This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവിതാംകൂര്‍ ലെജിസ്ളേറ്റിവ് കൌണ്‍സില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവിതാംകൂര്‍ ലെജിസ്ളേറ്റിവ് കൗണ്‍സില്‍

നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മ രാജാവ് രൂപവത്കരിച്ച നിയമസഭ. 1888 മാ. 30-ന് കൗണ്‍സില്‍ രൂപവത്കരിച്ചു. പ്രാരംഭത്തില്‍ എട്ട് അംഗങ്ങളാണുണ്ടായിരുന്നത്. ഇവരില്‍ അഞ്ച്പേര്‍ ഔദ്യോഗികാംഗങ്ങളും മറ്റു മൂന്ന്പേര്‍ അനൗദ്യോഗികാംഗങ്ങളും ആയിരുന്നു. തിരുവിതാംകൂര്‍ ദിവാന്‍ ആയിരുന്നു കൗണ്‍സിലിന്റെ പ്രസിഡന്റ്. അംഗങ്ങളുടെ കാലാവധി മൂന്ന് വര്‍ഷമായിരുന്നു. ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗീകരിക്കുന്ന കരടു നിയമങ്ങള്‍ രാജാവിന്റെ അംഗീകാരം നേടിയാല്‍ മാത്രമേ നിയമമാകുമായിരുന്നുള്ളൂ. അംഗീകാരം നല്കാനും തിരിച്ചയയ്ക്കാനുമുള്ള അധികാരം രാജാവിനുണ്ടായിരുന്നു. കൗണ്‍സിലിന്റെ ആദ്യ സമ്മേളനം 1888 സെപ്.-ല്‍ ആണ് നടന്നത്.

1892-ല്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് ഇന്ത്യന്‍ കൗണ്‍സില്‍ ആക്റ്റ് പാസാക്കി. ഈ ആക്റ്റ് പ്രകാരം ബ്രിട്ടിഷ് ഇന്ത്യന്‍ പ്രവിശ്യകളില്‍ ലെജിസ്ലേറ്റിവ് കൗണ്‍സിലുകളിലെ അംഗങ്ങളുടെ എണ്ണവും പ്രാധാന്യവും വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ തിരുവിതാംകൂറിലെ ജനങ്ങളുടെ മനോവികാരം മനസ്സിലാക്കിയ രാജാവ് 1898-ലെ റഗുലേഷന്‍ പ്രഖ്യാപിച്ചു. ഈ റഗുലേഷന്‍ പ്രകാരം കൗണ്‍സിലിന്റെ അംഗസഖ്യ എട്ടില്‍ നിന്നും 15 ആയി ഉയര്‍ത്തി - ഒന്‍പത് ഔദ്യോഗികാംഗങ്ങളും ആറ് അനൗദ്യോഗികാംഗങ്ങളും. കൂടാതെ അനൗദ്യോഗികാംഗങ്ങളുടെ തെരഞ്ഞെടുപ്പുസംബന്ധിച്ച് നിയമങ്ങളും ഉണ്ടാക്കി. ലെജിസ്ലേറ്റിവ് കൗണ്‍സില്‍ നിലവിലുള്ളപ്പോഴും രാജാവ് വിളംബരങ്ങള്‍ ഇറക്കുമായിരുന്നു. കൗണ്‍സില്‍ ഇതിനെ അസഹിഷ്ണുതയോടെയാണ് വീക്ഷിച്ചിരുന്നത്. കൗണ്‍സിലിന്റെ ചട്ടപ്രകാരം അടിയന്തരഘട്ടങ്ങളില്‍ മാത്രമേ രാജാവിന് വിളംബരങ്ങള്‍ ഇറക്കുവാന്‍ അധികാരമുണ്ടായിരുന്നുള്ളൂ. ഇവയ്ക്ക് ആറുമാസത്തെ കാലാവധിയാണ് അനുവദിച്ചിരുന്നത്. 1904-ല്‍ ശ്രീമൂലം പ്രജാസഭ എന്ന പുതിയ സമിതി നിലവില്‍വന്നു.

മറ്റു നാട്ടുരാജ്യങ്ങളിലെ നിയമനിര്‍മാണ സഭകളുടെ പ്രവര്‍ത്തനം വിപുലീകരിച്ചതിന്റെ (ഉദാ. മൈസൂര്‍) ഭാഗമായി തിരുവിതാംകൂര്‍ രാജാവ് 1919 സെപ്. 6-ന് റഗുലേഷന്‍ പ്രഖ്യാപിച്ചു. അതിന്‍പ്രകാരം കൗണ്‍സിലിന്റെ അംഗസംഖ്യ 25 ആയി ഉയര്‍ത്തി-13 ഔദ്യോഗികാംഗങ്ങളും 12 അനൗദ്യോഗികാംഗങ്ങളും. എട്ട് പേര്‍ പൊതുതെരഞ്ഞെടുപ്പില്‍ക്കൂടിയാണ് അംഗങ്ങളായത്. ജന്മിമാര്‍, യൂറോപ്യന്‍ തോട്ടമുടമകള്‍, വ്യവസായികള്‍, ടൗണ്‍ വികസന സമിതികള്‍ എന്നീ വിഭാഗങ്ങളില്‍നിന്ന് ഓരോ പ്രതിനിധിയെ അയയ്ക്കാന്‍ സംവിധാനമുണ്ടാക്കിയിരുന്നു. അങ്ങനെ തിരുവിതാംകൂറിന്റെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ നിലവില്‍ വന്നു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നേരിട്ടു പങ്കുണ്ടായിരുന്നില്ല. ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ ഫലമായി 1921 ഒ. 2-ന് 'റഗുലേഷന്‍-II' പ്രഖ്യാപിക്കുകയും കൗണ്‍സിലിന്റെ അംഗസംഖ്യ 50 ആയി ഉയര്‍ത്തുകയും ചെയ്തു. ഇതില്‍ 28 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നവരും 22 അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവരുമായിരുന്നു.

ചിത്തിരതിരുനാള്‍ ബാലരാമവര്‍മ രാജാവിന്റെ ഭരണകാലത്ത് (1931-49) നിയമനിര്‍മാണസഭയുടെ ഘടനയില്‍ മാറ്റംവന്നു. നിയമനിര്‍മാണസഭാപരിഷ്കരണനിയമം അനുസരിച്ച് ശ്രീമൂലം അസംബ്ലി എന്നും ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ എന്നും നിയമനിര്‍മാണ സഭയ്ക്ക് രണ്ട് മണ്ഡലങ്ങളുണ്ടായി. സ്വാതന്ത്ര്യാനന്തരം പുതിയ നിയമനിര്‍മാണ സഭയുണ്ടായി.

(ഡോ. എന്‍. ശശിധരന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍