This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുവാലു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുവാലു

Tuvalu

ദക്ഷിണ പസിഫിക് സമുദ്രത്തിലെ ഒരു ദ്വീപരാഷ്ട്രം. മുമ്പ് 'എലീസ് ദ്വീപുകള്‍' എന്ന് അറിയപ്പെട്ടിരുന്ന തുവാലു ആസ്റ്റ്രേലിയയില്‍ നിന്ന് സു. 3,200 കി.മീ. വ.കിഴക്കായി സ്ഥിതിചെയ്യുന്നു. 'എട്ടെണ്ണം ഒരുമിച്ചു നില്‍ക്കുന്നത്' എന്നാണ് 'തുവാലു' എന്ന പദത്തിനര്‍ഥം. ദ്വീപസമൂഹത്തിലെ സ്ഥിര ജനവാസമുള്ള എട്ടുദ്വീപുകളെയാണ് ഇത് സൂചിപ്പിക്കുന്നത്. ജനസംഖ്യയും വിസ്തൃതിയും നന്നേ കുറഞ്ഞ ലോകരാഷ്ട്രങ്ങളിലൊന്നാണ് തുവാലു. വിസ്തീര്‍ണം: സു.26 ച.കി.മീ., തലസ്ഥാനം: ഫോങ്ഗഫേല്‍ (Fongafale).

തെ. അക്ഷാ. 5º, 11º00' എന്നിവയ്ക്കും കി. രേഖാംശം 176º, 180º എന്നിവയ്ക്കും ഇടയിലായാണ് തുവാലു ദ്വീപസമൂഹത്തിന്റെ കിടപ്പ്. 580-ലേറെ കി.മീ. ദൈര്‍ഘ്യത്തില്‍ വ്യാപിച്ചിരിക്കുന്ന ഈ ദ്വീപസമൂഹത്തില്‍ 9 ദ്വീപുകളാണുള്ളത്; നാനമീയ (Nanumea), നീയു താവോ (Niu tao), നാന മാന്‍ഗാ (Nana manga), നിയൂ(Nui), വേതൂപു (Vaitupu), നുക്ക ഫീറ്റാവൂ (Nuku fetau), ഫ്യൂനഫ്യൂട്ടീ (Funa futi), നൂക്ക ലാലാ (Nuku laelae), നീയൂ ലാകിത (Nui lakita) എന്നിവ. ഇതില്‍ നീയൂലാകിത ഒഴികെയുള്ള എട്ടു ദ്വീപുകളിലും ജനവാസമുണ്ട്. മിക്ക ദ്വീപുകളും ജലനിരപ്പില്‍ നിന്ന് 5 മീറ്റര്‍ താഴെ വര്‍ത്തിക്കുന്ന അടോലുകളാണ്. ഫ്യൂനഫ്യൂട്ടീ ഉദ്ദേശം 2.8 ച.കി.മീ. വിസ്തീര്‍ണതയുള്ള അടോലാണ്; തുവാലൂ സമൂഹത്തിലെ ജനസാന്ദ്രതയേറിയ ദ്വീപും ഇതുതന്നെ.

'തുവാലു' ദ്വീപസമൂഹത്തിലെ ഒരു ഭാഗം

ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന തുവാലുവില്‍ കിഴക്കുനിന്നു വീശുന്ന വാണിജ്യ വാതങ്ങള്‍ താപനിലയില്‍ ഗണ്യമായ കുറവു വരുത്തുന്നു; ശ.ശ.താപനില 30ºC. ന. മുതല്‍ ഫെ. വരെയാണ് മഴക്കാലം. ആണ്ടില്‍ 300-400 സെ.മീ. മഴ കിട്ടുന്നു. തെ. പകുതിയിലുള്ള ദ്വീപുകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. എന്നാല്‍ വ. പകുതിയിലുള്ളവയില്‍ താരതമ്യേന വരണ്ട കാലാവസ്ഥയാണ്. ഫ്യൂനഫ്യൂട്ടീയില്‍ ജനു.ല്‍ 28.9ºC-ഉം ജൂലായില്‍ 27.2ºC-ഉം ശ.ശ.താപനില അനുഭവപ്പെടുന്നു. ശ.ശ. 400.3 സെ.മീ. ആണ് ഇവിടത്തെ വര്‍ഷപാതം. ചക്രവാത മേഖലയ്ക്കു വടക്കാണ് തുവാലു ദ്വീപുകളുടെ സ്ഥാനമെങ്കിലും 90-കളില്‍ ശക്തമായ ചുഴലിക്കാറ്റുകള്‍ ഇവിടെ കനത്ത നാശനഷ്ടം വിതച്ചു.

ലോകത്തെ അവികസിത രാജ്യങ്ങളില്‍ ഒന്നാണ് തുവാലു. വളക്കൂറില്ലാത്ത മണ്ണും ഗുണമേന്മ കുറഞ്ഞ നൈസര്‍ഗിക വിഭവങ്ങളും വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഖനന-വ്യാവസായിക മേഖലകള്‍ നന്നേ അവികസിതമാണ്. കുറഞ്ഞ തോതിലുള്ള പരമ്പരാഗത കൃഷിയിലൂടെ പഴങ്ങള്‍, ടാരോ മുതലായ വിളകള്‍ ആഭ്യന്തരോപയോഗത്തിനു മാത്രം ഉത്പാദിപ്പിക്കപ്പെടുന്നു. തെങ്ങ്, ശീമപ്ളാവ് തുടങ്ങിയവയാണ് പ്രധാന വൃക്ഷങ്ങള്‍. കൊപ്രയാണ് മുഖ്യ കയറ്റുമതി. മത്സ്യബന്ധനം, പന്നി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയും ഉപജീവനോപാധികളായി നിലവിലുണ്ട്.

തുവാലുവിലെ ജനങ്ങളില്‍ ഭൂരിപക്ഷം പോളിനേഷ്യര്‍ ആണ്. ഗ്രാമങ്ങളിലാണ് ജനങ്ങളധികവും വസിക്കുന്നത്. പഴം, തേങ്ങ, മത്സ്യം തുടങ്ങിയവയാണ് മുഖ്യ ആഹാരം. പരുത്തി വസ്ത്രങ്ങളോടാണ് തുവാലു ജനതയ്ക്ക് ആഭിമുഖ്യം. സമോവന്‍ ഗോത്രത്തില്‍പ്പെട്ട തുവാലുവന്‍ ഭാഷയ്ക്കു പുറമേ ഇംഗ്ളീഷും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. തുവാലുവിലെ ജനവാസമുള്ള എല്ലാ ദ്വീപുകളിലും അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളുണ്ട്. വേതൂപുവില്‍ ഒരു ഹൈസ്കൂളും ഫ്യൂനഫ്യൂട്ടീയില്‍ ഒരു സമുദ്ര പഠനകേന്ദ്രവും പ്രവര്‍ത്തിക്കുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെട്ട ക്രിസ്തുമത വിശ്വാസികളാണ്.

ഒരു അടോലായ ഫ്യൂനഫ്യൂട്ടീയിലാണ് തുവാലുവിലെ ഏക നഗരമായ ഫോങ്ഗഫേല്‍ (Fongafale) വികസിച്ചിരിക്കുന്നത്. കയറ്റുമതികള്‍ക്കു തുറമുഖ സൗകര്യം ഒരുക്കിയിട്ടുള്ളതും ഇവിടെത്തന്നെയാണ്. 1980-ല്‍ ഫ്യൂനഫ്യൂട്ടീ തുറമുഖത്ത് ഒരു ആഴക്കടല്‍ വാര്‍ഫും പ്രവര്‍ത്തനമാരംഭിച്ചു. ഫ്യൂനഫ്യൂട്ടീയില്‍ നിന്ന് കിരിബാത്തിയിലേക്കും ഫിജിയിലേക്കും വിമാനയാത്രാ സൌകര്യമുണ്ട്. ആസ്റ്റ്രേലിയന്‍ ഡോളറാണ് തുവാലുവിലെ പ്രധാന നാണയം. തുവാലുവന്‍ നാണയങ്ങളും പ്രചാരത്തിലുണ്ട്.

കോമണ്‍വെല്‍ത്തിലെ പ്രത്യേക അംഗ രാഷ്ട്രമാണ് തുവാലു. 1978-ല്‍ സൗത്ത് പസിഫിക് ഫോറ (South Pacific forum)ത്തിലും തുവാലു അംഗത്വം നേടി. തൂവാലുവിലെ ഹൌസ് ഒഫ് പാര്‍ലമെന്റില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട 12 അംഗങ്ങളാണുള്ളത്. ഇവരില്‍ നിന്ന് പ്രധാനമന്ത്രിയേയും മറ്റു മന്ത്രിമാരേയും തെരഞ്ഞെടുക്കുന്നു. 7 ദ്വീപ് കൌണ്‍സിലുകളും ഫ്യൂനഫ്യൂട്ടീയിലെ ടൌണ്‍ കൗണ്‍സിലുമുള്‍പ്പെട്ടതാണ് പ്രാദേശിക ഭരണകൂടം. നിയമപാലനത്തിന് ഉത്തരവാദപ്പെട്ട ഹൈക്കോടതിയും നിലവിലുണ്ട്. ജനവാസമില്ലാത്ത നീയു ലാകിത ദ്വീപ് (Nui lakita) നീയു താവോ (Niu tao) ദ്വീപിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.

തുവാലൂവില്‍ ആദ്യം വാസമുറപ്പിച്ചത് സമോവയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. സ്പാനിഷ് പര്യവേക്ഷകനായിരുന്ന അല്‍വാരോ ദ മെന്‍ദാന 1568-ല്‍ തുവാലുവിലെ നിയൂദ്വീപീല്‍ ചെന്നെത്തി. 1825-കളോടെ മറ്റു ദ്വീപുകളും കണ്ടെത്തി. 'എലീസ് ദ്വീപുകള്‍' എന്നായിരുന്നു യൂറോപ്യന്മാര്‍ ആദ്യം ഇവയെ വിളിച്ചത്.

1890-കളില്‍ എലീസ് ദ്വീപുകളുടെ നിയന്ത്രണം ബ്രിട്ടന്‍ ഏറ്റെടുത്തു. 1916-ല്‍ ബ്രിട്ടന്‍ തുവാലുവിന് വടക്കുള്ള ഗില്‍ബര്‍ട്ട് ദ്വീപുകളെ എലീസ് ദ്വീപുകളുമായി കൂട്ടിച്ചേര്‍ത്ത് 'ഗില്‍ബര്‍ട്ട് ആന്‍ഡ് എലീസ്' ദ്വീപുകള്‍ എന്ന പ്രത്യേക പ്രദേശത്തിന് രൂപം നല്‍കി. 1974-ല്‍ നടന്ന ഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഗില്‍ബര്‍ട്ട് ആന്‍ഡ് എലീസ് ദ്വീപുകളില്‍ നിന്ന് എലീസ് ദ്വീപുകളെ വേര്‍പെടുത്തി അവയ്ക്ക് 'തുവാലു' എന്ന് പുനഃനാമകരണം ചെയ്തു (1975). 1978 ഒ.1-ന് ആണ് തുവാലു സ്വതന്ത്രമായത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B4%B2%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍