This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുളുനാട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുളുനാട്

ചന്ദ്രഗിരിപ്പുഴയുടെ വടക്കു മുതല്‍ കുന്നാപുരം വരെയുള്ള ഭൂഭാഗത്തിന് പറഞ്ഞുവന്നിരുന്ന പേര്. ഒരു കാലത്ത് തുളുനാട് മുഴുവനായോ ഭാഗികമായോ കേരളത്തിന്റെ ഭാഗമായിരുന്നുവെന്ന് വിശ്വസിക്കുന്നുണ്ട്. ഏതുകാലത്താണ് തുളുനാട് കേരളത്തില്‍നിന്നു വേര്‍പെട്ടതെന്ന് ഉറപ്പിച്ചു പറയാവുന്ന രേഖകളില്ല. ആ ആദ്യകാലത്തെ ഉദ്ദേശിച്ചാകാം കേരളത്തിന്റെ തെക്കും വടക്കുമുള്ള അതിര്‍ത്തികള്‍ കന്യാകുമാരിയും ഗോകര്‍ണവുമെന്ന് പറയാറുള്ളത്. 13-ാം ശ.-ത്തിന്റെ അന്ത്യംവരെ നേത്രാവതിക്കു തെക്കുഭാഗം കോലത്തുനാട്ടില്‍പ്പെട്ടിരുന്നുവെന്ന് റഷീദുദ്ദീന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 16-ാം ശ.-ത്തില്‍ ബാര്‍ബോസ എഴുതിയിട്ടുള്ളത് ഹൊന്നാവരത്തിന് വടക്കു മുതല്‍ തുളുനാട് ആരംഭിക്കുന്നുവെന്നാണ്. കുമ്പള മുതല്‍ മലബാറാണെന്നും പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ഭാഷ കന്നഡയാണെന്ന ധാരണയിലാണ് പോര്‍ച്ചുഗീസുകാര്‍ ഈ പ്രദേശത്തിന് കാനറയെന്ന പേര് നല്കിയത്. പിന്നീട് ഈ പ്രദേശം കീഴടക്കിയ ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാരും ഇതേ പേരുതന്നെ സ്വീകരിച്ചു.

1-ാം ശ.-ത്തില്‍ തുളുനാട് ഭരിച്ചിരുന്നത് ഭൂതാളപാണ്ഡ്യ നായിരുന്നു. ജനങ്ങളുടെ സാമൂഹിക ജീവിതത്തില്‍ പല പരിവര്‍ത്തനങ്ങളും വരുത്തിയ രാജാവായിരുന്നു അദ്ദേഹം. പിന്നീട് ഈ പ്രദേശം കദംബന്മാരുടെ അധീനതയിലായി. അവരില്‍നിന്ന് ചാലൂക്യന്മാര്‍ രാജ്യം പിടിച്ചെടുത്ത് അലൂവന്മാരെന്ന നാടുവാഴികള്‍ക്ക് ഭരണം ഏല്പിച്ചുകൊടുത്തു. ഈ രാജ്യം പിന്നീട് രാഷ്ട്രകൂടന്മാരുടെ അധീനതയില്‍ വന്നപ്പോഴും അലൂവന്മാര്‍ തന്നെയാണ് ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ഇവര്‍ക്കുശേഷം ഹൊയ്സാല ബല്ലാളന്മാര്‍ അധികാരത്തില്‍ വന്നു. അതിനുശേഷം തുളുനാട് വിജയനഗര സാമ്രാജ്യത്തിന്റെ അധീനതയിലായി. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം 1565 മുതല്‍ 1763 വരെ ബദനൂറിലെ ഇക്കേരി രാജാക്കന്മാരും പിന്നീട് മൈസൂര്‍ സുല്‍ത്താന്മാരും ഭരിച്ചു. ടിപ്പു സുല്‍ത്താനെ ബ്രിട്ടീഷുകാര്‍ തോല്പിച്ചതിനുശേഷം അവരുടെ കീഴില്‍ സൗത്ത് കാനറ എന്ന പേരില്‍ ഇത് മദ്രാസ് സംസ്ഥാനത്തിന്റെ ഒരു ജില്ലയായി മാറി. ഇപ്പോള്‍ കേരളത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കുതൊട്ട് തലപ്പാടിപ്പുഴവരെയുള്ള സ്ഥലമൊഴികെയുള്ള ഭാഗങ്ങള്‍ ദക്ഷിണകാനറയെന്ന പേരില്‍ കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായി തുടരുന്നു.

ദക്ഷിണഭാരതത്തില്‍ ജൈനമതത്തിന് ഏറ്റവും കൂടുതല്‍ പ്രചാരം സിദ്ധിച്ച പ്രദേശങ്ങളിലൊന്നാണ് തുളുനാട്. ജൈനര്‍ ഇപ്പോഴും ഇവിടെ ധാരാളമുണ്ട്. ജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ ജൈന-ബൗദ്ധ സിദ്ധാന്തങ്ങളുടെ സ്വാധീനം പ്രകടമാണ്. കാര്‍ക്കലിലെ ഒറ്റക്കല്‍ നിര്‍മിതമായ 17 മീ. പൊക്കമുള്ള ഗോമഠേശ്വര പ്രതിമ, മൂടബിദ്രിയിലെ സാഗരകമ്പ ബസതി തുടങ്ങിയ 18 ബസതികള്‍ എന്നിവയെല്ലാം ജൈനമതത്തിന് തുളുനാട്ടിലുണ്ടായിരുന്ന പ്രാബല്യത്തിന് പ്രത്യക്ഷ തെളിവുകളായി ഇന്നും ശോഭിക്കുന്നു. 10-ാം ശ.-ത്തോടുകൂടി ബ്രാഹ്മണരുടെ 32 ഗ്രാമങ്ങള്‍ സ്ഥാപിതമാകുന്നതുവരെ ബുദ്ധമതത്തിനും തുളുനാട്ടില്‍ നല്ല പ്രചാരമുണ്ടായിരുന്നു. കദ്രിയിലെ ബൗദ്ധഗുഹകള്‍ പ്രസിദ്ധമാണ്. പാണ്ഡവഗുഹകള്‍ എന്നാണ് ഇപ്പോള്‍ അവയുടെ പേര്. ഈ ഗുഹകള്‍ ബുദ്ധഭിക്ഷുക്കളുടെ സങ്കേതങ്ങളായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കദിരികാ വിഹാരത്തേയും താരാഭഗവതിയേയും ലോകേശ്വരനേയും ബുദ്ധനേയും പറ്റി കദ്രിയിലെ ഒരു ശാസനത്തില്‍ പറയുന്നുണ്ട്. കുന്ദവര്‍മന്റെ ഒരു ശാസനത്തില്‍ 'കദിരി കാനാമി വിഹാരേ' എന്നു പറഞ്ഞിട്ടുള്ളതും അതൊരു ബൗദ്ധസങ്കേതമായിരുന്നുവെന്ന് തെളിയിക്കുന്നു.

കേരളത്തിലെ ഈഴവ-തീയ വിഭാഗത്തോടു സാമ്യമുള്ള ബില്ലരാണ് ഇവിടത്തെ പൗരാണിക നിവാസികളും ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ളവരും. തൊട്ടുതാഴെ നില്ക്കുന്നവര്‍ ബണ്ടുക്കളാണ്. ഇവര്‍ നായന്മാരോട് സാമ്യമുള്ളവരാണ്. ക്ഷത്രിയരാണെന്ന് അവകാശപ്പെട്ടിരുന്ന ബല്ലാള്‍മാരായിരുന്നു നാടുവാഴികള്‍. കേരളസംസ്കാരം ഒരുകാലത്ത് ഗോകര്‍ണം വരെ വ്യാപിച്ചിരുന്നതുകൊണ്ട് പല ആചാരങ്ങളിലും സാമ്യം കാണാം. കേരളത്തിലെ പൗരാണിക ജനതയുടെ ആരാധനാ സമ്പ്രദായമായിരുന്ന ഭൂത-പ്രേത-പിശാചുക്കളെ ആരാധിക്കുന്ന രീതിയും തുളുനാട്ടിലുണ്ടായിരുന്നു. കേരളത്തിലെ കുട്ടിച്ചാത്തനു സമാനമായ ആരാധനാ മൂര്‍ത്തികളും അവിടെയുണ്ട്. തുളുനാട്ടിലെ പ്രധാന കലയായ യക്ഷഗാനം, കഥകളിയോട് പലവിധത്തിലും സാമ്യമുള്ളതാണ്. കഥകളിയിലേതുപോലെ പുരാണേതിഹാസങ്ങളാണ് യക്ഷഗാനങ്ങളിലേയും പ്രമേയം. ജനങ്ങളെ ഇത്രയേറെ ആകര്‍ഷിക്കുന്ന കലാരൂപം അവിടെ വേറെയില്ല. കഥകളിയില്‍നിന്നു വ്യത്യസ്തമായി ഇതില്‍ കഥാപാത്രങ്ങള്‍ തന്നെയാണ് കഥാകഥനം നടത്തുന്നത്. നെല്പ്പാടങ്ങളില്‍ നടത്തുന്ന കമ്പളയെന്ന പോത്തോട്ട മത്സരവും കോഴിപ്പോരും ഗ്രാമീണരെ ഏറെ രസിപ്പിക്കുന്ന വിനോദങ്ങളാണ്.

ദീര്‍ഘകാലത്തോളം തുളുഭാഷ എഴുതിക്കൊണ്ടിരുന്നത് മലയാള ലിപിയിലായിരുന്നു. ജന്മിസമ്പ്രദായം, മരുമക്കത്തായം, സ്ഥലനാമങ്ങള്‍, ആരാധനാരീതി, കലകളുടെ സാമ്യം, വീടുകള്‍ക്കും പുരയിടങ്ങള്‍ക്കും പേരിടുന്ന രീതി, വീടുകളുടേയും പടിപ്പുരകളുടേയും നിര്‍മാണരീതി, വടക്കന്‍പാട്ടുകളെ ഓര്‍മപ്പെടുത്തുന്ന വീരാരാധനാപരമായ നാടന്‍ പാട്ടുകള്‍, നാടന്‍ നൃത്തങ്ങള്‍ എന്നിവയിലെല്ലാം കേരളവും തുളുനാടും തമ്മില്‍ വളരെ സാമ്യമുണ്ട്. കളരിയഭ്യാസത്തിന് പേര്‍പെറ്റ പ്രദേശമായിരുന്നു തുളുനാട്. വടക്കന്‍ കേരളത്തിലെ അഭ്യാസികള്‍ ഉപരിപഠനത്തിനു പോയിരുന്നത് തുളുനാട്ടിലേക്കാണ്. തുളുനാടന്‍വിദ്യ അഭ്യസിച്ചിരുന്നവര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. പല കാര്യങ്ങളിലും സമാനതകള്‍ പുലര്‍ത്തിയിരുന്ന രണ്ട് പ്രദേശങ്ങളാണ് തുളുനാടും കേരളവും.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍