This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുഗ്ളക്ക് രാജവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുഗ്ലക്ക് രാജവംശം

1320 മുതല്‍ 1413 വരെ ഡല്‍ഹി ഭരിച്ച ഒരു രാജവംശം. ഗിയാസുദ്ദീന്‍ തുഗ്ലക്കായിരുന്നു രാജവംശത്തിന്റെ സ്ഥാപകന്‍. ഗിയാസുദ്ദീന്‍ തുഗ്ലക്ക്, മുഹമ്മദ് ബിന്‍ തുഗ്ലക്ക്, ഫിറോസ് തുഗ്ലക്ക് എന്നിവര്‍ ഈ വംശത്തിലെ പ്രമുഖരായ ഭരണാധിപന്മാരായിരുന്നു. 14-ാം ശ.-ത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ആഫ്രിക്കന്‍ സഞ്ചാരി ഇബ്നുബത്തൂത്തയുടെ ലിഖിതങ്ങളില്‍ തുഗ്ലക്ക് രാജവംശത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.

അലാവുദ്ദീന്‍ കില്‍ജിയുടെ മരണശേഷം ഡല്‍ഹി സല്‍ത്തനത്ത് ഒരു പ്രതിസന്ധി നേരിട്ട കാലയളവിലാണ് അദ്ദേഹത്തിന്റെ കീഴില്‍ ഗവര്‍ണറായിരുന്ന ഗിയാസുദ്ദീന്‍ സുല്‍ത്താനായി പ്രഖ്യാപിക്കപ്പെട്ടത്. അലാവുദ്ദീന്റെ മകനായ മുബാറക്കിനെ വധിച്ചുകൊണ്ട് അധികാരത്തിലേറിയ ഖുസ്റോ ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തിയായിരുന്നു. ഇദ്ദേഹത്തിന്റെ ഇസ്ലാം വിരുദ്ധ നിലപാടില്‍ അസന്തുഷ്ടരായ പ്രഭുക്കന്മാര്‍ ഗിയാസുദ്ദീന്റെ കീഴില്‍ സംഘടിക്കുകയുണ്ടായി. ഇസ്ലാമിന്റെ സംരക്ഷകനായി ഭാവിച്ച ഗിയാസുദ്ദീന്‍ 1320 സെപ്. 5-ന് ഡല്‍ഹിയില്‍ വച്ച് ഖുസ്റോവിനെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രഭുക്കന്മാര്‍ ഇദ്ദേഹത്തെ സുല്‍ത്താനായി തെരഞ്ഞെടുത്തു.

ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ഥ നാമം ഗാസി മാലിക് എന്നായിരുന്നു. ബാല്‍ബന്റെ കീഴില്‍ സേവനമനുഷ്ഠിച്ചുപോന്ന മാലിക് തുഗ്ളക്ക് എന്ന തുര്‍ക്കി അടിമയ്ക്ക് പഞ്ചാബിലെ ഒരു ഹിന്ദു യുവതിയില്‍ ജനിച്ച പുത്രനായിരുന്നു ഗാസി മാലിക്. 1320 സെപ്. 8-ന് ഗിയാസുദ്ദീന്‍ തുഗ്ലക്ക് എന്ന പേരില്‍ സ്ഥാനാരോഹണം ചെയ്ത പുതിയ സുല്‍ത്താന്‍ ഭരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ഉടനടി ആരംഭിച്ചു. സര്‍ക്കാരിലേക്കുള്ള വിഹിതം ഉത്പാദനത്തിന്റെ പത്തിലൊന്നോ പതിനൊന്നിലൊന്നോ ആയി ലഘൂകരിച്ചത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസജനകമായിരുന്നു. പുതിയ റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനു മുന്‍ഗണന നല്കിയ ഇദ്ദേഹം തപാല്‍ സമ്പ്രദായം കുറ്റമറ്റതാക്കി. സാമൂഹ്യ പ്രതിബദ്ധതയുള്ള ഭരണാധികാരിയായിരുന്നെങ്കിലും ഹിന്ദുക്കളോടുള്ള ഇദ്ദേഹത്തിന്റെ നയം വിവേചനപരമായിരുന്നു. ഇസ്ലാമിന്റെ സംരക്ഷകന്‍ എന്ന നിലയില്‍ അധികാരത്തിലേറിയ ഇദ്ദേഹത്തിന്റെ കീഴില്‍ ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരായി തരം താഴ്ത്തപ്പെട്ടിരുന്നു.

ഡല്‍ഹിയുടെ അധികാര നിയന്ത്രണങ്ങളില്‍ നിന്ന് സ്വതന്ത്ര്യമായി കാകതീയരാജ്യത്തേയും ബംഗാളിനേയും വീണ്ടും ഡല്‍ഹി സല്‍ത്തനത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതില്‍ ഗിയാസുദ്ദീന്‍ വിജയിച്ചു.

1325-ല്‍ ഡല്‍ഹിക്കു സമീപത്തുണ്ടായ ഒരു അപകടത്തില്‍ ഗിയാസുദ്ദീന്‍ മരണമടഞ്ഞു. ബംഗാള്‍ പര്യടനം കഴിഞ്ഞെത്തിയ ഗിയാസുദ്ദീനെ സ്വീകരിക്കുവാന്‍ പുത്രനായ ജൂനാഖാന്‍ നിര്‍മിച്ച നെടുംപുര താഴെ പതിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് സുല്‍ത്താന്‍ കൊല്ലപ്പെട്ടത്. ഗിയാസുദ്ദീന്റെ മരണം ജൂനാഖാന്‍ ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു എന്ന് ഇബ്നുബത്തൂത്ത രേഖപ്പെടുത്തിയിരിക്കുന്നു.

പിതാവിന്റെ മരണശേഷം മൂന്നു ദിനം കഴിഞ്ഞ് ജൂനാഖാന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന പേരില്‍ അധികാരത്തിലേറി (1325). സുല്‍ത്താനായശേഷം ഇദ്ദേഹം ഭരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. നികുതി പിരിക്കുന്നത് കുറ്റമറ്റതാക്കാന്‍ ഓരോ പ്രവിശ്യയിലേയും നികുതി വരവിന്റേയും ഭരണച്ചെലവിന്റേയും വ്യക്തമായ പട്ടിക തയ്യാറാക്കിയിരിക്കണം എന്ന വ്യവസ്ഥയുണ്ടാക്കി. എന്നാല്‍ ഖജനാവിലേക്കുള്ള വരവ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗംഗ-യമുനാ പ്രദേശത്ത് അധിക നികുതി ചുമത്തിയ നീക്കം പാളിപ്പോയി. ഏറ്റവും ഫലഭൂയിഷ്ഠമായ ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുക എന്ന തീരുമാനം യുക്തമായിരുന്നെങ്കിലും നടപ്പിലാക്കിയ സമയവും സന്ദര്‍ഭവും ശരിയായിരുന്നില്ല. ഗംഗ-യമുനാപ്രദേശം ക്ഷാമത്തിന്റെ പിടിയിലായിരുന്നപ്പോള്‍ ഈ നികുതി ഈടാക്കിയത് ജനങ്ങളെ അസന്തുഷ്ടരാക്കി.

1327-ല്‍ ഡല്‍ഹിയില്‍ നിന്നും തലസ്ഥാനം ദേവഗിരിയിലേക്കു മാറ്റിയത് ഭരണരംഗത്ത് കടുത്ത പ്രതിസന്ധിക്കു കാരണമായി. ഈ തീരുമാനം നടപ്പിലാക്കിയ രീതി പരാജയപ്പെടുകയായിരുന്നു. ഭരണ സ്ഥാപനങ്ങള്‍ക്കു പുറമേ മുഴുവന്‍ ജനങ്ങളും ദേവഗിരിയിലേക്കു നീങ്ങണമെന്ന സുല്‍ത്താന്റെ നിര്‍ബന്ധമായിരുന്നു പ്രതിസന്ധിക്കും പരാജയത്തിനും കാരണമായത്.

സുല്‍ത്താന്റെ വിവേകശൂന്യമായ പദ്ധതികളും സ്വേച്ഛാധിപത്യപ്രവണതകളും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. ഇദ്ദേഹത്തിന്റെ വികലമായ നയങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പ് പലപ്പോഴും കലാപമായി രൂപപ്പെടുകയും ഒടുവില്‍ സല്‍ത്തനത്തിന്റെ ശിഥിലീകരണത്തിനു വഴിതെളിക്കുകയും ചെയ്തു. 1335-ല്‍ മധുരയും 1338-ല്‍ ബംഗാളും ഡല്‍ഹിയില്‍ നിന്ന് സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. വടക്കു നിന്നുള്ള മുസ്ളിം ആധിപത്യത്തിനെതിരെയുള്ള ഹൈന്ദവ ധ്രുവീകരണത്തിനു കൃഷ്ണാനദിക്കു തെക്കുള്ള പ്രദേശം സാക്ഷ്യം വഹിച്ചതിന്റെ ഫലമായി സ്ഥാപിക്കപ്പെട്ടതാണ് വിജയനഗര സാമ്രാജ്യം. 1345-ല്‍ ഡെക്കാണിലെ അമീറുകള്‍ കലാപം നടത്തുകയും സുല്‍ത്താന്റെ മേല്‍ക്കോയ്മയെ ധിക്കരിച്ചുകൊണ്ട് സ്വതന്ത്ര ബാഹ്മിനി രാജ്യം സ്ഥാപിക്കുന്നതിനു തുടക്കം കുറിക്കുകയും ചെയ്തു.

1351-ല്‍ ത്യാഗി എന്ന കലാപകാരിയെ നേരിടുവാന്‍ സിന്ധിലേക്കു നീങ്ങിയ സുല്‍ത്താന്‍ രോഗാതുരനാവുകയും അവിടെ മരണമടയുകയും ചെയ്തു.

മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ മരണശേഷം സിന്ധില്‍ വച്ച് പ്രഭുക്കന്മാര്‍ അദ്ദേഹത്തിന്റെ പിതൃസഹോദരപുത്രനായ ഫിറോസിനെ 1351-ല്‍ സുല്‍ത്താനായി പ്രഖ്യാപിച്ചു. സ്ഥാനമേല്ക്കാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും ഒടുവില്‍ പ്രഭുക്കന്മാരുടെ സമ്മര്‍ദത്തിന് ഇദ്ദേഹം വഴങ്ങുകയുണ്ടായി.

ഡല്‍ഹി സല്‍ത്തനത്തിന്റെ കീഴില്‍ നിന്ന് സ്വതന്ത്ര്യമായ ബംഗാളിനെ വീണ്ടെടുക്കുവാനായി 1351-ല്‍ ഫിറോസ് ഒരു പര്യടനം നയിച്ചെങ്കിലും ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതിനു മുമ്പേ അതില്‍നിന്ന് പിന്തിരിഞ്ഞു. സിന്ധിനെതിരെയുള്ള ഇദ്ദേഹത്തിന്റെ ആദ്യത്തെ പര്യടനം (1362) പരാജയപ്പെട്ടെങ്കിലും രണ്ടാമത്തേത് വിജയിച്ചു. ഡല്‍ഹി സല്‍ത്തനത്ത് കണ്ട ഏറ്റവും സാമൂഹ്യ പ്രതിബദ്ധതയുള്ള ഭരണാധികാരിയായിരുന്നു ഫിറോസ്. മുഹമ്മദിന്റെ അവസാനകാലത്ത് രാജ്യത്തെ ഗ്രസിച്ച അശാന്തിക്കും പുരോഗമനരാഹിത്യത്തിനും വിരാമമിട്ടുകൊണ്ട് ഭരണത്തിനു പുതിയ ഉണര്‍വും ആര്‍ജവവും ഇദ്ദേഹം നല്കി. ഖുര്‍-ആനിലെ നിയമസംഹിതയ്ക്കു വിരുദ്ധമായി തന്റെ മുന്‍ഗാമികള്‍ ചുമത്തിയ ഇരുപത് നികുതികള്‍ ഇദ്ദേഹം റദ്ദു ചെയ്തു. കൈകാലുകള്‍ ഛേദിക്കുക, കണ്ണുകള്‍ ചൂഴ്ന്നെടുക്കുക തുടങ്ങിയ പ്രാകൃത ശിക്ഷകള്‍ നിറുത്തലാക്കിയതുവഴി നിയമനിര്‍വഹണത്തില്‍ വിവേകവും പക്വതയുമുള്ള ഭരണാധികാരി എന്നു ഫിറോസ് തെളിയിച്ചു. കൃഷിയുടെ വികസനത്തിനായി ഇദ്ദേഹം ജലസേചന പദ്ധതികള്‍ നടപ്പിലാക്കിയത് ശ്ലാഘനീയമായിരുന്നു. ജനക്ഷേമപരമായ ഒട്ടേറെ പദ്ധതികള്‍ ഫിറോസിന്റെ കാലത്ത് പ്രാബല്യത്തില്‍ വന്നെങ്കിലും, ഭരണസംവിധാനത്തിലെ ഏതാനും പോരായ്മകള്‍ ഭാവിയില്‍ സല്‍ത്തനത്ത് നേരിട്ട അപചയത്തിനു വഴിയൊരുക്കി. അലാവുദ്ദിന്‍ കില്‍ജി നിര്‍ത്തലാക്കിയ ജാഗീര്‍ സമ്പ്രദായം ഫിറോസ് പുനഃസ്ഥാപിച്ചത് രാജ്യത്തിന്റെ ഭദ്രതയ്ക്കു ഹാനികരമായ വികേന്ദ്രീകരണപ്രക്രിയയ്ക്കു വഴിയൊരുക്കി. പട്ടാളത്തില്‍ യോഗ്യതയ്ക്കു പകരം പാരമ്പര്യാവകാശം മാനദണ്ഡമായി സ്വീകരിച്ചത് രാജ്യത്തെ സൈനികമായി ദുര്‍ബലപ്പെടുത്തി. സല്‍ത്തനത്തിനെ പ്രധാനമായും ഒരു മുസ്ലീം രാഷ്ട്രമായി കണ്ട ഇദ്ദേഹം അന്യമതങ്ങളോട് അസഹിഷ്ണുത പുലര്‍ത്തി. ജെസിയ എന്ന മതനികുതി ബ്രാഹ്മണര്‍ക്കുമേല്‍ ആദ്യമായി ചുമത്തിയത് ഫിറോസ് ഷാ ആയിരുന്നു.

1388-ല്‍ ഫിറോസ് അന്തരിച്ചു. ഫിറോസിനുശേഷം വന്ന അപ്രാപ്തരായ സുല്‍ത്താന്മാരുടെ കീഴില്‍ രാജ്യം ദുര്‍ബലവും ശിഥിലവുമായിത്തീര്‍ന്നു. ഫിറോസിന്റെ പൗത്രനായ മഹ്മൂദായിരുന്നു ഈ വംശത്തിലെ അവസാനത്തെ രാജാവ്. ധിഷണാശാലികളായ ഡല്‍ഹി സുല്‍ത്താന്മാര്‍ പടുത്തുയര്‍ത്തിയ വിപുലമായ സാമ്രാജ്യം സുല്‍ത്താന്‍ മഹ്മൂദ് ഭരണത്തിലെത്തിയപ്പോഴേക്കും ഒരു ചെറിയ പ്രദേശമായി ചുരുങ്ങിയിരുന്നു. ഡല്‍ഹി സല്‍ത്തനത്തിനെ ഗ്രസിച്ച അപചയം മൂര്‍ധന്യാവസ്ഥയില്‍ ആയിരിക്കവേയാണ് തിമൂര്‍ ഇന്ത്യ ആക്രമിച്ചത്. 1398-ല്‍ മഹ്മൂദ് തിമൂറിനെ നേരിട്ടെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രവേശിച്ച തിമൂര്‍ ഡല്‍ഹി സുല്‍ത്താനായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹമില്ലായിരുന്ന തിമൂര്‍ മുല്‍ത്താണ്‍, ലാഹോര്‍, ദിപല്‍പ്പൂര്‍ എന്നിവിടങ്ങളിലെ ഭരണം തന്റെ പ്രതിനിധിയായ ഖിസ്റ് ഖാന്‍ സയ്യിദിനെ ഏല്പ്പിക്കുകയുണ്ടായി. തിമൂര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയപ്പോള്‍ മഹ്മൂദ് ഡല്‍ഹിയില്‍ വീണ്ടും അധികാരം നിലനിര്‍ത്തിയെങ്കിലും ഡല്‍ഹിയും പരിസരപ്രദേശങ്ങളും ഉള്‍പ്പെട്ട ഒരു ചെറിയ പ്രവിശ്യയായി സാമ്രാജ്യം മാറിയിരുന്നു.

1413-ല്‍ മഹ്മൂദിന്റെ മരണത്തോടെ തുഗ്ലക്ക് രാജവംശം ഇല്ലാതായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍