This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൂവലുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൂവലുകള്‍

Feathers

പക്ഷികളുടെ ശരീരാവരണം. പ്രത്യേകം രൂപാന്തരണം പ്രാപിച്ച ബാഹ്യചര്‍മാവയവമായ തൂവലുകള്‍ പക്ഷികളുടെ മാത്രം സവിശേഷതയാണ്. പക്ഷികളുടെ കാലുകളൊഴികെയുള്ള ശരീരഭാഗം മുഴുവന്‍ തൂവലുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഇവ ലോലവും കനംകുറഞ്ഞതും വളയുന്നതും വഴങ്ങുന്നതും ദൃഢതയുള്ളതുമാണ്. പുറന്തൊലിയെ സംരക്ഷിക്കുന്നതും ശരീരത്തിന് ആകൃതി നല്കുന്നതും ചിറകുകള്‍ക്ക് പറക്കാനുള്ള ഉപരിതലം പ്രദാനം ചെയ്യുന്നതും തൂവലുകളാണ്. പക്ഷിയുടെ ശരീരോഷ്മാവ് നിലനിര്‍ത്താന്‍ സഹായിക്കുന്നതും തൂവലുകള്‍ തന്നെ. ചിറകിലേയും വാലിലേയും വലിയ തൂവലുകളാണ് പക്ഷിയെ ഉയരുവാനും പറന്നുനില്‍ക്കുവാനും സഞ്ചരിക്കുവാനും സഹായിക്കുന്നത്. ചിലയിനം പക്ഷികളില്‍ ലൈംഗികപ്രകടനത്തിനായും ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിനുള്ള പ്രച്ഛന്നാവരണമായും ഇവ വര്‍ത്തിക്കുന്നു.

പക്ഷികളുടെ വര്‍ണ വൈവിധ്യത്തിനു നിദാനം തൂവലുകളുടെ പല വിധത്തിലുള്ള നിറങ്ങളും ഘടനാത്മക നിറഭേദങ്ങളുമാണ്. തൂവലില്‍ കെരാട്ടിന്‍ (keratin)എന്ന പ്രോട്ടീനും വര്‍ണ വസ്തുവായ മെലാനിനും അടങ്ങിയിരുക്കുന്നു. കരോട്ടിനോയിഡുകള്‍ അടങ്ങിയിട്ടുള്ള തൂവലുകള്‍ക്കാണ് കടും ചുവപ്പും ഓറഞ്ചും മഞ്ഞയും നിറങ്ങളുള്ളത്. മെലാനിനുകളാണ് തൂവലുകളുടെ തവിട്ട്, കറുപ്പ്, ചുവപ്പ്, ചാരം തുടങ്ങിയ നിറങ്ങള്‍ക്കും ഇവയുടെ ഇളം നിറങ്ങള്‍ക്കും കാരണം. തൂവലിഴ(barb)കളിലെ മെലാനിന്‍ നിറഞ്ഞ വര്‍ണ കോശങ്ങളുടെ കോശസ്തരത്തില്‍ പ്രതിഫലിക്കുന്ന പ്രകാശമാണ് തൂവലുകളുടെ നീലനിറത്തിന് ആധാരം. നീലനിറത്തെ പ്രതിഫലിപ്പിക്കുന്ന കോശങ്ങളെ ആവരണം ചെയ്തിരിക്കുന്ന സുതാര്യമായ സ്തരം നീലയ്ക്കുപകരം പച്ചയെ പ്രതിഫലിപ്പിക്കുന്നതിനാലാണ് തത്തകളുടെ തൂവലുകള്‍ പച്ചനിറത്തില്‍ കാണുന്നത്. വെള്ളത്തൂവലുകളില്‍ വര്‍ണകങ്ങളില്ലാത്തതിനാല്‍ ഇതില്‍ പതിക്കുന്ന പ്രകാശം ധവളപ്രകാശമായി പ്രതിഫലിക്കുന്നു. ചിലയിനം പക്ഷികളുടെ തൂവലുകള്‍ക്ക് വര്‍ണക ഘടകങ്ങള്‍ നഷ്ടപ്പെടുന്നതുമൂലം വിവര്‍ണത സംഭവിക്കാറുണ്ട്.

ചിലയിനം പക്ഷികളില്‍ ആണ്‍പക്ഷികള്‍ക്കു മാത്രമേ നിറപ്പകിട്ടുള്ള തൂവലുകളുണ്ടായിരിക്കുകയുള്ളൂ. പെണ്‍പക്ഷികളെ ആകര്‍ഷിക്കുന്നതിനാണിത്. തൂവലിന്റെ നിറം , നീളം, പ്രത്യേക രൂപഭംഗി (ഉദാ: മയില്‍) എന്നിവയില്‍ നിന്ന് ലിംഗവ്യത്യാസം നിര്‍ണയിക്കാവുന്നതാണ്. ഞാറപ്പക്ഷികളുടെ പ്രജനനകാലത്ത് ആഭരണത്തൂവലുകളുണ്ടാകാറുണ്ട്. ശത്രുക്കളില്‍നിന്ന് രക്ഷനേടാന്‍ തൂവലുകളുടെ വിവിധ മാതൃകകള്‍ പക്ഷിയെ സഹായിക്കുന്നു.

ഘടന. അഗ്രത്തിലേക്ക് പോകുന്തോറും കനം കുറഞ്ഞുവരുന്ന കേന്ദ്രഅക്ഷവും (shaft) പരന്ന പിച്ഛഫലക(vane or vexillum)വുമാണ് തൂവലിന്റെ പ്രധാനഭാഗങ്ങള്‍. കേന്ദ്രഅക്ഷത്തിന്റെ സിലിണ്ടറാകൃതിയിലുള്ള ചുവടുഭാഗം കലാമസ് (calamus) എന്നറിയപ്പെടുന്നു. പക്ഷിയുടെ ത്വക്കിലുള്ള തൂവല്‍ പുടക(follicle)ത്തിലാണ് കലാമസിന്റെ ചുവടുഭാഗം നിലകൊള്ളുന്നത്. കലാമസിന്റെ ചുവടുഭാഗത്തായുള്ള സുഷിര(നിമ്ന അംബിലിക്കസ്)ത്തിലൂടെയാണ് വളരുന്ന തൂവലിനാവശ്യമായ രക്തം, പോഷകങ്ങള്‍, വര്‍ണക വസ്തുക്കള്‍ തുടങ്ങിയവ ലഭ്യമാകുന്നത്. കലാമസ് മുതല്‍ തൂവലിന്റെ അറ്റം വരെ നീണ്ട ഭാഗം റാക്കിസ് (Rachis) എന്നറിയപ്പെടുന്നു. കട്ടിയും ഉറപ്പുമുള്ള റാക്കിസിന്റെ ഇരുവശങ്ങളിലുമുള്ള തൂവലിഴകള്‍ ചേര്‍ന്നതാണ് തൂവലിന്റെ പിച്ഛഫലകം (vane). തൂവലിന്റെ ബാഹ്യജാലം (ബാഹ്യപിച്ഛ ഫലകം) എപ്പോഴും ആന്തരജാല(ആന്തരപിച്ഛ ഫലകം) ത്തേക്കാള്‍ വീതി കുറഞ്ഞതായിരിക്കും. കലാമസും റാക്കിസും യോജിക്കുന്ന ഭാഗമാണ് അനുപിച്ഛം (Aftershaft). എമു, കസോവരി തുടങ്ങിയ പക്ഷികളുടെ അനുപിച്ഛത്തിന് പ്രധാന തൂവലിനോളം തന്നെ വലുപ്പമുണ്ടായിരിക്കും. ഗള്ളിഫോമെസ് പക്ഷി ഗോത്രത്തില്‍പ്പെടുന്ന ചിലയിനങ്ങളുടെ അനുപിച്ഛം വികസിതമാണെങ്കിലും പ്രധാന തൂവലിന്റേതിനേക്കാള്‍ വലുപ്പം കുറവായിരിക്കും. തൂവലുകളില്‍ അനുപിച്ഛമുള്ള അവസ്ഥ ആദിമ ലക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ധര്‍മത്തിന്റേയും സ്ഥാനത്തിന്റേയും അടിസ്ഥാനത്തില്‍ തൂവലുകളെ വിവിധയിനങ്ങളായി തിരിച്ചിരിക്കുന്നു.

1. ആവരണത്തൂവലുകള്‍ (contour feathers). ശരീരത്തിന് നിയതമായ ആകൃതി നല്‍കുന്നതും പറക്കാന്‍ സഹായിക്കുന്നതുമായ തൂവലുകളാണ് ഇവ. ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ച ആവരണത്തൂവലുകളുടെ അഗ്രഭാഗത്തുള്ള പിച്ഛഫലകം ദൃഢവും റാക്കിസിന്റെ ചുവടുഭാഗത്തായുള്ളവ അയഞ്ഞ അവസ്ഥയിലുമായിരിക്കും.

2.സെമീപ്ലൂമുകള്‍ (semiplumes). പക്ഷികളുടെ കണ്ണിനു മുകളിലും നാസാദ്വാരത്തിനടുത്തും വായയുടെ കോണുകളിലും സന്ധികളിലും കാണപ്പെടുന്ന തൂവലുകളാണിവ. രോമങ്ങള്‍ പോലെയുള്ള ഇത്തരം തൂവലുകള്‍ പക്ഷിശരീരത്തെ ഒരു കവചകം (ഇന്‍സുലേഷന്‍) പോലെ ആവരണം ചെയ്യുന്നു. ഇത്തരം തൂവലുകള്‍ അയഞ്ഞ ജാലം (loose-webbed) ഉള്ളവയാണ്.

3. രോമപിച്ഛങ്ങള്‍ (filoplumes). ആവരണത്തൂവലിന്റെ അടിവശത്ത് രണ്ട് മുതല്‍ എട്ട് വരെയുള്ള ചെറുകൂട്ടങ്ങളായി വളരുന്ന രോമം പോലെയുള്ള തൂവലുകളാണിവ. ഒരു നീണ്ട അക്ഷവും അതിനറ്റത്തായി കുറച്ചു തൂവലിഴകളുമുള്ള തൂവലുകളാണ് രോമപിച്ഛങ്ങള്‍. മൃദുലമായ രോമപിച്ഛങ്ങള്‍ ഏറ്റവും നല്ല കവചകമായി വര്‍ത്തിക്കുന്നു. ഇവയുടെ ധര്‍മം സംവേദകമാണെന്ന് കരുതുന്നു.

4.പഞ്ഞിത്തൂവലുകള്‍ (down feathers). രോമം പോലെ ചെറുതും മൃദുലവുമായ ഇത്തരം തൂവലുകള്‍ക്ക് പിച്ഛഫലകവും റാക്കിസും ഇല്ല. തൂവലിന്റെ അറ്റത്തായി ഒരു കൂട്ടം തൂവലിഴകള്‍ കാണാം. താറാവ്, അരയന്നം, പെന്‍ഗ്വിന്‍ തുടങ്ങിയ പക്ഷികളിലാണ് ഇത്തരം തൂവലുകള്‍ ധാരാളമായുള്ളത്. മൂങ്ങകള്‍ക്കും ഇത്തരം തൂവലുകളുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങളുടെ ശരീരം പൂര്‍ണമായും ഇത്തരം തൂവലുകള്‍കൊണ്ടാണ് ആവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയുടെ ഘടന മറ്റു പക്ഷികളുടെ തൂവല്‍ ഘടനയില്‍ നിന്നും വ്യത്യസ്തമായിരിക്കും.

5.പൊടിപ്പഞ്ഞിത്തൂവലുകള്‍ (powder down feathers). പക്ഷി യുടെ വക്ഷസ്സിലോ പുറംഭാഗത്തോ പ്രത്യേക സ്ഥാനത്ത് വളരുന്ന തൂവലുകളാണിവ. കൊറ്റി, മുണ്ടി തുടങ്ങിയ പക്ഷി ഇനങ്ങളിലാണ് ഇവ ഏറ്റവും വികാസം പ്രാപിച്ചിട്ടുള്ളത്. തൂവലുകളെ ഈര്‍പ്പത്തില്‍ നിന്ന് സംരക്ഷിക്കുവാനുതകുന്ന മെഴുകുപോലുള്ള ഒരു പൊടി നിര്‍മിക്കുകയാണ് ഇവയുടെ ധര്‍മം. ചുവടുഭാഗത്ത് വളര്‍ച്ചയുള്ള ഇത്തരം തൂവലുകളുടെ അഗ്രം ജീര്‍ണിച്ചു പൊടിയുന്നു. ഈ തൂവലുകള്‍ മറ്റു തൂവലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.

പക്ഷികള്‍ പറക്കാനുപയോഗിക്കുന്ന പ്രധാന തൂവലുകള്‍ ചിറകിന്റെ അസ്ഥികളുമായി ബന്ധിച്ചിരിക്കുന്നു. ചിറകുകളില്‍ പ്രാഥമിക (primaries) തൂവലുകളും ദ്വിതീയ (secondaries) തൂവലുകളുമുണ്ട്. പറക്കുന്ന പക്ഷികളില്‍ സാധാരണ 9 മുതല്‍ 12 വരെ പ്രാഥമിക തൂവലുകളും പറക്കാന്‍ കഴിയാത്ത പക്ഷികളില്‍ 3 മുതല്‍ 16 വരെയും കാണുന്നു. തീവിഴുങ്ങിപ്പക്ഷികള്‍ക്ക് മൂന്നും ഒട്ടകപ്പക്ഷികള്‍ക്ക് 16 ഉം പ്രാഥമിക തൂവലുകളുണ്ട്. ചിലയിനം പക്ഷികളുടെ പുറം ഭാഗത്തുള്ള പ്രാഥമിക തൂവലുകള്‍ (10,11,12 എന്നിവ) വളരെ നീളം കുറഞ്ഞതായിരിക്കും. ഇവ റെമക്കിള്‍ (Remicle) എന്നാണ് അറിയപ്പെടുന്നത്. ചിറകിന്റെ മണിബന്ധത്തിനോടടുത്ത് ഏറ്റവും പുറത്തായുള്ള ദ്വിതീയ തൂവലിനെ ഒന്നാമത്തേതായി കണക്കാക്കിയാണ് ഇതിന്റെ എണ്ണം നിശ്ചയിക്കുന്നത്. സാധാരണ 6 മുതല്‍ 32 വരെ ദ്വിതീയ തൂവലുകള്‍ കാണാറുണ്ട്. പാസറിന്‍ പക്ഷികള്‍ക്ക് ഒമ്പതും ആല്‍ബട്രോസുകള്‍ക്ക് മുപ്പത്തി രണ്ടും ദ്വിതീയ തൂവലുകളാണുള്ളത്.

തൂവല്‍ പഥങ്ങള്‍ (Feathers tracs). പെന്‍ഗ്വിനും ഒട്ടകപ്പക്ഷിയും ഒഴികെയുള്ള പക്ഷികളില്‍ ആവരണത്തൂവലുകള്‍ പിച്ഛക്ഷേത്രം (pteryale) എന്നറിയപ്പെടുന്ന പ്രത്യേക പഥങ്ങളില്‍ നിന്നാണുദ്ഭവിക്കുന്നത്. തൂവല്‍ പഥങ്ങള്‍ക്കിടയ്ക്കുള്ള നഗ്നമായ ചര്‍മഭാഗം അനുപിച്ഛസ്ഥലം (apteria) എന്നറിയപ്പെടുന്നു; തൂവല്‍ പഥങ്ങളുടെ വിന്യാസം പിച്ഛവിന്യാസം (pterylosis) എന്നും. പക്ഷിയുടെ ശരീരത്തിന്റെ ഏതു ഭാഗത്ത് തൂവല്‍ പഥം കാണുന്നുവോ ആ ഭാഗത്തിന്റെ പേരിനനുസരിച്ചാണ് തൂവല്‍ പഥങ്ങള്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രധാനമായും എട്ടു തൂവല്‍ പഥങ്ങളാണുള്ളത്.

1.തലയുടെ പൃഷ്ഠതലത്തില്‍ വരുന്ന എല്ലാ തൂവലുകളും ശിരോപഥ(capital tract or head tract)ത്തില്‍ നിന്നുദ്ഭവിക്കുന്നു.

2.കഴുത്തിലും പുറം മുതല്‍ എണ്ണ ഗ്രന്ഥി (oil gland) വരെ യുള്ള ഭാഗങ്ങളുടെ പൃഷ്ഠതലത്തില്‍ മധ്യഭാഗത്തുള്ള തൂവലുകള്‍ മേല്‍പഥ(spinal tract)ത്തില്‍ നിന്നുള്ളവയാണ്.

3.വാല്‍ത്തൂവലുകള്‍ (retrices), ഇവയുടെ മുകളിലും താഴെയു മുള്ള മേനിത്തൂവലുകള്‍, എണ്ണഗ്രന്ഥിയിലെ തൂവലുകള്‍, ഗുദത്തൂവലുകള്‍ എന്നിവയെല്ലാം പുച്ഛപഥ(cadual tract)ത്തില്‍ നിന്നുദ്ഭവിക്കുന്നു.

4.പക്ഷിയുടെ കീഴ്ഭാഗം, താടിമുതല്‍ ഗുദം വരെയുള്ള ഭാഗം, മാറെല്ലിന്റെ ഭാഗം, കക്ഷ്യഭാഗം (arm pit), ഉദരഭാഗം എന്നിവിടങ്ങളിലെ തൂവല്‍ അധരപഥ(ventral tract)ത്തില്‍ നിന്നും പുറപ്പെടുന്നു.

5.തോള്‍ ഭാഗത്തെ തൂവലുകള്‍ ഹ്യൂമറല്‍പഥ(humeral tract) ത്തില്‍ നിന്നുദ്ഭവിക്കുന്നവയാണ്.

6.ഹ്യൂമറല്‍ പഥത്തില്‍ ഉള്‍പ്പെടാത്ത ചിറകുകളിലെ മുഴുവന്‍ തൂവലുകളും അലാര്‍പഥ(alar tract)ത്തില്‍ നിന്നുണ്ടാകുന്നു.

7.തുടയെല്ലി(Femur)ന്റെ പാര്‍ശ്വപ്രതലത്തിലുള്ള തൂവലുകള്‍ ഊരുപഥ(Femoral tract)ത്തില്‍ നിന്നും ഉദ്ഭവിക്കുന്നവയാണ്.

8.കാലുകളുടെ പുറവശത്തും അകവശത്തുമായി ഉദ്ഭവിക്കുന്ന എല്ലാ തൂവലുകളും ക്രൂരല്‍പഥ(crural tract)ത്തില്‍ നിന്നുള്ളവയാണ്.

തൂവല്‍ പരിവര്‍ധനം. പക്ഷിയുടെ ശരീരചര്‍മത്തിന്റെ ഉപരിതലത്തിലെ അധിചര്‍മം മുമ്പോട്ടുതള്ളി ചര്‍മ പാപില വളര്‍ച്ചയാരംഭിക്കുന്നതോടെ തൂവല്‍ മുകുളം പോലെയുള്ള ഇതിന്റെ ചുവടുഭാഗം താഴ്ന്ന് വൃത്താകൃതിയിലുള്ള ഒരു ഗര്‍ത്ത(കുഴി)മായി മാറുന്നു. ഈ ഗര്‍ത്തമാണ് തൂവല്‍ പുടക(follicle)മായി രൂപപ്പെടുന്നത്. തൂവല്‍ പുടകമാണ് തൂവലിനെ ചര്‍മത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്. ചര്‍മപാപ്പിലയുടെ പുറത്തെ അധിചര്‍മകോശങ്ങള്‍ പരിചര്‍മം എന്നറിയപ്പെടുന്ന കോര്‍ണീയ ഉറ ആയിത്തീരുന്നു. ചര്‍മപാപ്പിലയുടെ നീളം വര്‍ധിക്കുകയും മധ്യഭാഗത്തുനിന്ന് കേന്ദ്രഅക്ഷവും (shaft) ഇതിനു പുറമേയുള്ള അധിചര്‍മസ്തരങ്ങളില്‍ നിന്ന് തൂവലിഴകളും രൂപാന്തരപ്പെടുകയും ചെയ്യുന്നു. വളരുന്ന തൂവലിനാവശ്യമായ വര്‍ണകങ്ങളും പോഷകങ്ങളും നിറഞ്ഞ രക്തം നീളം കൂടിയ ചര്‍മപാപ്പിലയ്ക്കുള്ളില്‍ അടങ്ങിയിട്ടുണ്ട്. തൂവലിന്റെ വളര്‍ച്ച പൂര്‍ത്തിയാകുമ്പോഴേയ്ക്കും ഇതിന് ചുറ്റിലുമായുള്ള കോര്‍ണിത ഉറ കൊഴിഞ്ഞു പോവുകയോ വശങ്ങളിലേക്ക് തള്ളി മാറ്റപ്പെടുകയോ ചെയ്യുന്നു. തൂവലിന്റെ ഭാഗങ്ങള്‍ പുടകത്തില്‍ നിന്ന് പുറത്തുവരുന്നതോടെ തൂവലിലേക്കുളള രക്തപ്രവാഹം നിലക്കുകയും തൂവല്‍ പൂര്‍ണമായും നിര്‍ജീവമായ കോര്‍ണിത അധിചര്‍മമായിത്തീരുകയും ചെയ്യുന്നു. പഴയ തൂവല്‍ കൊഴിഞ്ഞു പോകുന്ന അതേ തൂവല്‍ പുടകത്തില്‍ നിന്നാണ് പുതിയ തൂവല്‍ ഉണ്ടാകുന്നത്.

നിര്‍മോചനം (Moulting). നിരന്തരമായ ഉപയോഗംമൂലം തൂവലുകളുടെ അറ്റം തേഞ്ഞു പോവുകയോ മുറിഞ്ഞു പോവുകയോ ചെയ്യുന്നു. അതിനാല്‍ പറക്കാനുള്ള കഴിവും ശരീരോഷ്മാവ് നിലനിര്‍ത്താനുള്ള ശേഷിയും ഇവയ്ക്ക് നഷ്ടമാകുന്നു. തത്ഫലമായി പൂര്‍ണ വളര്‍ച്ചെയെത്തിയ തൂവലുകള്‍ കൊഴിഞ്ഞ് (endysis) പുതിയവയുണ്ടാകുന്നു. എല്ലായിനം പക്ഷികള്‍ക്കും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പുതിയ തൂവലുകള്‍ ഉണ്ടാകാറുണ്ട്. പഴയ തൂവലുകള്‍ പൊഴിച്ച് പുതിയവ വളര്‍ത്തിയെടുക്കുന്ന പ്രക്രിയയാണ് നിര്‍മോചനം.

എല്ലാ പക്ഷിയിനങ്ങളിലും പഴയ തൂവല്‍ പുടകത്തില്‍ നിന്നു തന്നെയാണ് പുതിയ തൂവല്‍ ഉണ്ടാകുന്നത്. എമു, കസോവരി, പെന്‍ഗ്വിന്‍ എന്നീ പക്ഷികളുടെ പുതിയ തൂവലുകള്‍ വളര്‍ച്ചയാ രംഭിച്ച് ഒരു പരിധിവരെ വളര്‍ച്ചയെത്തിയ ശേഷവും പഴയ തൂവലുകള്‍ അതേ പുടകത്തില്‍തന്നെ നിലനില്‍ക്കും. സാധാരണ, തുവല്‍ പുടകത്തില്‍ നിന്ന് പുതിയ തൂവലിന്റെ അറ്റം പുറത്തേക്കു വരുമ്പോഴേയ്ക്കും പഴയതൂവല്‍ പുടകത്തില്‍ നിന്ന് ഉരഞ്ഞുപൊടിഞ്ഞു പോകുന്നു. തൂവല്‍ പൊഴിക്കല്‍ പ്രക്രിയ തൂവല്‍ പഥത്തിന്റെ മധ്യഭാഗത്തു നിന്നാരംഭിച്ച് പാര്‍ശ്വഭാഗങ്ങളിലേക്കു തുടരുകയാണു പതിവ്. ചിറകിലെ തൂവലുകളുടെ നിര്‍മോചനം ഓരോ ചിറകിന്റേയും മധ്യഭാഗത്തുള്ള പ്രാഥമിക തൂവലുകള്‍ മുതലാണ് ആരംഭിക്കുന്നത്. പ്രാഥമിക തൂവലുകളുടെ കൊഴിച്ചില്‍ പകുതിയോളമാകുമ്പോഴേയ്ക്കും ചിറകുകളുടെ പാര്‍ശ്വഭാഗത്തു നിന്നും (പുറത്തുനിന്നും) മധ്യഭാഗത്തേക്ക് (അകത്തേക്ക്) എന്ന ക്രമത്തില്‍ ദ്വിതീയ തൂവലുകളുടെ നിര്‍മോചനം ആരംഭിക്കുന്നു. പ്രാഥമിക തൂവലുകളുടെ നിര്‍മോചനത്തിന് തികച്ചും വിപരീതമായ രീതിയാണ് ദ്വിതീയ തൂവലുകളുടെ നിര്‍മോചനം. ഇതിന് വ്യത്യസ്തമായ പല രീതികളുമുണ്ട്. വാല്‍ത്തൂവലുകളുടെ മധ്യജോഡിയില്‍ നിന്നു തുടങ്ങി വശങ്ങളില്‍ വരെയുള്ളവ കൊഴിഞ്ഞു പോകുന്നു. ചിറകുകളിലെ തൂവലുകള്‍ അതിവേഗത്തില്‍ കൊഴിയുന്നതിനാല്‍ പുതിയ പറക്കത്തൂവലുകളുണ്ടാകുന്നതുവരെ പക്ഷിക്ക് പറക്കാനുള്ള ശേഷിയുണ്ടായിരിക്കുകയില്ല.

തൂവലുകളുടെ കൊഴിഞ്ഞുപോകല്‍ (നിര്‍മോചനം) ഓരോ പക്ഷി ഇനത്തിലും വ്യത്യസ്തമായാണ് കണ്ടുവരുന്നത്. ഭൂരിപക്ഷം പക്ഷികളും പ്രജനനശേഷം ഒരു പ്രാവശ്യം നിര്‍മോചനം നടത്താറുണ്ട്. വെള്ളക്കിരീടക്കുരുവിയും കൂര്‍ത്ത വാലന്‍ കുരുവിയും രണ്ട് പ്രാവശ്യം തൂവല്‍ കൊഴിക്കുന്നു. വര്‍ഷംതോറും തലയിലെയോ ശരീരത്തിലെയോ ചിറകുകളിലെയോ തൂവലുകളോ വാല്‍ത്തൂവലുകളോ മാത്രമായി കൊഴിക്കുന്ന പക്ഷികളുമുണ്ട്.

സൂര്യപ്രകാശം, താപനില തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളേയും പക്ഷിയുടെ ശരീരധര്‍മഘടകങ്ങളേയും ആശ്രയിച്ചാണ് നിര്‍മോചനം സംഭവിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന തൈറോക്സിന്‍ ഹോര്‍മോണുകള്‍ തൂവല്‍ പാപ്പിലകളുടെ വികാസത്തിനും നിര്‍മോചനത്തിനും ഉത്തേജനം നല്‍കുന്നതായി പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പക്ഷികളുടെ ചര്‍മം വളരെ നേര്‍ത്തതാണ്. ഇവയ്ക്ക് സ്വേദഗ്ര ന്ഥികളില്ലാത്തതിനാല്‍ ചര്‍മം വരണ്ടിരിക്കുന്നു. എന്നാല്‍ വാലിനു താഴെയായി കാണുന്ന പ്രീന്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന സ്രവം പക്ഷികളുടെ തൂവലുകളില്‍ മൃദുത്വം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. വെള്ളം തൂവലില്‍ പിടിക്കാതെ പെട്ടെന്ന് വാര്‍ന്നു പോയി ഉണങ്ങാനും ഇതു സഹായകമാണ്.

പണ്ടുമുതലേ തൂവലുകള്‍ അലങ്കാരവസ്തുവായി ഉപയോ ഗിച്ചിരുന്നു. ഹവായ് ദ്വീപില്‍ തൂവലുകള്‍ കൊണ്ട് നിര്‍മിച്ചിരുന്ന തൂവല്‍ കുപ്പായങ്ങള്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ തൂവലുകള്‍ തൂലികയായും ഉപയോഗിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍