This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീറ്റപ്പുല്ലിനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തീറ്റപ്പുല്ലിനങ്ങള്‍

Fodder crops

വളര്‍ത്തു മൃഗങ്ങളുടെ ആഹാരത്തിനായി കൃഷിചെയ്യപ്പെടുന്ന പുല്ലുവര്‍ഗ വിളകള്‍. തീറ്റപ്പുല്ലിനങ്ങള്‍ വെട്ടിയെടുത്ത് പച്ചപ്പുല്ലായും ഉണക്കി സൂക്ഷിച്ച് കച്ചി (വയ്ക്കോല്‍) ആയും സംസ്കരിച്ച് സൈലേജ് ആയും ഉപയോഗിച്ചുവരുന്നു.

കൃഷിയിടങ്ങളില്‍ കളയായി വളരുന്നതും വനങ്ങളിലും സമീപ പ്രദേശങ്ങളിലും കൂട്ടമായി വളരുന്നതുമായ പുല്ലിനങ്ങളും കാട്ടു പുല്ലും കന്നുകാലികളുടെ പരുക്കന്‍ ആഹാരമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും പോഷകമൂല്യമുള്ള പുല്‍വര്‍ഗങ്ങള്‍ അന്യദേശങ്ങളില്‍ നിന്ന് കൊണ്ടുവന്ന് നട്ടുവളര്‍ത്തി കന്നുകാലികള്‍ക്കു നല്‍കിപ്പോരുന്നു. കാലാവസ്ഥയ്ക്ക് അനുയോജ്യമായി ഇവിടത്തെ മണ്ണില്‍ വളരുന്നതും പോഷകമൂല്യമുള്ളതും അത്യുത്പാദനശേഷിയുള്ളതുമായ വിവിധയിനം പുല്‍വിത്തുകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നോ സംസ്ഥാനത്തെ വിത്തുത്പാദനകേന്ദ്രങ്ങളില്‍ നിന്നോ ശേഖരിച്ച് കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നു.

തീറ്റപ്പുല്ലു വര്‍ഗങ്ങളെല്ലാം പോയേസി (Poaceae) സസ്യകുടുംബത്തില്‍പ്പെട്ടവയാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഇവ നട്ടുവളര്‍ത്തിവരുന്നു. ഓഷധികള്‍ മുതല്‍ കുറ്റിച്ചെടിപോലെ വളരുന്നവയുംവരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഒറ്റനോട്ടത്തില്‍ എല്ലാ പുല്ലുവര്‍ഗങ്ങളും ഒരേപോലെ തോന്നിക്കുമെങ്കിലും സൂക്ഷ്മ പരിശോധനയില്‍ ഇവയ്ക്കെല്ലാം വ്യത്യാസങ്ങളുള്ളതായി കാണാം. ചില പുല്ലിനങ്ങള്‍ ഒരു വര്‍ഷം കൊണ്ട് വളര്‍ന്ന്, പുഷ്പിച്ച്, കരിഞ്ഞുപോകുന്നവയാണ്. ചിലവ ഒന്നിലധികം വര്‍ഷം വളരുകയും വര്‍ഷം തോറും പുഷ്പിക്കുകയും ചെയ്യുന്നു. വായവവേരുകളുടെ സഹായത്താല്‍ പടര്‍ന്നു വളരുന്നയിനങ്ങളും പ്രകന്ദം (rhizome) അല്ലെങ്കില്‍ ഭൂസ്താരി (stolon)കളില്‍ നിന്നു വളരുന്നയിനങ്ങളുമുണ്ട്.

പുല്ലിനങ്ങളുടെ തണ്ട് ഉരുണ്ടതും പൊള്ളയായിട്ടുള്ളതും മുട്ടുകളുള്ളതുമാണ്. പലപ്പോഴും മുട്ടുകള്‍ നിറഭേദമുള്ളതും ചുറ്റിലും ചെറുലോമങ്ങളോടു കൂടിയതുമായിരിക്കും. മുട്ടുകള്‍ക്ക് ചാരമോ ചുവപ്പോ നീലലോഹിതമോ നിറമാണ്. പടര്‍ന്നു വളരുന്ന പുല്ലുവര്‍ഗങ്ങളുടെ മുട്ടുകളില്‍ നിന്ന് ഉദ്ഭവിക്കുന്ന ചെറുവേരുകള്‍ മണ്ണില്‍ പറ്റിപ്പിടിച്ചു വളരുന്നതിനു സഹായിക്കുന്നു. ഇല വീതി കുറഞ്ഞതും നീളം കൂടിയതുമാണ്. ഇലത്തണ്ട് രണ്ടുവശങ്ങളിലും ഒന്നിടവിട്ടാണ് നില്ക്കുന്നത്. ചുവട്ടിലെ പോള കട്ടിയായി ഒരുമിച്ചു കൂടിയും സ്ഥിതിചെയ്യുന്നു. ഇലയുടെ അരിക് അരമുള്ളതോ മൂര്‍ച്ചയുള്ളതോ കട്ടികൂടിയതോ ചെറു ലോമങ്ങളുള്ളതോ ആയിരിക്കും. ഇലയുടെ ഉപരിഭാഗവും കട്ടികൂടിയ പോളഭാഗവും യോജിക്കുന്ന ഭാഗത്ത് ലോമാവൃതമായ ലിഗ്യൂള്‍ കാണപ്പെടുന്നു. പുല്ലുകളെ വര്‍ഗീകരിക്കുന്നതിന് പ്രയോജനപ്പെടുത്തുന്ന സവിശേഷതയാണ് വിവിധ രീതിയിലുള്ള ലിഗ്യൂളുകള്‍. ഇലയുടെ അടിഭാഗം പരുപരുത്തതും മിക്ക ഇനങ്ങളിലും ലോമാവൃതവുമായിരിക്കും.

പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പമഞ്ജരി ഒതുങ്ങിയതോ സ്തൂപാകൃതിയിലുള്ളതോ വിതറി നില്ക്കുന്നതോ തൂങ്ങിക്കിടക്കുന്നതോ ആയിരിക്കും. അനേകം ചെറിയ പുഷ്പങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് സ്പൈക്ലൈറ്റ് ആവുകയും രണ്ടു സ്പൈക്ക്ലൈറ്റുകള്‍ ഒരുമിച്ച് ഒരു സ്പൈക്ക് ആവുകയും ചെയ്യുന്നു. ഇത് പെഡിസില്‍ ആയും പെഡിസിലുകള്‍ പ്രത്യേക രീതിയില്‍ ചില്ലകളായി ഒരുമിച്ചുചേര്‍ന്ന് പാനിക്കിളാവുകയും ചെയ്യുന്നു. കാറ്റു മുഖേനയാണ് പരാഗണം നടക്കുന്നത്. പോഷകഗുണമേറിയവയും മൃഗങ്ങള്‍ രുചിയായി ഭക്ഷിക്കുന്നവയും എളുപ്പം ദഹിക്കുന്നവയും വളരെവേഗം വളരുകയും പച്ചപ്പുല്ല് ഉത്പാദിപ്പിക്കാന്‍ കഴിവുള്ളവയും രോഗങ്ങളേയും കീടങ്ങളേയും ചെറുത്തു നില്ക്കാന്‍ കഴിവുള്ളവയും മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായവയും മറ്റു വിളകള്‍ക്കും മനുഷ്യര്‍ക്കും ഉപദ്രവമുണ്ടാക്കാത്തവയും ആയ പുല്ലിനങ്ങളെ തിരഞ്ഞെടുത്ത് കുറഞ്ഞ ചെലവിലുള്ള കൃഷിപ്പണികള്‍ ചെയ്ത് കൃഷിയിറക്കുന്നു. കൃഷി ചെയ്യപ്പെടുന്ന പ്രധാന ഇനങ്ങള്‍ ഗിനിപ്പുല്ല്, നേപ്പിയര്‍ പുല്ല്, റോഡസ്പുല്ല്, പാരാപ്പുല്ല്, സുഡാന്‍പുല്ല്, ടിയോസിന്റെ, സെറ്റേറിയാ, കോഗോ സിഗ്നല്‍, പസ്പാലം തുടങ്ങിയവയാണ്.

ഗിനിപ്പുല്ല്. കുതിരപ്പുല്ല് എന്ന് പരക്കെ അറിയപ്പെടുന്ന ഈ ഇനം ഇന്ന് സര്‍വസാധാരണമായി കൃഷിചെയ്യപ്പെടുന്നു. വിദേശാധിപത്യം നിലവിലുണ്ടായിരുന്ന കാലത്ത് കുതിരപ്പട്ടാളത്തിലെ കുതിരകള്‍ക്കായാണ് ഗിനിപ്പുല്ല് കൃഷി ചെയ്തു തുടങ്ങിയത്. അതിനാലാണ് വിദേശിയായ ഗിനിപ്പുല്ലിന് കുതിരപ്പുല്ല് എന്ന് ഇന്നാട്ടില്‍ പേരു ലഭിച്ചത്.

പോഷക ഗുണമേറിയ ഗിനിപ്പുല്ല് ദഹിക്കാനെളുപ്പമാണ്. വളര്‍ ത്തുമൃഗങ്ങള്‍ രുചിയോടെ ഭക്ഷിക്കുന്നതും ആമാശയത്തിലെത്തിയാല്‍ ദൂഷ്യഫലങ്ങളില്ലാത്തതുമാണിത്. കുറുകിയ ഭൂകാണ്ഡത്തില്‍ നിന്നും 1-3 മീ. വരെ ഉയരമുള്ള അനേകം തണ്ടുകള്‍ ഞെങ്ങിഞെരുങ്ങി വളരുന്ന ഒരിനം പുല്ലാണിത്. അറ്റത്ത് ഇടതൂര്‍ന്നു വളരുന്ന ലോമങ്ങളുള്ള തണ്ട് ദൃഢവും ബലമുള്ളതുമാണ്. ഇതിന്റെ മെച്ചപ്പെട്ട ഗുണങ്ങളുള്ളതും കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആദായം നല്കുന്നതുമായ ഇനങ്ങള്‍ ഗവേഷണകേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ 'ഗിനി മക്കുനി' ഇനം ഒരു മീ. വരെ ഉയരത്തില്‍ വളരുമ്പോഴേക്കും അരിഞ്ഞെടുത്താലാണ് ഏറ്റവും നല്ല തീറ്റപ്പുല്ല് ലഭിക്കുന്നത്. ഈ അവസരത്തില്‍ 5-8 ശ.മാ.വരെ പ്രോട്ടീന്‍ ഇതിലുണ്ടായിരിക്കും. ഒരു ഹെക്റ്ററില്‍ നിന്ന് ഏതാണ്ട് 70-75 ടണ്‍ പുല്ല് ഈ ഇനത്തില്‍ നിന്നു ലഭിക്കും.

നേപ്പിയര്‍ പുല്ല്. സാമാന്യം നല്ല ഉയരത്തില്‍ തഴച്ചുവളരുന്ന നേപ്പിയര്‍ പുല്ലിന് ആനപ്പുല്ല് എന്നും പേരുണ്ട്. ശാ.നാ. പെന്നിസെറ്റം പര്‍പ്യൂറിയം എന്നാണ്. കൃഷിചെയ്ത് 65 ദിവസത്തിനകം പുല്ല് മുറിച്ചെടുക്കാം. പിന്നീട് ഓരോ 35-45 ദിവസത്തിനകം വീണ്ടും മുറിയ്ക്കാവുന്നതാണ്. വര്‍ഷം തോറും ആറോ എട്ടോ തവണ പുല്ല് മുറിച്ചെടുക്കാനാകും. നാലഞ്ചു വര്‍ഷം വരെ ഇവ വളരും.

പാരപ്പുല്ല്. പടര്‍ന്നു വളരുന്ന ഇനമാണിത്. ശാ.നാ: ബ്രാക്കേ റിയ മ്യൂട്ടിക്ക. ഇതിന് വെള്ളക്കെട്ടിനെ അതിജീവിക്കാനുള്ള കഴിവുണ്ട്. മറ്റു പുല്ലിനങ്ങളേക്കാള്‍ വിളവു കുറഞ്ഞ ഇനമാണിത്. ശ്രീലങ്കയാണ് ഇതിന്റെ ജന്മദേശം. 1894-ല്‍ കൃഷിക്കായി ഇന്ത്യയില്‍ കൊണ്ടുവന്നു. നട്ടുകഴിഞ്ഞ് ആദ്യത്തെ മൂന്നുമാസത്തിനു ശേഷവും പിന്നീട് 6-8 ആഴ്ച ഇടവിട്ടും വിളവെടുപ്പു നടത്താം. തുടര്‍ച്ചയായി നാലോ അഞ്ചോ വര്‍ഷക്കാലം വിളവെടുക്കുകയും ചെയ്യാം.

റോഡസ് പുല്ല്. ഇലകള്‍ ഇടതിങ്ങി 0.9-1.2 മീ. വരെ ഉയരത്തില്‍ ഈ പുല്ല് വളരും. തണ്ട് നേര്‍ത്തതും ലോമാവൃതവും അടുപ്പിച്ചടുപ്പിച്ചു മുട്ടുകളുള്ളതുമാണ്. ഇലകള്‍ക്ക് 35 മി.മീ. വീതിയുണ്ട്. ഇലയുടെ അറ്റം കൂര്‍ത്ത് മുനപോലെ അവസാനിക്കുന്നു. റോഡസ് പുല്ലിന്റെ ജന്മദേശം ആഫ്രിക്കയാണ്. ഇതിന് വേനലിനെ അതിജീവിക്കാനുള്ള കഴിവ് കൂടുതലാണ്.

സുഡാന്‍ പുല്ല്. സൊര്‍ഗം സുഡാനെന്‍സിസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സുഡാന്‍ പുല്ല് ഇറക്കുമതി ചെയ്യപ്പെട്ട ഇനമാണ്. വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള ഈ ഇനം വര്‍ധിച്ച വിളവു തരുന്നു. നട്ടുകഴിഞ്ഞ് ഏഴ്, എട്ട് ആഴ്ചകള്‍ക്കകം ആദ്യത്തെ വിളവെടുപ്പു നടത്താം. പിന്നീട് ആറ് ആഴ്ചയിലൊരിക്കലും. ഇളംപുല്ലില്‍ ഹൈഡ്രോസൈനിക് അമ്ളത്തിന്റെ ആധിക്യം ഉള്ളതിനാല്‍ കന്നുകാലികള്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സുഡാന്‍പുല്ല് പുഷ്പിച്ചശേഷമേ വിളവെടുക്കാറുള്ളൂ. ഇതിന്റെ ഇലകളില്‍ ആറു ശ.മാ. വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ടിയോസിന്റെ. ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കു യോജിച്ച ഇനമാണിത് ശാ.നാ: യുക്ളീന മെക്സിക്കാന. വിത്തുവിതച്ചാണ് കൃഷിയിറക്കാറുള്ളത്. നട്ടശേഷം 3-3മ്മ മാസമാകുമ്പോള്‍ പുല്ല് ആദ്യമായി അരിഞ്ഞെടുക്കാം. പിന്നീട് ആറു മുതല്‍ എട്ടു വരെ ആഴ്ചകള്‍ ഇടവിട്ട് അരിഞ്ഞെടുക്കാനാകും.

സെറ്റേറിയ. ആഫ്രിക്കയാണ് ഇതിന്റെ ജന്മദേശം. 1969 മുതല്‍ മാട്ടുപ്പെട്ടിയില്‍ ഇത് കൃഷി ചെയ്തു തുടങ്ങി. കേരളത്തിലെ എല്ലാത്തരം മണ്ണിലും ഇത് സമൃദ്ധമായി വളരുന്നു. ദീര്‍ഘകാല കൃഷിക്കും സമ്മിശ്ര കൃഷിക്കും അനുയോജ്യമായ ഇനമാണിത്.

കോങ്ഗോ സിഗ്നല്‍. അധികം ഉയരത്തില്‍ വളരാറില്ലെങ്കി ലും നന്നായി തഴച്ചു വളരുന്ന ഇനമാണിത്. ഇല വീതി കൂടിയ താണ്. വേരുപടലം മണ്ണില്‍ ശക്തിയായി പറ്റിപ്പിടിച്ച് വളരുന്നതിനാല്‍ മണ്ണു സംരക്ഷണത്തിനു യോജിച്ച ഇനമാണിത്. വിത്തുവിതച്ചും പുല്ലിന്റെ കടകള്‍ മാറ്റിനട്ടും കൃഷിചെയ്യുന്നു. ഇത്

60-152 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന പുല്ലിന്റെ ചുവടുഭാഗം മുതല്‍ ഇലകളുണ്ടാകുന്നു. ശൈത്യത്തേയും മഞ്ഞുവീഴ്ചയേയും അതിജീവിക്കാനുള്ള കഴിവുണ്ട്. ഇത്തരം പുല്ല് ഉപയോഗിച്ച് വയ്ക്കോലും സൈലേജും ഉണ്ടാക്കാറുണ്ട്.

ഗിനിപ്പുല്ലും നേപ്പിയര്‍പുല്ലും പാരപ്പുല്ലും കരഭൂമികളിലാണ് സാധാരണ കൃഷിചെയ്യാറുള്ളത്. തെങ്ങ്, കമുക് തുടങ്ങിയ തോട്ട വിളകള്‍ക്കൊപ്പം മിശ്രവിളയായും ഇവ കൃഷിചെയ്യുന്നു. മേല്‍വിളയ്ക്കും തീറ്റപ്പുല്ലുകള്‍ക്കും കീടനാശിനികളും കുമിള്‍ നാശിനികളും തളിക്കുന്നത് കന്നുകാലികളുടെ ആരോഗ്യത്തിന് ഹാനികരമാണ്.

സിറ്റേറിയ സ്ഫസിലേറ്റ്, പാനിക്കം ആന്റിഡോടേന്‍, യൂറോ ക്ളോവ മൊസാംബിസെന്‍സിസ്, പെനിസെറ്റം പെഡിസെലേറ്റം, സയനോഡോണ്‍ പ്ലെക്ടോസ്റ്റാക്കിയം എന്നീ വിദേശ ഖരീഫ് പുല്‍ത്തരങ്ങള്‍ മെച്ചപ്പെട്ട തീറ്റപ്പുല്ലിനങ്ങളാണ്. വിദേശ റാബി പുല്‍ത്തരങ്ങളായ ഫലാരിസ് മൈനര്‍, ഫലാരിസ് കനേറിയെന്‍സിസ് എന്നിവ ഗുണത്തിലും വിളവിലും ഓട്സിനോടു കിടപിടിക്കത്തക്കതാണ്.

നാടന്‍ പുല്‍ത്തരങ്ങളായ സൈക്കാന്തിയം ആനുലേറ്റം, സെഹീമ നെര്‍വോസം, ക്രൈസോപ്പോഗണ്‍ മൊണ്ടാനസ്, സെന്‍ക്രസ് സിലായാരിസ് എന്നിവ പല പ്രദേശങ്ങളിലും വന്യ ഇനമായി വളരുന്നവയാണ്.

(ഡോ. എ.എസ്. അനില്‍കുമാര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍