This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീപ്പൊള്ളല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തീപ്പൊള്ളല്‍

Burns

തീയോ ചൂടോ ഏറ്റുണ്ടാകുന്ന ക്ഷതങ്ങള്‍. നനവില്ലാത്ത ചൂടിനാലും (തീ, പഴുപ്പിച്ച ലോഹം തുടങ്ങിയവ) ആവി, തിളച്ച വെള്ളം, എണ്ണ, പാല്‍ എന്നീ ദ്രവ വസ്തുക്കള്‍ മൂലവും വൈദ്യുതപ്രവാഹത്താലും രാസപദാര്‍ഥങ്ങള്‍ കൊണ്ടും തീപ്പൊള്ളലുണ്ടാകാം. തീപ്പൊള്ളലേല്ക്കുകവഴി ശരീരത്തിന്റെ ഏറ്റവും വലിയ അവയവമായ ചര്‍മത്തിന്റെ സാമാന്യ ധര്‍മങ്ങള്‍ ദോഷകരമായി ബാധിക്കപ്പെടുന്നു. കൈ, മുഖം, കാല്‍പ്പാദം, ജനനേന്ദ്രിയങ്ങള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന പൊള്ളലാണ് മാരകമാകാനിടയുള്ളത്. കുട്ടികളുടേയും വൃദ്ധരുടേയും ചര്‍മം വളരെ നേര്‍ത്തതായതിനാല്‍ തീപ്പൊള്ളല്‍ വഴി കൂടുതല്‍ ക്ഷതമേല്‍ക്കാനിടയുണ്ട്. ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം എന്നീ രോഗങ്ങളുള്ളവരില്‍ തീപ്പൊള്ളല്‍കൊണ്ടുള്ള മരണത്തിന് സാധ്യത കൂടുതലാണ്. ജ്വാലയില്‍നിന്ന് ഏല്ക്കുന്ന പൊള്ളലുകളാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കിടയാക്കിയിട്ടുള്ളത്. സൂര്യതാപംകൊണ്ടും അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതലായി ഏല്ക്കുന്നതുകൊണ്ടും തൊലിപ്പുറത്ത് പൊള്ളല്‍ ഏല്ക്കാറുണ്ട്. വൈദ്യുതിയാണ് മറ്റൊരു ഹേതു. വൈദ്യുതിയുടെ പ്രഭാവം രണ്ട് വിധത്തിലാണ്. വൈദ്യുതിസ്ഫുലിംഗം കടന്നു പോകുമ്പോള്‍ ചര്‍മത്തിന്റെ ഉപരിതലത്തില്‍ ഉണ്ടായേക്കാവുന്ന പൊള്ളല്‍ അത്ര കടുത്തതായിരിക്കില്ല. എന്നാല്‍ ശരീരത്തിനുള്ളിലൂടെ വൈദ്യുതി കടന്നുപോകാനിടവന്നാല്‍ (വൈദ്യുത പ്രവാഹവുമായി നേരിട്ട് സ്പര്‍ശമുണ്ടായാല്‍) വൈദ്യുതി പ്രവേശിക്കുകയും നിര്‍ഗമിക്കുകയും ചെയ്യുന്ന ശരീരഭാഗങ്ങളില്‍ പൊള്ളലും ശരീരകലകള്‍ക്ക് വ്യാപകമായി ക്ഷതവും ഏല്ക്കാനിടയുണ്ട്. അപസ്മാര ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ഹൃദയാഘാതം ആയിരിക്കും മരണ കാരണം. പുകയും വിഷവായുവും ശ്വസിക്കാനിടയാകുന്നതാണ് തീപിടുത്തംമൂലം മരണമുണ്ടാകുന്നതിനു പ്രധാന കാരണം. പൈന്‍ മരങ്ങളുടേയും കൃത്രിമ നാരുകളുടേയും അപൂര്‍ണ ജ്വലനം മൂലമുണ്ടാകുന്ന സയനൈഡ് വാതകവും കാര്‍ബണ്‍ മോണോക്സൈഡും ശ്വസിക്കുന്നത് ശ്വാസനാളത്തിന്റെ ആവരണത്തിനു പൊള്ളലേല്പ്പിക്കുന്നു.

തീപ്പൊള്ളലിന്റെ ആഴം, വ്യാപ്തി, സ്ഥാനം, പൊള്ളലേറ്റ ആളിന്റെ പ്രായം, അനുബന്ധ രോഗങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് പൊള്ളലിന്റെ ഗൗരവം കണക്കാക്കേണ്ടത്. ആഴത്തെ ആസ്പദമാക്കി തീപ്പൊള്ളലിനെ മൂന്നായി തിരിക്കാം. ഒന്നാം ശ്രേണിയിലുള്ള പൊള്ളലുകള്‍ (first degree burns) തൊലിപ്പുറമേ ഒരു ചുവപ്പുനിറം (erythrema) മാത്രമേ ഉണ്ടാക്കുന്നുള്ളൂ. രണ്ടാം ശ്രേണി പൊള്ളലുകള്‍ കുറേക്കൂടി ആഴത്തില്‍ മുറിവുണ്ടാക്കുകയും തൊലിപ്പുറമേ കുമിളകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മൂന്നാം ശ്രേണി പൊള്ളലുകളില്‍ പൊള്ളലേറ്റ ഭാഗത്തെ തൊലി, സ്നേഹഗ്രന്ഥികളും സ്വേദഗ്രന്ഥികളും രോമകൂപങ്ങളും ഉള്‍പ്പെടെ പൂര്‍ണമായും നശിച്ചുപോകുന്നു. ഒന്നും രണ്ടും ശ്രേണി പൊള്ളലുകളാണ് കൂടുതല്‍ വേദനാജനകം. മൂന്നാം ശ്രേണി പൊള്ളലുകളില്‍ നാഡി അഗ്രങ്ങള്‍ക്ക് ക്ഷതമേല്ക്കുന്നതിനാല്‍ വേദനാ സംവേദനങ്ങള്‍ തലച്ചോറിലെത്തുന്നില്ല എന്നതാണ് ഇതിനു കാരണം.

ചൂടു ദ്രാവകങ്ങള്‍ വീണുണ്ടാകുന്ന രണ്ടാം ശ്രേണി പൊള്ളലുകളില്‍ കുമിള ഉണ്ടാവുകയും ചര്‍മത്തിന്റെ ഏറ്റവും മുകളിലത്തെ പാളിയായ ബാഹ്യചര്‍മത്തിനു കേടുപാടുണ്ടാവുകയും ചെയ്യുന്നു. യഥാര്‍ഥ ചര്‍മത്തിന് ഗണ്യമായ തകരാറു സംഭവിക്കുന്നില്ല. ആവരണകോശങ്ങള്‍ ബാഹ്യചര്‍മത്തെ പുനരുത്പാദിപ്പിക്കുന്നതിനാല്‍ കാര്യമായ പാടുകളൊന്നും അവശേഷിപ്പിക്കാതെ 7-10 ദിവസത്തിനകം ഇത്തരം പൊള്ളലുകള്‍ പൂര്‍ണമായും ഭേദപ്പെടാറുണ്ട്. കുറേക്കൂടി ആഴത്തിലുള്ള രണ്ടാം ശ്രേണി പൊള്ളലുകളില്‍ മൃതകോശങ്ങളുടെ പാളി ഉരിഞ്ഞിളകി 2-3 ആഴ്ച്ചകള്‍ക്കുള്ളില്‍ പുതിയ ബാഹ്യചര്‍മം രൂപീകൃതമാകും. സാരമായ പാടുകള്‍ അവശേഷിക്കാനിടയില്ല. മൂന്നാം ശ്രേണി പൊള്ളലുകളുടെ വിസ്തീര്‍ണം വളരെ ചെറുതാണെങ്കില്‍മാത്രമേ സ്വാഭാവികമായി ഉണങ്ങുകയുള്ളൂ.

ആകെ ശരീരപ്രതല വിസ്തീര്‍ണത്തിന്റെ ഇത്ര ശതമാനം എന്ന നിരക്കിലാണ് പൊള്ളലിന്റെ വ്യാപ്തി വ്യഞ്ജിപ്പിക്കുന്നത്. ഈ ശതമാനം അളക്കുന്നത് ഒന്‍പതിന്റെ നിയമങ്ങള്‍(Rules of nines) അടിസ്ഥാനമാക്കിയാണ്. കൈകള്‍ ഓരോന്നിനും തല/കഴുത്ത് എന്നിവയ്ക്കും 9 ശ.മാ. വീതവും ഓരോ കാലിനും പുറം, ശരീരത്തിന്റെ മുന്‍ഭാഗം എന്നിവയ്ക്കും 18 ശ.മാ. വീതവും ബാക്കി ഒരു ശ.മാ. മൂലസേതു(Perineum)വിനും നല്കിയാണ് ശരീരപ്രതല വിസ്തീര്‍ണ ശതമാനം (% body surface area) നിര്‍ണയിക്കുന്നത്. 60 ശ.മാ.-ത്തിലേറെ പൊള്ളലേറ്റാല്‍ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. 75 ശ.മാ. പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ മരണം ഏതാണ്ട് ഉറപ്പാണ്.

ചികിത്സാക്രമം. തീപ്പൊള്ളലേറ്റാല്‍ ഉടനെ തന്നെ വേണ്ട പ്രഥമ ശുശ്രൂഷകള്‍ ചെയ്യേണ്ടതാണ്. പൊള്ളിയഭാഗത്ത് വസ്ത്രം ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ വലിച്ചെടുക്കുകയോ കീറുകയോ ചെയ്യാതെ, കത്രികയുപയോഗിച്ച് മുറിച്ചു കളഞ്ഞ് ധാരാളം തണുത്ത വെള്ളമുപയോഗിച്ച് കഴുകണം. നനവില്ലാത്ത ചൂടേറ്റുണ്ടാവുന്ന ഒന്നാം ശ്രേണി പൊള്ളലുകളില്‍ വായു കടക്കാതിരുന്നാല്‍ വേദന കുറയും. തണുത്ത വെള്ളത്തില്‍ മുക്കിവച്ചോ തണുത്ത ലേപനങ്ങള്‍ പുരട്ടി കട്ടിയുള്ള തുണികൊണ്ട് കെട്ടിവച്ചോ വായു കടക്കാതെ നോക്കാം. തൊലി പൊട്ടിയിട്ടുണ്ടെങ്കില്‍ വെള്ളത്തില്‍ മുക്കിവയ്ക്കരുത്. മൂന്നാം ശ്രേണിയിലുള്ള പൊള്ളലുകള്‍ക്ക് കട്ടിയുള്ള ബാന്‍ഡേജ് ആവശ്യമാണ്. വൈദ്യസഹായം ലഭ്യമാക്കാന്‍ താമസം നേരിടുകയാണെങ്കില്‍ രോഗിക്ക് ഉപ്പും സോഡാക്കാരവും ചേര്‍ത്ത വെള്ളം കുടിക്കാന്‍ കൊടുക്കണം. സൂര്യതാപമേറ്റുണ്ടാകുന്ന പൊള്ളലുകളില്‍ തണുത്ത ലേപനങ്ങള്‍ പുരട്ടുകയോ തുണികൊണ്ടു തുടയ്ക്കുകയോ ചെയ്യണം. കുമിളകള്‍ പൊട്ടാതെ നോക്കണം. രാസപദാര്‍ഥങ്ങള്‍ വീണ് തൊലിയില്‍ പൊള്ളലേറ്റാല്‍ വെളളം ധാരയായി ഒഴിച്ചു കഴുകുകയാണ് ആദ്യം ചെയ്യേണ്ടത്.

ഒന്നാം ശ്രേണിയിലുള്ള പൊള്ളലുകളില്‍ മൃഗക്കൊഴുപ്പ് പുരട്ടാവുന്നതാണ്. തേന്‍, മുറിവെണ്ണ എന്നിവയും ഉപയോഗിക്കാം. ആയുര്‍വേദാനുസരണം തവളയുടെ മാംസമിട്ടു മൂപ്പിച്ചെടുത്ത വെളിച്ചെണ്ണ പൊള്ളലില്‍ നിരുപായം ഉപയോഗിക്കാവുന്നതാണ്. ദുര്‍വാഘൃതവും ഹിതകരമാണെന്ന് ആയുര്‍വേദം അനുശാസിക്കുന്നു. ഗുരുതരമായ രണ്ടാം ശ്രേണിയിലുള്ള പൊള്ളലുകളില്‍ തൊലിക്കു ചുവപ്പും കുമിളകളും ഉണ്ടായിരിക്കും. ശരീരത്തില്‍നിന്ന് വേറിട്ട് മാംസ്യവും ലവണങ്ങളും കുമിളയ്ക്കുള്ളില്‍ നിന്ന് പൊട്ടി ഒലിക്കാനുള്ള സാധ്യത ഏറെയാണ്. പൊട്ടി ഒലിക്കുന്ന മുറിവില്‍ അണുബാധയുണ്ടാകാന്‍ ഇടയുണ്ട്. വളരെ വലിയ കുമിളകള്‍ അണുവിമുക്തമായി പൊട്ടിച്ചശേഷം നൂല്‍വല കൊണ്ട് കെട്ടിവയ്ക്കണം. ക്ളോറോടെട്രാസൈക്ളിന്‍ ആണ് അനുയോജ്യമായ ആന്റിബയോട്ടിക്.

ഗുരുതരമായ പൊള്ളലുകള്‍ പൂര്‍ണമായും ഭേദമാക്കാന്‍ വളരെ നാളത്തെ ചികിത്സ ആവശ്യമായി വരും. ചര്‍മത്തിന്റെ മൂന്ന് പാളികളെയും ബാധിക്കുന്ന തീവ്രമായ പൊള്ളലുകളില്‍ പൊള്ളലിന്റെ ഓരോ ശ.മാ.ത്തിനും 2-4 ദിവസം എന്ന കണക്കില്‍ ആശുപത്രിയില്‍ കഴിയേണ്ടതായി വരാം. തീപ്പൊള്ളലേറ്റാല്‍ നിര്‍ജലീകരണവും ഹൃദയത്തിനും മനസ്സിനുമുണ്ടാകാനിടയുള്ള ആഘാതവുമാണ് അടിയന്തര ശ്രദ്ധയര്‍ഹിക്കുന്നത്. ബാഷ്പീകരണം വഴിയും പൊള്ളലിനുള്ളിലേക്ക് വേര്‍തിരിയുകവഴിയും ദ്രാവകങ്ങളുടേയും ലവണങ്ങളുടേയും നഷ്ടം ഉണ്ടാകുന്നു. സോഡിയം ലവണങ്ങള്‍ അടങ്ങുന്ന ദ്രാവകങ്ങള്‍ ഞരമ്പിനുള്ളിലേക്ക് കുത്തിവച്ചാണ് ദ്രാവകനഷ്ടം പരിഹരിക്കുന്നത്. തീപിടുത്തത്തിനിടെ വിഷവായു ശ്വസിച്ച് ആന്തരികമായി പൊള്ളലേറ്റാല്‍ ഈര്‍പ്പമുള്ള ഓക്സിജന്‍ നല്കി ന്യൂമോണിയ പോലെയുള്ള ശ്വാസകോശരോഗങ്ങള്‍ തടയാനാകും.

ചര്‍മം ഇളകിപ്പോയ ഭാഗങ്ങളില്‍ പുതിയ ചര്‍മം രൂപപ്പെടുത്തുന്നതിനും ചര്‍മത്തിന്റെ സ്വാഭാവിക ഗുണധര്‍മങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുമാണ് ചികിത്സ പ്രധാനമായും ലക്ഷ്യമിടുന്നത്. സൂക്ഷ്മാണുക്കളില്‍ നിന്ന് ശരീരത്തിനെ പ്രതിരോധിക്കുന്നത് ചര്‍മമാണെന്നിരിക്കെ പൊള്ളലേറ്റ് ചര്‍മത്തിന് ക്ഷതം സംഭവിക്കുകയാണെങ്കില്‍ പ്രതിരോധ നിര തകര്‍ക്കപ്പെട്ട് സൂക്ഷ്മാണുക്കളുടെ ആക്രമണത്തിനു ശരീരം കൂടുതല്‍ വശഗമായിത്തീരുന്നു. അതിനാല്‍ അണുബാധയുണ്ടാകാതിരിക്കാന്‍ പൊള്ളലേറ്റ ശരീരഭാഗങ്ങളില്‍ അണുനാശിനികള്‍ പുരട്ടേണ്ടതാണ്. സില്‍വര്‍ സള്‍ഫാ ഡൈ അസിന്‍, മാഫിനൈഡ് അസറ്റേറ്റ്, പോവിഡോണ്‍ അയഡിന്‍ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയങ്ങള്‍. പൂപ്പല്‍-വൈറല്‍ ബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

മൂന്നാം ശ്രേണി തീപ്പൊള്ളലുകളില്‍ ശസ്ത്രക്രിയ മുഖേന മൃതകോശങ്ങള്‍ നീക്കം ചെയ്ത് ശരീരത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ആരോഗ്യമുള്ള ചര്‍മത്തിന്റെ നേര്‍ത്ത പാളി വച്ചുപിടിപ്പിക്കേണ്ടതായി വരാറുണ്ട്. ഡെര്‍മാറ്റോണ്‍ (dermatone) എന്ന ഒരു ഉപകരണം ഉപയോഗിച്ച് തുടയില്‍ നിന്നോ നിതംബത്തില്‍ നിന്നോ ആണ് ചര്‍മം എടുക്കുന്നത്. ഈ ഭാഗം 10-14 ദിവസം കൊണ്ട് പൂര്‍വസ്ഥിതി പ്രാപിക്കും. ഏതാണ്ട് ഇതേ സമയംകൊണ്ട് തൊലി വച്ചു പിടിപ്പിച്ച ശരീരഭാഗവും പൂര്‍വസ്ഥിതിയിലാകാറുണ്ട്. ഇത്തരത്തില്‍ രോഗിയുടെ ശരീരത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്ന് പല തവണ (2 ആഴ്ച കൂടുമ്പോള്‍) ചര്‍മം എടുക്കേണ്ടതായി വരും. ഇപ്രകാരം ചര്‍മം ഒട്ടിച്ചു ചേര്‍ക്കുന്ന പ്രക്രിയ (grafting) പൂര്‍ണമാകാന്‍ വേണ്ട കാലയളവില്‍ മറ്റ് ആളുകളില്‍ നിന്നെടുക്കുന്ന ചര്‍മം (allograft), പന്നിയുടേയോ മറ്റു സസ്തനികളുടെയോ ചര്‍മം (xenogarft) മറുപിള്ളയില്‍നിന്നു ലഭിക്കുന്ന ജരായൂസ്തരം (amniotic membrane) എന്നിവ തുന്നിച്ചേര്‍ത്ത് താത്കാലിക സംരക്ഷണം നല്കാറുണ്ട്. മറ്റുചിലപ്പോള്‍ ചര്‍മത്തിനെ ആവരണം ചെയ്യാന്‍ ചില കൃത്രിമ പദാര്‍ഥങ്ങളും ഉപയോഗിക്കാറുണ്ട്. കൊളാജന്‍ പെപ്റ്റൈഡുകള്‍ ചേര്‍ത്ത നൈലോണ്‍ തുണിയോട് സിലിക്കോണ്‍ റബ്ബര്‍ ബന്ധിപ്പിച്ച ബയോബ്രേന്‍ (Biobrane) എന്ന ഒരു കൃത്രിമ ചര്‍മം ഉദാഹരണമാണ്. പക്ഷേ, ഭാഗികമായ പൊള്ളലുകള്‍ക്ക് ഇതുപയോഗിക്കുന്നത് ദോഷകരമാകാനാണിട. കലകളുടെ സങ്കോചനത്തിന് തടസ്സമുണ്ടാകുന്നതായിരിക്കാം കാരണം.

70 ശ.മാ. പൊള്ളലേറ്റാല്‍ അത്രയും ചര്‍മം പൂര്‍വസ്ഥിതിയിലാക്കുക എന്നത് തികച്ചും ശ്രമകരമാണ്. എപ്പിതീലിയ കോശങ്ങളുടെ കോശ പ്രവൃദ്ധിക്കുള്ള ശ്രമങ്ങള്‍ ഈ ദിശയില്‍ ശുഭസൂചകങ്ങളാണ്. തപാല്‍ സ്റ്റാമ്പിന്റെ വലുപ്പത്തിലുള്ള ഒരു ചര്‍മ ഭാഗത്തില്‍ നിന്ന് കോശപ്രവൃദ്ധിയിലൂടെ വലിയ ഒരു ഷീറ്റ് കോശങ്ങള്‍ സൃഷ്ടിച്ചെടുക്കാം. ഇപ്രകാരം ഉണ്ടാക്കിയ പാളി പൊള്ളലേറ്റ ഭാഗത്ത് തുന്നി പിടിപ്പിക്കാനാകും.

പേശികളുടെ ശക്തിയും ചലനശേഷിയും ഫിസിയോതെറാപ്പിയിലൂടെ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. പോഷകാഹാരക്കുറവ് ഉണ്ടാകാതെ നോക്കേണ്ടതുമാണ്. 50 ശ.മാ. പൊള്ളലേറ്റ ഒരു വ്യക്തിക്ക് പ്രതിദിനം 20-30 ശ.മാ. വരെ ശരീരഭാരം കുറയുവാനിടയുള്ളതിനാല്‍ രോഗിക്ക് 4000-6000 കലോറി ഊര്‍ജം ദിവസേന ആവശ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍