This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവോണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവോണം

ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ഇരുപത്തിരണ്ടാമത്തേത്. സംസ്കൃത നാമം ശ്രാവണം. ജ്യോതിശ്ശാസ്ത്രത്തില്‍ α-അക്വിലെ (Alpha Aquilae) എന്നാണറിയപ്പെടുന്നത്. ആംഗലരൂപം ആള്‍ട്ടേര്‍ (Altair). പത്താമത്തെ രാശിയായ മകര(Capricorn)ത്തിലാണ് തിരുവോണത്തിന്റെ സ്ഥാനം. രാശിചക്രത്തില്‍ 280º മുതല്‍ 293º 20' വരെയുള്ള മേഖലയാണിത്. ആകാശ വീഥിയില്‍ മുഴക്കോലിന്റെ ആകൃതിയില്‍ കാണപ്പെടുന്നു.

തിരുവോണ നക്ഷത്രത്തിന്റെ ദേവത വിഷ്ണുവും പക്ഷി കോഴിയും വൃക്ഷം എരുക്കും മൃഗം കരിങ്കുരങ്ങുമാണ്. ദേവഗണത്തിലുള്‍പ്പെടുന്നു. ഊര്‍ധ്വമുഖ നക്ഷത്രമാണിത്. അവിട്ടം, കാര്‍ത്തിക, മകം എന്നീ നക്ഷത്രങ്ങളുമായി ഇതിന് വേധമുണ്ട്. തിരുവോണ നക്ഷത്രത്തിന്റെ ആദ്യത്തെ നാല് നാഴിക അഭിജിത് നക്ഷത്രത്തിലാണ് പണ്ട് ഉള്‍പ്പെടുത്തിയിരുന്നത്. ഊണ്‍നാളുകള്‍ എന്നു വ്യവഹരിക്കപ്പെടുന്ന ശുഭസൂചകങ്ങളായ പതിനാറ് നാളുകളിലൊന്നാണ് തിരുവോണം. പ്രതിഷ്ഠ, ശാന്തികര്‍മം, ഉപനയനം, ഗൃഹനിര്‍മാണം എന്നിവയ്ക്ക് ഈ ദിനം നല്ലതാണ്.

തിരുവോണ നക്ഷത്രത്തിന്റെ ദിശയില്‍ ചന്ദ്രന്‍ പ്രവേശിക്കുന്ന സമയത്താണ് ഒരു കുഞ്ഞ് ജനിക്കുന്നതെങ്കില്‍ അതിന്റെ ജന്മനക്ഷത്രം തിരുവോണമായി നാം കണക്കാക്കുന്നു. ഈ നക്ഷത്രത്തിന്റെ രാശ്യാധിപന്‍ മകരം രാശിയുടെ അധിപനായ ശനിയും ദശാധിപന്‍ ചന്ദ്രനുമായതിനാല്‍ ഈ നാളുകാരില്‍ ശനിയുടേയും ചന്ദ്രന്റേയും സ്വഭാവ സവിശേഷതകള്‍ കാണാം. ഈ നാളില്‍ ജനിച്ചവര്‍ക്ക് ധീരത, ഉദാരശീലം, ജ്ഞാനസമ്പാദനം, കാര്യശേഷി, ദീര്‍ഘകാല ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം തുടങ്ങിയ ഗുണങ്ങള്‍ കാണുമെന്ന് ജ്യോതിഷികള്‍ പറയുന്നു.

ചിങ്ങമാസത്തിലെ തിരുവോണനാള്‍ കേരളീയര്‍ ആഘോഷമായി കൊണ്ടാടുന്നു. നോ: ഓണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍