This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുഗ്ളക്ക്, മുഹമ്മദ് ബിന്‍ (ഭ.കാ. 1325 - 51)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുഗ്ളക്ക്, മുഹമ്മദ് ബിന്‍ (ഭ.കാ. 1325 - 51)

ഡല്‍ഹി ഭരിച്ച തുഗ്ലക്ക് രാജവംശത്തിലെ രണ്ടാമത്തെ സുല്‍ത്താന്‍. തുഗ്ലക്ക് വംശസ്ഥാപകനായ ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ മൂത്ത പുത്രനായ ഇദ്ദേഹത്തിന്റെ യഥാര്‍ഥനാമം ജൂനാഖാന്‍ എന്നായിരുന്നു. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ അപകട മരണത്തെത്തുടര്‍ന്ന് ജൂനാഖാന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന പേരില്‍ സുല്‍ത്താനായി സ്വയം പ്രഖ്യാപിച്ചു (1325). പിതാവിന്റെ മരണത്തില്‍ പങ്കുണ്ടായിരുന്നു എന്ന ആക്ഷേപം നിലനില്ക്കവേയാണ് ഇദ്ദേഹം സ്ഥാനാരോഹണം നടത്തിയതെങ്കിലും പൊതുജനഹിതം ഇദ്ദേഹത്തിനെതിരായിരുന്നില്ല.

വിവാദപരമായ നിരവധി ഭരണ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയ ഭരണാധികാരിയായിട്ടാണ് മുഹമ്മദ് ബിന്‍ തുഗ്ലക്ക് ചരിത്രത്തില്‍ അറിയപ്പെട്ടത്. സുല്‍ത്താനായശേഷം ഭരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ഇദ്ദേഹം സ്വീകരിച്ചു. നികുതി പിരിക്കുന്നത് കുറ്റമറ്റതാക്കാന്‍, ഓരോ പ്രവിശ്യയിലേയും നികുതി വരവിന്റേയും ഭരണച്ചെലവിന്റേയും വ്യക്തമായ പട്ടിക തയ്യാറാക്കിയിരിക്കണം എന്ന വ്യവസ്ഥയുണ്ടാക്കി. രാജ്യത്താകെ ഒരേ രീതിയിലുള്ള നികുതി ഏര്‍പ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഈ നിയമം നടപ്പാക്കിയത്. നികുതിവകുപ്പില്‍ ക്രമവും കൃത്യതയും കൊണ്ടുവരുന്നതില്‍ ഈ പരിഷ്കാരം വലിയ പങ്കു വഹിച്ചു. എന്നാല്‍ ഖജനാവിലേക്കുള്ള വരവ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗംഗ-യമുന പ്രദേശത്ത് അധികനികുതി ചുമത്തിയത് അവിടത്തെ ജനങ്ങളെ അസന്തുഷ്ടരാക്കി. ഏറ്റവും ഫലഭൂയിഷ്ഠമായ മേഖലയില്‍ ഏറ്റവും കുടുതല്‍ നികുതി ചുമത്തുക എന്ന തീരുമാനം യുക്തമായിരുന്നുവെങ്കിലും, നടപ്പിലാക്കിയ സമയവും സന്ദര്‍ഭവും ശരിയായിരുന്നില്ല. ഗംഗ-യമുന പ്രദേശം ക്ഷാമത്തിന്റെ പിടിയിലായിരുന്നപ്പോള്‍, ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് അമിത നികുതി ഈടാക്കാന്‍ മുഹമ്മദ് ശ്രമിച്ചത് തികച്ചും വിവേകശൂന്യമായിരുന്നു.

മുഹമ്മദ് 1327-ല്‍ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് ദേവഗിരിയിലേക്കു മാറ്റിയത് ഭരണരംഗത്ത് കടുത്ത പ്രതിസന്ധിക്കു കാരണമായി. രാജ്യത്തിന്റെ മധ്യത്തായിട്ടുള്ള ദേവഗിരിയുടെ സ്ഥാനമായിരുന്നു തലസ്ഥാനം മാറ്റാന്‍ സുല്‍ത്താനെ പ്രേരിപ്പിച്ച പ്രധാന ഘടകം. ഡല്‍ഹി, ഗുജറാത്ത്, കാമ്പില, ദ്വാരസമുദ്ര എന്നിവയെല്ലാം ദേവഗിരിയില്‍ നിന്നും തുല്യ ദൂരത്താണ് സ്ഥിതിചെയ്തത്. വ.പടിഞ്ഞാറന്‍ അതിര്‍ത്തിക്കു സമീപത്തുള്ള ഡല്‍ഹി തുടരെയുള്ള മംഗോളിയന്‍ ആക്രമങ്ങള്‍ക്കു വിധേയമായിരുന്നു. മംഗോളിയന്‍ ആക്രമണങ്ങളില്‍ നിന്ന് പരിരക്ഷ നല്കുന്നതില്‍ ഡല്‍ഹി പരാജയപ്പെട്ട സാഹചര്യത്തില്‍ തലസ്ഥാനം രാജ്യത്തിന്റെ മധ്യഭാഗത്തായിരിക്കുന്നതാണ് ഉചിതമെന്ന് മുഹമ്മദ് കരുതി. തികച്ചും യുക്തിപൂര്‍വമായ ഈ തീരുമാനം നടപ്പിലാക്കിയ രീതി പരാജയപ്പെടുകയായിരുന്നു. ഭരണസ്ഥാപനങ്ങളുടെ മാറ്റത്തിനു പുറമേ, മുഴുവന്‍ ജനങ്ങളും ദേവഗിരിയിലേക്കു നീങ്ങണമെന്ന സുല്‍ത്താന്റെ നിര്‍ബന്ധമായിരുന്നു പ്രതിസന്ധിക്കും പരാജയത്തിനും കാരണമായത്. ജന്മസ്ഥലം ഉപേക്ഷിക്കാന്‍ വിമുഖത കാട്ടിയ ജനങ്ങളെ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിച്ചത് സുല്‍ത്താനെ കൂടുതല്‍ അനഭിമതനാക്കി. 1000 കി.മീറ്ററിലധികം ദൂരമുള്ള ദുരിതപൂര്‍ണമായ യാത്ര അനവധി പേരുടെ ജീവനാശത്തിനു കാരണമായി. ഈ സാഹചര്യത്തില്‍ ഒരു പുനര്‍ചിന്തനത്തിനു തയ്യാറായ സുല്‍ത്താന്‍ ഡല്‍ഹിയിലേക്ക് ആസ്ഥാനം മാറ്റിയതായി വീണ്ടും പ്രഖ്യാപിച്ചു. ദുരിതങ്ങള്‍ താണ്ടി ദേവഗിരിയിലെത്തിയ ജനങ്ങള്‍ വീണ്ടും സുല്‍ത്താന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലേക്കു മടങ്ങിയെങ്കിലും ഒട്ടനവധി പേരുടെ ജീവനാശത്തിന് ഇതിടയാക്കി. ജനങ്ങളെ ഒന്നടങ്കം മാറ്റി പാര്‍പ്പിക്കുന്നതിനു പകരം രാജസദസ്സു മാത്രം അങ്ങോട്ട് സ്ഥാപിച്ചിരുന്നെങ്കില്‍ തുഗ്ലക്ക് നടപ്പിലാക്കിയ ഈ പരിഷ്കരണം വിജയിക്കുമായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്.

ദക്ഷിണ ഇന്ത്യയിലെ ഹൈന്ദവ മേധാവിത്വത്തിനു വിരാമമിട്ടുകൊണ്ട് ഇസ്ലാമിന്റെ ആധിപത്യത്തിനു വഴിതെളിച്ചത് മുഹമ്മദ് ബിന്‍ തുഗ്ലക്കായിരുന്നു. രാജകുമാരനായിരിക്കവേ വാറംഗല്‍ പിടിച്ചെടുത്ത ഇദ്ദേഹം സുല്‍ത്താനായശേഷം കാംബിലി, ദ്വാരസമുദ്രം എന്നീ രാജ്യങ്ങളെക്കൂടി തന്റെ അധീനതയിലാക്കുന്നതില്‍ വിജയിച്ചു. കാശ്മീര്‍, ഒറീസ, രാജസ്ഥാന്‍, മലബാര്‍തീരം എന്നിവ ഒഴിച്ച് ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളും ഡല്‍ഹിയുടെ അധികാരത്തെ അംഗീകരിച്ചു എന്നത് മുഹമ്മദിന് അഭിമാനിക്കാവുന്ന നേട്ടമായി.

നിരവധി നാണയ പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയ തുഗ്ലക്കിനെ 'നാണയ നിര്‍മാതാക്കളുടെ രാജാവ്' എന്നാണ് എഡ്വേര്‍ഡ് തോമസ് വിശേഷിപ്പിച്ചത്. ചൈനയിലും പേര്‍ഷ്യയിലും

നിലവിലിരുന്ന സൂചനാ നാണയങ്ങളുടെ (token currency) മാതൃക യില്‍ ഇവിടെയും ആ സമ്പ്രദായം ആവിഷ്കരിച്ചത് പുതുമയുള്ള ഒരു പരീക്ഷണമായിരുന്നു. വെള്ളി നാണയങ്ങള്‍ക്കു പകരം ചെമ്പുകൊണ്ടുള്ള നാണയങ്ങളാണ് ഇദ്ദേഹം പുറത്തിറക്കിയത്. എന്നാല്‍ സൂചനാ നാണയ നിര്‍മാണം രാഷ്ട്രത്തിന്റെ കുത്തകയാക്കാത്തത് ഈ പരിഷ്കരണത്തിന്റെ ഏറ്റവും വലിയ പരാധീനതയായി മാറി. കള്ളനാണയങ്ങള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെട്ടതോടെ ഇദ്ദേഹത്തിന് ഈ സമ്പ്രദായം പിന്‍വലിക്കേണ്ടിവന്നു.

ഇന്ത്യയ്ക്ക് അപ്പുറത്തേക്കു കൂടി സാമ്രാജ്യം വ്യാപിപ്പിക്കുക എന്നത് മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സ്വപ്നമായിരുന്നു. രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരുന്ന മധ്യേഷ്യയിലെ ഖുറാസാനില്‍ ആധിപത്യം സ്ഥാപിക്കുക എളുപ്പമാണെന്നു കരുതിയ സുല്‍ത്താന്‍ മധ്യേഷ്യയിലേക്കു സാമ്രാജ്യ വിസ്തൃതി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3,70,000 ഭടന്മാരെ പ്രത്യേകം സജ്ജരാക്കി. എന്നാല്‍ ഇതിന്റെ പ്രായോഗികവശത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചശേഷം സുല്‍ത്താന്‍ ഈ ശ്രമം ഉപേക്ഷിച്ചു. രാജ്യത്തിനു വന്‍ സാമ്പത്തിക നഷ്ടമുണ്ടായെങ്കിലും വിവേകശൂന്യമായ ഒരു പദ്ധതിയുടെ അനിഷ്ട ഫലങ്ങളില്‍ നിന്ന് രാജ്യം ഒഴിവാക്കപ്പെട്ടു എന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.

സുല്‍ത്താന്റെ അസ്ഥിരവും അനിശ്ചിതവുമായ പദ്ധതികളും സ്വേച്ഛാധിപത്യ രീതികളും ജനങ്ങളെ അസംതൃപ്തരാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പ് പലപ്പോഴും കലാപമായി രൂപപ്പെടുകയും ഒടുവില്‍ സല്‍ത്തനത്തിന്റെ ശിഥിലീകരണത്തിനു വഴി ഒരുക്കുകയും ചെയ്തു. 1335-ല്‍ മധുരയും 1338-ല്‍ ബംഗാളും സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. വടക്കു നിന്നുള്ള മുസ്ലീം ആധിപത്യത്തിനെതിരെയുള്ള ഹൈന്ദവ ധ്രുവീകരണത്തിന്റെ ഫലമായി കൃഷ്ണാനദിക്കു തെക്കുള്ള പ്രദേശങ്ങള്‍ ചേര്‍ന്ന് വിജയനഗരസാമ്രാജ്യം രൂപവത്കരിക്കപ്പെട്ടു.

1347-ല്‍ ഡെക്കാണിലെ വിമത അമീറുകള്‍ സ്വതന്ത്ര ബാഹ്മിനി രാജ്യത്തിനു തുടക്കം കുറിച്ചു.

1351-ല്‍ ത്യാഗി എന്ന കലാപകാരിയെ നേരിടുവാന്‍ സിന്ധിലേക്കു നീങ്ങിയ സുല്‍ത്താന്‍ രോഗാതുരനാവുകയും അവിടെ വച്ച് മരണമടയുകയും ചെയ്തു.

തലസ്ഥാനമാറ്റം, നാണയപരിഷ്കാരം തുടങ്ങിയ പരിഷ്കരണങ്ങളുടെ പേരില്‍ തുഗ്ലക്ക് പരിഹസിക്കപ്പെടുകയും വിഡ്ഢിയായ ചക്രവര്‍ത്തിയെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വസ്തുനിഷ്ഠവും സത്യസന്ധവുമായ ചരിത്ര പഠനങ്ങള്‍ ഇത്തരം വിലയിരുത്തലുകളുടെ ഏകപക്ഷീയതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചരിത്രത്തിന്റെ പുനര്‍വായന ഇദ്ദേഹത്തെ ഒരു ബഹുമുഖ പ്രതിഭയായിട്ടാണ് ചിത്രീകരിക്കുന്നത്. ജ്യോതിശ്ശാസ്ത്രം, തത്ത്വശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ അവഗാഹം നേടിയ ഇദ്ദേഹം വൈദ്യശാസ്ത്രത്തിലും തത്പരനായിരുന്നു എന്ന് ബര്‍ണി രേഖപ്പെടുത്തിയിരിക്കുന്നു. സദാചാരമൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടുള്ള ലളിതജീവിതം, സ്ത്രീകളോടുള്ള ബഹുമാനം, ദാനശീലം, വിനയം, മതസഹിഷ്ണുത തുടങ്ങിയ ഒട്ടനവധി ഗുണങ്ങള്‍ക്കുടമയായിരുന്നെങ്കിലും നിസ്സാരമായ കുറ്റങ്ങള്‍ക്കുപോലും അതിക്രൂരമായ ദണ്ഡനങ്ങള്‍ നല്കിയതുമൂലം മുഹമ്മദ് പലപ്പോഴും ക്രൂരതയുടെ പര്യായമായി അറിയപ്പെട്ടു. ഇത്തരത്തില്‍ വിരുദ്ധ സ്വഭാവങ്ങളുടെ സമ്മേളനമായിരുന്നതിനാലാകാം 'ലോകത്തിലെ ഏറ്റവും വിനയാന്വിതനായ മനുഷ്യന്‍' എന്ന് ഇബ്നുബത്തൂത്ത പ്രകീര്‍ത്തിച്ച അതേ വ്യക്തി 'രക്തദാഹിയായ സ്വേച്ഛാധിപതി' എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍