This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ്

തിരുവിതാംകൂറില്‍ ഉത്തരവാദഭരണം നേടിയെടുക്കാന്‍ രൂപം കൊടുത്ത രാഷ്ട്രീയ പ്രസ്ഥാനം. ബ്രിട്ടിഷ് ഇന്ത്യയില്‍ എന്ന പോലെ നാട്ടുരാജ്യങ്ങളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചിരുന്നു. എന്നാല്‍ 1937-ലെ ഹരിപുരാ കോണ്‍ഗ്രസ് സമ്മേളനം കോണ്‍ഗ്രസ്സിന്റെ സമരപരിപാടികള്‍ നാട്ടുരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈ പശ്ചാത്തലത്തിലാണ്, നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനായി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കൃതമായത്.

1925 ആഗ. 25-ന് തിരുവനന്തപുരത്ത് ചേര്‍ന്ന പൗരമുഖ്യരുടെ ഒരു യോഗത്തിലും 1929 ന. 3-ന് കൊല്ലത്തു ചേര്‍ന്ന മറ്റൊരു യോഗത്തിലും ഉത്തരവാദഭരണം ആവശ്യപ്പെടുകയുണ്ടായി.

1930-ല്‍ത്തന്നെ 'തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്' എന്ന പേരില്‍ ഒരു സംഘടന നിലനിന്നിരുന്നെങ്കിലും അത് പ്രവര്‍ത്തനരഹിതമായിരുന്നു. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്കുശേഷം അതേ പേരില്‍ രൂപവത്കൃതമായ സംഘടനയ്ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവും കര്‍മപരിപാടികളുമുണ്ടായിരുന്നു. 1938 ഫെ. 16-ന് എ.നാരായണപിള്ള എന്ന അഭിഭാഷകന്റെ ഓഫീസില്‍, സി.വി.കുഞ്ഞുരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ടീയ പ്രബുദ്ധരായ ഏതാനും പേരുടെ ശ്രമഫലമായാണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപമെടുത്തത്. മഹാരാജാവിന്റെ പരമാധികാരത്തിന്‍കീഴില്‍ ഉത്തരവാദഭരണം സ്ഥാപിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനമായ ലക്ഷ്യം. സംഘടനയുടെ മൂന്നാമതു യോഗം ജോണ്‍ ഫിലിപ്പോസിന്റെ വസതിയില്‍ ചേര്‍ന്നപ്പോള്‍ ആദ്ധ്യക്ഷം വഹിച്ചത് പട്ടം താണുപിള്ളയായിരുന്നു. ഈ യോഗം പട്ടം താണുപിള്ളയെ പ്രസിഡന്റായും കെ.ടി.തോമസ്, പി.എസ്.നടരാജപിള്ള എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഒരു വര്‍ക്കിങ് കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. ടി.എം.വര്‍ഗീസ്, കെ.പി.നീലകണ്ഠപ്പിള്ള, ഇ.ജോണ്‍ ഫിലിപ്പോസ്, പി.കെ.കുഞ്ഞ്, എന്‍.കെ.പദ്മനാഭപിള്ള, മിസ്. ആനി മസ്ക്രീന്‍, എ.ജെ.ജോണ്‍, ടി.കെ.നാരായണപിള്ള, സി.കേശവന്‍, എം.ആര്‍.മാധവവാര്യര്‍, പി.ജെ.സെബാസ്റ്റ്യന്‍, കെ.എം.കോര, കുമ്പളത്തു ശങ്കുപ്പിള്ള, വി.കെ.വേലായുധന്‍, കെ.കേശവന്‍, കണ്ണാറ ഗോപാലപ്പണിക്കര്‍, ആര്‍. വാസുദേവന്‍പിള്ള, എം.എന്‍.പരമേശ്വരന്‍പിള്ള, കെ.എന്‍.കുഞ്ഞുകൃഷ്ണപിള്ള, എ.നാരായണപിള്ള എന്നിവരായിരുന്നു വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍. ഉത്തരവാദഭരണം എന്ന ആവശ്യത്തിനു പുറമേ പ്രായപൂര്‍ത്തി വോട്ടവകാശം, ന്യൂനപക്ഷ സംരക്ഷണം, അഭിപ്രായപ്രകടന സ്വാതന്ത്യ്രം, സംഘടനാ സ്വാതന്ത്യ്രം, ആരാധനാ സ്വാതന്ത്യം എന്നിവയും ലക്ഷ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. കൂടാതെ നിയമവിധേയമല്ലാത്ത അറസ്റ്റ്, കരുതല്‍ തടങ്കല്‍, നാടുകടത്തല്‍ എന്നിവയോടും സ്റ്റേറ്റ് കോണ്‍ഗ്രസ്സിന് വിയോജിപ്പുണ്ടായിരുന്നു.

സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക നീതിക്കായി ഈഴവ-ക്രൈസ്തവ-മുസ്ലീം സമുദായങ്ങള്‍ നടത്തിയിരുന്ന നിവര്‍ത്തന പ്രസ്ഥാനം 1937 അവസാനത്തോടെ മിക്ക ലക്ഷ്യങ്ങളും കൈവരിച്ചതിനാല്‍ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വേദിയായിരുന്ന സംയുക്ത രാഷ്ട്രീയ സമിതിക്ക് തുടര്‍ന്ന് പ്രസക്തിയില്ലാതായി. അത് പിരിച്ചുവിടുകയും ഈഴവ-ക്രൈസ്തവ-മുസ്ലീം സമുദായങ്ങള്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കു ചേരുവാന്‍ തീരുമാനിക്കുകയും ചെയ്തു.

ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യര്‍ കോണ്‍ഗ്രസ്സിന്റെ ഉദയവും അതിന്റെ ലക്ഷ്യങ്ങളും സഹിഷ്ണുതയോടെയായിരുന്നില്ല വീക്ഷിച്ചത്. ഉത്തരവാദഭരണം ദിവാന്‍ ഭരണത്തിന് ബദലായിരുന്നതിനാല്‍ സി.പി.യുടെ സ്റ്റേറ്റ് കോണ്‍ഗ്രസ് വിരോധം സ്വാഭാവികമായിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെതിരായി സമ്മര്‍ദ തന്ത്രങ്ങള്‍ അദ്ദേഹം പ്രയോഗിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപംകൊടുക്കുന്നതില്‍ പങ്കുവഹിച്ച എ. നാരായണപിള്ളയെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ കേസ് വാദിക്കാന്‍ ബോംബേ(മുംബൈ)യില്‍ നിന്ന് ക്ഷണിച്ചുകൊണ്ടു വന്ന പ്രസിദ്ധ ക്രിമിനല്‍ വക്കീലായ കെ.എഫ്.നരിമാന് അനുവാദം നിക്ഷേധിക്കുന്നതില്‍ ദിവാനും ജുഡീഷ്യറിയും കൈകോര്‍ത്തു. ചില സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളും പത്രാധിപന്മാരും പൊതുനിരത്തുകളില്‍ വച്ച് ആക്രമിക്കപ്പെട്ടതില്‍ ദിവാന്റെ പ്രേരണയുള്ളതായി ആക്ഷേപമുയര്‍ന്നു.

1938 ഫെ. 2-ന് ടി.എം.വര്‍ഗീസ് ഉത്തരവാദഭരണ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ പ്രമേയം അപ്രസക്തമെന്നും അപ്രായോഗികമെന്നും ദിവാന്‍ വിശേഷിപ്പിച്ചു.

സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ഘടകങ്ങള്‍ തിരുവിതാംകൂര്‍ മുഴുവന്‍ സ്ഥാപിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി 1938 മാ. 7-ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ പട്ടം താണുപിള്ളയുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും ഇത്തരം യോഗങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ മുഴുവന്‍ നിരോധിച്ചുകൊണ്ട് ഗവണ്‍മെന്റ് ഉത്തരവു പുറപ്പെടുവിച്ചു. തുടര്‍ന്ന് കൊല്ലം, കോട്ടയം ജില്ലകളിലും നിരോധനാജ്ഞയുണ്ടായി. അങ്ങനെ തിരുവിതാംകൂര്‍ മുഴുവന്‍ നിരോധനാജ്ഞയ്ക്കു വിധേയമായി.

ദിവാന്റേയും ഗവണ്‍മെന്റിന്റേയും സ്റ്റേറ്റ് കോണ്‍ഗ്രസ് വിരുദ്ധ നിലപാട് വിശദീകരിക്കാനായി പട്ടം താണുപിള്ള, സി.കേശവന്‍, റ്റി.എം.വര്‍ഗീസ്, വി.കെ.വേലായുധന്‍, പി.കെ.കുഞ്ഞ്, കെ.റ്റി.തോമസ്, ഇ.ജോണ്‍ ഫിലിപ്പോസ്, കെ.എം.കോര എന്നിവരടങ്ങുന്ന ഒരു സംഘം മദിരാശിക്കു പുറപ്പെട്ടു. 1938 ഏ.14-ന് ഗോഖലെ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട ഒരു യോഗത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെതിരായ ഗവണ്‍മെന്റ് നീക്കങ്ങള്‍ നേതാക്കള്‍ വിശദമാക്കി.

1938 മേയ് 7-ന് നിരോധനത്തിന്റെ കാലാവധി കഴിഞ്ഞതോടെ നെയ്യാറ്റിന്‍കരയിലെ ഊരൂട്ടുകാലയില്‍ 8-ന് സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗം ചേരുകയുണ്ടായി. ഈ യോഗം അലങ്കോലപ്പെട്ടു. ഇതിനു പിന്നില്‍ പൊലീസും ജില്ലാ ഭരണകൂടവും പ്രവര്‍ത്തിച്ചതായി ആരോപണമുണ്ടായി.

സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആവശ്യങ്ങളടങ്ങിയ ഒരു മെമ്മോറാണ്ടം 1938 മേയ് 30-ന് തപാലിലൂടെ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന് അയച്ചുകൊടുത്തു. നിവേദനം രാജാവ് നേരിട്ടു സ്വീകരിക്കുന്ന കീഴ്വഴക്കമില്ലെന്നകാര്യം കൊട്ടാരത്തില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് തപാലില്‍ അയയ്ക്കാന്‍ തീരുമാനിച്ചത്. നിവേദനത്തില്‍ ദിവാനെതിരായി വ്യക്തിപരമായ ആരോപണങ്ങളുണ്ടായിരുന്നതിനാല്‍ ദിവാന്‍ വഴി നിവേദനം മഹാരാജാവിനെത്തിക്കാന്‍ കഴിയുമായിരുന്നില്ല. നിവേദനത്തിലെ ഉള്ളടക്കമറിഞ്ഞ ദിവാന്‍ കൂടുതല്‍ പ്രകോപിതനായി. ഈ പശ്ചാത്തലത്തില്‍ 1938 ഡി. 22-23 തീയതികളിലായി തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ ചേരാന്‍ തീരുമാനിച്ചിരുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനം ഗവണ്‍മെന്റ് നിരോധിച്ചു.

മഹാരാജാവിനു നല്‍കിയ നിവേദനത്തില്‍നിന്ന് ദിവാനെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന ഗാന്ധിജിയുടെ നിര്‍ദേശം സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേരിതിരിവുണ്ടാക്കി. ഗാന്ധിജിയുടെ നിര്‍ദേശം ഭൂരിപക്ഷപ്രകാരം സ്വീകരിച്ചെങ്കിലും യുവാക്കള്‍ കൂടി അടങ്ങുന്ന മറ്റൊരു വിഭാഗം ഈ തീരുമാനത്തോടു വിയോജിച്ചു.

വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്ന സി.കേശവന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കൌമുദി കോണ്‍ഗ്രസ് വാര്‍ത്തകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് കൗമുദിയുടെ ലൈസന്‍സ് ഗവണ്‍മെന്റ് റദ്ദു ചെയ്തു.

ഇക്കാലത്ത് തിരുവിതാംകൂര്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഒരു സംഘടന രൂപവത്കൃതമായി. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ തിരുവിതാംകൂറിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നു പ്രസ്താവിച്ച ഈ സംഘടന ദിവാന്റെ സൃഷ്ടിയായി ചിത്രീകരിക്കപ്പെട്ടു.

സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പിറവിക്കു തൊട്ടുപിന്നാലെ പുരോഗമനാശയക്കാരും തീവ്രവാദികളുമായ ചില യുവാക്കള്‍ ചേര്‍ന്ന് യൂത്ത്ലീഗ് എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കി. എന്‍.പി.കുരുക്കള്‍, എന്‍.സി.ശേഖര്‍, പൊന്നറ ജി.ശ്രീധര്‍, എന്‍.ശ്രീകണ്ഠന്‍ നായര്‍, മാത്തൂര്‍ എന്‍.താണുപിള്ള തുടങ്ങിയവരായിരുന്നു നേതാക്കള്‍. 1938 ആഗ. 12-ന് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ഇവര്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് എന്‍.സി.ശേഖര്‍ അറസ്റ്റിലായി. ആഗ. 20-21 തീയതികളില്‍ തിരുവനന്തപുരത്ത് കമലാദേവി ചതോപാധ്യായയുടെ നേതൃത്വത്തില്‍ യൂത്ത്ലീഗിന്റെ മറ്റൊരു യോഗം ചേരാന്‍ തീരുമാനിച്ചു. കമലാദേവിയെ അധികൃതര്‍ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് യോഗം ചേര്‍ന്നെങ്കിലും യൂത്ത് ലീഗിന്റെ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1938 ആഗ. 26-ന് സ്റ്റേറ്റ് കോണ്‍ഗ്രസും യൂത്ത്ലീഗും നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. എങ്കിലും നിരോധനാജ്ഞ ലംഘിച്ച് സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റ് വരിച്ചു. വര്‍ക്കിങ് കമ്മിറ്റി പിരിച്ചുവിട്ട് പ്രസിഡന്റിന് സര്‍വാധിപതിയുടെ അധികാരങ്ങള്‍ നല്‍കാനും തീരുമാനമായി. എല്ലാ ജില്ലകളിലും സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗങ്ങള്‍ ചേര്‍ന്നു, നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തു.

സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള അനുഭാവം അവര്‍ രേഖപ്പെടുത്തി. 1938 ആഗ. 30-ന് ശ്രീപദ്മനാഭസ്വാമിക്ഷേത്രദര്‍ശനം കഴിഞ്ഞ് മഹാരാജാവ് മടങ്ങുമ്പോള്‍ സയന്‍സ് കോളജ് മുതല്‍ സ്റ്റാച്ച്യു വരെയുള്ള റോഡിനിരുവശത്തുമായി നിരന്നുനിന്ന വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ചു. ദിവാനെ പിരിച്ചുവിടണമെന്നായിരുന്നു അവരുടെ ആവശ്യം.

സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്ന മലയാള മനോരമയുടെയും ലൈസന്‍സ് റദ്ദു ചെയ്യപ്പെട്ടു. ഇത്തരം ദൗത്യത്തിലേര്‍പ്പെട്ടിരുന്ന കൊച്ചിയിലെ ചില പത്രങ്ങള്‍ക്ക് തിരുവിതാംകൂറില്‍ നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു.

1938 സെപ്. 25-ന് ഡല്‍ഹിയില്‍ ചേര്‍ന്ന എ.ഐ.സി.സി.യോഗം നാട്ടുരാജ്യങ്ങളില്‍ നടത്തിയിരുന്ന പ്രക്ഷോഭങ്ങളോട് അനുഭാവം രേഖപ്പെടുത്തി. മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗൂറും തിരുവിതാംകൂറിലെ സംഭവ പരമ്പരകളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകള്‍ പുറപ്പെടുവിച്ചു.

1938 സെപ്. 29 മുതല്‍ ഒ. ഒന്ന്വരെ ചെങ്ങന്നൂര്‍ പ്രദേശം ശക്തമായ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭണത്തിനും ഗവണ്‍മെന്റിന്റെ മര്‍ദന നടപടികള്‍ക്കും സാക്ഷ്യം വഹിച്ചു. ടെലിഗ്രാഫ് കമ്പികള്‍ മുറിച്ചും പാലങ്ങള്‍, കലുങ്കുകള്‍ എന്നിവ തകര്‍ത്തും വൃക്ഷങ്ങള്‍ മുറിച്ചിട്ടും റോഡ് ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ജനങ്ങള്‍ ഗവണ്‍മെന്റിനോടുള്ള പ്രതിക്ഷേധം വ്യക്തമാക്കി. ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിനും ചെങ്ങന്നൂര്‍ സാക്ഷ്യം വഹിച്ചു.

കല്ലറ, പാങ്ങോട്, കടയ്ക്കല്‍ എന്നീ പ്രദേശങ്ങളിലെ ചന്തകളില്‍ അമിതമായ ടോള്‍ പിരിവിനും അതിനു കൂട്ടുനിന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ക്കും എതിരായ പ്രക്ഷോഭത്തിന് സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം നല്‍കി. ജനങ്ങളുടെ സമരത്തിന് അതിന്റെ രണ്ടാം പകുതിയിലാണ് സ്റ്റേറ്റ് കോണ്‍ഗ്രസ് പിന്തുണ നല്‍കി നേതൃത്വം കൊടുത്തത്. സ്റ്റേറ്റ് കോണ്‍ഗ്രസ് രംഗത്തു വന്നതോടെ ഇതൊരു ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭമായി അധികൃതര്‍ വിലയിരുത്തി. വൃക്ഷങ്ങള്‍ മുറിച്ചിട്ടും കലുങ്കുകള്‍ തകര്‍ത്തും പൊലിസ് ഈ സ്ഥലങ്ങളിലെത്താതെ ജനങ്ങള്‍ ശ്രദ്ധിച്ചു. ഇവിടങ്ങളിലുണ്ടായ വെടിവെയ്പില്‍ ഏതാനും പേര്‍ മരണമടഞ്ഞു.

1938 ന. മധ്യത്തോടെ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രക്ഷോഭത്തിന്റെ വിശദാംശങ്ങള്‍ ഗാന്ധിജിയെ നേരിട്ടു ധരിപ്പിച്ചു.

1938 ഡി. 22-ന് തിരുവനന്തപുരത്തുള്ള വട്ടിയൂര്‍ക്കാവില്‍ ചേരാനിരുന്ന അതിവിപുലമായ സ്റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനത്തെ ഗവണ്‍മെന്റ് ശക്തമായി നേരിട്ടു. സമ്മേളനാധ്യക്ഷനായ എ.നാരായണപിള്ളയേയും മറ്റും റെയില്‍വേ സ്റ്റേഷനില്‍നിന്ന് സമ്മേളന സ്ഥലത്തേക്ക് നീങ്ങാന്‍ പൊലിസ് അനുവദിച്ചില്ല. അവര്‍ അവിടെത്തന്നെ യോഗം ചേര്‍ന്നു. വട്ടിയൂര്‍ക്കാവില്‍ കൂടിയിരുന്ന ജനങ്ങള്‍ എ.കുഞ്ഞന്‍നാടാരുടെ അധ്യക്ഷതയിലും യോഗം ചേര്‍ന്നു. ഡി. 23-ന് ഈ സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖ നേതാക്കളെല്ലാം അറസ്റ്റിലായി.

1939 ജനു. 21-ന് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റി ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള സമരമുഖങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കി. മദ്യശാലകളും പുകയിലക്കടകളും പിക്കറ്റ് ചെയ്യുക, ഉപ്പു നിയമങ്ങളും വന നിയമങ്ങളും ലംഘിക്കുക, നികുതി നല്‍കാതിരിക്കുക, നിരോധിക്കപ്പെട്ട പത്രമാസികകള്‍ വായിച്ച് പ്രചരിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങള്‍ കൈക്കൊണ്ടു.

1939 മാ. 6-7 തീയതികളില്‍ വര്‍ക്കിങ് കമ്മിറ്റി വീണ്ടും സമ്മേളിച്ച് തിരുവിതാംകൂറിലെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും കേന്ദ്രങ്ങളില്‍ നിയമ നിഷേധ പ്രസ്ഥാനമാരംഭിക്കുവാന്‍ തീരുമാനിച്ചു. ഏത് അടിയന്തര സാഹചര്യത്തേയും പെട്ടെന്നു നേരിടാനായി വര്‍ക്കിങ് കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ട് പട്ടം താണുപിള്ള, വി.കെ.വേലായുധന്‍, ജി.രാമചന്ദ്രന്‍, ടി.എം.വര്‍ഗീസ് എന്നിവരടങ്ങുന്ന സമരസമിതി രൂപവത്കരിച്ചു. എന്നാല്‍ സമരം തുടങ്ങുന്നതിനുമുമ്പുതന്നെ ഒരാളൊഴികെ മറ്റെല്ലാ നേതാക്കന്മാരേയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് യൂത്ത് ലീഗ് നേതാക്കളായ എന്‍.പി.കുരുക്കള്‍, പുതുപ്പള്ളി രാഘവന്‍, എന്‍.ശ്രീകണ്ഠന്‍ നായര്‍, വര്‍ഗീസ് വൈദ്യന്‍ എന്നിവരും അറസ്റ്റിലായി.

ഗവണ്‍മെന്റുമായി കൂടിയാലോചന നടത്തുവാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും സ്റ്റേറ്റ് കോണ്‍ഗ്രസ് ശ്രമം നടത്തി. പട്ടം താണുപിള്ള, റ്റി.എം.വര്‍ഗീസ്, വി.കെ.വേലായുധന്‍ എന്നിവരടങ്ങുന്ന ഒരു സമിതി 1939 ജൂല. 7-ന് ഗവണ്‍മെന്റുമായി ചര്‍ച്ചയിലേര്‍പ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

1940-41 കാലത്ത് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നു. ഇക്കാലത്ത് ചില നേതാക്കള്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തു.

1942-ലെ ക്വിറ്റിന്ത്യാസമരം തിരുവിതാംകൂറിലും ചലനമുണ്ടാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബഹിഷ്കരണം, പിക്കറ്റിങ് എന്നീ സമരമുറകളിലൂടെ ബ്രിട്ടിഷ് ഇന്ത്യയില്‍ നടന്ന സമരത്തോട് സ്റ്റേറ്റ് കോണ്‍ഗ്രസ്സിനുള്ള അനുഭാവം വ്യക്തമാക്കി. ചില നേതാക്കള്‍ മലബാറിലെത്തി അവിടെ കൂടുതല്‍ തീക്ഷ്ണതയോടെ നടത്തിയിരുന്ന സമരങ്ങളില്‍ സജീവമായി പങ്കെടുത്തു.

1944-ല്‍ ഗവണ്‍മെന്റ് തെരഞ്ഞെടുപ്പിനു സന്നദ്ധമായി. എന്നാല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പല സമുന്നത നേതാക്കന്മാര്‍ക്കും അയോഗ്യത കല്പിച്ചിരുന്നതിനാല്‍ അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും റ്റി.കെ.നാരായണപിള്ള, പി.എസ്.നടരാജപിള്ള, കെ.എ.മാത്യു, ഏ.പി.ഉദയഭാനു, കെ.കെ.ചെല്ലപ്പന്‍പിള്ള, ശങ്കരനാരായണന്‍ തമ്പി എന്നിവരുള്‍പ്പെടെ പതിനൊന്നു പേര്‍ അസംബ്ളിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

1946-ല്‍ നിയമസഭാ പരിഷ്കരണത്തിനുവേണ്ടിയുള്ള നടപടികളിലേക്ക് ഗവണ്‍മെന്റ് നീങ്ങി. ജനു. 16-ന് ഇതിന്റെ കരടുരൂപം പ്രഖ്യാപിക്കപ്പെട്ടു. ഇതിലും പ്രായപൂര്‍ത്തി വോട്ടവകാശത്തിന് പ്രസക്തിയുണ്ടായിരുന്നില്ല. മാത്രമല്ല, ദിവാന്റെ വിപുലമായ അധികാരങ്ങള്‍ക്കും വീറ്റോയ്ക്കും മുന്നില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ വികാരത്തിനോ പൊതുജനേച്ഛയ്ക്കോ സ്ഥാനമുണ്ടായിരുന്നില്ല. ദിവാനെ നിയമിക്കേണ്ടിയിരുന്നത് മഹാരാജാവായിരുന്നു; അസംബ്ളിയായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അസംബ്ലിയോട് ഉത്തരവാദിത്തവുമുണ്ടായിരുന്നില്ല. വിവാദപരമായ ഈ ഭരണഘടനയെയാണ് 'അമേരിക്കന്‍ മോഡല്‍' എന്ന് പുരോഗമനവാദികള്‍ പരിഹസിച്ചത്. സ്റ്റേറ്റ് കോണ്‍ഗ്രസ് ഇതിനെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടും നിരാകരിച്ചുകൊണ്ടും പ്രസ്താവന പുറപ്പെടുവിച്ചു.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടൊഴിയുവാനും അധികാരം ഇന്ത്യാക്കാര്‍ക്കു കൈമാറാനും വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്ന കാലമായിരുന്നു ഇത്. ഈ പശ്ചാത്തലത്തില്‍, 1946 ജൂല. 13-ന് തിരുവനന്തപുരത്ത് കൂടിയ സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റി 'കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ളിയില്‍ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങള്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണമെന്ന്' ഒരു പ്രമേയം വഴി ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. മഹാരാജാവിന്റെ പരാമാധികാരത്തിന്‍ കീഴില്‍ പരിപൂര്‍ണ ഉത്തരവാദഭരണം സ്ഥാപിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു പ്രമേയവും അംഗീകരിച്ചു.

ആഗ. 1-ന് ചേര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ഉത്തരവാദഭരണം, ദിവാന്‍ ഭരണം അവസാനിപ്പിക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രമേയങ്ങള്‍ അംഗീകരിച്ചു. ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും തീരുമാനിച്ചു. ഇന്ത്യയുടെ സ്വാതന്ത്യ്രമെന്നതുപോലെ തിരുവിതാംകൂറിലെ ഉത്തരവാദഭരണവും അനിവാര്യമായിക്കഴിഞ്ഞിരുന്നതിനാല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന് നേരെയുള്ള ഗവണ്‍മെന്റിന്റെ അവഗണനയിലും മര്‍ദന നടപടികളിലും ഈ ഘട്ടം മുതല്‍ അയവു വന്നുതുടങ്ങിയിരുന്നു.

ഇതിനിടയില്‍ അമേരിക്കന്‍ മോഡല്‍ ഭരണഘടന ഒന്നു പരീക്ഷിച്ചുനോക്കുവാന്‍ ശ്രമിക്കേണ്ടതാണെന്ന ചിന്താഗതി സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് തോന്നിത്തുടങ്ങി. എന്നാല്‍ സി.കേശവന്‍, കുമ്പളത്തു ശങ്കുപ്പിള്ള തുടങ്ങിയ ഇടതുപക്ഷ ചിന്താഗതിക്കാരായ നേതാക്കള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു.

ആലപ്പുഴ-ചേര്‍ത്തല പ്രദേശങ്ങളിലെ നല്ലൊരു വിഭാഗം തൊഴിലാളികള്‍ ഇക്കാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു. രണ്ടാം ലോകയുദ്ധം വരുത്തിവച്ച സാമ്പത്തിക ക്ളേശങ്ങള്‍, തൊഴിലില്ലായ്മ, ജന്മി-മുതലാളിമാരുടെ മര്‍ദന മുറകള്‍, ഗവണ്‍മെന്റിന്റെ ആശ്വാസ നടപടികളിലുള്ള അപര്യാപ്തത എന്നിവയെല്ലാം തൊഴിലാളികളുടെ സംഘടിതമായ മുന്നേറ്റത്തിനും സര്‍ക്കാര്‍ വിരുദ്ധ നിലപാടിനും പശ്ചാത്തലമൊരുക്കി. തൊഴിലാളികളുടെ സാമ്പത്തികാവശ്യങ്ങള്‍ക്കു പുറമേ ദിവാന്‍ ഭരണം അവസാനിപ്പിക്കുവാനുള്ള രാഷ്ട്രീയാവശ്യവും അവര്‍ ഉന്നയിച്ചു. രാഷ്ട്രീയാവശ്യം നിരാകരിച്ച ദിവാന്‍ മറ്റെല്ലാ കാര്യങ്ങളിലും തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഒരുക്കമായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ അമ്പലപ്പുഴ - ചേര്‍ത്തല ഭാഗങ്ങളില്‍ ക്യാമ്പുകള്‍ തുറക്കുകയും അവിടെ ആയുധ പരിശീലനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഗവണ്‍മെന്റിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ നില ദിവാന് സ്വീകാര്യമായിരുന്നില്ല. പുന്നപ്രയിലുണ്ടായിരുന്ന ഒരു പൊലീസ് ഔട്ട് പോസ്റ്റ് ആക്രമിച്ച തൊഴിലാളികള്‍ ഏതാനും പൊലീസുകാരെ വധിച്ചു. പോലീസ് വെടിവെയ്പില്‍ അനേകം തൊഴിലാളികള്‍ മരിച്ചു. തുടര്‍ന്ന് ഗവണ്‍മെന്റ് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ദിവാന്‍ സര്‍വ സൈന്യാധിപനായി ചാര്‍ജെടുത്തു. പുന്നപ്രയിലെ ദുരന്തം അറിയാതിരുന്ന വയലാര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ അവിടെയെത്തിയ പട്ടാളത്തിനുനേരെ തിരിഞ്ഞു. തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ ആയിരം പേരെങ്കിലും മരിച്ചതായി കരുതപ്പെടുന്നു.

1947 ജനു. 27-ന് പുതിയൊരു ഭരണഘടനാ പരിഷ്ക്കാരം പൊതുജനാഭിപ്രായമറിയാനായി ഗവണ്‍മെന്റ് പ്രസിദ്ധം ചെയ്തു. പ്രായപൂര്‍ത്തി വോട്ടവകാശവും ദ്വിമണ്ഡല നിയമസഭയും ഇതില്‍ വിഭാവനം ചെയ്തിരുന്നു. ദിവാനും മൂന്നംഗങ്ങള്‍ വീതമുള്ള ആറ് കമ്മറ്റികളും ചേര്‍ന്ന എക്സിക്യൂട്ടീവ്, ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സംയുക്ത നിയോജക മണ്ഡലങ്ങളില്‍ സീറ്റു സംവരണം, നിയമസഭയ്ക്ക് പ്രസിഡന്റിനെ തെരഞ്ഞെടുക്കുവാനുള്ള അധികാരം എന്നിവയായിരുന്നു ഭരണഘടനയുടെ സവിശേഷതകള്‍. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ഈ ഭരണഘടനയെ നിരാകരിച്ചു.

1947 മാ. 16-ന് 'സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന ആശയം സുദീര്‍ഘമായ ഒരു പ്രസ്താവനയിലൂടെ ദിവാന്‍ പൊതുജന മധ്യത്തില്‍ അവതരിപ്പിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടൊഴിയുന്നതോടെ അധീശാധികാരം അവസാനിക്കുമെന്നും നാട്ടുരാജ്യങ്ങള്‍ അവയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ സ്വതന്ത്രമാണെന്നും ദിവാന്‍ വിശദീകരിച്ചു. 1948 ജൂല. 1 മുതല്‍ തിരുവിതാംകൂര്‍ സ്വതന്ത്ര രാഷ്ട്രമാകുമെന്നും ദിവാന്‍ വ്യക്തമാക്കി.

1947 മേയ് 17-ന് ചേര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം പ്രക്ഷോഭം ശക്തമായി തുടരാന്‍ തീരുമാനമെടുത്തു. പുതിയ പരിഷ്ക്കാരത്തേയും അതിന്റെ ശില്പിയായ ദിവാനേയും വര്‍ക്കിങ് കമ്മിറ്റി രൂക്ഷമായി വിമര്‍ശിച്ചു.

നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് പേട്ടയില്‍ 1947 ജൂണ്‍ 13-ന് ചേര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗത്തിനുനേരെ പൊലീസ് വെടിവെച്ചു. ഇവിടെ മൂന്ന് പേര്‍ മരണമടഞ്ഞു. ഇതോടെ രാഷ്ട്രീയാന്തരീക്ഷം കൂടുതല്‍ പ്രക്ഷുബ്ധമായി.

ദിവാനെതിരെയുള്ള വികാരം തീവ്രമായി. 1947 ജൂല. 25-ന് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയുടെ ശതവത്സരാഘോഷത്തില്‍ പങ്കെടുത്ത ദിവാനുനേരെ വധശ്രമമുണ്ടായി. 'സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന ആശയത്തില്‍നിന്ന് മഹാരാജാവ് പിന്‍വാങ്ങി. 1947 ആഗ. 13-ന് ഇന്ത്യന്‍ ഡൊമിനിയനില്‍ ചേരുവാനുള്ള പ്രമാണത്തില്‍ മഹാരാജാവ് ഒപ്പുവയ്ക്കുകയുണ്ടായി. ആഗ. 19-ന് ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ സ്വദേശമായ മദിരാശിക്കു മടങ്ങി. ആഗ. 20-ന് പി.ജി.എന്‍.ഉണ്ണിത്താന്‍ താത്ക്കാലിക ദിവാനായി അധികാരമേറ്റു. 1947 സെപ്. 4-ന് ഉത്തരവാദ ഭരണം അനുവദിച്ചുകൊണ്ടുള്ള വിളംബരം മഹാരാജാവ് പുറപ്പെടുവിച്ചു. ഇതോടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്ഥാപക ലക്ഷ്യം പൂര്‍ത്തിയായി.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍