This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൂസാന്‍ ലൂവേര്‍തൂര്‍ (1743-1803)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൂസാന്‍ ലൂവേര്‍തൂര്‍ (1743-1803)

Toussaint L'ouverture

ഹെയ്തിയിലെ വിപ്ളവനേതാവ്. അടിമകളായ നീഗ്രോ മാതാപിതാക്കളുടെ പുത്രനായി മുന്‍ ഫ്രഞ്ച് കോളനിയായ ഹെയ്തിയില്‍ 1743-ല്‍ തൂസാന്‍ ജനിച്ചു. ഹെയ്തിയിലെ മറ്റ് അടിമകളുടെ അവസ്ഥയില്‍ നിന്നു വ്യത്യസ്തമായി ഇദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിച്ചിരുന്നു. സ്വാതന്ത്ര്യം, വിശ്വസാഹോദര്യം, സമത്വം എന്നീ മൂല്യങ്ങള്‍ പ്രചരിപ്പിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ അനുരണനങ്ങള്‍ ഹെയ്തിയില്‍ വ്യാപിച്ചതിനെത്തുടര്‍ന്ന് ഇവിടത്തെ അടിമകളായ നീഗ്രോകള്‍ വെള്ളക്കാരായ ഫ്രഞ്ച് ഉടമകള്‍ക്കെതിരെ കലാപമുണ്ടാക്കി. 1791-ലെ ഈ കലാപത്തില്‍ സജീവമായി പങ്കെടുത്ത തൂസാന്‍ ഹെയ്തിയിലെ നീഗ്രോകളുടെ നേതൃ നിരയിലേക്ക് ഉയരുകയുണ്ടായി. ഫ്രഞ്ചുകാരെ സ്തബ്ധരാക്കിയ യുദ്ധമുറ പ്രകടിപ്പിച്ചതിനാല്‍ ഇദ്ദേഹം ലൂവേര്‍തൂര്‍ എന്ന അപര നാമത്തില്‍ അറിയപ്പെട്ടു.

1793-ല്‍ സ്പാനിഷുകാര്‍ ഹെയ്തിയെ ആക്രമിച്ചപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് തൂസാന്‍ ഫ്രഞ്ചുകാര്‍ക്കെതിരെ പൊരുതി. എന്നാല്‍ ഫ്രഞ്ച് നാഷണല്‍ കണ്‍വെന്‍ഷന്‍ അടിമത്തം നിര്‍ത്തലാക്കിയതോടെ ഇദ്ദേഹം കൂറുമാറി ഫ്രഞ്ച് പക്ഷം ചേരുകയും ശക്തമായ പോരാട്ടത്തിലൂടെ സ്പാനിഷുകാരെയും അവരുടെ സഖ്യകക്ഷിയായ ഇംഗ്ലീഷുകാരെയും ഹെയ്തിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. സ്പാനിഷുകാര്‍ക്കെതിരെ അസാമാന്യ ധീരത കാണിച്ച തൂസാന്‍ ലുവര്‍ത്തുറിനെ ഹെയ്തിയുടെ ഗവര്‍ണര്‍ ജനറലായി ഫ്രഞ്ച് ഗവണ്‍മെന്റ് നിയമച്ചു (1796).

ഫ്രഞ്ച് സഹായത്തോടെ തുസാന്‍ സാന്റോഡോമിങ് പിടിച്ചെടുത്തതോടെ ഹിസ്പാനിയോള ദ്വീപ് പൂര്‍ണമായും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. എന്നാല്‍ 1801-ല്‍ ഫ്രാന്‍സിനെ ധിക്കരിച്ചുകൊണ്ട് ഇദ്ദേഹം ദ്വീപിന്റ ആജീവനാന്ത ഗവര്‍ണറായി സ്വയം പ്രഖ്യാപിച്ചത് നെപ്പോളിയനെ പ്രകോപിപ്പിച്ചു. വെള്ളക്കാരുടെ ഭരണം പുനഃസ്ഥാപിക്കുന്നതിനായി നെപ്പോളിയന്‍ ഹെയ്തിയിലേക്ക് അയച്ച ദൌത്യസേന തൂസാനെ തടവുകാരനാക്കി (1802). പാരിസില്‍ തടവില്‍ കഴിയവേ ഇദ്ദേഹം 1803-ല്‍ അന്തരിച്ചു.

തൂസിഡൈഡിസ് (ബി.സി.സു. 455-സു. 400)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍