This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുഹ്ഫത്തുല്‍ മുജാഹിദീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുഹ്ഫത്തുല്‍ മുജാഹിദീന്‍

16-ാം ശ.-ത്തില്‍ അറബിയില്‍ എഴുതപ്പെട്ട കേരള ചരിത്ര ഗ്രന്ഥം. പൊന്നാനിയിലെ മഖ്ദും കുടുംബാംഗവും ചരിത്ര പണ്ഡിതനുമായിരുന്ന ശൈഖ് സൈനുദീനാണ് ഇതിന്റെ കര്‍ത്താവ്. കേരളത്തെ സംബന്ധിച്ച് വസ്തുനിഷ്ഠമായും ശാസ്ത്രീയമായും ചരിത്രസംഭവങ്ങള്‍ അപഗ്രഥിച്ചെഴുതിയ പ്രഥമഗ്രന്ഥമാണിത്. ഭാരതത്തിലെ പോര്‍ച്ചുഗീസ് ചരിത്രത്തിന്റെ ആരംഭത്തെക്കുറിച്ചും ദക്ഷിണേന്ത്യയുടെ ഭൂസ്ഥിതിയെപ്പറ്റിയും കേരളീയ ആചാരങ്ങളെ സംബന്ധിച്ചും ഈ ഗ്രന്ഥം വിലപ്പെട്ട അറിവ് പ്രദാനം ചെയ്യുന്നു. വാസ്കോദ ഗാമായുടെ വരവു മുതല്‍ പറങ്കികളുടെ പ്രവര്‍ത്തനങ്ങള്‍ വരെയുള്ള വ്യക്തമായ ചിത്രം ഇതിലുണ്ട്.

മുഖവുരയും നാല് ഭാഗങ്ങളുമാണ് ഈ ഗ്രന്ഥത്തിനുള്ളത്. ഇതില്‍ നാലാം ഭാഗം പതിനാല് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. മുസ്ളിങ്ങളെ അടിച്ചമര്‍ത്തുകയും അവരുടെ പ്രദേശങ്ങള്‍ ആക്രമിക്കുകയും സ്വൈരജീവിതം നശിപ്പിക്കുകയും ചെയ്ത പറ ങ്കികള്‍ക്കെതിരെ പടയൊരുക്കത്തിന് മുസ്ളിങ്ങളെ ആഹ്വാനം ചെയ്യുവാന്‍ ഗ്രന്ഥകാരനെ പ്രേരിപ്പിച്ച കാര്യങ്ങള്‍ മുഖവുരയില്‍ പ്രസ്താവിച്ചിട്ടുണ്ട്.

അവിശ്വാസികള്‍ക്കെതിരെ വിശുദ്ധ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കിട്ടാവുന്ന പ്രതിഫലത്തെക്കുറിച്ചുള്ള പ്രവാചക സൂക്തങ്ങളും ഖുര്‍ ആന്‍ വചനങ്ങളും ജീഹാദിന്റെ മാഹാത്മ്യവുമാണ് പ്രഥമഭാഗത്തില്‍ വിവരിച്ചിട്ടുള്ളത്. 'വാക്കുകളുടെ നിഴല്‍പ്പാടുകള്‍ക്കു താഴെയാണ് സ്വര്‍ഗരാജ്യം', 'ദൈവത്തിന്റെ മാര്‍ഗത്തില്‍ അല്പസമയം യുദ്ധം ചെയ്യുന്നത് 15 തീര്‍ഥയാത്രകള്‍ നടത്തുന്നതിനേക്കാള്‍ മഹത്തരമാണ്' എന്നിങ്ങനെ വിശുദ്ധ ഖുര്‍ ആനില്‍ നിന്ന് ഉദ്ധരിക്കുമ്പോള്‍, ചില സാഹചര്യങ്ങളുടേയും കാലഘട്ടങ്ങളുടേയും സ്വാതന്ത്യ്രമാര്‍ഗങ്ങള്‍ പടക്കളങ്ങളിലൂടെയാണെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് ചെയ്യുന്നത്. യുദ്ധസജ്ജീകരണങ്ങള്‍ക്കും ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്കും നല്കുന്ന സഹായം ഈശ്വരന് നല്കുന്നതായിത്തന്നെ പരിണമിക്കുമെന്നതുകൊണ്ട് ദാതാക്കളും സ്വര്‍ഗരാജ്യത്തേക്ക് നയിക്കപ്പെടുമെന്നുള്ള വിശുദ്ധവാക്യം അദ്ദേഹം ആവര്‍ത്തിക്കുന്നു.

കേരളത്തില്‍ ഇസ്ളാമിന്റെ ആഗമനത്തെക്കുറിച്ചും ചേരമാന്‍പെരുമാളിന്റെ അറേബ്യന്‍ യാത്രയെ സംബന്ധിച്ചും പടിഞ്ഞാറെ തീരത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ വളര്‍ച്ചയെപ്പറ്റിയും ഉള്ള വിവരണങ്ങളാണ് രണ്ടാം ഭാഗത്തില്‍.

ഇസ്ളാം മതപ്രചാരണത്തിന് ഇവിടെയെത്തിയ ആദ്യസംഘത്തില്‍ ശറഫ് ഇബ്നു മാലിക്, മാലിക് ഇബ്നു ദീനാര്‍, മാലിക് ഇബ്നു ഹബീബ് ഇബ്നു മാലിക്, അദ്ദേഹത്തിന്റെ ഭാര്യ ഖമരിയ, അവരുടെ മക്കള്‍, അനുഗാമികള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ദീര്‍ഘനാളത്തെ യാത്രയ്ക്കുശേഷം അവര്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങി. രാജാവ് അവര്‍ക്ക് താമസിക്കുവാനായി വീടും തോട്ടങ്ങളും നിലങ്ങളും മറ്റും നല്കി. അവര്‍ അവിടെ താമസമാക്കി. അധികം താമസിയാതെ ഒരു പള്ളി അവിടെ പണിയിച്ചു.

മാലിക് ഇബ്നു ദീനാര്‍ അവിടെ താമസിച്ച് തന്റെ സഹോദരപുത്രനായ മാലിക് ഇബ്നു ഹബീബ് ഇബ്നു മാലിക്കിനെ മലബാറില്‍ മറ്റു സ്ഥലങ്ങളില്‍ പള്ളികള്‍ പണിയിക്കുവാനും ഇസ്ളാംമതം പ്രചരിപ്പിക്കുവാനുമായി നിയോഗിച്ചു. അദ്ദേഹവും അനുചരന്മാരുമാണ് കൊല്ലം, ഏഴിമല, ബാര്‍ക്കൂര്‍, മംഗലാപുരം, കാസര്‍കോട്, ശ്രീകണ്ഠപുരം, ധര്‍മടം, പന്തലായിനി, ചാലിയം എന്നിവിടങ്ങളില്‍ പള്ളികള്‍ പണിയിച്ചത്. മലബാറില്‍ ഇദംപ്രഥമമായി ഉണ്ടായ ഇസ്ളാംമത പ്രചരണത്തിന്റെ ചരിത്രമിതാണ്. ഇത് ഏതു കൊല്ലത്തിലാണ് നടന്നതെന്ന് കൃത്യമായി പറയുവാന്‍ തക്കതായ തെളിവുകളൊന്നുമില്ല. ഹിജ്റ 200-ാമാണ്ടിനു ശേഷമായിരിക്കണമെന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം.

ഹിന്ദുക്കളുടെ ആചാരമര്യാദകളെപ്പറ്റി വിവരിക്കുന്ന മൂന്നാം ഭാഗം അത്യന്തം വിജ്ഞാനപ്രദമാണ്. കേരളത്തിലെ ഹൈന്ദവാ ചാര നടപടികളും മുസ്ളിങ്ങളുടെ നേരെയുള്ള ഹിന്ദുക്കളുടെ പെരുമാറ്റക്രമങ്ങളും ഇതില്‍ വിവരിക്കുന്നു. കേരളത്തിലെ ജാതിസമ്പ്രദായം, തീണ്ടല്‍, വിവാഹക്രമം, പിന്തുടര്‍ച്ചാവകാശം, ബഹുഭര്‍ത്തൃത്വം, വസ്ത്രധാരണം, രാജഭക്തി, യുദ്ധമുറ, തൊഴില്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തിട്ടുള്ള ഈ അധ്യായം അക്കാലത്തെ കേരള സംസ്കാരത്തിന്റേയും ആചാരങ്ങളുടേയും യഥാതഥമായ ചിത്രം നല്‍കുന്നു. ഇവിടെയുണ്ടായിരുന്ന മത സാഹോദര്യത്തെക്കുറിച്ചുള്ള പരാമര്‍ശം ശ്രദ്ധേയമാണ്.

മേല്‍പ്പറഞ്ഞ മൂന്ന് ഭാഗങ്ങള്‍ക്ക് പ്രസ്തുത പുസ്തകത്തിന്റെ പകുതിയോളം വേണ്ടിവരുന്നു. നാലാം ഭാഗം പൂര്‍ണമായും ചരിത്രപ്രധാനമാണ്. കേരളത്തില്‍ പറങ്കികളുടെ പ്രഥമാഗമനമായ 1498 മുതല്‍ 1583 വരെയുള്ള 85 കൊല്ലക്കാലത്തെ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരം ഈ ഭാഗത്തിലുണ്ട്.

പറങ്കികള്‍ക്കെതിരായുള്ള യുദ്ധം ആദ്യത്തെ കേരള സ്വാതന്ത്യ സമരമായിരുന്നു. ആ യുദ്ധഘട്ടത്തില്‍ ജീവിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന സൈനുദീന്റെ വിവരണം നിഷ്പക്ഷതാ വീക്ഷണത്തിന്റെ പ്രതിഫലനമാണ്.

ബീജാപ്പൂരിലെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ അലി അദില്‍ഷാ ഒന്നാമന്റെ പേരിലാണ് ഈ പുസ്തകം ഗ്രന്ഥകാരന്‍ സമര്‍പ്പിച്ചിട്ടുള്ളത്. എ.ഡി.1557 മുതല്‍ 1580 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ആദില്‍ഷായുടെ മരണശേഷമാണ് ഗ്രന്ഥം പൂര്‍ത്തിയാക്കിയത്.

ഈ ഗ്രന്ഥത്തിന് പാശ്ചാത്യദേശങ്ങളില്‍ ഗണ്യമായ പ്രസിദ്ധി ലഭിച്ചിട്ടുണ്ട്. കേരള ചരിത്രത്തെക്കുറിച്ച് അറിയുവാനുള്ള സത്യസന്ധമായ ഒരു വഴികാട്ടിയായിട്ടാണ് വിദേശികള്‍ ഇതിനെ കണക്കാക്കുന്നത്. ഈ ഗ്രന്ഥത്തില്‍നിന്ന് കേരളത്തെക്കുറിച്ചുള്ള രേഖകള്‍ വിവിധഭാഷകളിലുള്ള 500-ല്‍പ്പരം ഗ്രന്ഥങ്ങളിലേക്ക് പകര്‍ന്നിട്ടുണ്ട്. കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ എന്ന പേരില്‍ ഈ ഗ്രന്ഥത്തിന്റെ സമ്പൂര്‍ണ വിവര്‍ത്തനം മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍