This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുറമുഖം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുറമുഖം

Port/Harbour

കപ്പലുകള്‍ക്കു സുരക്ഷിതമായി കരയ്ക്കടുക്കാനും നങ്കൂരമിടാനും സൗകര്യമുള്ള സ്ഥലം. ശക്തമായ കാറ്റ്, തിരമാലകള്‍, സമുദ്ര ജലപ്രവാഹങ്ങള്‍ എന്നിവയില്‍ നിന്നു സംരക്ഷിതമായി സ്ഥിതിചെയ്യുന്ന തുറമുഖങ്ങളില്‍ കപ്പലുകള്‍ക്ക് ചരക്കുകള്‍ കൈമാറ്റം ചെയ്യുന്നതിനും യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വിപുലമായ സൌകര്യങ്ങള്‍ ഉണ്ടായിരിക്കും. ലത്തീന്‍ പദമായ പോര്‍ട്ട(കവാടം)യില്‍ നിന്നാണ് തുറമുഖത്തിന്റെ ആംഗലരൂപമായ 'പോര്‍ട്ടി'ന്റെ നിഷ്പത്തി. തുറന്ന ഇടം എന്നര്‍ഥം വച്ച് മലയാളത്തില്‍ തുറമുഖമായി. ഇംഗ്ളീഷില്‍ തുറമുഖത്തെ സൂചിപ്പിക്കുവാന്‍ ഹാര്‍ബര്‍, പോര്‍ട്ട് എന്നീ പദങ്ങള്‍ പര്യായങ്ങളായി ഉപയോഗിക്കപ്പെടാറുണ്ടെങ്കിലും നിയതാര്‍ഥത്തില്‍ ഹാര്‍ബര്‍ എന്ന സംജ്ഞ തുറമുഖത്തോടനുബന്ധിച്ചുള്ള സംരക്ഷിത ജലാശയത്തെ മാത്രമാണു സൂചിപ്പിക്കുന്നത്.

സമുദ്രം, തടാകം, നദികള്‍ എന്നിവയുടെ തീരത്താണ് പൊതുവേ തുറമുഖങ്ങള്‍ രൂപംകൊള്ളുന്നത്. ലോകത്തെ മിക്ക തുറമുഖങ്ങളും വന്‍ നഗരങ്ങളായി വികസിച്ചിട്ടുണ്ട്. വ്യാപാര വാണിജ്യങ്ങള്‍ക്കുള്ള സുപ്രധാന കേന്ദ്രങ്ങളാണ് തുറമുഖങ്ങള്‍. രാജ്യാന്തരതലത്തില്‍ ഉത്പന്നങ്ങളുടെ ക്രയവിക്രയം നടക്കുന്നത് പ്രധാനമായും തുറമുഖങ്ങള്‍ വഴിയാണ്. റെയില്‍ പാതകള്‍, റോഡുകള്‍, പൈപ്പ് ലൈനുകള്‍, വ്യോമപാതകള്‍ എന്നിവയുടെ പ്രഭവസ്ഥാനം ആയിരിക്കുന്നതിനു പുറമേ പ്രധാന തുറമുഖങ്ങള്‍ വ്യവസായ-വാണിജ്യ-ധനകാര്യ സ്ഥാപനങ്ങളുടെ കേന്ദ്രങ്ങള്‍ കൂടിയായിരിക്കും.

തുറമുഖത്തിനു പ്രധാനമായും ഹാര്‍ബര്‍, കയറ്റിറക്കു സംവിധാനവും അനുബന്ധ സജ്ജീകരണങ്ങളും, ഹാര്‍ബറിലെ ജലോപരിതലത്തില്‍ സജ്ജമാക്കപ്പെട്ട പ്ളവോപകരണങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ഉണ്ടാവുക. പുറംകടലില്‍ നിന്നകന്ന് കപ്പലുകള്‍ക്ക് സുരക്ഷിതമായി നങ്കുരമിടാനുള്ള സൗകര്യമാണ് ഹാര്‍ബറിലുള്ളത്. ഡോക്കുകള്‍ (docks) എന്നു വിളിക്കുന്ന പാതാറുകളാണ് ജലാശയത്തോടു ചേര്‍ന്ന സജ്ജീകരണങ്ങളില്‍ ഏറ്റവും പ്രധാനം. വാര്‍ഫുകളിലാണ് കപ്പലുകളില്‍ നിന്ന് ചരക്ക് കയറ്റുവാനും ഇറക്കുവാനുമുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. കപ്പലുകള്‍ കെട്ടിവലിക്കുവാനുപയോഗിക്കുന്ന ബോട്ടുകള്‍, ചെറുകപ്പലുകള്‍, ജലോപരിതലക്രെയിനുകള്‍, അഗ്നിശമന ബോട്ടുകള്‍, ഡ്രൈ ഡോക്കുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് തുറമുഖത്തിന്റെ മൂന്നാം വിഭാഗം.

സിഡ്നി തുറമുഖം

ഹാര്‍ബറിന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി തുറമുഖങ്ങളെ നദീതുറമുഖങ്ങള്‍, തടാക തുറമുഖങ്ങള്‍, കടല്‍ തുറമുഖങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. സേവനം അടിസ്ഥാനമാക്കി യാത്രിക സൗകര്യം മാത്രമുള്ള തുറുഖങ്ങളെ പൊതുവേ യാത്രാ തുറമുഖങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഇംഗ്ളണ്ടിലെ സതാംപ്ടണ്‍, ഫ്രാന്‍സിലെ ഷെര്‍ബൂര്‍ഗ് (cherbourg) എന്നിവ യാത്രാ തുറമുഖങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ലോകത്തിലെ പ്രധാന തുറമുഖങ്ങളില്‍ മിക്കവയും ചരക്കു തുറമുഖങ്ങളാണ്. എന്നാല്‍ ഇവയില്‍ ഏതാണ്ട് എല്ലാത്തിലും തന്നെ വാണിജ്യ-വ്യാവസായിക സേവനങ്ങള്‍ക്കൊപ്പം യാത്രിക സൗകര്യവും ഉണ്ടായിരിക്കും. ഇത്തരം തുറമുഖങ്ങളെ വിശാല (comprehensive) തുറമുഖങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നു. ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ തുറമുഖങ്ങളെ നാവിക തുറമുഖങ്ങള്‍ (ഉദാ: ജിബ്രാള്‍ട്ടര്‍), മത്സ്യബന്ധന തുറമുഖങ്ങള്‍ (ഉദാ: ഫ്രാന്‍സിലെ കോണ്‍കാര്‍ണോ), ഇന്ധന-സംഭരണ തുറമു ഖങ്ങള്‍ (ഉദാ: സൌത്ത് ആഫ്രിക്കയിലെ കേപ്ടൌണ്‍) എന്നിങ്ങനെയും വര്‍ഗീകരിച്ചിരിക്കുന്നു.

തുറമുഖത്തിന്റെ സ്ഥാനമാണ് അതിന്റെ വാണിജ്യ വികാസത്തെ സ്വാധീനിക്കുന്ന മുഖ്യ ഘടകം. തുറമുഖ മേഖലയുടെ പരിസ്ഥിതി, തുറമുഖത്തിലേക്കെത്തുന്ന ചരക്കുകള്‍ ഉത്പാദിപ്പിക്കപ്പെടുന്ന പശ്ച പ്രദേശം (hinter land), സമീപമേഖലകളുമായുള്ള ബന്ധം എന്നിവ തുറമുഖ പ്രവര്‍ത്തനത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നു. പുറംകടലില്‍ നിന്നുള്ള മതിയായ സംരക്ഷണം, വലിയ കപ്പലുകള്‍ക്കു പോലും കടക്കാന്‍ കഴിയുന്ന കവാടം, ഹാര്‍ബറിന്റെ ആഴം, അനുകൂല കാലാവസ്ഥ, ഗതാഗത സൗകര്യങ്ങള്‍, മറ്റനുബന്ധ സൗകര്യങ്ങള്‍ എന്നിവയാണ് തുറമുഖത്തിന്റെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഒരു കപ്പലിന്റെ പ്രവേശനം മുതല്‍ അത് ലക്ഷ്യം പൂര്‍ത്തിയാക്കി തുറമുഖം വിടുന്നതുവരെയുള്ള സമയദൈര്‍ഘ്യം അടിസ്ഥാനമാക്കി പ്രസക്ത തുറമുഖത്തിന്റെ പ്രവര്‍ത്തനശേഷി വിലയിരുത്തുന്നു. കപ്പലുകള്‍ അടുക്കുന്നതിന്റെ തോതാണ് ഒരു തുറമുഖത്തിന്റെ വളര്‍ച്ചയേയും വികസനത്തേയും നിര്‍ണയിക്കുന്ന മാനകം.

ചില തുറമുഖങ്ങള്‍ സമുദ്രതീരത്തു നിന്നകന്ന് നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. ബോര്‍ഡോക്സ് (ഫ്രാന്‍സ്), ലണ്ടന്‍, മോണ്‍ട്രിയല്‍, ന്യൂ ഓര്‍ലിയന്‍സ്, ലൂയിസിയാന തുടങ്ങിയവ ഇത്തരം തുറമുഖങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ചരക്കുകളുടെ ക്രയവിക്രയമാണ് ഇവയുടെ പ്രധാന ധര്‍മം. വലിയ കപ്പലുകള്‍ക്ക് ആവുന്നത്ര ഉള്‍ഭാഗത്തേക്കു പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവ വികസിപ്പിച്ചിട്ടുള്ളത്.

സാധാരണ ചരക്കുകളുടെ വിനിമയവും മത്സ്യബന്ധനവും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന തുറമുഖങ്ങളാണ് വാണിജ്യ തുറമുഖങ്ങള്‍. വന്‍ തോതില്‍ ചരക്കുകള്‍ കയറ്റി അയയ്ക്കുവാന്‍ കഴിയുന്ന വ്യാവസായിക തുറമുഖങ്ങളെ കപ്പല്‍ പാതകളിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഭക്ഷ്യപദാര്‍ഥങ്ങള്‍, അസംസ്കൃതവസ്തുക്കള്‍, ഘനയന്ത്രങ്ങള്‍, ഇന്ധനം തുടങ്ങി ഭാരമേറിയ ചരക്കുകളാണ് തുറമുഖങ്ങളിലൂടെ പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്നത്. ഗള്‍ഫ് മേഖലയിലെ എണ്ണ-തുറമുഖങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. ചരക്കുകള്‍ക്ക് കസ്റ്റംസ് തീരുവ ചുമത്താത്ത തുറമുഖങ്ങളെ ഫ്രീ പോര്‍ട്ടുകള്‍ എന്നും, കപ്പലുകള്‍ക്ക് കസ്റ്റംസ് തീരുവ ചുമത്താതെ പുറംനാടുകളിലേക്ക് ചരക്കെടുക്കാന്‍ അനുമതി നല്‍കുന്ന തുറമുഖങ്ങളെ കയറ്റിറക്കു തുറമുഖങ്ങള്‍ (Entreport) എന്നും വിളിക്കുന്നു.

രൂപീകരണത്തെ അടിസ്ഥാനമാക്കി തുറമുഖങ്ങളെ നൈസര്‍ഗികം, അര്‍ധനൈസര്‍ഗികം, മനുഷ്യനിര്‍മിതം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. പ്രകൃതിദത്ത ദ്വീപുകള്‍, ഉപദ്വീപുകള്‍, ഉള്‍ക്കടലുകള്‍ തുടങ്ങിയവയാണ് നൈസര്‍ഗിക തുറമുഖങ്ങള്‍ക്ക് സ്ഥാനമൊരുക്കുന്നത്. സിഡ്നി, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, റയോദെ ജനീറോ, ഹോങ്കോങ്, ടോക്കിയോ തുടങ്ങിയ പല വന്‍തുറമുഖങ്ങളും നൈസര്‍ഗിക തുറമുഖങ്ങളാണ്. പ്രകൃതിദത്തവും എന്നാല്‍ അപര്യാപ്തവുമായ സൗകര്യങ്ങളെ തരംഗരോധികള്‍ പോലുള്ള കൃത്രിമ സംവിധാനങ്ങളുപയോഗിച്ച് കൂടുതല്‍ മെച്ചപ്പെടുത്തിയുണ്ടാക്കിയിട്ടുള്ളവയാണ് അര്‍ധ-നൈസര്‍ഗിക തുറമുഖങ്ങള്‍. ഫ്രാന്‍സിലെ ഷെര്‍ബൂര്‍ഗ് തുറമുഖം ഇതിനുദാഹരണമാണ്. പ്രകൃതിദത്ത സൗകര്യങ്ങള്‍ ഇല്ലാതെ പൂര്‍ണമായും മനുഷ്യ പ്രയത്നത്താല്‍ നിര്‍മിക്കപ്പെട്ടവയാണ് മൂന്നാമത്തെ വിഭാഗം. ചിറ്റഗോങ് (ബംഗ്ളാദേശ്), ബഫലോ (യു.എസ്.) തുടങ്ങിയ തുറമുഖങ്ങള്‍ മനുഷ്യ നിര്‍മിതങ്ങളാണ്.

നദീതുറമുഖങ്ങളില്‍ സ്ഥിതിചെയ്യുന്ന ചില തുറമുഖങ്ങള്‍ അഴിമുഖവുമായി ലോക്സ് (locks) എന്നു വിളിക്കുന്ന കൃത്രിമ തടങ്ങള്‍ (basins) മുഖേന ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. (ഉദാ: ലണ്ടന്‍, ലിവര്‍പൂള്‍). ഇത്തരം വെറ്റ് ലോക്കുകളില്‍ രണ്ട് കവാടമുള്ളവയും ഒറ്റ കവാടം മാത്രമുള്ളവയുമുണ്ട്. രണ്ട് കവാടങ്ങളുള്ള ലോക്കുകളില്‍ അകത്തും പുറത്തും ജലനിരപ്പ് തുല്യമാക്കി എപ്പോഴും ഗതാഗതസൗകര്യമൊരുക്കാന്‍ കഴിയും. എന്നാല്‍ ഒറ്റകവാടം മാത്രമുള്ള ഇത്തരം സംവിധാനങ്ങളില്‍ അകത്തെ ജലനിരപ്പ് പുറത്തേതുമായി ഒരേ നിലയിലെത്തുമ്പോള്‍ മാത്രമേ ഗതാഗതം സാധ്യമാകൂ. ജലനിരപ്പില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാത്ത നദികളിലേയും കനാലുകളിലേയും ചില തുറമുഖങ്ങളില്‍ കൃത്രിമ തടങ്ങള്‍ സൃഷ്ടിച്ചാണ് തുറമുഖ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് (ഉദാ: റോട്ടര്‍ഡാം, ഹാംബെര്‍ഗ്).

സു. 2000 ബി.സി.യില്‍ ക്രീറ്റ് ദ്വീപിലാണ് ആദ്യത്തെ കൃത്രിമ ഹാര്‍ബര്‍ നിര്‍മിച്ചതെന്ന അനുമാനത്തിന് ഇനിയും പൊതുവായുള്ള അംഗീകാരം ലഭിച്ചിട്ടില്ല. പ്രാക്കാലത്തെ മിക്കവാറും എല്ലാ പ്രധാന തുറമുഖങ്ങളും മധ്യ-ധരണ്യാഴീ തീരത്താണ് സ്ഥിതിചെയ്തിരുന്നത്. റോമന്‍ ഭരണകാലത്ത് നിര്‍മിച്ച ടാറാന്റോ, ബ്രിന്‍ഡീസി തുടങ്ങിയ പല ഹാര്‍ബറുകളും ഇപ്പോഴും ഉപയോഗത്തിലുണ്ട്. പുരാതന ഗ്രീസിലെ തുറമുഖങ്ങള്‍ക്ക് വലുപ്പം കുറവായിരുന്നുവെങ്കിലും ഇവയുടെ വക്രാകൃതിയിലുള്ള സംവിധാന ക്രമം ശ്രദ്ധേയമായിരുന്നു. ബി.സി.331-ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി അലക്സാണ്ട്രിയ തുറമുഖം നിര്‍മിച്ചു. ഗ്രീക്ക് തീരത്തെ അപേക്ഷിച്ച് ഇറ്റാലിയന്‍ തീരത്ത് നൈസര്‍ഗിക തുറമുഖങ്ങള്‍ കുറവായിരുന്നതിനാല്‍ റോമന്‍ ഭരണകാലത്ത് അവിടെ നിരവധി കൃത്രിമ തുറമുഖങ്ങള്‍ നിര്‍മിക്കപ്പെട്ടു. റോമന്‍ ഭരണത്തിന്റെ പതനത്തോടെ തുറമുഖനിര്‍മാണം ഏതാണ്ട് പൂര്‍ണമായി നിലച്ചെങ്കിലും 18-ാം ശ.-ത്തിന്റെ ആരംഭത്തോടെ പുനരാരംഭിച്ചു.

വളരെ പണ്ടു മുതല്‍ക്കേ തന്നെ ഇന്ത്യന്‍ നദീതീരങ്ങളില്‍ (ഉദാ. സിന്ധു) തുറമുഖങ്ങള്‍ നിലനിന്നിരുന്നതിനും അവ പൂര്‍വ-പശ്ചിമ ദേശങ്ങളുമായി വാണിജ്യ ബന്ധത്തിലേര്‍പ്പെട്ടിരുന്നതിനും ചരിത്ര രേഖകളുണ്ട്. മോഹന്‍ജദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍ നിന്നു കണ്ടെടുത്ത മുദ്രകളില്‍ കപ്പലിന്റെ ചിത്രവും ഉള്‍പ്പെട്ടിരുന്നു. ഗുജറാത്തിലെ ലൊഥാല്‍ ലോകത്തെ ആദ്യ തുറമുഖങ്ങളില്‍ ഒന്നാണെന്നാണ് വിവക്ഷ. സുഗന്ധദ്രവ്യങ്ങള്‍, പച്ചമരുന്നുകള്‍, ചന്ദനം, ദന്തം, കുരുമുളക്, ഇഞ്ചി, മസ്ലിന്‍ തുടങ്ങി ഒട്ടനവധി വിഭവങ്ങള്‍ ഇന്ത്യയില്‍ നിന്നു വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നു. സ്ഫടികോത്പന്നങ്ങള്‍, വിളക്കുകള്‍, ഖനിജങ്ങള്‍ തുടങ്ങിയവയായിരുന്നു അക്കാലത്തെ പ്രധാന ഇറക്കുമതികള്‍. കപ്പല്‍ നിര്‍മാണ രംഗത്ത് ഇന്ത്യാക്കാര്‍ക്കുണ്ടായിരുന്ന സാങ്കേതിക വൈദഗ്ധ്യത്തെക്കുറിച്ച് പാണിനിയുടെ (ബി.സി.500) ലിഖിതങ്ങളിലും യുക്തികല്‍പതരു പുരാരേഖകളിലും സൂചനയുണ്ട്.

ഭൂമിശാസ്ത്രപരമായ പ്രാധാന്യം, വാണിജ്യ വിഭവങ്ങള്‍, ഇന്ത്യന്‍ നാവികരുടെ കര്‍മകുശലത എന്നിവയാണ് ഇന്ത്യയെ ഒരു വാണിജ്യ-നാവിക ശക്തിയാക്കി മാറ്റിയത്. ഇന്ത്യന്‍ തീരത്ത് നിരവധി തുറമുഖങ്ങള്‍ വികസിച്ചു. റോമാക്കാര്‍, അറബികള്‍, യവനന്മാര്‍ തുടങ്ങി ഇന്ത്യ സന്ദര്‍ശിച്ച വിദേശികളെല്ലാം താന്താങ്ങളുടെ പേരുകള്‍ നല്കിയാണ് തുറമുഖങ്ങളെ രേഖപ്പെടുത്തിയിട്ടുള്ളത്. ചില ഇന്ത്യന്‍ തുറമുഖങ്ങളുടെ പഴയ പേരുകള്‍ താഴെ കൊടുത്തിരിക്കുന്നു. ബ്രാക്കറ്റിനകത്തുള്ളത് അവയ്ക്കു തുല്യമായി കരുതപ്പെടുന്ന ആധുനിക പ്രദേശങ്ങളാണ്. ബാരിഗാസ (ബ്രോഷ്) (Broach), സുപാറ (സൊപാറ) (Sopara), കാലീന (കല്‍യാണ്‍) (Kalyan), സെമില (ചാള്‍) (Chaul), മന്ത്രഗോര്‍ (ബാങ്കത്) (Bankot), പാലിപാറ്റ്മി (ധാഭോല്‍) (Dabhol), മാലിസിഗറ (രാജപൂര്‍) (Rajapur), നൌറ (കണ്ണൂര്‍), തുണ്ടിസ് (പൊന്നാനി), മുസിറിസ് (കൊടുങ്ങല്ലൂര്‍), നെല്‍ക്കിണ്ട (കോട്ടയം), മൌസുലി പട്ടണം (മഛിലി പട്ടണം), പോദുക (പോ ണ്ടിച്ചേരി), സുപാതന (മദ്രാസ്).

കണ്ണൂര്‍ (നൌറ) തമിഴകത്തെ ആദ്യത്തെ വ്യാപാര കേന്ദ്രമായി രുന്നെന്നും പൊന്നാനി (തുണ്ടിസ്) ആദ്യത്തെ തുറമുഖമായിരുന്നുവെന്നും ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നുണ്ട്. പുരാതന തുറമുഖമായ മുസിറിസ് (muziris) അറേബ്യന്‍ തീരത്തുനിന്നു നേരിട്ട് കപ്പല്‍ ഗതാഗതം ആരംഭിച്ചതോടെയാണ് വികസനം നേടാനാരംഭിച്ചതെന്നും ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

കൊച്ചി തുറമുഖത്തെക്കുറിച്ച് പുരാതന രേഖകളില്‍ കാര്യമായ പരാമര്‍ശങ്ങളൊന്നുമില്ല. 1870 മുതല്‍ 1915 വരെയുള്ള കാലയളവില്‍ ഇന്ത്യാ ഭൂഖണ്ഡത്തിലെ പ്രധാന തുറമുഖങ്ങളായിരുന്ന ബോംബേ, കൊല്‍ക്കത്ത, മദ്രാസ്, കറാച്ചി, മര്‍മഗോവ എന്നിവയ്ക്കൊപ്പം കൊച്ചി തുറമുഖവും കാര്യമായ വികാസം നേടി.
കൊച്ചി തുറമുഖം
സ്വാതന്ത്യലബ്ധിക്കു മുമ്പുതന്നെ വളര്‍ച്ച പ്രാപിച്ചിരുന്ന മറ്റൊരു തുറമുഖമായിരുന്നു വിശാഖപട്ടണം. വിഭജനത്തിനു ശേഷം ബോംബേ, കൊല്‍ക്കത്ത, മദ്രാസ്, കൊച്ചി, വിശാഖപട്ടണം എന്നിവ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍ എന്ന പ്രശസ്തി നേടി. കറാച്ചി തുറമുഖം ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ രൂപം കൊണ്ട രണ്ട് തുറമുഖങ്ങളാണ് കണ്ട്ലയും, മംഗലാപുരവും. മുംബൈ (1875), കൊല്‍ക്കത്ത (1893), ചെന്നൈ (1916), കൊച്ചി (1930), വിശാഖപട്ടണം (1933), കണ്ട്ല (1955), മര്‍മഗോവ (1963), പരദീപ് (1966), ന്യൂമാംഗളൂര്‍ (1974), തൂത്തുക്കുടി (1974) എന്നിവയാണ് ആധുനിക ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍. ഓരോ തുറമുഖത്തിന്റേയും നിയന്ത്രണം പ്രത്യേക പോര്‍ട്ട് ട്രസ്റ്റുകളില്‍ നിക്ഷിപ്തമാണ്. പ്രധാന ഇന്ത്യന്‍ തുറമുഖങ്ങളില്‍പ്പെട്ട ഒരേയൊരു നദീ തുറമുഖമാണ് കൊല്‍ക്കത്ത. കടലില്‍ നിന്ന് സു. 232 കി.മീ. ഉള്ളിലായി ഹൂഗ്ളി നദിക്കരയിലാണ് ഇതിന്റെ സ്ഥാനം. പ്രധാന തുറമുഖങ്ങളെ കൂടാതെ അനേകം ചെറുതുറമുഖങ്ങളും ഇന്ത്യയിലുണ്ട്.

'അറബിക്കടലിന്റെ റാണി' എന്ന പേരില്‍ അറിയപ്പെടുന്ന കൊച്ചി വര്‍ഷത്തിലെ എല്ലാ ഋതുക്കളിലും പ്രവര്‍ത്തന സജ്ജമാണ്. ഈ തുറമുഖത്തോടനുബന്ധിച്ച് ഒരു കപ്പല്‍ നിര്‍മാണശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തെ മിക്ക രാജ്യങ്ങളുമായി വാണിജ്യബന്ധമുള്ള കൊച്ചിയിലെ ഇറക്കുമതികള്‍ വളം, ഇരുമ്പുരുക്ക്, ഘനയന്ത്രങ്ങള്‍ തുടങ്ങിയവയാണ്; കയര്‍ ഉത്പന്നങ്ങള്‍, തേയില, കശുവണ്ടിപ്പരിപ്പ്, സമുദ്രോത്പന്നങ്ങള്‍, കാപ്പി, സുഗന്ധദ്രവ്യങ്ങള്‍, തടി എന്നിവ പ്രധാന കയറ്റുമതി ഉത്പന്നങ്ങളും. 1341-ലെ പ്രളയക്കെടുതിക്കു ശേഷമാണു കൊച്ചിക്ക് തുറമുഖപ്രാപ്തി കൈവന്നത്. തുടര്‍ന്നുള്ള വികാസത്തിന്റെ ഭാഗമായി 1838-ല്‍ ആദ്യത്തെ ആവിക്കപ്പലും 1845-ല്‍ ആദ്യത്തെ വാണിജ്യ കപ്പലും കൊച്ചിയിലെത്തി. കൊളോണിയലിസ കാലഘട്ടത്തില്‍ പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടിഷ് ശക്തികള്‍ക്ക് വിധേയമായപ്പോഴും തുറമുഖത്തിന്റെ വികസനത്തിന് വാട്ടമുണ്ടായില്ല. 1936-ല്‍ ഇന്ത്യയിലെ മുഖ്യ തുറമുഖങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടു. 1964-ലാണ് കൊച്ചി തുറമുഖത്തിന്റെ നിയന്ത്രണാധികാരം പ്രത്യേക പോര്‍ട് ട്രസ്റ്റില്‍ നിക്ഷിപ്തമായത്. നോ: ഇന്ത്യ, കേരളം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%B1%E0%B4%AE%E0%B5%81%E0%B4%96%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍