This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുകാറാം (1608 - 49)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുകാറാം (1608 - 49)

തുകാറാം-രേഖാ ചിത്രം

17-ാം ശ.-ത്തിലെ ശ്രേഷ്ഠനായ മറാഠി ഭക്തകവിയും സന്ന്യാസി വര്യനും ഗായകനും. മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഇന്ദ്രാണി നദീതീരത്തുള്ള ദേഹു ഗ്രാമത്തില്‍ അംബിലെ കുടുംബത്തിലാണ് ജനിച്ചത്. പിതാവ് ബോള്‍ഹോബ; മാതാവ് കന്‍കായി. വ്യാപാരമാണ് ജീവിതവൃത്തിയായി സ്വീകരിച്ചത്. തുകാറാമിന്റെ വംശക്കാര്‍ പരമ്പരാഗതമായി ഭഗവദ്ഭക്തരായിരുന്നു. കുടുംബ പരദേവത വിഠോബയായിരുന്നു. ബാല്യത്തിലേ വിഠോബയോട് അഗാധമായ ഭക്തി ഇദ്ദേഹത്തിനുണ്ടായിരുന്നു. 17-ാമത്തെ വയസ്സില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. വ്യാപാരത്തകര്‍ച്ച, ജ്യേഷ്ഠന്റെ നാടുവിടല്‍ എന്നിങ്ങനെയുള്ള ദുരന്തങ്ങള്‍ ഒന്നൊന്നായി തുകാറാമിനെ വേട്ടയാടാന്‍ തുടങ്ങി. 1630- 31 കാലഘട്ടത്തില്‍ മഹാരാഷ്ട്രയിലുണ്ടായ ക്ഷാമവും ഇദ്ദേഹത്തെ ദുഃഖിതനാക്കി. തുകാറാമിന്റെ ഭാര്യ രഖ്മായിയും പുത്രന്‍ സന്താജിയും ദാരിദ്ര്യം മൂലം മരിച്ചു. തുടര്‍ന്ന് ലൗകിക ജീവിതത്തില്‍ നിന്ന് വിരക്തനായി പരമഭക്തനായ തുകാറാം ജീവിതത്തെ ആധ്യാത്മിക മഹത്ത്വം നേടാനുള്ള തപസ്യയാക്കിത്തീര്‍ത്തു. തകര്‍ന്നു തരിപ്പണമായ തന്റെ പാര്‍പ്പിടത്തിലുണ്ടായിരുന്നതെല്ലാം ഇന്ദ്രാണി നദിയില്‍ ഉപേക്ഷിച്ച് നാടുവിട്ടു. അകലെയുള്ള ബ്രഹ്മഗിരിയിലെത്തി അവിടത്തെ ഏകാന്തശാന്തിയില്‍ തപശ്ചര്യയില്‍ മുഴുകി കാലം കഴിച്ചുകൂട്ടുകയും ഒടുവില്‍ ഈശ്വര സാക്ഷാത്കാരം സിദ്ധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. ഇതിനുശേഷം ഇദ്ദേഹം കാവ്യരചനയില്‍ മുഴുകി. ഇദ്ദേഹത്തിന്റെ തന്നെ ചില വരികളില്‍ തനിക്കു ലഭിച്ച ഈശ്വരാനുഗ്രഹത്തേയും ആനന്ദലബ്ധിയേയുംപറ്റി ഇങ്ങനെ പറയുന്നുണ്ട്.

'തരുവല്ലീ നിരയിന്നു മോദമാര്‍ഗം

തരുവാനായിവിടെന്റെ ബന്ധുവര്‍ഗം

നിരുപമ സ്വരസുധ ചെയ്തു മന്ദം

സരിഗമ പാടുന്നു പക്ഷിവൃന്ദം

വീജന വിമോഹനമീവനത്തില്‍

വിജയവും ശാന്തിയുമോടിയെത്തി' (വിവര്‍ത്തനം)

തുകാറാം നിശ്ചയദാര്‍ഢ്യത്തോടെ ആധ്യാത്മിക ചിന്തകളില്‍ മുഴുകി സാധനകള്‍ അനുഷ്ഠിക്കുവാന്‍ തുടങ്ങി. അധികം താമസിയാതെ ഇദ്ദേഹം പൂര്‍ണ വൈരാഗിയായിത്തീര്‍ന്നു. ഗുരൂപദേശം ഒരിക്കല്‍ സിദ്ധിച്ചതായും ധ്യാനത്തില്‍ 'രാമകൃഷ്ണഹരി' എന്ന മന്ത്രം താന്‍ കേട്ടതായും തുകാറാം പറഞ്ഞിട്ടുണ്ട്. 'ഗുരുചൈതന്യ സമ്പ്രദായത്തി'ന്റേയും ഭാഗവതധര്‍മം എന്നറിയപ്പെടുന്ന 'വാര്‍ക്കാരീ സമ്പ്രദായ'(സനാതന ബ്രാഹ്മണരുടെ യാഥാസ്ഥിതികതയ്ക്കെതിരായി 13-ാം ശ.-ത്തില്‍ നാമദേവനും ജ്ഞാനദേവനും ആരംഭിച്ച മതശാഖ)ത്തിന്റേയും സമഞ്ജസ സമ്മേളനം ഇദ്ദേഹത്തില്‍ ദൃശ്യമായിരുന്നു. ജ്ഞാനേശ്വര്‍, നാമദേവന്‍, ഏകനാഥന്‍, കബീര്‍ എന്നീ മഹാത്മാക്കളുടെ ചിന്താധാരകളെ ഇദ്ദേഹം സ്വാംശീകരിച്ചിരുന്നു. ആധ്യാത്മിക സിദ്ധിക്കുശേഷം കഠിനമായ ജപതപങ്ങള്‍ക്കു പകരം തുകാറാം സരളമായ നാമസങ്കീര്‍ത്തനത്തിനാണ് ജീവിതം വിനിയോഗിച്ചത്. ഈശ്വരനില്‍ ലയിക്കാനുള്ള ഏകവഴി നാമസങ്കീര്‍ത്തനമാണെന്ന് വിശ്വസിച്ചിരുന്നു തുകാറാം. ഭാരതം മുഴുവന്‍ ഇദ്ദേഹത്തിന്റെ ഭക്തിയും കീര്‍ത്തിയും പ്രചരിച്ചു. ലോകത്തെയോ ഭൌതിക ജീവിതത്തെയോ തുകാറാം ഒരിക്കല്‍പ്പോലും പുച്ഛിച്ചിരുന്നില്ല. പ്രത്യുത സാധാരണ മനുഷ്യന്റെ വേദനകളും നിരന്തര യാതനകളുമുള്‍ക്കൊള്ളുന്ന ജീവിതത്തെ പാടിപ്പുകഴ്ത്തുകയാണ് ചെയ്തത്. ജീവിതവ്യഥകളെ ഭക്തിയുടെ കരുണാപ്രവാഹത്തില്‍ ലയിപ്പിക്കുകയും ലോകത്തെ മുഴുവന്‍ ആനന്ദ സാഗരത്തില്‍ ആറാടിക്കുകയുമായിരുന്നു തുകാറാമിന്റെ ലക്ഷ്യം.

ഭക്തിപ്രകര്‍ഷഭാവം മൂലം തുകാറാമിന് ആധ്യാത്മിക മേഖലയില്‍ ശാശ്വതമായ സ്ഥാനം ലഭിച്ചു. ഇദ്ദേഹത്തിന്റെ അഭംഗകള്‍ മതത്തിലെ ബുദ്ധിപരവും തത്ത്വചിന്താപരവുമായ പ്രവണതകള്‍ക്കുപരി ആധ്യാത്മികതയ്ക്കാണ് മുന്‍തൂക്കം നല്കിയത്. കവിയായ റവ.എന്‍.വി.തിലക് (1869-1919 : ബ്രാഹ്മണനായിരുന്ന തിലക് പില്ക്കാലത്താണ് ക്രിസ്തുമതം സ്വീകരിച്ചത്) "തുകാറാം നിര്‍മിച്ച പാലത്തില്‍ കൂടിയാണ് ഞാന്‍ യേശുക്രിസ്തുവിന്റെ പാദങ്ങളില്‍ എത്തിച്ചേര്‍ന്നതെന്നു പ്രസ്താവിച്ചിട്ടുണ്ട്.

തുകാറാം കൃതികള്‍ ആ കാലഘട്ടത്തിലെ പല വസ്തുതകളിലേക്കും വിരല്‍ ചൂണ്ടുന്നവയാണ്. മതാനുഷ്ഠാനങ്ങളും വിദ്യാഭ്യാസവും വരേണ്യവര്‍ഗത്തിനു മാത്രമുള്ളതാണെന്ന അവസ്ഥ, സ്ത്രീകള്‍ക്കും ശൂദ്രര്‍ക്കും അനുഭവിക്കേണ്ടിവന്ന വിവേചനം തുടങ്ങിയവയെയൊക്കെ ഇദ്ദേഹം ചോദ്യംചെയ്തു.

തുകാറാം ഒട്ടേറെ മതഗ്രന്ഥങ്ങള്‍ മറാഠിയിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മന്ത്രഗീത എന്ന പേരില്‍ ഭഗവദ്ഗീത വിവര്‍ത്തനം ചെയ്തു. മറ്റൊരു പ്രസിദ്ധകൃതിയാണ് അഭംഗനാഥ. സ്വപ്നത്തില്‍ ഈശ്വര നിര്‍ദേശം ലഭിച്ചിട്ടാണ് ഇതു രചിച്ചതെന്ന് ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രാഹ്മണേതരരായ ആളുകള്‍ ഭഗവദ്ഗീതയോ അതുപോലെയുള്ള ആധ്യാത്മിക ഗ്രന്ഥങ്ങളോ പാരായണം ചെയ്യാന്‍ പാടില്ല എന്നതായിരുന്നു അക്കാലത്തെ കീഴ്വഴക്കം. തുകാറാം ഇതു ലംഘിച്ചുവെന്നാരോപിച്ച് ബ്രാഹ്മണര്‍ ഇദ്ദേഹത്തെ ശക്തിയായി എതിര്‍ത്തു. ശിവജി മഹാരാഷ്ട്രം ഭരിച്ചിരുന്ന കാലമാണ് അത്. ശിവജിയുടെ സമകാലികനും ഭക്തിഗായകനുമായ തുകാറാമിനെ ശിവജി വളരെയേറെ ആദരിക്കുകയും സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. ഇതിനെക്കുറിച്ച് അഭംഗനാഥയില്‍

'ഉറുമ്പുരാജാവിവ രണ്ടിനും ഞാന്‍

തരിമ്പു ഭേദം കരുതുന്നതില്ല

ദുരാശമോഹം കലികാലപാശം

രണ്ടും ത്യജിച്ചേനിവ പണ്ടുതന്നെ

സ്വര്‍ണ്ണം വെറും മണ്ണിവ രണ്ടുമെന്റെ

കണ്ണിനു മുമ്പില്‍ സമമായിരിക്കില്‍

വൈകുണ്ഠദേശേ നവമേഘ നീല-

വര്‍ണ്ണന്റെ ചാരത്തണയാമൊരിക്കല്‍!' (വിവര്‍ത്തനം)

എന്നാണ് പാടിയിരിക്കുന്നത്. തുകാറാം ആയിരത്തിലേറെ അഭംഗകള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പല വരികളും ലോകോക്തികളായി ഇന്നും പ്രചാരത്തിലുണ്ട്.

ബഹിണാദേവി, മഹീപതി തുടങ്ങിയ ഭക്തകവികളും വേമനന്‍ (പണ്ഡിതകവി) മഹാത്മാഗാന്ധി, റാനഡേ തുടങ്ങിയ മഹാപുരുഷന്മാരും ഇദ്ദേഹത്തിന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. രാമഭാവുറാനഡേയുടെ വാക്കുകളില്‍ 'ആത്മനിഷ്ഠനായ സാധക'നും 'വസുധൈവ കുടുംബകം' എന്ന നയക്കാരനുമായിരുന്നു തുകാറാം.

ഇദ്ദേഹം അലൗകികമായ ജ്ഞാനത്തിന്റെ മാര്‍ഗദര്‍ശനത്തിലൂടെ സദ്വൃത്തി, ചിന്ത, തത്ത്വശാസ്ത്രം എന്നിവയെ മതത്തിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചു. ബാഹ്യശരീരത്തെയല്ല, ആന്തരിക ചൈതന്യത്തെയാണ് ശുദ്ധീകരിക്കേണ്ടതെന്ന ഉദ്ബോധനത്തിലൂടെ ആ കാലഘട്ടത്തിലെ ഏറ്റവും സമുന്നതനും സമാദരണീയനുമായിത്തീര്‍ന്നു. ഗംഗാധരബാലകൃഷ്ണ സര്‍ദാര്‍ 'അഭിജാതനായ ഒരു സാഹിതീഭക്തനാണ് തുകാറാ'മെന്ന് വിശേഷിപ്പിച്ചു.

ഇദ്ദേഹത്തിന്റെ വാക്കുകളില്‍ തുകാറാം "ഡംഭിനെ തകര്‍ത്ത് നൈതികമൂല്യങ്ങളെ പോഷിപ്പിക്കുകയും കേവല തത്ത്വജ്ഞാനം ശുഷ്കമാണെന്നും കേവലമായ ആചാരങ്ങള്‍ യാന്ത്രികവും നിഷ്ഫലവുമാണെന്നും ബോധ്യപ്പെട്ടിട്ട് തത്ത്വജ്ഞാനം, ഭക്തി, ആചാരം എന്നിവയെ സാമൂഹികജീവിതത്തിലെ വ്യാപകമായ നൈതികമൂല്യങ്ങളുമായി സംയോജിപ്പിച്ച് മാനവജീവിതത്തിന് മാന്യതയും പൂര്‍ണതയും കൈവരുത്തുവാന്‍ ജീവിതാന്ത്യം വരെ തീവ്രമായി പരിശ്രമിക്കുകയും ചെയ്ത വ്യക്തിയാണ്.

തുകാറാം താന്‍ ഇഹലോകവാസം വെടിയുന്ന ചിത്രം ഭാവനയില്‍ കണ്ട് രചിച്ച ഈ വരികള്‍ വികാരനിര്‍ഭരവും ഹൃദ്യവുമാണ്-

'ഏകനായിതാ ഞാനെന്‍ സ്വന്തമാലയം പൂകാന്‍

പോകയാണെല്ലാവര്‍ക്കുമെന്നന്ത്യ യാത്രാമൊഴി

നമ്മുടെയവസാന സംഗമരംഗം വന്നു

ജന്മാന്തരത്തില്‍പ്പോലുമിനി നാം കാണില്ലല്ലോ

ഈ സ്നേഹമെന്നും നിലനില്‍ക്കണേ ഭവാന്മാരില്‍

സ്വീകരിച്ചാലും നിങ്ങളെന്നന്ത്യ പ്രണാമങ്ങള്‍

നിങ്ങളില്‍ നിറയട്ടെ ശ്രീരാമനാമസ്മൃതി

മംഗലവൈകുണ്ഠത്തില്‍ തുകാറാം കിടക്കട്ടെ'

(വിവര്‍ത്തനം)

തുകാറാം 42-ാം വയസ്സില്‍ 1649-ല്‍ ദുരുഹമായ സാഹചര്യ ത്തില്‍ നിര്യാതനാവുകയാണുണ്ടായത്. ഇന്ദ്രയാണീ നദിയില്‍ ജലസമാധി വരിച്ചതായാണ് ജനവിശ്വാസം. ഇദ്ദേഹത്തിന്റെ ജന്മഗൃഹമായ 'ദേഹു' ഇന്ന് ഒരു തീര്‍ഥാടന കേന്ദ്രമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍