This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുരീയാതീതോപനിഷത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുരീയാതീതോപനിഷത്ത്

അവധൂതന്റെ സ്വഭാവം വിശദീകരിക്കുന്ന ഉപനിഷത്ത്. മഹര്‍ഷി ശ്രേഷ്ഠന്മാരില്‍ത്തന്നെ അപൂര്‍വം പേര്‍ക്കു സ്വായത്തമാകുന്ന അവസ്ഥയാണ് അവധൂതഭാവം. ഇവരെ തുരീയാതീത അവധൂതന്മാരെന്നു വിശേഷിപ്പിക്കുന്നു. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന് ലൗകിക ഭാവങ്ങള്‍ക്ക് അതീതമായി യോഗികള്‍ക്കുമാത്രം അനുഭവവേദ്യമായ അലൗകികാനന്ദഭാവമാണ് തുരീയാവസ്ഥ - നാലാമത്തെ അവസ്ഥ. യോഗസാധനയിലൂടെ ഈ അവസ്ഥ കൈവരിക്കുന്നതോടെ അതുവരെയുള്ള ലൗകികാനുഭൂതി മായയാണെന്നു വേദ്യമാകുന്നു. ഈ തുരീയാവസ്ഥയില്‍ എത്തിയാല്‍ മഹര്‍ഷിമാര്‍ ആത്മോപദേഷ്ടാക്കളായും ആധ്യാത്മിക പ്രചാരകരായും സഹജീവികളുടെ വൈവശ്യമകറ്റുന്നതിന് ഉദ്ബോധനത്തിലേര്‍പ്പെട്ട് ജീവന്മുക്തരായി ജീവിതകാലം കഴിച്ചുകൂട്ടുകയാണു പതിവ്. സര്‍വസംഗപരിത്യാഗികളായി, ആധ്യാത്മിക പ്രബോധനത്തിനോ ഉദ്ബോധനത്തിനോ താത്പര്യം പ്രകടിപ്പിക്കാത്തവരായി, സന്ന്യാസി നിയമങ്ങള്‍ അതേപോലെ പാലിക്കാന്‍ പ്രയത്നിക്കാത്ത അവധൂതന്മാരായി മാറാന്‍ മിക്കവര്‍ക്കും സാധിക്കുന്നില്ല. അതിനാലാണ് തുരീയാതീതര്‍ - നാലാമത്തെ ഭാവത്തില്‍ നിന്നും അപ്പുറമുള്ള അവസ്ഥയിലെത്തിയവര്‍ എന്ന് അവധൂതന്മാരെ വിശേഷിപ്പിക്കുന്നത്.

"ഓം പൂര്‍ണമദഃ പൂര്‍ണമിദം പൂര്‍ണാത് പൂര്‍ണമുദച്യതേ. പൂര്‍ണസ്യപൂര്‍ണമാദായ പൂര്‍ണമേവാവശിഷ്യതേ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ എന്ന ശാന്തിപാഠത്തോടെയാണ് ഈ ഉപനിഷത്താരംഭിക്കുന്നത്. (ബ്രഹ്മം പൂര്‍ണമാണ്. ഈ പ്രപഞ്ചവും പൂര്‍ണമാണ്. പൂര്‍ണമായ ബ്രഹ്മത്തില്‍നിന്നും പൂര്‍ണമായ പ്രപഞ്ചമുണ്ടാകുന്നു. പൂര്‍ണത്തില്‍നിന്നും പൂര്‍ണം എടുത്താലും പൂര്‍ണമായിത്തന്നെ അവശേഷിക്കുന്നു. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ)

പിതാമഹനായ ബ്രഹ്മാവ് സ്വപിതാവായ ഭഗവാന്‍ നാരായണനെ സമീപിച്ച്, തുരീയാതീതന്മാരുടെ സ്വഭാവവും മാര്‍ഗവും എന്താണെന്നു വിശദീകരിക്കണം എന്നഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഭഗവാന്‍ നാരായണന്‍ തുരീയാതീതാവധൂതന്മാരുടെ സ്വഭാവത്തെ വിശദമായി വിവരിക്കുന്നതാണ് ഗദ്യരൂപത്തിലുള്ള ഈ ഉപനിഷത്തിലെ പ്രമേയം.

അവധൂതന്മാര്‍ എത്രയും വിരളമാണെന്നു പറഞ്ഞുകൊണ്ടാണ് അവരുടെ സ്വഭാവത്തെ വിശദീകരിക്കുന്നത്. 'അവര്‍ മനസ്സിനെ ഈശ്വരനില്‍ - നാരായണനില്‍ - അര്‍പ്പിക്കുന്നതിനാല്‍ ഈശ്വരനും അവരില്‍ത്തന്നെ കുടികൊള്ളുന്നു. യോഗസാധനയിലൂടെ ഹംസപദവിയും പരമഹംസപദവിയും പിന്നിട്ടവരാണിവര്‍. സമസ്ത പ്രപഞ്ച രഹസ്യത്തെയും മനസ്സിലാക്കിയ ഇവര്‍ ദണ്ഡം, കമണ്ഡലു, കടിസൂത്രം, കൌപീനം, ആച്ഛാദന വസ്ത്രം, തുടങ്ങിയ മഹര്‍ഷിയുക്തമായ വസ്തുക്കളേയും ഉപേക്ഷിച്ച് ദിഗംബരരായി (നഗ്നരായി) എല്ലാവിധത്തിലുമുള്ള വിധിനിഷേധരാഹിത്യത്തോടുംകൂടി നിവസിക്കുന്നു. എന്നാല്‍ ലോകബോധ്യത്തിനുവേണ്ടിമാത്രം മുമ്പനുഷ്ഠിച്ച ജ്യേഷ്ഠാജ്യേഷ്ഠഭാവത്തെ പെട്ടെന്ന് ഉപേക്ഷിക്കുന്നില്ല. ക്രമേണ വാസനാത്രയം, നിന്ദ, അനിന്ദ, ഗര്‍വം, മത്സരം, ദംഭം, ദ്വേഷം, കാമം, ക്രോധം, ലോഭം, മോഹം, ഹര്‍ഷം, അമര്‍ഷം, അസൂയ, ആത്മസംരക്ഷണഭാവന എന്നിവയെല്ലാം അകന്നവരായി ലൗകികരീതി അനുകരിച്ച് ഒരു പശുവിനെപ്പോലെ, എന്താണോ കിട്ടുന്നത് അതുകൊണ്ട് പ്രാണനെ സംരക്ഷിച്ചു ജീവിതം നിലനിര്‍ത്തുന്നു. വിദ്യ, പാണ്ഡിത്യം എന്നിവയുടെ സ്ഥാനങ്ങളെയും ചിന്തിക്കാതെ തന്നിലെ പൂര്‍ണബ്രഹ്മഭാവത്തെ മാത്രം അറിഞ്ഞുകൊണ്ട് സുഖദുഃഖാദികളാല്‍ ബാധിതരാകാതെ ആഗ്രഹാദികളില്ലാതെ സഞ്ചരിക്കുന്നു. വര്‍ണാശ്രമാചാരങ്ങളോ ദിനരാത്രങ്ങളോ ശ്രദ്ധിക്കുന്നില്ല. ചിലപ്പോള്‍ ബാഹ്യമായി ബാലനെപ്പോലെയോ ഉന്മത്തനെപ്പോലെയോ പിശാചിനെപ്പോലെയോ ഭാവിച്ച് എകാകിയായി സ്വരൂപധ്യാന നിരതനായിരിക്കുന്നു. എപ്പോഴും കൃതകൃത്യനായിരിക്കുന്ന അവധൂതന്‍ പ്രണവാത്മകത്വേന ശരീരം ത്യജിക്കുന്നു' എന്നിങ്ങനെ അവധൂതന്റെ ചര്യാഭാവങ്ങളെ വിശദമായി ഇതില്‍ പ്രതിപാദിക്കുന്നു. 108 ഉപനിഷത്തുകള്‍ മലയാളത്തില്‍ വ്യാഖ്യാനസഹിതം അവതരിപ്പിച്ച ഉപനിഷദ്ദീപ്തി എന്ന കൃതിയുടെ രണ്ടാം ഭാഗത്തില്‍ ഈ ഉപനിഷത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍