This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരൂര്‍

മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കിലെ ഒരു നഗരസഭ. തിരൂര്‍, തൃക്കണ്ടിയൂര്‍ എന്നീ വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്ന തിരൂര്‍ നഗര സഭയെ 28 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തൃതി: 16.5 ച.കി.മീ.. 1921-ലെ ചരിത്രപ്രസിദ്ധമായ 'വാഗണ്‍ട്രാജഡി' സംഭവത്തിലൂടെ തിരൂര്‍ ദേശീയശ്രദ്ധയാകര്‍ഷിച്ചു. മുമ്പ് തിരൂര്‍ പഞ്ചായത്ത് ആയിരുന്ന ഈ പ്രദേശം 1971-ല്‍ നഗരസഭയായി. അതിരുകള്‍: വ.താനാളൂര്‍ പഞ്ചായത്ത്, തെ.തലക്കാട് പഞ്ചായത്ത്, പ.വെട്ടം പഞ്ചായത്ത്, കി.ചെറിയ മുണ്ടം പഞ്ചായത്ത്. ഭൂപ്രകൃതിയനുസരിച്ച് ബഹുഭൂരിഭാഗവും സമതല പ്രദേശങ്ങള്‍ നിറഞ്ഞ തിരൂരിന്റെ ചെമ്പ്ര, കോട്ട്, ഏഴൂര്‍, അന്നാര, തെക്കും മുറി എന്നിവിടങ്ങളില്‍ നെല്ല് കൃഷി ചെയ്യുന്നു. തെങ്ങാണ് മുഖ്യ വിളയെങ്കിലും കമുക്, വെറ്റില, കുരുമുളക്, വാഴ, പച്ചക്കറികള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. തിരൂര്‍ മുനിസിപ്പാലിറ്റിയുടെ വ.കി.ഭാഗത്ത് കൂടി ഒഴുകുന്ന തിരൂര്‍ പൊന്നാനി പുഴയാണ് മുഖ്യ ജലസ്രോതസ്. വ്യാവസായികമായി അവികസിതമായ ഈ പ്രദേശത്ത് 38 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയിന്‍ യാത്രാസൗകര്യം ആദ്യം ലഭ്യമായ മലബാര്‍ മേഖല കൂടിയാണ് തിരൂര്‍. വിവിധ തലങ്ങളിലായി 131 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരൂരിലുണ്ട്. ശ്രീശങ്കരാചാര്യ സര്‍വകലാശാല കേന്ദ്രമാണ് ഇവിടത്തെ ഏക ഉന്നതവിദ്യാഭ്യാസസ്ഥാപനം.

വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ ഹാള്‍

മലപ്പുറം ജില്ലയിലെ ഏറ്റവും തിരക്കേറിയ പട്ടണമാണ് തിരൂര്‍. തികച്ചും അവികസിതമാണ് ഇവിടത്തെ ഗതാഗത സൗകര്യങ്ങള്‍. പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള ഏഴ് റോഡുകള്‍ നഗര സഭയിലൂടെയാണ് കടന്നുപോകുന്നത്. 1871-ല്‍ തിരൂര്‍-ചാലിയം തീവണ്ടിപ്പാത പണിതീര്‍ത്തതോടെ തിരൂരില്‍ ട്രെയിന്‍യാത്ര സാധ്യമായി. ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടിയാണ് തിരൂര്‍.

മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജന്മദേശം തിരൂരാണ്. അവര്‍ണ ഭൂരിപക്ഷത്തിന് വേണ്ടി അറിവിന്റെ ലോകം തുറന്ന എഴുത്തച്ഛന്‍ തിരൂരിലെ തൃക്കണ്ടിയൂരിനടുത്താണ് ജനിച്ചത്. ഈ സ്ഥലം ഇപ്പോള്‍ തുഞ്ചന്‍ പറമ്പ് എന്നറിയപ്പെടുന്നു. എഴുത്തച്ഛനിലൂടെ മലയാളഭാഷയ്ക്ക് കൈവന്ന ജ്വലിക്കുന്ന പാരമ്പര്യം തിരൂരിന്റെ സാംസ്കാരിക മേഖലയെ ധന്യമാക്കുന്നു. എഴുത്തച്ഛന്റെ സമകാലികനും മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ ഗുരുനാഥനുമായിരുന്ന തൃക്കണ്ടിയൂര്‍ അച്ചുതപിഷാരടി, സഹോദരന്‍ നാരായണപിഷാരടി, ജ്യോതിഷ്യത്തില്‍ ഗണിതസമ്പ്രദായം ആവിഷ്കരിച്ച പടേരി പരമേശ്വരന്‍, തച്ചു ശാസ്ത്രം, ഗജശാസ്ത്രം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ച തിരുമംഗലത്ത് നീലകണ്ഠന്‍, സംക്ഷേപരാമായണത്തിന്റെ കര്‍ത്താവായ വാസുദേവ കവി, മാര്‍ക്സിസ്റ്റ് ചിന്തകനായ കെ.ദാമോദരന്‍ തുടങ്ങിയ നിരവധി സാംസ്കാരിക നായകന്മാരുടെ ജന്മദേശം കൂടിയാണ് തിരൂര്‍. ഭാഷാ നിഘണ്ടു നിര്‍മാണത്തില്‍ ഗുണ്ടര്‍ട്ടിനെ സഹായിച്ച ഗോവിന്ദപിഷാരടിയും തിരൂര്‍ സ്വദേശിയാണ്.

തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍

1921-ലെ മലബാര്‍ കലാപത്തിലെ രക്തപങ്കിലമായ 'വാഗണ്‍ ട്രാജഡി' സംഭവം അരങ്ങേറിയത് തിരൂരില്‍ വച്ചായിരുന്നു. കലാപമെന്ന് വ്യാഖ്യാനിക്കപ്പെട്ട സമരത്തില്‍ അണിനിരന്ന സമരഭടന്മാരെ തടവുകാരാക്കി തിരൂരിലെത്തിച്ച് ഒരു വാഗണില്‍ കുത്തി നിറച്ച് പോത്തനൂരിലേക്ക് അയച്ചു. പോത്തനൂരില്‍ സ്വീകരിക്കാതെ മടക്കി അയച്ച വാഗണ്‍ തിരൂരില്‍ തിരിച്ചെത്തി തുറന്നുനോക്കിയപ്പോള്‍ അതിനുള്ളില്‍ ഉണ്ടായിരുന്ന 70-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ചരിത്രദുരന്തത്തിന്റെ സ്മരണാര്‍ഥം സ്ഥാപിച്ച വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളും തുഞ്ചന്‍ സ്മാരകവുമാണ് തിരൂരിലെ ശ്രദ്ധേയമായ സാംസ്കാരിക കേന്ദ്രങ്ങള്‍. തിരൂര്‍ നഗരസഭയില്‍ സ്ഥിതി ചെയ്യുന്ന തൃക്കണ്ടിയൂര്‍ ക്ഷേത്രവും കോട്ട് ജുമാമസ്ജിദും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിലെ വാവുത്സവം, കല്ലിങ്ങല്‍ നേര്‍ച്ച, കാളപൂട്ട്, തുഞ്ചന്‍ പറമ്പിലെ ദശമി ആഘോഷം എന്നിവ തിരൂരിലെ പ്രധാന ആഘോഷങ്ങളാണ്. കളരിപ്പയറ്റ്, പരിചമുട്ടുകളി, കോല്‍ക്കളി, ദഫ്മുട്ട്, താലംകളി എന്നിവക്കും പ്രസിദ്ധമാണ് തിരൂര്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍