This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുര്‍ക്കിസ്താന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുര്‍ക്കിസ്താന്‍

Turkestan/Turkistan

നിയതമായ അതിരുകളാല്‍ വേര്‍തിരിക്കപ്പെട്ടിട്ടില്ലാത്ത വിശാലമായൊരു ഏഷ്യന്‍ ഭൂപ്രദേശം. വ.സൈബീരിയ മുതല്‍ തെ.ഇറാന്‍, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളും തിബത്തും വരെ വ്യാപിച്ചിരിക്കുന്ന തുര്‍ക്കിസ്താന്റെ കി.മംഗോളിയന്‍ മരുഭൂമിയും പ.കാസ്പിയന്‍ കടലും സ്ഥിതിചെയ്യുന്നു. എ.ഡി. 500 മുതല്‍ ഈ പ്രദേശത്ത് അധിവസിച്ചിരുന്ന തുര്‍ക്കിക് ഭാഷാഗോത്ര വിഭാഗങ്ങളുമായി ബന്ധപ്പെട്ടാണ് തുര്‍ക്കിസ്താന്‍ എന്ന നാമം നിഷ്പന്നമായിട്ടുള്ളത്.

തുര്‍ക്കിസ്താനെ പൊതുവേ പശ്ചിമ തുര്‍ക്കിസ്താന്‍, ചൈനീസ് തുര്‍ക്കിസ്താന്‍, അഫ്ഗാന്‍ തുര്‍ക്കിസ്താന്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കാറുണ്ട്. കാസ്പിയന്‍ കടലിനും ടിയാന്‍ഷാന്‍ പര്‍വത നിരകള്‍ക്കും മധ്യേയുള്ള ഭാഗമാണ് മുമ്പ് സോവിയറ്റ് തുര്‍ക്കിസ്താന്‍ എന്നറിയപ്പെട്ടിരുന്ന പശ്ചിമ തുര്‍ക്കിസ്താന്‍. കസാഖിസ്താന്‍, തജികിസ്താന്‍, തുര്‍ക്ക്മെനിസ്താന്‍, ഉസ്ബെകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഈ മേഖലയില്‍പ്പെടുന്നു. ഈ പ്രദേശത്തിന്റെ വ.-ഉം പ.-ഉം നിരന്ന മണല്‍ പ്രദേശവും തെ.കി. പര്‍വതപ്രദേശവുമാണുള്ളത്. കൃഷിയേയും കന്നുകാലി വളര്‍ത്തലിനേയും ആശ്രയിച്ചു ജീവിക്കുന്ന മുസ്ളിങ്ങളാണ് പ.തുര്‍ക്കിസ്താനിലെ പ്രധാന ജനവിഭാഗം. താഷ്കെന്റ്, അല്‍മാറ്റി, ബിഷ്കേക്, ദ്യുഷാംബെ തുടങ്ങിയവയാണ് പ്രധാന നഗരങ്ങള്‍.

ഏഷ്യാ വന്‍കരയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചൈനീസ് തുര്‍ക്കിസ്താന്‍, പശ്ചിമ തുര്‍ക്കിസ്താനില്‍ നിന്ന് ഗോബി മരുഭൂമി, തിബത്ത് എന്നിവിടങ്ങളിലേക്കു വ്യാപിച്ചിരിക്കുന്നു. ചൈനയിലെ സിന്‍ജിയാങ് മേഖലയെ പ്രതിനിധാനം ചെയ്യുന്ന ചൈനീസ് തുര്‍ക്കിസ്താനില്‍ പൊതുവേ വരണ്ട കാലാവസ്ഥയാണനുഭവപ്പെടുന്നത്. കൃഷി, കന്നുകാലിവളര്‍ത്തല്‍, വ്യാപാരം എന്നിവയെ ആശ്രയിച്ചു ജീവിക്കുന്ന തുര്‍ക്കിഷ് വംശജരാണ് ഈ മേഖലയിലെ പ്രമുഖ ജനവിഭാഗം.

വ. ആമു-ദരിയ നദിയും വ.പ. പശ്ചിമതുര്‍ക്കിസ്താനും അതിര്‍ത്തി നിര്‍ണയിക്കുന്ന തുര്‍ക്കിസ്താന്‍ മേഖലയാണ് അഫ്ഗാന്‍ തുര്‍ക്കിസ്താന്‍. അഫ്ഗാനിസ്താന് അധീനമാകുന്നതിനു മുമ്പ് ദീര്‍ഘകാലം ഉസ്ബെക്കുകള്‍ ഈ പ്രദേശത്ത് ഭരണം നടത്തിയിരുന്നു. ഈ മേഖലയിലെ പര്‍വത പ്രദേശങ്ങളില്‍ ചെമ്പ്, ഇരുമ്പ്, ലെഡ്, സ്വര്‍ണം എന്നിവയുടെ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗവും പേര്‍ഷ്യന്‍, ഉസ്ബെക്ക് വംശീയ വിഭാഗങ്ങളില്‍പ്പെട്ടവരാണ്.

ചിരപുരാതന കാലം മുതല്‍ ഭൂമിശാസ്ത്രപരമായ സ്ഥാനംകൊണ്ട് പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയായി വര്‍ത്തിച്ചിരുന്ന പ്രദേശമായിരുന്നു തുര്‍ക്കിസ്താന്‍. യൂറോപ്പും ഏഷ്യയും തമ്മിലുള്ള വാണിജ്യ-വ്യാപാര ബന്ധങ്ങളെ നിയന്ത്രിച്ചിരുന്ന ഈ പ്രദേശത്ത് പലകാലങ്ങളില്‍ സാമ്രാജ്യത്വ ശക്തികള്‍ അധികാരം സ്ഥാപിക്കുവാന്‍ ശ്രമിച്ചിരുന്നു. ഇന്തോ-യൂറോപ്യന്‍ വര്‍ഗത്തില്‍പ്പെട്ടവരായിരുന്നു തുര്‍ക്കിസ്താനിലെ ആദിമനിവാസികള്‍ എന്ന് കരുതപ്പെടുന്നു. തുര്‍ക്കിസ്താനില്‍ ആദ്യമായി അധികാരം സ്ഥാപിച്ച സാമ്രാജ്യ ശക്തി പേര്‍ഷ്യയാണ്. ബി.സി. 4-ാം ശ.-ത്തില്‍ അലക്സാണ്ടര്‍ അധീനപ്പെടുത്തിയ ഈ പ്രദേശം അദ്ദേഹത്തിന്റെ കാലശേഷം പ്രാദേശിക ശക്തികളായ ബാക്ട്രിയ, പാര്‍ത്തിയ എന്നിവയുടെ കീഴിലായി. ബി.സി. 2-ാം ശ.-ത്തില്‍ ചൈന കിഴക്കന്‍ തുര്‍ക്കിസ്താനെ തങ്ങളുടെ നിയന്ത്രണത്തിലാക്കി.

ബി.സി. 2-ാം ശ.-ത്തില്‍ പശ്ചിമ തുര്‍ക്കിസ്താന്‍ കുശാനന്‍മാരുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. കുശാന സാമ്രാജ്യം ശിഥിലമായതോടെ (എ.ഡി. 3-ാം ശ.) ഇവിടെ മേധാവിത്വം സ്ഥാപിച്ച സസ്സാനിദ് രാജവംശം കിഴക്കന്‍ തുര്‍ക്കിസ്താനെ തങ്ങളുടെ അധീനതയിലാക്കി. 7-ാം ശ.-ത്തിലെ തുര്‍ക്കിസ്താന്റെ ചരിത്രം അറബികളുടെ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഉമയാദ് ഖലീഫമാരുടെ നേതൃത്വത്തിലുള്ള ആദ്യത്തെ മുസ്ളിം അറബികളുടെ സൈനിക മുന്നേററത്തിന് തുര്‍ക്കിസ്താന്‍ സാക്ഷ്യം വഹിച്ചു. ഇതോടെ സസ്സാനിദ് രാജവംശത്തിനുണ്ടായിരുന്ന സ്വാധീനം നഷ്ടമാവുകയും ഇവിടം ഇസ്ളാമികാധിപത്യ പ്രദേശമായി മാറുകയും ചെയ്തു. 9-ാം ശ.-ത്തോടെ കിഴക്കന്‍ തുര്‍ക്കിസ്താന്‍ മംഗോളിയയില്‍നിന്നുള്ള ഉഗിര്‍ (Uighr) തുര്‍ക്കികളുടെ നിയന്ത്രണത്തിലായി.

13-ാം ശ.-ത്തില്‍ ചെങ്കിസ്ഖാന്റേയും 14-ാം ശ.-ത്തില്‍ തിമൂറിന്റേയും സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു തുര്‍ക്കിസ്താന്‍. തിമൂറിന്റെ പിന്‍ഗാമികളുടെ കാലത്ത് ഉസ്ബക്കുകള്‍ എന്ന തുര്‍ക്കികള്‍ പശ്ചിമ തുര്‍ക്കിസ്താന്റെ വടക്കന്‍ പ്രാന്തങ്ങളില്‍ മേധാവിത്വം സ്ഥാപിച്ചു. തിമൂറിന്റെ പിന്‍ഗാമികളെ ട്രാന്‍സ്ഓക്സാനിയ പ്രദേശത്തുനിന്ന് പുറന്തള്ളിക്കൊണ്ട് ഉസ്ബക്ക് തലവനായ ഷെയ്ബാനിദ് 16-ാം ശ.-ത്തില്‍ തുര്‍ക്കിസ്താനിലെ അധീശശക്തിയായി മാറി. ഷെയ്ബാനിദ് രാജവംശവും തുടര്‍ന്നുവന്ന അഷ്ട്ടര്‍ഖാനിദ് രാജവംശവും ഇവിടെ ഏകീകൃത ഭരണം സ്ഥാപിക്കുന്നതില്‍ ഒരളവുവരെ വിജയിച്ചു. ഇവര്‍ക്കുശേഷമാണ് ബുക്കാറ, ഖിവ, ഖോഖണ്ട്, കാബൂള്‍ തുടങ്ങിയ നാട്ടുരാജ്യങ്ങള്‍ തുര്‍ക്കിസ്താനില്‍ നിലവില്‍ വന്നത്.

18-ാം ശ.-ത്തില്‍ കിഴക്കന്‍ തുര്‍ക്കിസ്താനെ തിരിച്ചുപിടിച്ച ചൈന ഈ പ്രദേശത്തെ സിങ്കിയാങ് (Sinkiong) എന്ന പ്രവിശ്യയില്‍ ഉള്‍പ്പെടുത്തി.

19-ാം ശ.-ത്തിലെ തുര്‍ക്കിസ്താന്റെ ചരിത്രം റഷ്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മധ്യേഷ്യ ആക്രമിച്ച റഷ്യന്‍സേന ബുക്കാറ, ഖിവ എന്നീ പ്രദേശങ്ങളൊഴികെയുള്ള പശ്ചിമ തുര്‍ക്കിസ്താനെ അധീനപ്പെടുത്തി. 1917-ലെ റഷ്യന്‍ വിപ്ളവത്തെത്തുടര്‍ന്ന് ഖിവയും ബുക്കാറയും സ്വതന്ത്ര സോവിയറ്റ് റിപ്പബ്ളിക്കുകളായും റഷ്യന്‍ ഗവര്‍ണര്‍ ജനറലിന്റെ കീഴിലുള്ള പ്രദേശം ഓട്ടോണമസ് തുര്‍ക്കിസ്താന്‍ റിപ്പബ്ളിക്കായും നിലവില്‍ വന്നു. 1925-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരം ഓട്ടോണമസ് തുര്‍ക്കിസ്താന്‍ റിപ്പബ്ളിക് അഞ്ച് സോവിയറ്റ് റിപ്പബ്ളിക്കുകളായി വിഭജിക്കപ്പെട്ടു: കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, തജികിസ്താന്‍, തുര്‍ക്ക്മെനിസ്താന്‍, ഉസ്ബെകിസ്താന്‍.

1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഈ റിപ്പബ്ളിക്കുകള്‍ സ്വതന്ത്രരാജ്യങ്ങളായി മാറി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍