This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൂസിഡൈഡിസ് (ബി.സി.സു. 455-സു. 400)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൂസിഡൈഡിസ് (ബി.സി.സു. 455-സു. 400)

Thucydides

തൂസിഡൈഡിസ്

പ്രാചീന ഗ്രീക്ക് ചരിത്രകാരന്‍. ചരിത്ര വിജ്ഞാനീയത്തിന്റെ വികാസത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ തൂസിഡൈഡിസ് ആദ്യത്തെ ശാസ്ത്രീയ ചരിത്രകാരന്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ബി.സി. 431-നും 404-നുമിടയ്ക്കു ആഥന്‍സും സ്പാര്‍ട്ടയും തമ്മില്‍ നടന്ന യുദ്ധം (പെലെപെനിഷ്യന്‍ യുദ്ധം) അപഗ്രഥിക്കുന്ന ഹിസ്റ്ററി ഒഫ് പെലെപെനിഷ്യന്‍ വാര്‍ എന്ന കൃതിയാണ് ഇദ്ദേഹത്തെ പ്രസിദ്ധനാക്കിയത്.

ബി.സി. സു. 455-ല്‍ ആഥന്‍സിലായിരുന്നു ജനനം. ബി.സി. 431-ല്‍ പെലെപെനിഷ്യന്‍ യുദ്ധമാരംഭിച്ചപ്പോള്‍തന്നെ യുദ്ധത്തിന്റെ ഗതിവിഗതികള്‍ രേഖപ്പെടുത്തുവാന്‍ തൂസിഡൈഡിസ് ശ്രമം ആരംഭിച്ചു. ഈ യുദ്ധം ചരിത്ര പ്രധാനമായിരിക്കും എന്ന തിരിച്ചറിവാണ് ഇതേക്കുറിച്ച് എഴുതാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. 424-ല്‍ തൂസിഡൈഡിസ് അഥീനിയന്‍ ജനറലായി നിയമിക്കപ്പെട്ടു. എന്നാല്‍ സ്പാര്‍ട്ടയുടെ അധിനിവേശത്തില്‍ നിന്ന് അഥീനിയന്‍ കോളനിയായ അംഫിപൊളീസിനെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആഥന്‍സില്‍ നിന്ന് ഇദ്ദേഹത്തെ നാടുകടത്തി (424). ഇക്കാലത്ത് ഗ്രീസിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച തൂസിഡൈഡിസിന് യുദ്ധവും അനുബന്ധസംഭവങ്ങളും നേരിട്ട് അറിയുവാനും അവയെ രേഖപ്പെടുത്തുവാനും സാധിച്ചു.

പെലെപെനിഷ്യന്‍ യുദ്ധത്തിന്റെ ആരംഭം മുതല്‍ 411 വരെയുള്ള സംഭവങ്ങള്‍ എട്ട് ഗ്രന്ഥങ്ങളിലായാണ് തൂസിഡൈഡിസ് പ്രതിപാദിച്ചിരിക്കുന്നത്. 431 മുതല്‍ 404 വരെ നീണ്ടുനിന്ന യുദ്ധത്തിന്റെ 411 വരെയുള്ള ആഖ്യാനമേ ഗ്രന്ഥത്തില്‍ അടങ്ങിയിട്ടുള്ളൂ. ശേഷിച്ച കാലഘട്ടത്തിന്റെ ആഖ്യാനം പൂര്‍ത്തിയാക്കുന്നതിനുമുമ്പേ ഇദ്ദേഹം മരണമടഞ്ഞതായി അനുമാനിക്കപ്പെടുന്നു. സമകാലീന സംഭവങ്ങളെക്കുറിച്ചെഴുതിയ ആദ്യത്തെ ചരിത്രകാരനായിരുന്നു തൂസിഡൈഡിസ്. ചരിത്രരചനയ്ക്കായി യുദ്ധത്തില്‍ പങ്കെടുത്തവരുടെ സാക്ഷിമൊഴിയെയും ഇദ്ദേഹം ആശ്രയിച്ചിരുന്നു. ഒരേ സംഭവത്തെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ വീക്ഷണത്തില്‍ നിന്ന് നിഷ്പക്ഷമായ നിഗമനത്തിലെത്തുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് ഇദ്ദേഹം ബോധവാനായിരുന്നു. എന്നിരുന്നാലും അക്കാലത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വസ്തുനിഷ്ഠമായ ശൈലി സ്വീകരിച്ചു എന്നത് ശ്രദ്ധേയമാണ്. പുരാണ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചരിത്രം മെനഞ്ഞ ഹെറൊഡോട്ടസ്, സമയ-കാല ഘടകങ്ങളെ അവഗണിച്ച ഹെലനിക്സ് എന്നീ ചരിത്രകാരന്മാരില്‍ നിന്നും ഇദ്ദേഹം വേറിട്ടു നില്‍ക്കുന്നു.

ഭാവിയെക്കുറിച്ച് പ്രവചനം നടത്തുവാന്‍ ഭൂതകാലത്ത് യഥാര്‍ഥത്തില്‍ എന്തു സംഭവിച്ചു എന്ന് അന്വേഷിക്കുന്നവര്‍ക്ക് ഉപയുക്തമാക്കുവാനാണ് താന്‍ ഹിസ്റ്ററി ഒഫ് പെലെപെനീഷ്യന്‍ വാര്‍ രചിച്ചത് എന്ന് തൂസിഡൈഡിസ് പറയുന്നു. സംഭവങ്ങളെ മനശാസ്ത്രപരമായി സമീപിച്ചുകൊണ്ടാണ് ഇദ്ദേഹം ചരിത്രരചന നടത്തിയത്. മനുഷ്യസ്വഭാവം സ്ഥിരമായതിനാല്‍ ഭാവി ഭൂതകാലത്തിനു തികച്ചും സദൃശ്യമായിരിക്കും. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നല്ല മറിച്ച് മനുഷ്യസ്വഭാവത്തിന്റെ സവിശേഷതയെ കുറിച്ചാണ് ഇദ്ദേഹം ഇവിടെ വിവക്ഷിക്കുന്നത്. ചരിത്രരചനയില്‍ മനശാസ്ത്രപരമായ വാസ്തവികതാ വാദത്തിന്റെ (psychological positivism) തുടക്കമായി ചരിത്രപണ്ഡിതന്മാര്‍ ഇദ്ദേഹത്തിന്റെ കൃതിയെ കണക്കാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍