This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരു അത്താഴം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരു അത്താഴം

ക്രിസ്തു തന്റെ പീഡാനുഭവത്തിനും മരണത്തിനും മുമ്പ് പന്ത്രണ്ട് ശിഷ്യരുമൊത്തു നടത്തിയ അത്താഴം. ക്രിസ്തുവിന്റെ അന്ത്യ അത്താഴമെന്നും പെസഹാ ഭക്ഷണം എന്നും ഇത് അറിയപ്പെടുന്നു. ക്രിസ്തുവിന്റെ ജീവചരിത്രം രചിച്ച മത്തായി, മാര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങളില്‍ ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

തിരു അത്താഴം

ക്രിസ്തുവിന്റെ കാലത്തിനു മുമ്പു തന്നെ യഹൂദര്‍ ആചരിച്ചിരുന്ന ഒരു പെരുന്നാളാണ് പെസഹാ ഭക്ഷണം. യഹൂദവത്സരത്തിലെ ആദ്യമാസമായ നിസ്സാന്‍ മാസത്തിലെ 14-ാം തീയതിയാണ് പെസഹാ ഭക്ഷണം കഴിച്ചിരുന്നത്. അന്നേ ദിവസം യഹൂദ ദേവാലയങ്ങളില്‍ കുഞ്ഞാടുകളെ ബലി അര്‍പ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ എന്നും ഈ നാള്‍ അറിയപ്പെട്ടിരുന്നു.

എ.ഡി. 33-ല്‍ (ചിലരുടെ അഭിപ്രായത്തില്‍ എ.ഡി. 29-ല്‍) നിസ്സാന്‍ മാസത്തിലെ 14-ാം തീയതി ഒരു വ്യാഴാഴ്ചയായിരുന്നു. ആ ദിവസത്തില്‍ ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം എവിടെയാണ് ഒരുക്കേണ്ടതെന്ന് ശിഷ്യന്മാര്‍ അദ്ദേഹത്തോടു ചോദിച്ചു. അത് ഒരുക്കാനുള്ള സ്ഥലവും ക്രിസ്തു നിര്‍ദേശിച്ചു. അരിമത്യയിലെ ധനാഢ്യനായ ജോസഫ് എന്നയാളിന്റെ ഭവനത്തിലെ വിശാലമായൊരു ഹാളിലാണ് ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം ഒരുക്കിയത്. ഇത് ഒരുക്കുവാന്‍ പത്രോസ്, യോഹന്നാന്‍ എന്നീ ശിഷ്യന്മാരെ ക്രിസ്തു നിയോഗിച്ചതായും കാണുന്നു. അന്നു വൈകുന്നേരം ക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുമൊത്ത് അത്താഴ ശാലയില്‍ പ്രവേശിച്ചു. ക്രിസ്തുവിന്റെ ജീവിതത്തിലെ അതിപ്രധാനമായൊരു സംഭവമായിരുന്നു ഈ അത്താഴം.

പാദം കഴുകല്‍. അത്താഴത്തിനിടയില്‍ ക്രിസ്തു എഴുന്നേറ്റ് തന്റെ മേലങ്കി മാറ്റിയശേഷം ഒരു തൂവാല എടുത്ത് അരയില്‍ ചുറ്റി. പിന്നീട് ഒരു പാത്രത്തില്‍ കുറേ വെള്ളമെടുത്ത് ശിഷ്യരുടെ പാദങ്ങള്‍ കഴുകി. തന്റെ അരയില്‍ ചുറ്റിയിരുന്ന തൂവാല കൊണ്ട് ആ പാദങ്ങള്‍ തുടച്ചു. പത്രോസിന്റെ അടുത്തു വന്നപ്പോള്‍ ക്രിസ്തു തന്റെ പാദം കഴുകുന്നതിനെ പത്രോസ് എതിര്‍ത്തു. എങ്കിലും ക്രിസ്തു പത്രോസിന്റെ പാദം കഴുകി. അതിനുശേഷം ക്രിസ്തു ശിഷ്യരോടു പറഞ്ഞു "ഞാന്‍ നിങ്ങളോടു ചെയ്തത് എന്താണെന്നു നിങ്ങള്‍ക്കു മനസ്സിലായോ? നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. കര്‍ത്താവും ഗുരുവും ആയ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദം കഴുകാന്‍ കടപ്പെട്ടവരായിരിക്കുന്നു. ദാസന്‍ യജമാനനേക്കാള്‍ വലിയവനല്ല.

യൂദായുടെ വഞ്ചന. ഭക്ഷണത്തിനിടയില്‍ ക്രിസ്തു പറഞ്ഞു: "നിങ്ങളില്‍ ഒരാള്‍ എന്നെ ഒറ്റു കൊടുക്കും എന്ന് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു.ഇതു കേട്ട് ശിഷ്യന്മാര്‍ അത്യന്തം ദുഃഖിതരായി. കര്‍ത്താവേ അതു ഞാനാണോ? അവര്‍ ഓരോരുത്തരും അദ്ദേഹത്തോട് ചോദിച്ചു. ക്രിസ്തു മറുപടിയായി പറഞ്ഞു, "എന്നോടൊപ്പം താലത്തില്‍ ആരാണോ കൈമുക്കുന്നത് അവന്‍ എന്നെ ഒറ്റു കൊടുക്കും. അപ്പോള്‍ യൂദാസ് ചോദിച്ചു, 'ഗുരോ അതു ഞാനാണോ?' അതിനുത്തരമായി ക്രിസ്തു പറഞ്ഞു 'നീ അതു പറഞ്ഞു കഴിഞ്ഞല്ലോ'. ക്രിസ്തു അപ്പം നുറുക്കി യൂദാസിനു കൊടുത്തു. യൂദാസ് ക്രിസ്തുവിനെ ചതിക്കും എന്ന് അപ്പോഴും മറ്റു ശിഷ്യന്മാര്‍ക്കു മനസ്സിലായില്ല. അപ്പം കഴിച്ച ശേഷം യൂദാസ് പുറത്തുപോയി.

തിരു അത്താഴം അവസാനിച്ച ഉടന്‍ ക്രിസ്തു ശിഷ്യരോടൊപ്പം അത്താഴ ശാലയില്‍ നിന്നു പുറപ്പെട്ട് കെദ്രോന്‍ താഴ്വര കടന്ന് ഗത്സെമനിയില്‍ പ്രാര്‍ഥനയ്ക്കായി പ്രവേശിച്ചു. യൂദായുടെ സഹായത്തോടു കൂടി യഹൂദ പടയാളികള്‍ ക്രിസ്തുവിനെ പിടിക്കുകയും തുടര്‍ന്ന് ക്രൂശിക്കുകയും ചെയ്തു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍