയുടേയും വാതില്‍മാടത്തിന്റേയും മണ്ഡപത്തിന്റേയും മച്ചില്‍ ശില്പങ്ങളുണ്ട്. ക്ഷേത്രത്തിലെ ശ്രീകോവില്‍ത്തറയില്‍ രണ്ട് ലിഖിതങ്ങള്‍ കാണപ്പെടുന്നു. ഒരു ലിഖിതം 951-ലേതാണ്. അതില്‍ നാരായണന്‍ കേശവനും മംഗലത്ത് നാരായണന്‍ കിരിട്ടനും ക്ഷേത്രത്തില്‍ വിളക്കു കത്തിക്കാന്‍ എട്ടിക്കരയിലെ ഭൂമി ദാനം ചെയ്യുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 950-ലെ ശാസനത്തില്‍ മകിളഞ്ചേരി (മകിഴഞ്ചേരി) തേവന്‍ സേത്തന്‍ (ദേവന്‍ ചേത്തന്‍) ഭൂമി ദാനം ചെയ്യുന്നതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗ്രാമത്തില്‍ പോറ്റിമാരുടെ ക്ഷേത്രമായിരുന്നു ഇത്. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലാണ്.

(പ്രൊഫ. കെ.എസ്. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍