This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിറപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിറപ്പ്

Tirap

അരുണാചല്‍പ്രദേശ് സംസ്ഥാനത്തിന്റെ തെ.കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ജില്ല. ജില്ലയിലൂടെ ഒഴുകുന്ന തിറപ്പ് നദിയാണ് ജില്ലാനാമത്തിന് ആധാരം. ജില്ലാ വിസ്തീര്‍ണം: 2362 ച.കി.മീ.; ജനസംഖ്യ: 1,00,227 (2001); ആസ്ഥാനം: ഖോണ്‍സ; അതിരുകള്‍: വ.ലഖിംപൂര്‍-ചാങ്ലോങ് ജില്ലകള്‍, കി.-ഉം തെ.-ഉം മ്യാന്‍മര്‍, പ.അസമും ശിവ്സാഗര്‍ ജില്ലയും.

കൃഷിക്കനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണിനാല്‍ സമ്പന്നമാണ് തിറപ്പ്. കൃഷിയാണ് ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം. പരമ്പരാഗത കൃഷിരീതികള്‍ക്ക് മുന്‍തൂക്കമുള്ള ഇവിടെ ഇപ്പോഴും മാറ്റക്കൃഷി സമ്പ്രദായം (shifting cutivation) നിലവിലുണ്ട്. എന്നാല്‍ അടുത്ത കാലത്ത്, ജില്ലാ ഭരണകൂടത്തിന്റെ ശ്രമഫലമായി തട്ടുകൃഷി സമ്പ്രദായത്തിനും ഉത്പാദനക്ഷമത കൂടിയ വിത്തുകള്‍, വളം, പുതിയയിനം പണിയായുധങ്ങള്‍, വാണിജ്യവിളകള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക കൃഷിരീതികള്‍ക്കും പ്രചാരം വര്‍ധിച്ചിട്ടുണ്ട്. കന്നുകാലി വളര്‍ത്തലിനും ജില്ലയുടെ സമ്പദ്ഘടനയില്‍ ഗണ്യമായ പങ്കുണ്ട്.

വനനിബിഡമാണ് തിറപ്പ് ജില്ല. ഭൂവിസ്തൃതിയുടെ സു.38 ശ.മാ. വ്യാപിച്ചിരിക്കുന്ന വനങ്ങള്‍ക്ക് സമ്പദ്ഘടനയില്‍ നിര്‍ണായക സ്ഥാനമുണ്ട്. തടി, മുള തുടങ്ങിയ വനവിഭവങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങള്‍ക്ക് മുന്‍തൂക്കമുള്ള തിറപ്പില്‍ പേപ്പര്‍, വെനീര്‍, പ്ലൈവുഡ്, തടി ഉരുപ്പടികള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കൈത്തറി-കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിനു പുറമേ കമ്പിളി, പരുത്തി, തടി, ലോഹം, മുള, ചൂരല്‍ എന്നിവ ഉപയോഗിച്ചുള്ള പരമ്പരാഗത വ്യവസായങ്ങളും ജില്ലയുടെ ചില ഭാഗങ്ങളില്‍ നിലവിലുണ്ട്. അസംസ്കൃത എണ്ണയും കല്‍ക്കരിയുമാണ് ജില്ലയിലെ മുഖ്യ ഖനിജങ്ങള്‍. ഏലം, കാപ്പി, തേയില എന്നിവയും ഇവിടെ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അരുണാചല്‍പ്രദേശിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേന വികസിതമാണ് ജില്ലയുടെ ഗതാഗത മേഖല. ഉദ്ദേശം 370 കി.മീ.ആണ് ജില്ലയിലെ റോഡുകളുടെ മൊത്തം ദൈര്‍ഘ്യം.

ജില്ലയുടെ ജനസംഖ്യയില്‍ ആദിവാസികള്‍ക്കാണ് ഭൂരിപക്ഷം. 1991-ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 32 ശ.മാ. സാക്ഷരരായിരുന്നു. ഹിന്ദു, ബൗദ്ധ, ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഇവിടെ അസമീസ്, ബംഗാളി, ഹിന്ദി എന്നീ ഭാഷകള്‍ക്കാണ് കൂടുതല്‍ പ്രചാരം. തിറപ്പിലെ വിജയ്നഗര്‍ ഒരു പുരാതന ബുദ്ധമതകേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധി നേടിയിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍