This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുര്‍ക്കി ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുര്‍ക്കി ഭാഷയും സാഹിത്യവും

Turkish Language and Literature

തുര്‍ക്കിയിലെ ദേശീയ ഭാഷ. ബള്‍ഗേറിയ, ഗ്രീസ്, സൈപ്രസ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരും ഈ ഭാഷ സംസാരിക്കുന്നു. ഒട്ടോമന്‍ തുര്‍ക്കി സംസ്കാരത്തില്‍ നിന്നും ഉയിര്‍കൊണ്ടതും ആധുനിക തുര്‍ക്കി രാജ്യത്ത് ദൈനംദിന വ്യവഹാരത്തിലിരിക്കുന്നതുമായ ഈ ഭാഷയ്ക്ക് പ്രത്യയങ്ങളും ഉപസര്‍ഗങ്ങളും ചേര്‍ത്ത് വളരെ സങ്കീര്‍ണമായ ഒരു പദഘടനയാണുള്ളത്. 10-ാം ശ.-ത്തില്‍ തുര്‍ക്കികള്‍ ഇസ്ളാംമതം സ്വീകരിച്ചതോടെ അറബി പദങ്ങളുടെ പ്രവാഹം തന്നെ ഈ ഭാഷയിലുണ്ടായി. 12-ാം ശ.-ത്തില്‍ പശ്ചിമേഷ്യയിലെ സാഹിത്യ ഭാഷ പേര്‍ഷ്യന്‍ ആയതോടെ തുര്‍ക്കി ഭാഷയില്‍ പേര്‍ഷ്യന്‍ ഭാഷാ സ്വാധീനം പ്രകടമായിത്തുടങ്ങി. സെമിറ്റിക് - ഇന്തോ യൂറോപ്യന്‍ എന്നീ ഭാഷകളുടെ സ്വാധീനം തുര്‍ക്കി ഭാഷയിലുണ്ടായതോടെ ഒട്ടോമന്‍-ടര്‍ക്കിഷ് എന്ന് വിളക്കാവുന്ന ഒരു മിശ്രഭാഷ രൂപംകൊള്ളുകയും ഭരണകാര്യങ്ങള്‍ക്ക് ഈ മിശ്രഭാഷാരൂപം ഉപയോഗിക്കുകയും ചെയ്തു. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ പത്രപ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ തുര്‍ക്കി ഭാഷയുടെ ലിഖിതരൂപത്തിന് അടുക്കും ചിട്ടയും ഉണ്ടായി. 2-ാം ദശകത്തില്‍ തുര്‍ക്കി ഒരു റിപ്പബ്ളിക്കായി തീര്‍ന്നതോടെ ദേശീയവികാരം ഈ ഭാഷയുടെ നവോത്ഥാനത്തിനു വഴിതെളിച്ചു. വൈദേശികാംശങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി അറബി ലിപിക്കു പകരം 1928 മുതല്‍ റോമന്‍ ലിപി പ്രാവര്‍ത്തികമായി. അറബി-പേര്‍ഷ്യന്‍ പദങ്ങള്‍ ഉപേക്ഷിച്ച് തുര്‍ക്കി പദങ്ങളുടെ പ്രയോഗം ഉറപ്പുവരുത്താനായി കമാല്‍ പാഷ 1932-ല്‍ ഒരു ടര്‍ക്കിഷ് ലിംഗ്വിസ്റ്റിക് സൊസൈറ്റി രൂപീകരിച്ചു. 5 കോടിയോളം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു.

സാഹിത്യം. എ.ഡി. 14, 15 ശതകങ്ങളിലാണ് തുര്‍ക്കിയില്‍ സാഹിത്യഭാഷ രൂപംകൊണ്ടത്. തുര്‍ക്കി സാഹിത്യ ചരിത്രത്തെ മൂന്നായി വിഭജിക്കാം. തുര്‍ക്കികള്‍ ഇസ്ളാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത പ്രഥമ കാലഘട്ടം (8-11 ശതകം), ഇസ്ളാമിക മതപരിവര്‍ത്തനം മുതല്‍ 19-ാം ശ.-ത്തിന്റെ മധ്യം വരെയുള്ള ഇസ്ളാമികാധിപത്യ കാലഘട്ടം, അതിനുശേഷമുള്ള ആധുനിക കാലഘട്ടം.

ആദ്യ കാലഘട്ടത്തില്‍ റൂണ്‍ ലിപികളില്‍ ലിഖിതമായ ചില ശാസനങ്ങളും പ്രാകൃത രൂപത്തിലുള്ള ചില ചിത്രരചനകളുമാണുള്ളത്. എന്നാല്‍ ഇസ്ളാമികാധിപത്യ കാലത്ത് തുര്‍ക്കി ഭാഷയില്‍ അറബി-പേര്‍ഷ്യന്‍ സാഹിത്യ സൃഷ്ടികളുടെ സ്വാധീനം അനുഭവപ്പെട്ടു. ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ട പല കൃതികളും മുഗള്‍ ചക്രവര്‍ത്തിമാരുടേയും ഈജിപ്ത്, അറേബ്യ, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മുസ്ളിംരാജാക്കന്മാരുടേയും നിര്‍ദേശപ്രകാരം എഴുതപ്പെട്ട കൃതികളുമായി സാദൃശ്യം പുലര്‍ത്തുന്നു. പൗരസ്ത്യ ഗദ്യകാവ്യങ്ങളുടെ ഉത്തമ മാതൃകയാണ് ബാബര്‍ ചക്രവര്‍ത്തിയുടെ ആത്മകഥ. അനറ്റോളിയന്‍ സെല്‍ജൂക്കുകളുടേയും ഓട്ടോമന്‍ സാമ്രാജ്യത്തിന്റേയും കീഴില്‍ പല ക്ളാസിക് പ്രസ്ഥാനങ്ങളും നാടോടി സാഹിത്യവും തഴച്ചു വളര്‍ന്നു. ഗദ്യ ക്ളാസിക്കുകളിലും നാടോടി സാഹിത്യത്തിലും പെട്ട ധാരാളം ഉത്കൃഷ്ട രചനകള്‍ ഈ കാലത്ത് ഉണ്ടായി.

ആധുനിക കാലത്ത് (19-ാം ശ.-ത്തിന്റെ മധ്യത്തോടെ) പാശ്ചാത്യ സാഹിത്യം തുര്‍ക്കി സാഹിത്യത്തെ ഗണ്യമായി സ്വാധീനിച്ചു. പ്രധാനമായും ഇംഗ്ളീഷ് സാഹിത്യ നായകന്മാരുടെ സ്വാധീനമാണ് മിക്ക കവികളിലും ചെറുകഥാകൃത്തുകളിലും നാടകകൃത്തുക്കളിലും ദൃശ്യമായിരുന്നത്.

യുവതുര്‍ക്കികള്‍ എന്നറിയപ്പെട്ട ഒരു സംഘം ആധുനിക എഴുത്തുകാര്‍ ദേശീയ പ്രബുദ്ധതയെ തനതായ വ്യക്തിത്വത്തോടുകൂടി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു. തുര്‍ക്കി റിപ്പബ്ളിക് രൂപംകൊണ്ടതോടെ ഒട്ടോമന്‍ എഴുത്തുകാരില്‍ നിന്ന് തുര്‍ക്കിയെ പൂര്‍ണമായി മോചിപ്പിച്ചു. ഇടതുപക്ഷ പുരോഗമന വാദികളായ ആധുനിക തുര്‍ക്കി സാഹിത്യകാരന്മാരുടെ നേതാവും കമ്യൂണിസ്റ്റ് കവിയുമായ നസിം ഹിക്മത്ത് കമാല്‍, യാസര്‍ കമാല്‍, ഫക്കീര്‍ ബായ്കുട്ട് എന്നിവര്‍ ആധുനിക തുര്‍ക്കി സാഹിത്യത്തിലെ ശ്രദ്ധേയരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍