This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുറന്ന കമ്പോളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുറന്ന കമ്പോളം

ബാഹ്യ നിയന്ത്രണങ്ങളില്‍ നിന്നു മുക്തമായ സ്വതന്ത്ര വാണിജ്യത്തെ സൂചിപ്പിക്കുന്ന സംജ്ഞ. സാമ്പത്തിക ശാസ്ത്രത്തില്‍ കമ്പോളം എന്നതുകൊണ്ടര്‍ഥമാക്കുന്നത് ഒരു പ്രത്യേക സ്ഥലത്തെയോ സ്ഥാപനത്തെയോ അല്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും പലതരം കമ്പോളങ്ങളുണ്ട്. ഇപ്പോള്‍, ആഗോളകമ്പോളവും പ്രവര്‍ത്തനനിരതമാണ്. ഒരു നിശ്ചിത സ്ഥലത്തിന്റെയോ സ്ഥാപനത്തിന്റെയോ ഭൂപ്രദേശത്തിന്റെയോ അടിസ്ഥാനത്തില്‍ കമ്പോളത്തെ നിര്‍വചിക്കാനാവില്ല. സാധനങ്ങളും സേവനങ്ങളും വിനിമയം ചെയ്യുന്നതും ക്രേതാക്കളും വിക്രേതാക്കളും തമ്മില്‍ അവയ്ക്കുവേണ്ടി മത്സരിക്കുന്നതുമായ ഒരു സംവിധാനമെന്ന് കമ്പോളത്തെ നിര്‍വചിക്കാം. ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാകുന്നത് ഒരു പ്രത്യേക സ്ഥലത്തോ സ്ഥാപനത്തിലോ ആകാം എന്നേയുള്ളൂ. ക്രേതാക്കളും വിക്രേതാക്കളും തമ്മിലുള്ള മത്സരവും ചോദന - പ്രദാന നിലവാരവുമാണ് കമ്പോളവിലകളെ നിര്‍ണയിക്കുന്നത്.

ഉപഭോക്താക്കള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതും ഉത്പാദകര്‍ അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതും വിറ്റഴിക്കുന്നതും കമ്പോള പ്രവര്‍ത്തനങ്ങളാണ്. ഉത്പാദകര്‍ അവരുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു നേരിട്ടു വില്‍ക്കുകയല്ല ചെയ്യുന്നത്. ഉത്പാദകരില്‍ നിന്ന് മൊത്തവിതരണക്കാരും അവരില്‍നിന്ന് ചില്ലറ വില്പനക്കാരും സാധനങ്ങള്‍ വാങ്ങുന്നു. ഈ ചില്ലറ വ്യാപാരികളില്‍നിന്നാണ് ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങുന്നത്. ഇത്തരം വിനിമയ സംവിധാനങ്ങളെ സൂചിപ്പിക്കാനാണ് 'കമ്പോളം', 'കമ്പോള സമ്പദ്ഘടന' എന്നീ സംജ്ഞകള്‍ ഉപയോഗിക്കുന്നത്.

സാധന സാമഗ്രികള്‍ തങ്ങള്‍ക്കു ലാഭകരമായ വില നിലവാരത്തിലെത്തിക്കുന്നതിനുവേണ്ടി ക്രേതാക്കളും വിക്രേതാക്കളും നിരന്തരം വിലപേശലിലും കിടമത്സരത്തിലും ഏര്‍പ്പെടുന്നു. കമ്പോളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്, കമ്പോളശക്തികളെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കുവാന്‍ ക്രേതാക്കള്‍ക്കും വിക്രേതാക്കള്‍ക്കും കഴിയണം. ആധുനിക വാര്‍ത്താവിനിമയത്തിന്റേയും ഗതാഗതത്തിന്റേയും ഫലമായി ഇത്തരം വിവരങ്ങള്‍ വളരെ വേഗം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. വിവിധ കമ്പോളങ്ങളിലെ വിലനിലവാരം, ചോദന - പ്രദാനങ്ങളെക്കുറിച്ചുള്ള വിവരം എന്നീ ഘടകങ്ങള്‍ വിലപേശല്‍ ശേഷിയെ ശക്തമാക്കുന്നു. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എളുപ്പം കൊണ്ടുപോകാന്‍ കഴിയുന്ന ചരക്കുകളുടെ കമ്പോളങ്ങള്‍ വിപുലവും വ്യാപ്തിയേറിയതുമായിരിക്കും. കമ്പോളത്തിലെത്തുന്ന ചരക്കുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നവയായിരിക്കണം. ഒരേ ചരക്കുകള്‍ തന്നെ പല നിര്‍മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ കമ്പനികളുടെ വ്യാപാര മുദ്രകളിലൂടെയാണ് ക്രേതാക്കള്‍ തിരിച്ചറിയുന്നത്.

ആധുനിക കമ്പോളം എന്ന സംവിധാനത്തെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങള്‍ ചോദനവും പ്രദാനവുമാണ്. ക്ളാസ്സിക്കല്‍- നവക്ളാസ്സിക്കല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഇവയെ കമ്പോളത്തിന്റെ 'അദൃശ്യഹസ്തങ്ങള്‍' (invisible hands) എന്നാണ് വിശേഷിപ്പിച്ചത്. സ്വതന്ത്ര കമ്പോളത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ ആശയങ്ങള്‍ ആവിഷ്ക്കരിച്ചത് നവക്ളാസ്സിക്ക് സാമ്പത്തിക ശാസ്ത്രജ്ഞര്‍, പ്രത്യേകിച്ചും, മാര്‍ഷല്‍ ആണ്. കമ്പോളത്തിന്റെ സ്വച്ഛന്ദമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നത് ഈ അദൃശ്യഹസ്തങ്ങളാണെന്ന് അവര്‍ വിശ്വസിച്ചു. വ്യക്തിസ്വാതന്ത്യം, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം, യുക്തിസഹമായ തിരഞ്ഞെടുപ്പ്, സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്ക് ഏറ്റവും അനുയോജ്യം തുറന്ന കമ്പോളമാണെന്ന് നവക്ളാസ്സിക്കല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.

ചോദനവും പ്രദാനവും തമ്മിലുള്ള ബന്ധമാണ് കമ്പോളവിലയെ നിര്‍ണയിക്കുന്നത്. ചോദനം വര്‍ധിക്കുകയും അതിനെയപേക്ഷിച്ച് പ്രദാനം കുറയുകയും ചെയ്താല്‍ വില വര്‍ധനയായിരിക്കും ഫലം. എന്നാല്‍, ഉയര്‍ന്ന വില പിന്നീട് ചോദനം കുറയുന്നതിന് കാരണമാവുകയും ചെയ്യും. ചോദനം കുറയുകയും പ്രദാനം കൂടുകയും ചെയ്താല്‍ വില താഴുന്നു. വിലയിലുണ്ടാകുന്ന കുറവ്, ചോദനം വീണ്ടും വര്‍ധിക്കുന്നതിനിടയാക്കുന്നു. ചുരുക്കത്തില്‍, ബാഹ്യശക്തികളുടെ ഇടപെടല്‍ കൂടാതെ കമ്പോളം സ്വാഭാവികമായി സന്തുലിതാവസ്ഥയില്‍ നിലനില്‍ക്കുന്നുവെന്നാണ് നവക്ളാസ്സിക്കല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ സിദ്ധാന്തിക്കുന്നത്. പ്രദാനം അതിനാവശ്യമായ ചോദനം സ്വയമേവ സൃഷ്ടിച്ചുകൊള്ളും എന്ന് ഇവര്‍ വാദിക്കുന്നു. കമ്പോളത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസന്തുലിതത്വം ഉണ്ടാവുകയാണെങ്കില്‍ത്തന്നെ, അത് ഗവണ്‍മെന്റ് ഉള്‍പ്പെടെയുള്ള കമ്പോളബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമായിരിക്കുമെന്നാണ് ഇവരുടെ വാദം. അതിനാല്‍, അദൃശ്യഹസ്തങ്ങളുടെ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കു വിഘാതം സൃഷ്ടിക്കുന്ന നിയന്ത്രണങ്ങളും ഇടപെടലുകളും നീക്കുന്നതിലൂടെ കമ്പോളത്തെ അതിന്റെ സഹജമായ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താനാകുമെന്ന് തുറന്ന കമ്പോത്തിന്റെ വക്താക്കള്‍ വാദിക്കുന്നു.

തുറന്ന കമ്പോളം എന്ന ആശയം കൂടുതല്‍ പ്രസക്തമാകുന്നത് അന്തര്‍ദേശീയ വാണിജ്യ രംഗത്താണ്. ഓരോ രാജ്യവും അവരുടെ ദേശീയ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ആഭ്യന്തര കാര്‍ഷിക - വ്യാവസായിക മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി അസംഖ്യം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കയറ്റുമതിയുടേയും ഇറക്കുമതിയുടേയും രംഗത്ത് ഏര്‍പ്പെടുത്തിയിരുന്ന ഇത്തരം നിയന്ത്രണങ്ങള്‍, ആഗോളകമ്പോളത്തിന്റെ തുറന്നതും സ്വതന്ത്രവുമായ പ്രവര്‍ത്തനങ്ങളെ തടയുന്ന ശക്തികളാണ്. മൂലധനത്തിന്റേയും അധ്വാനത്തിന്റേയും സാധനസാമഗ്രികളുടേയും രാജ്യാതിര്‍ത്തികള്‍ കടന്നുള്ള പ്രവാഹത്തെ ഇത്തരം നിയന്ത്രണങ്ങള്‍ തടസ്സപ്പെടുത്തുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് തുറന്ന കമ്പോളത്തിനു വേണ്ടിയുള്ള വാദഗതികള്‍ ശക്തിയാര്‍ജിച്ചത്. ലോകവിപണി കൂടുതല്‍ ഉദ്ഗ്രഥിതവും പരസ്പരാശ്രിതവുമാകുന്നതിന്റെ ഫലമായി, ഒരു രാജ്യത്തിനും ഒറ്റപ്പെട്ടു നില്‍ക്കുവാന്‍ കഴിയില്ലെന്ന സ്ഥിതി സംജാതമായിട്ടുണ്ട്. ആഗോള വിപണിയുടെ പൊതുവായ താത്പര്യങ്ങള്‍ക്കിണങ്ങും വിധം ഓരോ രാജ്യവും തങ്ങളുടെ ദേശീയ - ആഭ്യന്തര വിപണികളില്‍ പുതിയ ക്രമീകരണങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. മൂലധനം, ചരക്കുകള്‍, തൊഴില്‍ എന്നിവയ്ക്ക് പൊതുവായ ഒരു ആഗോള വിപണി നിലവില്‍ വരുകയും ലോകത്തെവിടേയുമുള്ള സ്ഥാപനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഈ വിപണിയില്‍ തുറന്ന മത്സരത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നും വന്നതോടെ, തുറന്ന കമ്പോളം എന്ന ആശയം കൂടുതല്‍ ശക്തമായിട്ടുണ്ട്.

1980-കളുടെ അന്ത്യത്തില്‍ സോഷ്യലിസ്റ്റു രാജ്യങ്ങള്‍ തകര്‍ന്നതോടെ, തുറന്ന വിപണിക്കെതിരായ ആശയങ്ങള്‍ അപ്രസക്തമാവുകയാണുണ്ടായത്. തകര്‍ന്ന സോഷ്യലിസ്റ്റു രാജ്യങ്ങള്‍ അവയുടെ സാമ്പത്തിക പുനര്‍നിര്‍മാണത്തിനുവേണ്ടി പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളേയും സ്ഥാപനങ്ങളേയുമാണ് പ്രധാനമായും ആശ്രയിച്ചത്. പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് മൂലധനവും സാങ്കേതികവിദ്യയും തങ്ങളുടെ രാജ്യങ്ങളിലേക്ക് സ്വതന്ത്രമായി പ്രവഹിക്കുന്നതിനു വേണ്ടി, കമ്പോളങ്ങളുടെ വാതിലുകള്‍ തുറന്നിടുന്ന സമീപനം ഈ രാജ്യങ്ങള്‍ സ്വീകരിച്ചു. മുതലാളിത്ത രാജ്യങ്ങളിലെ നിക്ഷേപകരെയും ലോകബാങ്ക്, അന്താരാഷ്ട്രനാണയനിധി തുടങ്ങിയ സ്ഥാപനങ്ങളേയും ആകര്‍ഷിക്കുന്നതിനുവേണ്ടി ഈ രാജ്യങ്ങള്‍ സ്വീകരിച്ച പുതിയ നയസമീപനങ്ങള്‍ തുറന്ന കമ്പോളം എന്ന ആശയത്തിന് ആഗോളപ്രചാരം നല്‍കി.

ലോക വിപണിയുടെ ഈ പുതിയ വികാസത്തെയാണ് ലോകവ്യാപാര സംഘടനയുടെ രൂപവത്ക്കരണം പ്രതീകവല്‍ക്കരിക്കുന്നത്. ദേശീയവും പ്രാദേശീയവുമായ താത്പര്യങ്ങളും നിയമനിര്‍മാണങ്ങളും ആഗോളവിപണിയുടെ തുറന്ന സ്വഭാവത്തെ തടസ്സപ്പെടുത്താതിരിക്കുന്നതിനുവേണ്ടി ലോകവ്യാപകമായ ക്രമീകരണങ്ങള്‍ ആവിഷ്ക്കരിക്കുന്ന ധര്‍മമാണ് മുഖ്യമായും ലോകവ്യാപാര സംഘടന നിര്‍വഹിക്കുന്നത്. മൂലധനത്തിന്റേയും സാങ്കേതികവിദ്യയുടേയും നിര്‍മിത വസ്തുക്കളുടേയും രാഷ്ട്രാന്തരീയ പ്രവാഹത്തെ സുഗമമാക്കുന്ന കമ്പോള ക്രമീകരണങ്ങള്‍ക്കു രൂപം നല്‍കിക്കൊണ്ട് ഒരു തുറന്ന ആഗോള വിപണി സൃഷ്ടിക്കുകയാണ് ലോകവ്യാപാര സംഘടനയുടെ ലക്ഷ്യം.

1990-കളില്‍ മിക്ക മൂന്നാംലോകരാജ്യങ്ങളും സാമ്പത്തിക പുനഃസംഘടനയിലൂടെയും ഉദാരവല്‍ക്കരണ നയങ്ങളിലൂടെയും തുറന്ന കമ്പോളമെന്ന ആശയത്തെ സ്വാഗതം ചെയ്തു. ഇന്ത്യയില്‍ 1984-ല്‍ ആരംഭം കുറിച്ച 'പുതിയ സാമ്പത്തിക നയം' തുറന്ന കമ്പോളത്തെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു. ഇറക്കുമതിയുടേയും കയറ്റുമതിയുടേയും രംഗത്തുണ്ടായിരുന്ന മിക്ക നിയന്ത്രണങ്ങളും ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്. കേന്ദ്രഗവണ്‍മെന്റിന്റെ കുത്തകയെന്നു നിര്‍വചിച്ചിരുന്ന മിക്കവാറും എല്ലാ മേഖലകളിലും വിദേശമൂലധന നിക്ഷേപം അനുവദിക്കുന്ന സമീപനമാണ് ഇപ്പോള്‍ അനുവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തരവ്യവസായത്തെ സംരക്ഷിക്കുന്നതിനുവേണ്ടി വളരെ കര്‍ശനമായ ഒരു ഇറക്കുമതി നയമായിരുന്നു കേന്ദ്രഗവണ്‍മെന്റ് സ്വീകരിച്ചുവന്നത്. എന്നാല്‍, തുറന്ന കമ്പോളത്തിലെ സ്വതന്ത്രമായ മത്സരത്തിലൂടെ വളരുന്ന സംരംഭങ്ങള്‍ക്കു മാത്രമേ ലോകനിലവാരവും കാര്യക്ഷമതയും നിലനിര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന് തുറന്ന കമ്പോളത്തിന്റെ വക്താക്കള്‍ പറയുന്നു. ദേശീയമായ സംരക്ഷണ നയങ്ങള്‍ ഇന്ത്യയിലെ പല വ്യവസായങ്ങളുടേയും മത്സരശേഷിയേയും സാങ്കേതിക മികവിനേയും തളര്‍ത്തുകയാണ് ചെയ്തതെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. ആഗോളവിപണിയുടെ നിലവാരത്തിനും മാനദണ്ഡത്തിനും അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ, വ്യാവസായിക വളര്‍ച്ചയും സാമ്പത്തിക പുരോഗതിയും ആര്‍ജിക്കാനാവുകയുള്ളൂവെന്നാണ് പ്രധാന വാദം. കാര്യക്ഷമവും ലോകഗുണനിലവാരമുള്ളതുമായ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാന പ്രേരകശക്തിയെന്ന നിലയ്ക്കാണ് തുറന്ന കമ്പോളം എന്ന ആശയം വിവക്ഷിക്കപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍