This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുമ്പിതുള്ളല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുമ്പിതുള്ളല്‍

തുമ്പിതുള്ളല്‍

ഒരു കേരളീയ നാടോടിനൃത്തം. പെണ്‍കുട്ടികളാണ് ഇതവതരിപ്പിക്കുക. ഓണം, തിരുവാതിര തുടങ്ങിയ സവിശേഷ സന്ദര്‍ഭങ്ങളിലാണ് ഇതു നടത്താറുളളത്. കുളിച്ച് പുതുവസ്ത്രമണിഞ്ഞ് കുറേ പെണ്‍കുട്ടികള്‍ വീടിന്റെ അകത്തളത്തിലോ മുറ്റത്തോ വട്ടമിട്ടിരുന്നാണ് ഈ കളി കളിക്കുക. തുമ്പച്ചെടിയോ മറ്റേതെങ്കിലും മരത്തൂപ്പോ കയ്യിലെടുത്ത് ഒരു പെണ്‍കുട്ടി നടുവിലിരിക്കും. ഈ കുട്ടിയാണ് തുമ്പി. മറ്റുള്ളവര്‍ പാട്ടുപാടിക്കൊണ്ട് മരത്തൂപ്പുകൊണ്ട് അവളെ അടിക്കും. പാട്ടിന്റെ താളം മുറുകുമ്പോള്‍ 'തുമ്പി' ഉറഞ്ഞുതുള്ളും. പിന്നിലെ മറ്റുള്ളവരുടെ പിന്നാലെ തുമ്പി ഓടിക്കളിക്കും. തുടര്‍ന്ന് മറ്റൊരാള്‍ തുമ്പിയാകും. ഇതാണ് കളിയുടെ രീതി. യുവതികളും ഇത് അവതരിപ്പിക്കാറുണ്ട്. തുമ്പിതുള്ളലിനു പശ്ചാത്തലമായി പാടുന്ന നാടന്‍ പാട്ട് പല ദേശങ്ങളിലും പല തരത്തിലാണ്. 'തുമ്പിയുണര്‍ത്താനും' 'തുമ്പിയടക്കു'വാനും പ്രത്യേകം പ്രത്യേകം പാട്ടുകളുണ്ട്. ഒരുദാഹരണം:

'അക്കരെനിക്കണ വേങ്കാമരത്തിലെ

ഒന്നാം തുളസിമേല്‍ ആടിവാ തുമ്പീ!

ആടിവാ തുമ്പീ നീ അലഞ്ഞുവാ തുമ്പീ,

മൂളിവാ തുമ്പീ നീ മുഴങ്ങിവാ തുമ്പീ!

ആളുകള്‍ പോരായോ, അലങ്കാരം പോരായോ?

ആടിവാ തുമ്പീ നീ അലഞ്ഞുവാ തുമ്പീ!

കൊട്ടുകള്‍ പോരായോ, കുരവകള്‍ പോരായോ?

മൂളിവാ തുമ്പീ നീ മുഴങ്ങിവാ തുമ്പീ!

എന്തെന്റെ തേവതേ നീ തുള്ളാതിരിക്കുന്നൂ?

കൊട്ടുകള്‍ പോരായോ, കുരവകള്‍ പോരായോ?

പൂ പോരായോ, പൂക്കുല പോരായോ?

ആളുകള്‍ പോരായോ അലങ്കാരം പോരായോ?

അക്കരനിക്കിണ വേങ്കാമരത്തിലെ

രണ്ടാംതുളസിമേല്‍ ആടിവാ തുമ്പീ.

ആടിവാ തുമ്പി നീ അലഞ്ഞുവാ തുമ്പീ

അലഞ്ഞുവാ തുമ്പീ നീ മൂളിവാ തുമ്പീ.

മൂളിവാ തുമ്പീ നീ മുഴങ്ങിവാ തുമ്പീ

പൂപോരായോ പൂക്കുല പോരായോ?

അലഞ്ഞുവാ തുമ്പീ നീ മൂളിവാ തുമ്പീ

മൂളീവാ തുമ്പീ നീ മുഴങ്ങീവാ തുമ്പീ.'

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍