This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിലാപ്പിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിലാപ്പിയ

Tilapia

ഒരിനം വളര്‍ത്തുമത്സ്യം. പെഴ്സിഫോമെസ് (Perciformes) മത്സ്യഗോത്രത്തിലെ സിക്ളിഡേ (Cichlidae) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. തിലാപ്പിയ മൊസാമ്പിക്ക (Tilapia mossambica). കി.ആഫ്രിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. ലവണ ജലാശയങ്ങളിലും ശുദ്ധജല തടാകങ്ങളിലും നെല്‍വയലുകളിലും തിലാപ്പിയകളെ വളര്‍ത്തുന്നുണ്ട്.

ആഫ്രിക്കയില്‍ മൂന്നിനം തിലാപ്പിയകളുണ്ട്. തി.മൊസാമ്പിക്ക, തി.നൈലോട്ടിക്ക, തി.ഗലീലിയ. 19-ാം ശ.-ത്തില്‍ ജാവ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ തിലാപ്പിയയെ വളര്‍ത്താന്‍ തുടങ്ങി. ജാവയില്‍ നിന്ന് മലയ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ഇവയുടെ കുഞ്ഞുങ്ങളെ കൊണ്ടുപോയി കൃഷിയാരംഭിച്ചു. 1952-ല്‍ തായ്ലന്‍ഡില്‍ നിന്നാണ് തിലാപ്പിയയെ ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ മത്സ്യ ഗവേഷണ സ്ഥാപനത്തിലേക്കു കൊണ്ടുവന്നത്. വളരെച്ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് കേരളത്തില്‍ വന്‍പ്രചാരം നേടാന്‍ ഈ വിദേശ മത്സ്യത്തിനു കഴിഞ്ഞു. ഏതു സാഹചര്യത്തിലും വളരാനുള്ള കരുത്തും അതിവേഗം മുട്ടയിട്ടു പെരുകാനുള്ള ശേഷിയും ഉള്ള ഇനമായതിനാല്‍ ഇന്ന് പലയിടങ്ങളിലേയും ജലാശയങ്ങളില്‍ ഈ മത്സ്യം കൃഷിചെയ്തു വരുന്നു.

തിലാപ്പിയ മത്സ്യം

തി. മൊസാമ്പിക്ക 36 സെ.മീ. വരെ നീളത്തില്‍ വളരും. തി. ഗലീലിയ 43 സെ.മീറ്ററിലധികവും തി.നൈലോട്ടിക്ക 53 സെ.മീറ്ററിലധികവും നീളം വയ്ക്കുന്നവയാണ്. തിലാപ്പിയ മത്സ്യത്തിന്റെ പാര്‍ശ്വഭാഗം പരന്ന് ദീര്‍ഘ വൃത്താകൃതിയിലാണ്. മോന്ത ഉരുണ്ടിരിക്കും. ചെതുമ്പലുകള്‍ ചെറുതും ക്രമത്തില്‍ അടുക്കിയിട്ടുള്ളതുമാണ്. രണ്ടു പാര്‍ശ്വരേഖകളുണ്ട്; ആദ്യത്തേത് ചെകിള ഭാഗത്തുനിന്നു തുടങ്ങി ശരീരത്തിന്റെ പകുതിയോളമെത്തി അവസാനിക്കുന്നു; രണ്ടാമത്തേത് ആദ്യത്തെ പാര്‍ശ്വരേഖ അവസാനിക്കുന്നതിന്റെ താഴെ നിന്നു തുടങ്ങി വാല്‍ വരെയെത്തുന്നു. മുതുച്ചിറകില്‍ 17-ഉം, ഗുദച്ചിറകില്‍ മൂന്നും, പിന്‍ പാര്‍ശ്വച്ചിറകില്‍ ഒന്നും വീതം മൂര്‍ച്ചയുള്ള മുള്ളുകളുണ്ടായിരിക്കും.

വളരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് തിലാപ്പിയയുടെ ശരീരത്തിന്റെ നിറത്തിനും മാറ്റമുണ്ടാകും. ഇവയ്ക്ക് കറുപ്പോ തവിട്ടോ ചാരം കലര്‍ന്ന ഒലിവു നിറമോ ആണ്. മുന്‍ പാര്‍ശ്വച്ചിറകും വാല്‍ച്ചിറകും കറുപ്പുനിറവും മുതുച്ചിറകിന്റേയും വാല്‍ച്ചിറകിന്റേയും അറ്റത്തിന് മഞ്ഞ നിറവും ആണ്. പ്രജനന കാലത്ത് ആണ്‍ പെണ്‍ മത്സ്യങ്ങളില്‍ വര്‍ണഭേദം പ്രകടമാണ്. പെണ്‍ മത്സ്യത്തിന് ചാരനിറമുള്ള ശരീരത്തില്‍ കറുത്ത പുള്ളികള്‍ ഉണ്ടായിരിക്കും. ആണ്‍ മത്സ്യത്തിന്റെ ശരീരം കറുപ്പു നിറവും, വായയുടെ കീഴ്ഭാഗം മാത്രം വെളുത്ത നിറവുമായിരിക്കും. ആണ്‍ മത്സ്യത്തിന്റെ മുന്‍ പാര്‍ശ്വച്ചിറകുകളുടേയും വാല്‍ച്ചിറകുകളുടേയും അരികുകള്‍ക്ക് ചുവപ്പു നിറമായിരിക്കും. ഇവയുടെ ഗില്ലുകള്‍ മഞ്ഞയും, കണ്ണുകള്‍ കറുപ്പു നിറം കൂടിയതുമാണ്. ആണ്‍ മത്സ്യങ്ങള്‍ വലുപ്പം കൂടിയവയും പെണ്‍ മത്സ്യങ്ങളെയപേക്ഷിച്ച് വളരെ വേഗത്തില്‍ വളരുന്നവയുമാണ്. പെണ്‍ മത്സ്യത്തിന്റെ ശരീരത്തിലെ കുറുകെയുള്ള വരകള്‍ കൂടുതല്‍ തെളിഞ്ഞുകാണും.

തിലാപ്പിയ മത്സ്യത്തിന്റെ പ്രധാന ഭക്ഷണം ശൈവാല (Algae)ങ്ങളാണ്. ആവശ്യത്തിന് ഏകകോശസസ്യങ്ങളും മറ്റു ശൈവാലങ്ങളും ലഭ്യമാകാത്ത സാഹചര്യത്തില്‍ ഇവ മറ്റു മത്സ്യങ്ങളുടെ ലാര്‍വകള്‍, ജലപ്രാണികള്‍, ചെറിയ കവചിത ജന്തുക്കള്‍ തുടങ്ങിയവയെ ഭക്ഷിക്കുന്നു. ജലാശയങ്ങളിലും കുളങ്ങളിലും വളര്‍ത്തുന്ന തിലാപ്പിയകള്‍ക്ക് തവിട്, പിണ്ണാക്ക്, ധാന്യപ്പൊടി, അരിഞ്ഞ ഇലകള്‍, അടുക്കളയിലെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ആഹാരമായി നല്കിവരുന്നു.

രണ്ടോ മൂന്നോ മാസം പ്രായമാകുമ്പോള്‍ മുതല്‍ തിലാപ്പിയകള്‍ മുട്ടയിടാന്‍ തുടങ്ങും. ഒരു പെണ്‍ മത്സ്യം വര്‍ഷത്തില്‍ 10-15 പ്രാവശ്യം മുട്ടകളിടുന്നു. ഇവയുടെ മുട്ടകള്‍ക്ക് 0.7 മി.മീ. വ്യാസമുണ്ട്. ബീജസങ്കലനം നടന്ന മുട്ടകള്‍ പെണ്‍മത്സ്യം വായിലാക്കുന്നു. മൂന്നു മുതല്‍ അഞ്ചുവരെ ദിവസങ്ങള്‍ക്കകം മുട്ടകള്‍ വിരിയും. പെണ്‍ മത്സ്യത്തിന്റെ വായില്‍ നിന്ന് ഇര തേടാനും മറ്റും പുറത്തിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഭയം തോന്നിയാലുടനെ തിരിച്ച് വായില്‍ തന്നെ കയറി ഒളിക്കുന്നു.

ലവണാംശം കൂടിയ സമുദ്രജലത്തില്‍പ്പോലും തിലാപ്പിയ പ്രജനനം നടത്താറുണ്ട്. ശുദ്ധജലത്തില്‍ വളരുന്ന തിലാപ്പിയയുടെ മുട്ടകള്‍ക്ക് മഞ്ഞനിറവും സമുദ്രജലത്തിലുള്ളവയുടേതിന് വെളുത്ത നിറവും ആയിരിക്കും. പെണ്‍ മത്സ്യത്തിന്റെ വലുപ്പഭേദമനുസരിച്ച് മുട്ടകളുടെ എണ്ണത്തിലും വ്യത്യാസമുണ്ടായിരിക്കും. 100-120 മി.മീ. വലുപ്പമുള്ള പെണ്‍മത്സ്യങ്ങള്‍ 250 വരെയും 200-220 മി.മീ. വലുപ്പമുള്ളവ ശരാശരി 900 വരെയും മുട്ടകളിടുന്നു.

തിലാപ്പിയ നല്ലൊരു വളര്‍ത്തു മത്സ്യമാണ്. വളര്‍ത്തു കുളങ്ങളില്‍ അമിതമായി പെരുകുന്നത് ഇവയുടെ വളര്‍ച്ചാനിരക്ക് കുറയ് ക്കാനിടയാക്കുന്നു. അതിനാല്‍ വലുപ്പം കൂടിയവയെ മാറ്റി എണ്ണം കുറയ്ക്കുകയാണു പതിവ്. തിലാപ്പിയയോടൊപ്പം അതിന്റെ കുഞ്ഞുങ്ങളെ ഭക്ഷിക്കുന്ന മത്സ്യങ്ങളെ വളര്‍ത്തിയും പെരുപ്പം നിയന്ത്രിക്കാനാകും. ഇതിനായി വാകവരാല്‍, വരാല്‍, നരിമീന്‍ തുടങ്ങിയ മത്സ്യങ്ങളെ തിലാപ്പിയയ്ക്കൊപ്പം വളര്‍ത്തുന്നു. 35 മി.മീ. വളര്‍ച്ചയെത്തുന്ന കുഞ്ഞുങ്ങളെ ലിംഗനിര്‍ണയം നടത്തി ആണ്‍ പെണ്‍ മത്സ്യങ്ങളെ വേര്‍തിരിച്ച് വളര്‍ത്തിയും (mono sexculture) പെരുപ്പം നിയന്ത്രിക്കാം. ആണ്‍മത്സ്യങ്ങള്‍ വേഗത്തില്‍ വളരുന്നതിനാല്‍ ധാരാളം വലുപ്പം കൂടിയവയെ ലഭിക്കുകയും ചെയ്യും. സങ്കരവര്‍ഗത്തെയുത്പാദിപ്പിച്ചും പെരുപ്പം നിയന്ത്രിക്കാവുന്നതാണ്.

തിലാപ്പിയയുടെ മാംസത്തില്‍ 14-19 ശ.മാ. മാംസ്യവും, 76-83 ശ.മാ. ജലാംശവും, 2 ശ.മാ. കൊഴുപ്പും 4-11 മി.ഗ്രാം ഇരുമ്പും ഫോസ്ഫറസും കാത്സ്യവും അടങ്ങിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍