This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുറവൂര്‍ മഹാക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുറവൂര്‍ മഹാക്ഷേത്രം

ആലപ്പുഴ ജില്ലയില്‍ തുറവൂരില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം. തുല്യ പ്രാധാന്യമുള്ള രണ്ട് പ്രതിഷ്ഠകള്‍ ഉണ്ടെന്നുള്ളത് ഇതിന്റെ ഒരു പ്രത്യേകതയാണ്. നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠയും സുദര്‍ശന പ്രതിഷ്ഠയുമാണവ. രണ്ട് ശ്രീകോവിലുകളുമുണ്ട്. തെക്കേ ശ്രീകോവിലില്‍ സുദര്‍ശനമൂര്‍ത്തിയേയും വടക്കേ ശ്രീകോവിലില്‍ നരസിംഹമൂര്‍ത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. സുദര്‍ശനമൂര്‍ത്തി ഏകദേശം ആറടി പൊക്കമുള്ള ചതുര്‍ബാഹു വിഗ്രഹമാണ്. നരസിംഹം അഞ്ജനശിലയില്‍ നിര്‍മിതമായിരിക്കുന്നു. ശ്രീകോവിലുകളുടെ ദര്‍ശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പില്‍ ഒരു കുളമുണ്ട്. ഇവിടെ ദിവസേന അഞ്ച് പൂജ നടത്തിവരുന്നു. ശാസ്താവ്, യക്ഷി, നാഗം, ഗണപതി, ദുര്‍ഗ എന്നിവരാണ് ഇവിടത്തെ ഉപദേവതകള്‍. പ്രത്യേകിച്ച് ഒരു രൂപവും കൊത്തിയിട്ടില്ലാത്ത ശിലയാണ് ദുര്‍ഗാപ്രതിഷ്ഠ. ഭഗവതീ സങ്കല്പത്തിലുള്ള പ്രതിഷ്ഠയായിരുന്നു ഇതെന്ന് ഒരു പഴയ സങ്കല്പമുണ്ട്. വാരണാസിയിലെ നരസിംഹഘട്ടില്‍ നിന്ന് പുഴവഴി നരസിംഹത്തെ ഇവിടെ കൊണ്ടുവന്ന് ഭൂതനിലത്ത് ഇറക്കിയെന്നും അവിടെനിന്ന് ഈ ക്ഷേത്രസ്ഥാനത്ത് വന്നെത്തിയ നരസിംഹമൂര്‍ത്തി ഇവിടെ ദുര്‍ഗയായി സങ്കല്പിക്കപ്പെടുന്ന സ്ഥാനത്ത് കയറിയിരുന്നു എന്നും ഒരു പുരാവൃത്തം പറയുന്നു. മറ്റൊരു ഐതിഹ്യം അനുസരിച്ച് ചേരമാന്‍ പെരുമാള്‍ ക്ഷേത്രം നിര്‍മിച്ച് പെരുമന ഇല്ലത്തിന് കൈമാറി. പിന്നീട് ഇത് കൈനിക്കര, നെടുമ്പുറം, തേവലപ്പൊഴി, പള്ളിക്കീഴില്‍, നാറാണത്ത് എന്നീ ഇല്ലക്കാരുടെ കൈവശം ആയിരുന്നു. ഇപ്പോള്‍ ഇത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലാണ്.

 മുന്‍കാലത്ത് തുളുബ്രാഹ്മണര്‍ക്കായിരുന്നു ഇവിടത്തെ കാരാ ണ്മശാന്തി. തുലാമാസത്തിലെ കറുത്ത അഷ്ടമിനാളില്‍ ഇവിടെ ഉത്സവത്തിന് കൊടിയേറുന്നു. വാവിനാണ് ആറാട്ട്.
 വീടുകളിലെ ദുര്‍ഭൂതങ്ങളെ അകറ്റാന്‍ ഇവിടെ 'കോമടി' എന്നൊരു വഴിപാടു നടത്തിവരുന്നു. ക്ഷേത്രത്തിന്റെ നാല് മൂലകളിലും വെടിവയ്ക്കുന്ന ചടങ്ങാണ് ഈ വഴിപാട്.
 നരസിംഹ - സുദര്‍ശന പ്രതിഷ്ഠകള്‍ ഇവിടെ നടത്തിയത് വൈഷ്ണവവിശ്വാസ പ്രചാരണത്തിന്റെ കാലത്താണ്. ഈ പ്രതിഷ്ഠകള്‍ ശങ്കരാചാര്യ പരമ്പരയില്‍ കേരളത്തിലുള്ള ഒരു ശാഖയുടെ ആരാധനാമൂര്‍ത്തികളും കൂടിയാണ്. വൈഷ്ണവ ഭട്ടന്മാരായ പണ്ഡിതന്മാര്‍ കേരളത്തില്‍ എത്തിയിരുന്നു എന്ന് ഐതിഹ്യമുണ്ട്. ആ കാലഘട്ടങ്ങളിലെ പ്രതിഷ്ഠകളാകാം നരസിംഹവും സുദര്‍ശനവും. വില്വമംഗലത്തിന്റെ കാലഘട്ടത്തില്‍പ്പെട്ടവയാണെന്നും പറയപ്പെടുന്നു.

(പ്രൊഫ. കെ. എസ്. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍