This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൂര്‍ണിയേ, മിഷേല്‍ (1924 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൂര്‍ണിയേ, മിഷേല്‍ (1924 - )

Tournier,Michel

ഫ്രഞ്ച് നോവലിസ്റ്റ്. 1924 ഡി. 19-ന് പാരിസില്‍ ജനിച്ചു. സാന്ത്-ഷെര്‍മേന്‍ - ആങ്ലായ്യിലും മറ്റു ചില മതവിദ്യാലയങ്ങളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. രണ്ടാം ലോകയുദ്ധകാലത്ത് ഉപരിപഠനത്തിനായി സൊര്‍ബോണിലെത്തി. 1949-54 ഘട്ടത്തില്‍ ഫ്രഞ്ച് റേഡിയോയിലും ടെലിവിഷനിലും സേവനമനുഷ്ഠിച്ചു. നുവെല്‍സ് ലിത്തറേര്‍ എന്ന മാസികയില്‍ ഇദ്ദേഹം എഴുതാറുണ്ടായിരുന്നു. പുരാണകഥകളും പ്രാചീന കഥകളും പുതിയ വീക്ഷണത്തില്‍ അവതരിപ്പിക്കുന്ന നോവലുകളുടെ രചയിതാവെന്ന നിലയിലാണ് തൂര്‍ണിയേ ശ്രദ്ധേയനായത്. മധ്യവര്‍ഗത്തിന്റെ സാമ്പ്രദായിക ധാരണകളെ തകിടംമറിക്കുന്ന ഈ കൃതികള്‍ അക്കാരണം കൊണ്ടു തന്നെ രൂക്ഷമായ വിമര്‍ശത്തിനും എതിര്‍പ്പിനും വിധേയമായി.

തൂര്‍ണിയേയുടെ ആദ്യനോവലായ വാന്ദ്രെദി; ഊ, ലെ ലീംബ്സ് ദു പാസിഫീക് (Friday;Or,the Other Island) 1967-ല്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് നോവലിസ്റ്റായ ഡാനിയല്‍ ഡിഫോയുടെ റോബിന്‍സന്‍ ക്രൂസോയുടെ രൂപാന്തരമായ ഈ കൃതിയില്‍ ക്രൂസോയെ ഒരു കൊളോണിയലിസ്റ്റായാണ് ചിത്രീകരിക്കുന്നത്. തന്റെ ലോകവീക്ഷണം ഫ്രൈഡേ എന്ന കഥാപാത്രത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ അയാള്‍ പരാജയപ്പെടുന്നു. ഈ കൃതി 1967-ലെ ഗ്രാങ് പ്രിസ് ദ് റൊമാന്‍ പുരസ്കാരം തൂര്‍ണിയേക്ക് നേടിക്കൊടുത്തു. തൂര്‍ണിയേയുടെ ഏറ്റവും വിവാദഗ്രസ്തമായ നോവല്‍ 1970-ല്‍ പുറത്തു വന്ന ല്റ്വാ ദെ ഓള്‍നെ (The Erl King) ആണെന്നു പറയാം. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മന്‍കാരുടെ പിടിയില്‍പ്പെടുന്ന ഒരു ഫ്രഞ്ചുകാരന്‍ നാസി പട്ടാള ക്യാമ്പുകള്‍ക്കുവേണ്ടി ആണ്‍കുട്ടികളെ പിടിച്ചു കൊടുക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. വേര്‍പിരിഞ്ഞുപോയ ഇരട്ട സഹോദരനെ (twin brother) തേടി കഥാനായകന്‍ നടത്തുന്ന അന്വേഷണത്തിന്റെ ഗതിവിഗതികള്‍ ചിത്രീകരിക്കുന്ന ലെ മെതെയോര്‍ (1975,Gemini) വായനക്കാരെ ഹഠാദാകര്‍ഷിക്കുകയുണ്ടായി.

പഴയ കഥകള്‍ക്ക് പുതിയ മാനം നല്‍കുന്ന രണ്ടു നോവലുകളാണ് തൂര്‍ണിയേ തുടര്‍ന്നു പ്രസിദ്ധീകരിച്ചത് - ഗാസ്പാര്‍, മെല്‍ക്വാര്‍ ബാല്‍ത്താസാര്‍ (1980, The Four Wise Men), ഗൈല്‍സ്- ഷാന്‍ (1983) എന്നിവ. ഉണ്ണിയേശുവിനെ കിഴക്കുനിന്നുള്ള മൂന്ന് രാജാക്കന്മാര്‍ സന്ദര്‍ശിച്ചതായുള്ള ബൈബിള്‍ കഥയാണ് ആദ്യത്തെ കൃതിയുടെ ഇതിവൃത്തത്തിന് ബീജാവാപം ചെയ്തത്. ഒരു റഷ്യന്‍ നാടോടിക്കഥയനുസരിച്ച് താപോര്‍ എന്ന് പേരുള്ള നാലാമതൊരു പണ്ഡിതന്‍ ഇന്ത്യയില്‍ നിന്നു പോയിരുന്നു. ബത്ലഹേമില്‍ എത്തിയില്ലെങ്കിലും കുറെ ഇളം പൈതലുകളെ അരുംകൊലയില്‍ നിന്നു രക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ കഥാംശത്തിലാണ് തൂര്‍ണിയേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോന്‍ ഒഫ് ആര്‍ക്കിന്റെ സഹചാരിയായ ഒരു മനോരോഗിയാണ് അടുത്ത നോവലില്‍ കേന്ദ്രകഥാപാത്രം. ലാ ഗൂത് ദോര്‍ (1985; The Golden Droplet), ല് മെദിയാനോഷ് അമൂറ്യൂ (1989; The Midnight Love Feast) എന്നിവ തൂര്‍ണിയേയുടെ പില്ക്കാല നോവലുകളുടെ കൂട്ടത്തില്‍ മികച്ചു നില്ക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍