This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുര്‍ഗ്യേന്യഫ്, ഇവാന്‍ സെര്‍ഗേയെവിച് (1818 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുര്‍ഗ്യേന്യഫ്, ഇവാന്‍ സെര്‍ഗേയെവിച് (1818 - 83)

Turgenev,Ivan Sergeyevich

ഇവാന്‍ സെര്‍ഗേയെവിച് തുര്‍ഗ്യേന്യഫ്

റഷ്യന്‍ സാഹിത്യകാരന്‍. 1818 ഒ. 28-ന് റഷ്യയിലെ ഒറേലില്‍ ജനിച്ചു. മോസ്കോ, സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്, ബെര്‍ലിന്‍ സര്‍വ കലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം നടത്തിയത്. പാശ്ചാത്യവല്‍ക്കരണത്തില്‍ ആകൃഷ്ടനായ ഇദ്ദേഹത്തിന് റഷ്യയിലും ഈ മാറ്റം ആവശ്യമാണെന്ന അഭിപ്രായം ഉണ്ടായിരുന്നു.

1840-കളില്‍ ഇദ്ദേഹം കവിതകള്‍, നിരൂപണങ്ങള്‍, ചെറുകഥകള്‍ എന്നിവ രചിച്ചു. 1847-52 കാലഘട്ടത്തിലാണ് സാഹിത്യരംഗത്ത് പ്രശസ്തനായത്.

ഒരു കവിയായി സാഹിത്യ ജീവിതം തുടങ്ങിയ ഇദ്ദേഹം അലക്സാന്ദ്ര് പുഷ്കിന്‍, മിഹായില്‍ ലെര്‍മന്‍തോഫ് എന്നിവരെ അനുകരിച്ച് പരഷ (1843), ആന്ദ്രേയ് (1845) എന്നീ ആഖ്യാനകാവ്യങ്ങള്‍ രചിച്ചു. നികൊലായ് ഗോഗലിന്റെ സ്വാധീനവും കൃതികളില്‍ പ്രകടമാണ്. 1852-ല്‍ രചിച്ച സ്പോര്‍ട്സ്മാന്‍സ് സ്കെച്ചസ്, രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായെങ്കിലും ചെറുകഥാരംഗത്ത് ഇദ്ദേഹത്തിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു. ഒന്നര വര്‍ഷത്തെ വീട്ടുതടങ്കലിന് ഇദ്ദേഹം വിധേയനായി. ഒരു പരീക്ഷണമെന്നോണം തുര്‍ഗ്യേന്യഫ് രചിച്ച നാടകമാണ് എ മന്ത് ഇന്‍ ദ് കണ്‍ട്രി (1855). കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ക്കു മുന്‍തൂക്കം കല്‍പ്പിക്കുന്ന ഈ നാടകം രംഗത്ത് അവതരിപ്പിക്കാന്‍ യോജിച്ചതല്ലെന്ന് സ്വയം തോന്നിയതിനാല്‍ 1872-വരെ അരങ്ങേറിയില്ല.

റഷ്യയിലെ കര്‍ഷക കുടുംബങ്ങളിലെ ദയനീയ ചുറ്റുപാടുകളുടെ യഥാതഥമായ ചിത്രീകരണവും നവോത്ഥാനത്തിനുവേണ്ടി കേഴുന്ന ജനങ്ങളുമാണ് ഇദ്ദേഹത്തിന്റെ കൃതികളില്‍ നിറഞ്ഞു നില്ക്കുന്നത്. സാര്‍ അലക്സാന്ദ്ര് രണ്ടാമന്റെ കാലത്ത് (1855) മികച്ച ഒരു ഭരണ പരിഷ്കര്‍ത്താവ് എന്ന നിലയില്‍ ഇദ്ദേഹം പ്രസിദ്ധനായി. സമകാലിക പ്രാധാന്യമുള്ള ധാരാളം സാമൂഹിക പ്രശ്നങ്ങള്‍ ഇദ്ദേഹം പ്രതിപാദ്യവിഷയമാക്കി. റൂഡിന്‍ (1856) എന്ന കൃതിയില്‍ സഹപ്രവര്‍ത്തകരെ പാശ്ചാത്യവല്‍ക്കരിക്കാനുള്ള ശ്രമമാണ് കഥാകാരന്‍ നടത്തുന്നത്.

എ നെസ്റ്റ് ഒഫ് ജെന്റില്‍ ഫോക്ക് (1859), ഓണ്‍ ദി ഈവ് (1860), ഫാദേഴ്സ് ആന്‍ഡ് സണ്‍സ് ഓര്‍ ഫാദേഴ്സ് ആന്‍ഡ് ചില്‍ഡ്രന്‍ (1862), ഇനഫ് (1865), ഫൌസ്റ്റ് (1856), അസ്യ (1858), ഫസ്റ്റ് ലൌവ് (1860) എന്നിവ ഇദ്ദേഹത്തിന്റെ ഇതര കൃതികളാണ്. ഫാദേഴ്സ് ആന്‍ഡ് സണ്‍സ് തുര്‍ഗ്യേന്യഫിന്റെ ഏറ്റവും ബൃഹത്തായ നോവലാണ്.

റഷ്യയില്‍ നിന്ന് ദക്ഷിണ ജെര്‍മനിയില്‍ താമസമാക്കിയശേഷം തുര്‍ഗ്യേന്യഫ് സ്മോക് (1857) എന്ന നോവല്‍ രചിച്ചു.

1870-ലെ ഫ്രാന്‍കോ-പ്രഷ്യന്‍ യുദ്ധം കാരണം തുര്‍ഗ്യേന്യഫും വിയാര്‍ദോത് കുടുംബവും പാരിസിലേക്ക് പോകാന്‍ നിര്‍ബന്ധിതരായി. ഫ്ളോബെര്‍, സോള എന്നിവരുടെ സഹകാരിയായിത്തീര്‍ന്ന തുര്‍ഗ്യേന്യഫ് ഫ്രഞ്ച് സാഹിത്യരംഗത്തും ശ്രദ്ധേയനായി. ഇദ്ദേഹം യൂറോപ്പില്‍ റഷ്യന്‍ സാഹിത്യം പ്രചരിപ്പിച്ചു. ഇടയ്ക്കിടയ്ക്കുള്ള റഷ്യന്‍ സന്ദര്‍ശനമൊഴിച്ചാല്‍ ഇദ്ദേഹം ഫ്രാന്‍സില്‍തന്നെ ശേഷിച്ച കാലം ചെലവഴിച്ചു.

ഭൂതകാല സ്മൃതികള്‍ ഉള്‍ക്കൊള്ളുന്ന ചെറുകഥകളാണ് എ ലിയര്‍ ഒഫ് ദ് സ്റ്റെപ്പസ് (1870), റ്റോറെന്റെസ് ഒഫ് സ്പ്രിങ് (1872), പുനില്‍ ആന്‍ഡ് ബാബുറിന്‍ (1874) ആദിയായവ. 1877-ല്‍ വെര്‍ജിന്‍ സോയില്‍, 1883-ല്‍ കാര മിലിഷ് എന്നീ കൃതികളും പ്രസിദ്ധപ്പെടുത്തി. 1878-82 കാലഘട്ടത്തില്‍ രചിച്ച പ്രധാന കൃതിയാണ് പൊയംസ് ഇന്‍ പ്രോസ്. വാര്‍ധക്യകാല വിഷാദാത്മകത പ്രമേയമാക്കി ഭാവഗാന രൂപത്തില്‍ രചിച്ച ഈ കൃതിയില്‍ മാനുഷിക ഗുണങ്ങള്‍ വെറും ക്ഷണികമാണെന്ന് സമര്‍ഥിക്കുന്നു.

1883 ആഗ. 22-ന് പാരിസിനടുത്ത് ബൗഗിവല്‍ എന്ന സ്ഥലത്ത് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍