This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുരപ്പനെലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുരപ്പനെലി

Lesser bandicoot rat

വിശ്രമിക്കുന്ന തുരപ്പനെലി : മാളത്തിന്റെ പരിച്ഛേദം
ഒരിനം എലി. സസ്തനികളിലെ റോഡന്‍ഷ്യ (Rodentia) ഗോത്രത്തിലെ മ്യൂറിഡെ കുടുംബത്തിന്റെ ഉപകുടുംബമായ മ്യൂറിനെ (Murinae)യില്‍പ്പെടുന്നു. ശാ.നാ. ബന്‍ഡിക്കോട്ട ബംഗാളന്‍സിസ് (Bandicota bengalensis). മണ്ണിനടിയില്‍ വളരെ വിപുലമായ രീതി യില്‍ തുരങ്കങ്ങളുണ്ടാക്കാനുള്ള കഴിവില്‍ നിന്നാണ് ഇവയ്ക്ക് തുരപ്പനെലി എന്ന പേരു ലഭിച്ചത്.

തുരപ്പനെലിക്ക് പന്നിയെലിയോടു സാദൃശ്യമുണ്ടെങ്കിലും അവയുടെയത്ര വലുപ്പമില്ല. ഇളം തവിട്ടു നിറമുള്ള ശരീരത്തില്‍ നീളത്തിലുള്ള പരുക്കന്‍ രോമങ്ങളുണ്ടായിരിക്കും. ഉടലിന് 15-28 സെ.മീ. വരെയും വാലിന് 13-18 സെ.മീ. വരെയും നീളമുണ്ട്. 1.5 കി.ഗ്രാമാണ് ശരാശരി ഭാരം. വിക്ഷോഭ വേളകളില്‍ ഇവ പുറത്തെ രോമങ്ങള്‍ കുഞ്ചിരോമം പോലെ ഉയര്‍ത്തി പ്രത്യേക ശബ്ദം പുറപ്പെടുവിക്കാറുണ്ട്.

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും തുരപ്പനെലികളെ കണ്ടുവരുന്നു. ഈര്‍പ്പമുള്ള എക്കല്‍ പ്രദേശമാണ് ഇവയുടെ ഇഷ്ടവാസസ്ഥലം. കൃഷിസ്ഥലങ്ങളിലും മേച്ചില്‍പ്പുറങ്ങളിലും തരിശുഭൂമികളിലും ഇവയുടെ മാളങ്ങള്‍ കാണാം. 20 മീറ്ററോളം നീളമുള്ള മാളങ്ങള്‍ വരെ ഇവ നിര്‍മിച്ചിട്ടുള്ളതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു മാളത്തില്‍ ഒരു എലി മാത്രമേ ജീവിക്കാറുള്ളൂ. ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതും മാളങ്ങള്‍ക്കുള്ളിലാണ്. വിളവെടുപ്പുകാലത്ത് ഇവ ധാരാളം ധാന്യങ്ങള്‍ ശേഖരിച്ച് കാര്‍ഷിക വിളകള്‍ക്ക് നാശമുണ്ടാക്കുന്നു. ഇവയ്ക്ക് വെള്ളത്തില്‍ നീന്താനും മുങ്ങാങ്കുഴിയിടാനും കഴിയും. അതിനാല്‍ നെല്പാടങ്ങളില്‍ ജീവിക്കുന്നതിനും ഇവയ്ക്കു സാധിക്കുന്നു. കിഴങ്ങുവര്‍ഗ വിളകള്‍ക്ക്, പ്രത്യേകിച്ച് മരച്ചീനിക്ക്, ഇവ വന്‍ നാശം ഉണ്ടാക്കാറുണ്ട്. ഇത്തരം എലികള്‍ പ്ളേഗ് രോഗത്തിന്റെ വാഹകരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുരപ്പനെലികള്‍ക്ക് പ്രത്യേക പ്രജനന കാലമൊന്നും തന്നെയില്ല. ഒരു പ്രസവത്തില്‍ 10-12 കുഞ്ഞുങ്ങളുണ്ടായിരിക്കും. ജനിച്ച വേളയില്‍ കുഞ്ഞുങ്ങള്‍ക്ക് രോമങ്ങളും കാഴ്ചശക്തിയും ഉണ്ടായിരിക്കില്ല. ഇലകളും വയ്ക്കോലും പാകിയ അറകളിലാണ് ഇവ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. കുഞ്ഞുങ്ങള്‍ മൂന്ന് മാസം പ്രായമാകുമ്പോഴേക്കും പ്രത്യുത്പാദനത്തിനു പ്രാപ്തമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍