This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൂലികാനാമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൂലികാനാമം

ചില എഴുത്തുകാര്‍ കൃതിയോടൊപ്പം സ്വന്തം പേരിനുപകരം ചേര്‍ക്കുന്ന പേര്. ഈ പേരിലാകും എഴുത്തുകാരന്‍ അനുവാചകര്‍ക്കു പരിചിതന്‍. പ്രത്യേക കാരണത്താല്‍ സ്വന്തം പേര് താത്ക്കാലികമായി മറച്ചുവച്ച് കൃതി പ്രസിദ്ധീകരിക്കുവാനുദ്ദേശിച്ചാണ് പലരും തൂലികാനാമം സ്വീകരിക്കുന്നത്. ഇതിന് രാഷ്ട്രീയ-സാമുദായിക - സാമൂഹിക കാരണങ്ങളുണ്ടാകാം.

ഇംഗ്ലണ്ടിലും പാശ്ചാത്യ രാജ്യങ്ങളിലും ഒരു കാലത്ത് സ്ത്രീകള്‍ സാഹിത്യരചന നടത്തുന്നത് അത്രതന്നെ സാമൂഹികമായി അനുവദിക്കപ്പെട്ടിരുന്നില്ല. അന്ന് പലരും പുരുഷനാമധേയം തൂലികാനാമമായി സ്വീകരിച്ച് എഴുതി വന്നിരുന്നു. ഇംഗ്ളീഷ് നോവലിസ്റ്റായ മേരി ആന്‍ ഇവാന്‍സാണ് ജോര്‍ജ് എലിയട്ട് എന്ന പേരില്‍ പ്രസിദ്ധയായത്. ഇംഗ്ളീഷില്‍ പെന്‍നെയിം, സ്യൂഡോ നെയിം (കപടനാമം) എന്നീ പേരുകളിലിത് അറിയപ്പെടുന്നു.

പുരുഷന്മാര്‍ സ്ത്രീനാമം സ്വീകരിച്ച് കൃതി പ്രസിദ്ധീകരിക്കുന്ന രീതിയും വിരളമല്ല. മലയാളത്തില്‍ വിലാസിനി എന്ന പേര് എം.കെ. മേനോനും ആഷാ മേനോന്‍ എന്ന പേര് കെ. ശ്രീകുമാറും സ്വീകരിച്ചിട്ടുള്ളത് ഉദാഹരണമാണ്. ഒ.എന്‍.വി. കുറുപ്പ് ആദ്യകാലത്ത് 'ബാലമുരളി' എന്ന പേരില്‍ കൃതികള്‍ പ്രസിദ്ധീകരിച്ചിരുന്നത് സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ പരാധീനതയാലായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നയത്തിനനുകൂലമല്ലാത്ത ചിന്താഗതി കൃതികളില്‍ കണ്ടേക്കാം, സാഹിത്യ രചന ഔദ്യോഗിക പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം എന്നീ കാരണങ്ങളാല്‍ പലപ്പോഴും മിക്ക രാജ്യങ്ങളിലും ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാരണമൊന്നുമില്ലാതെയും തൂലികാനാമം സ്വീകരിക്കാറുണ്ട്. ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ എസ്.എച്ച്. വാത്സ്യായന്‍ 'അറിയപ്പെടാത്തവന്‍' എന്ന് അര്‍ഥം വരുന്ന 'അജ്ഞേയ്' എന്ന പേര് സ്വീകരിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്.

യഥാര്‍ഥനാമവുമായി ബന്ധപ്പെടുന്ന ഒരു പേര് തൂലികാനാമമായി സ്വീകരിക്കുന്ന രീതി ചുരുക്കമായുണ്ട്. സച്ചിദാനന്ദന്‍ 'ആനന്ദ്' എന്നും മണിശങ്കര്‍ മുഖോപാധ്യായ 'ശങ്കര്‍' എന്നും പേര് സ്വീകരിച്ചതിങ്ങനെയാണ്. മി.പ. സോമസുന്ദരം 'സോമു' എന്നും സുബ്രഹ്മണ്യശിവ 'ശിവ' എന്നും പേര് സ്വീകരിച്ചിരിക്കുന്നു. പേരിനോടൊപ്പം ചേര്‍ക്കുന്ന വീട്ടുപേര് സ്ഥലപ്പേര് ഇന്‍ഷ്യലുകള്‍ തുടങ്ങിയവ ചിലപ്പോള്‍ തൂലികാനാമത്തെപ്പോലെ പ്രശസ്തമാകുകയും ലേഖകര്‍ ആ പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. ഉള്ളൂര്‍, വള്ളത്തോള്‍, ആശാന്‍, മൂലൂര്‍ തുടങ്ങിയവര്‍ ഈ പേരുകളില്‍ പരാമര്‍ശിക്കപ്പെടാറുണ്ടെങ്കിലും സ്വന്തമായി പേര് വയ്ക്കുമ്പോള്‍ പൂര്‍ണനാമധേയം ഉപയോഗിക്കുന്നതിനാല്‍ ഇവ തൂലികാനാമമെന്നു പരിഗണിക്കപ്പെടുന്നില്ല.

എല്ലാ വികസിത ഭാഷകളിലും തൂലികാനാമം പ്രചാരത്തിലുണ്ട്. പ്രാചീനകാലത്തും ഈ രീതി ഉണ്ടായിരുന്നതായി അനുമാനിക്കാം. കാളിദാസന്‍, ഭാസന്‍ തുടങ്ങിയ പേരുകളും തൂലികാനാമമായിരുന്നിരിക്കാം. പുരാണങ്ങളിലെ പേരുകള്‍ ആധുനികകാലത്ത് തൂലികാനാമമായി സ്വീകരിക്കുന്ന പതിവുണ്ട്. ജരാസന്ധന്‍ (ചാരുചന്ദ്രചക്രവര്‍ത്തി), സഞ്ജയന്‍ (എം.ആര്‍.നായര്‍), ഏകലവ്യന്‍ (കെ.എം. മാത്യൂസ്), കല്‍ക്കി (ആര്‍. കൃഷ്ണമൂര്‍ത്തി), കോവിലന്‍ (വി.വി. അയ്യപ്പന്‍) തുടങ്ങിയവ ഇത്തരത്തില്‍പ്പെടുന്നു. പ്രതിപാദ്യ വിഷയത്തിന്റെ സ്വഭാവമനുസരിച്ച് തൂലികാനാമം സ്വീകരിച്ചിട്ടുള്ളതിനുദാഹരണമാണ് 'ചാണക്യന്‍', 'ശാകല്യന്‍' തുടങ്ങിയവ. തമിഴില്‍ ഷാഹുല്‍ഹമീദ് സ്വീകരിച്ചിരിക്കുന്ന പേര് 'ഇന്‍ക്വിലാബ്' എന്നാണ്. ഈ രീതിയില്‍ ആകര്‍ഷകമായ പേരുകള്‍ തിരഞ്ഞെടുക്കുന്നവരുമുണ്ട്. ചലച്ചിത്രവിഷയം പ്രതിപാദിക്കുന്ന സിനിക്ക് (എം. വാസുദേവന്‍ നായര്‍), പദനിഷ്പത്തി പ്രതിപാദിക്കുന്ന വാങ്മയി (പി.പി. സൗഹൃദന്‍) തുടങ്ങിയവരും പ്രതിപാദ്യവിഷയത്തിനനുസൃതമായ പേരാണ് സ്വീകരിച്ചിരിക്കുന്നത്.

പ്രശസ്ത എഴുത്തുകാരില്‍ തൂലികാനാമത്തിലൂടെ അറിയപ്പെടുന്ന പലരുമുണ്ട്. ഇംഗ്ളീഷ് നോവലിസ്റ്റും ഉപന്യാസകാരനുമായ എറിക് ആര്‍ക്കര്‍ ബ്ളെയര്‍, ജോര്‍ജ് ഓര്‍വല്‍ ആയും വില്യംസിഡ്നിപോര്‍ട്ടര്‍, ഒ. ഹെന്റി എന്ന പേരിലുമാണു പ്രസിദ്ധര്‍. ഹിന്ദി സാഹിത്യത്തിലെ ചിരസ്മരണീയനായ, 'പ്രേം ചന്ദി'ന്റെ യഥാര്‍ഥനാമം ധനപത് റായ് എന്നാണ്. ബലൈചന്ദ് മുഖോപാധ്യായയാണ് 'വനഫൂല്‍'. തമിഴണ്ണന്‍ (പെരിയകറുപ്പന്‍), തമിഴടിയന്‍ (ഷറീഫ്, കവി. കാ.മു), പുതുമൈപിത്തന്‍ (ഡി. വൃദ്ധാചലം) തുടങ്ങിയവര്‍ തമിഴിലെ പ്രശസ്ത എഴുത്തുകാരാണ്. ഇന്ദുചൂഡന്‍ (കെ.കെ. നീലകണ്ഠന്‍), ഉറൂബ് (പി.സി. കുട്ടികൃഷ്ണന്‍), കേസരി (വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍), കൃഷ്ണചൈതന്യ (കെ.കെ.നായര്‍), തിക്കോടിയന്‍ (പി.കുഞ്ഞനന്തന്‍ നായര്‍), നന്തനാര്‍ (പി.സി. ഗോപാലന്‍), പാറപ്പുറത്ത് (കെ.ഇ.മത്തായി), മാധവിക്കുട്ടി (കമലാദാസ്), സീതാരാമന്‍ (പി. ശ്രീധരന്‍പിള്ള) തുടങ്ങിയ പേരുകള്‍ മലയാളസാഹിത്യത്തിലും പ്രസിദ്ധമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍