This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുതന്‍ഖാമന്‍ (ബി.സി.1343 - 25)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുതന്‍ഖാമന്‍ (ബി.സി.1343 - 25)

ഈജിപ്ഷ്യന്‍ ഫറോവ. തുട്ടാഖാതന്‍ എന്നായിരുന്നു യഥാര്‍ഥനാമം. 18-ാം രാജവംശത്തിലെ അഖ്നാതെന്റെ മകനോ മരുമകനോ ആണ് തുതന്‍ഖാമന്‍ എന്നാണ് അനുമാനിക്കപ്പെടുന്നത്. അഖ്നാതെന്‍ നിറുത്തലാക്കിയ ആമെന്‍ദേവന്റെ ആരാധനയെ പുനഃസ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു. അഖ്നാതെന്‍ നടപ്പിലാക്കിയ മതപരിഷ്കരണങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്ന പുരോഹിത വര്‍ഗം ചെലുത്തിയ സമ്മര്‍ദം മൂലമാണ് ആമെന്‍ദേവനെ പുനഃസ്ഥാപിക്കുവാന്‍ ഇദ്ദേഹം സന്നദ്ധനായത്. ആമെന്‍ദേവന്റെ പ്രധാന ആരാധനാ കേന്ദ്രമെന്ന നിലയില്‍ പ്രശസ്തമായ തീബ്സില്‍ നിന്ന് തലസ്ഥാനം അമര്‍ണയിലേക്കു മാറ്റിയ അഖ്നാതന്റെ നടപടിയെ റദ്ദു ചെയ്ത ഇദ്ദേഹം തന്റെ പഴയ നാമത്തിനു പകരം ആമെന്റെ പ്രതിച്ഛായ എന്നര്‍ഥമുള്ള തുതന്‍ഖാമന്‍ എന്ന പേരു സ്വീകരിച്ചു.

തുതന്‍ഖാമന്‍ പതിനെട്ടാം വയസ്സില്‍ മരണമടഞ്ഞതായി കരുതപ്പെടുന്നു. എന്നാല്‍ മരണകാരണം എന്തായിരുന്നു എന്നു വ്യക്തമല്ല. ഹ്രസ്വമായ ഭരണകാലത്തിനിടയ്ക്ക് രാജ്യകാര്യങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പ്രധാനമന്ത്രി ആയ് ഇദ്ദേഹത്തിനുശേഷം അടുത്ത ഫറോവയായി.

ഈജിപ്തില്‍ പുരാവസ്തു പഠനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബ്രിട്ടീഷുകാരനായ കാര്‍ട്ടറാണ്, ലക്സോറിനു സമീപത്തുള്ള വാലി ഒഫ് കിങ്സില്‍ തുതന്‍ഖാമന്റെ ശവകുടീരം കണ്ടെത്തിയത്. റാമിസസ് VI-ന്റെ ശവകുടീരത്തിനു ചുറ്റുമുള്ള അവശിഷ്ടങ്ങള്‍ കൊണ്ടു മറഞ്ഞ നിലയിലാണ് ഈ ശവകുടീരത്തെ ഇദ്ദേഹം കണ്ടെത്തിയത്. ഈജിപ്ഷ്യന്‍ ഫറോവമാരുടെ ശവകുടീരങ്ങളില്‍ കേടുപാടുകള്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തപ്പെട്ട ആദ്യത്തേതായിരുന്നു തുതന്‍ഖാമന്റെ ശവകുടീരം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍