This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീട്ടൂരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തീട്ടൂരം

രാജകീയമായ അനുവാദം കാണിക്കുന്ന കത്ത്. ചില സന്ദര്‍ഭങ്ങളില്‍ രാജകീയ ശാസനങ്ങളേയും രാജാവു നല്കുന്ന ദാനരേഖക ളേയും ദാനപ്രമാണങ്ങളേയും ഈ പേരില്‍ വിളിക്കാറുണ്ട്.

ഒരു തീട്ടൂരം

മുന്‍കാലങ്ങളില്‍ രാജാക്കന്മാര്‍ ചില പ്രജകള്‍ക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്കിയിരുന്നു (രാജാവിന്റെ ഒരു ധനാഗമമാര്‍ഗം കൂടിയായിരുന്നു ഇത്). സ്ഥാനികള്‍ക്കു കൊടുക്കുന്ന അധികാര പത്രത്തിന് തീട്ടൂരം എന്നാണു പറഞ്ഞിരുന്നത്. കൊച്ചി രാജാവ് കല്പിച്ചനുവദിച്ച ഒരു തണ്ടായ്മ തീട്ടൂരത്തിന്റെ പകര്‍പ്പ് ഇനി ചേര്‍ക്കുന്നു. "അരുളിച്ചെയ്ക നമ്മുടെ കുന്നത്തുള്ളി ഈഴുവന്‍ കൃഷ്ണന് എന്നാല്‍ ഏനാമാക്കല്‍ പ്രവര്‍ത്തിയില്‍ മങ്ങാട്ടുകര തെക്കേമുറിയില്‍ ഉള്ള ഈഴുവന്‍ തണ്ടാനായിട്ടും ആ മുറിയിലും വടക്കെമുറി, കാരമുക്ക്, പൊണല്ലൂര്, ചെറയം ഈ ദേശങ്ങളിലുള്ള ഈഴവരുടെ ആജായ്മ സ്ഥാനത്തിനും നിന്നെ കല്പിച്ചാക്കിയിരിക്കകൊണ്ടു തെക്കെമുറി ദേശത്തുള്ള ഈഴവരുടെ മേല്‍വാഴ്ചക്കടുത്ത കീഴ്വാഴിച്ച സ്ഥാനങ്ങളും മേലെഴുതിയ ദേശങ്ങളിലുള്ള ആജായ്മസ്ഥാനവും പണിക്കസ്ഥാനവും കീഴ്നാളില്‍ നിന്റെ കുടിയില്‍നിന്നും നടത്തി അനുഭവിച്ചുവന്നിരുന്ന പ്രകാരം ഒക്കെയും നടത്തി തണ്ടായ്മസ്ഥാനത്തിനടുത്ത ആജായ്മസ്ഥാനത്തിനും ഉള്ള അവകാശങ്ങളും പറ്റി അനുഭവിച്ചുകൊള്ളത്തക്കവണ്ണവും നിയ്യ് രണ്ടുകൈക്ക് വീരചങ്ങലയും വിരുതും തോട്ടിക്കടുക്കനും പൊന്നിന്‍കാവുവാളും പൊന്നെഴുത്താണിയും പിച്ചാക്കത്തിയും പൊന്നുകെട്ടിയ വടിയും പുലിത്തോല്‍ പരിചയും നെടിയ കുടയും ചങ്ങലവെട്ടയും കുത്തുവിളക്കും ദീവട്ടിപ്പന്തക്കുഴയും ആലവട്ടവും പട്ടുകുടയും കൊണ്ടു നടക്കയും നടയും കുരവയും കൊടിയും വെടിയും വാദ്യവും വീണ്ടുവാദ്യവും പകല്‍വിളക്കും പാവാടയും ആയിക്കൊള്ളുകയും പടിപ്പുരയും കുളപ്പുരയും വയ്ക്കയും നിന്റെ പുരയ്ക്കലുള്ള ഈഴുവത്തികളും മക്കളും വളയും തളയും പൊന്നേലസ്സും ഇടുകയും വീരവാളിപ്പട്ടുടുക്കുകയും വെയില്‍ക്കൊട പിടിക്കയും കല്യാണങ്ങള്‍ക്ക് കുറ്റിത്തട്ടിട്ട് ആദിത്യനെ തൊഴുകയും മേല്‍പ്രകാരമുള്ള വെടി വാദ്യങ്ങളോടുകൂടി കഴിക്കയും നിന്റെ പുരയ്ക്കലും കുടികളിലും ബോധിച്ച ഈഴുവത്തിയെയും മണ്ണാനേയും വെച്ചനടത്തിക്കയും പുലകുളിയ്ക്ക് വെടിവാദ്യങ്ങളോടുകൂടി പോയി കണ്ടശ്ശാംകടവില്‍ പിണ്ണമിട്ടു മുഴുകുകയും ആലുക്കല്‍ പറമ്പില്‍ കുടകുത്തുകയും നിന്റെ കളരിക്കല്‍ കീഴുനാളില്‍ നടന്നുവന്നിരുന്നതിന്‍വണ്ണം അടിയന്തരങ്ങള്‍ നടത്തുകയും എടന്ത്രക്കാവില്‍ വേലയ്ക്കും താലപ്പൊലിക്കും മേല്‍പ്രകാരമുള്ള പദവികളോടുകൂടി പോയി കീഴ് മര്യാദ പ്രകാരം നടത്തുകയും ചെയ്തുകൊള്ളത്തക്കവണ്ണവും ഇതിന് ആണ്ടുകാഴ്ച കല്പിച്ച പുത്തന്‍ 64-ആണ്ടുതോറും ഏനാമാക്കല്‍ പ്രവര്‍ത്തിയില്‍ ഒടുക്കി നടന്നുകൊള്ളുമാറും കല്പിച്ചു നാം തീട്ടൂരം തന്നു.

തിരുവിതാംകൂറില്‍ ക്ഷണക്കത്തുകളായ 'തീട്ടൂര'ങ്ങള്‍ 'നീട്ട്' എന്നാണറിയപ്പെട്ടിരുന്നത്. മുറജപത്തിനും മറ്റും ബ്രാഹ്മണരെ ക്ഷണിക്കാനും അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കാനും 'തീട്ടൂര'ങ്ങള്‍ അയയ്ക്കുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നു.

കുറ്റിയറ്റ തറവാട്ടിലെ സ്വത്ത് രാജാവ് ഏറ്റെടുത്തശേഷം പത്തില്‍ എട്ട് ഓഹരി വിദൂര ബന്ധുക്കള്‍ക്കു നല്കുന്ന നടപടിയും 'തീട്ടൂരം' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.

(വേലായുധന്‍ പണിക്കശ്ശേരി, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍