This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തില്ലങ്കേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തില്ലങ്കേരി

കണ്ണൂര്‍ ജില്ലയില്‍, തലശ്ശേരി താലൂക്കിലെ, ഇരിട്ടി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. 25.06 ച.കി.മീ. വിസ്തൃതിയുള്ള ഈ പഞ്ചായത്തിനെ 8 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. അതിരുകള്‍: കി.മുഴക്കുന്ന് പഞ്ചായത്ത്, വ.കീഴുര്‍ ചാവശ്ശേരി പഞ്ചായത്ത്, പ.മട്ടന്നൂര്‍ നഗരസഭ, തെ.മാലൂര്‍ പഞ്ചായത്ത്. ചരിത്രപ്രസിദ്ധമായ പുരളിമലയുടെ ഉത്തര പാര്‍ശ്വത്തില്‍ ഹരിതാഭമായ കുന്നുകളും വയലേലകളും കരിനിലങ്ങളും പ്രകൃതിരമണീയമാക്കുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് തില്ലങ്കേരി. പ്രധാന വിളകളായ നെല്ലിനും തെങ്ങിനും പുറമേ കശുമാവ്, കവുങ്ങ്, റബ്ബര്‍, കുരുമുളക്, ഇഞ്ചി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പുരളിമലയുടെ പാര്‍ശ്വങ്ങളില്‍ നിന്ന് ഉദ്ഭവിക്കുന്ന അരുവികള്‍ വിവിധ കേന്ദ്രങ്ങളില്‍ സംഗമിച്ച് വടക്കോട്ടൊഴുകുന്നു.

വ്യത്യസ്ത സമുദായക്കാരുടേതായ വളരെ പഴക്കംചെന്ന ചില ദേവാലയങ്ങള്‍ ഈ ഗ്രാമത്തില്‍ കാണാം. തില്ലങ്കേരിയിലെ കലാസാംസ്കാരിക കേന്ദ്രങ്ങള്‍ കൂടിയാണ് ഇവ. ഈ ഗ്രാമത്തില്‍ പ്രവേശിച്ച ടിപ്പുവിന്റെ സൈന്യത്തിന്, കോട്ടകുന്ന് എന്ന സ്ഥലത്തുനിന്ന് ഭയന്നോടേണ്ടി വന്നതായി ഇവിടെ പ്രചാരമുള്ള വായ്മൊഴി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രാത്രിയില്‍ കോട്ടകുന്നിലെത്തിയ ടിപ്പുവിന്റെ സൈന്യം, ഇവിടെ പൂത്തുനിന്ന മുളവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളെ ആയുധധാരികളായ സൈനികരെന്ന് തെറ്റിധരിച്ച് ഭയന്നോടി എന്നാണ് പഴമക്കാരുടെ ഭാഷ്യം. അതുകൊണ്ട് ഈ ചെടികളെ ഇവിടത്തുകാര്‍, 'പടമടക്കി' എന്നു വിളിക്കുന്നു. സ്വാതന്ത്യ്രസമരസേനാനികളായ പി.കെ.കുഞ്ഞപ്പ മാസ്റ്റര്‍, എ.കെ.കുഞ്ഞിരാമന്‍ കുറുപ്പ് എന്നിവര്‍ തില്ലങ്കേരി ദേശക്കാരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍