This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുമ്പൂണല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുമ്പൂണല്‍

Tooth ache tree

റൂട്ടേസീ (Rutaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. സാന്തോസൈലം അര്‍മേറ്റം (Zanthoxylum armatum), സാന്തോസൈലം അലേറ്റം (Zanthoxylum alatum). സംസ്കൃതത്തില്‍ തുംബുരു എന്നറിയപ്പെടുന്നു. തുംബൂണി എന്നും ഇതിനു പേരുണ്ട്.

ഹിമാലയത്തില്‍ 2100 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലും ആന്ധ്രാപ്രദേശില്‍ 1350 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലും തുമ്പൂണല്‍ വളരുന്നു. വലിയ കുറ്റിച്ചെടിയെന്നോ ചെറുമരമെന്നോ ഈ സസ്യത്തെ വിശേഷിപ്പിക്കാം. ആറു മീറ്ററോളം ഉയരത്തില്‍ ഇത് വളരും. തിളക്കമുള്ള ഇലകളും കാണ്ഡത്തില്‍ കാണപ്പെടുന്ന നിവര്‍ന്ന മുള്ളുകളും ഇതിന്റെ സവിശേഷതയാണ്. കാണ്ഡത്തിന് സാധാരണ മഞ്ഞകലര്‍ന്ന തവിട്ടു നിറമാണെങ്കിലും വെയിലേറ്റാല്‍ വളരെവേഗം കടും തവിട്ടുനിറമായിത്തീരും. ഇലകള്‍ സംയുക്തമാണ്. ഇലഞെടുപ്പിനിരുവശവും ചിറകുകള്‍ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലയ്ക്ക് 5-11 പത്രകങ്ങളുണ്ട്. പത്രകസീമാന്തം ദന്തുരമായിരിക്കും. പത്രകത്തിന്റെ ചുവട്ടിലായി കാണപ്പെടുന്ന ഗ്രന്ഥികളുടെ ഉപരിഭാഗത്തിന് തിളക്കമുള്ള കടും പച്ച നിറവും അടിഭാഗത്തിന് ഇളം പച്ച നിറവുമാണ്. ഇലയുടെ അഗ്രത്തിലുള്ള ഗ്രന്ഥികള്‍ക്ക് അരികുകളിലേതിനേക്കാള്‍ വലുപ്പം കൂടുതലായിരിക്കും.

ശാഖാഗ്രങ്ങളിലും ഇലയുടെ കക്ഷ്യങ്ങളിലുമായി പാനിക്കിള്‍ പുഷ്പമഞ്ജരി ഉണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ നിറമായിരിക്കും. ഉരുണ്ടു ചുവന്ന തിളക്കമുള്ള കായ്കള്‍ കുലകളായി കാണപ്പെടുന്നു. കായ്കള്‍ക്കുള്ളില്‍ കറുത്ത് ഉരുണ്ട തിളക്കമുള്ള ഒറ്റവിത്തു മാത്രമേ കാണപ്പെടുന്നുള്ളൂ.

തുമ്പൂണല്‍

തുമ്പൂണലിന്റെ മരത്തൊലിയും ഫലങ്ങളും ഔഷധയോഗ്യമാണ്. ചവര്‍പ്പു രസവും ഉഷ്ണവീര്യവും സുഗന്ധവുമുള്ള മരത്തൊലി അണുനാശകമാണ്. ഇത് ദഹനത്തെ വര്‍ധിപ്പിക്കുകയും കരളിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. മൂത്രവര്‍ധകമാണിത്.

കഫം, വാതം, ട്യൂമറുകള്‍, നേത്രരോഗങ്ങള്‍, ഉദരരോഗങ്ങള്‍, വയറിളക്കരോഗങ്ങള്‍, രക്തസംബന്ധമായ രോഗങ്ങള്‍, പനി, കുഷ്ഠം, ത്വക് രോഗങ്ങള്‍, ചുമ, ആസ്ത്മ, തളര്‍വാതം, സന്ധിവാതം, കോച്ചിവലിവ്, പ്രമേഹം, തൊണ്ടരോഗങ്ങള്‍, ഹൃദയത്തിന്റെ മാന്ദ്യം, ക്ഷീണം എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ തുമ്പൂണല്‍ ഉപയോഗിച്ചുവരുന്നു. ഭാവപ്രകാശത്തില്‍ തുമ്പൂണലിനെ-

'തുംബുരുഃ ഗ്രഥിതം തിക്തം കടുപാകോപി തത്കടു

രൂക്ഷോഷ്ണം ദീപനം തീക്ഷ്ണം രുച്യം ലഘു വിദാഹിച

വാതശ്ളേഷ്മാക്ഷി കര്‍ണോഷ്ഠ ശിരോരുഗ്ഗുരുതാ കൃമീന്‍

കുഷ്ഠശൂലാരുചിശ്വാസ പ്ളീഹകൃച്ഛ്രാണി നാശയേത്'

എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍