This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവിതാംകൂര്‍ കൊച്ചി സംയോജനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവിതാംകൂര്‍ കൊച്ചി സംയോജനം

കേരളത്തിലെ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും കൊച്ചിയും ചേര്‍ത്ത് ഒറ്റസംസ്ഥാനമാക്കാന്‍ കൈക്കൊണ്ട നടപടി. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു സംയോജനത്തിനു നീക്കമുണ്ടായത്. തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും ഭാവി നിര്‍ണയിക്കുന്ന മൂന്ന് നിര്‍ദേശങ്ങളാണ് അന്ന് കേന്ദ്രഗവണ്‍മെന്റിന്റെ പരിഗണനയിലുണ്ടായിരുന്നത്. അവ, തിരുവിതാംകൂറിനേയും കൊച്ചിയേയും തൊട്ടടുത്തുളള മദ്രാസ് സംസ്ഥാനത്തില്‍ ലയിപ്പിക്കുക, തിരുവിതാംകൂറിനേയും കൊച്ചിയേയും വെവ്വേറെ സംസ്ഥാനങ്ങളായി തുടരാന്‍ അനുവദിക്കുക, തിരുവിതാംകൂറിനേയും കൊച്ചിയേയും സംയോജിപ്പിച്ച് ഒരു ഐക്യ സംസ്ഥാനം രൂപവത്കരിക്കുക എന്നിങ്ങനെയായിരുന്നു. അന്ന് ചിത്തിരതിരുനാള്‍ ബാലരാമവര്‍മയായിരുന്നു തിരുവിതാംകൂര്‍ രാജാവ്. പരീക്ഷിത്തു കുഞ്ഞുണ്ണി തമ്പുരാന്‍ എന്ന രാമവര്‍മ കൊച്ചി രാജാവും. ഡെപ്യൂട്ടി പ്രധാമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, നാട്ടുരാജ്യ ഉപദേഷ്ടാവായിരുന്ന വി.പി.മേനോന്‍ എന്നിവരായിരുന്നു കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് ഈ സംയോജനത്തിനു നേതൃത്വം വഹിച്ച രണ്ട് പ്രമുഖര്‍.

1949 മാ. മാസത്തോടുകൂടി സ്വതന്ത്ര ഭാരതത്തിലെ നാട്ടുരാജ്യങ്ങളുടെ സംയോജനം പൂര്‍ത്തിയാകാറായപ്പോള്‍ ഈ പ്രക്രിയയില്‍ തിരുവിതാംകൂറും കൊച്ചിയും ഉള്‍പ്പെട്ടിരുന്നില്ല. ഭൂമിശാസ്ത്രപരമായ സാമീപ്യം, ഭാഷ, ആചാരങ്ങള്‍, സംസ്കാര പാരമ്പര്യം, ജനങ്ങളുടെ ജീവിതക്രമം മുതലായ കാര്യങ്ങളില്‍ ഇരു നാട്ടുരാജ്യങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ലായിരുന്നെങ്കിലും സംയോജന നടപടികള്‍ ശ്രമകരമായിരുന്നു. തിരുവിതാംകൂറിലേയും കൊച്ചിയിലേയും രാജാക്കന്മാര്‍, മന്ത്രിസഭാംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, മറ്റ് പൌര പ്രമുഖന്മാര്‍ തുടങ്ങിയവരുമായി വിപുലമായ ചര്‍ച്ച നടത്തേണ്ടിവന്നു. ഈ ചര്‍ച്ചകള്‍ക്കായി വി.പി.മേനോനെ കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ചു. അദ്ദേഹം 1949 മാ.-ല്‍ തിരുവനന്തപുരത്തെത്തി തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായിരുന്ന (അന്ന് മുഖ്യമന്ത്രി എന്നതിനു പകരം പ്രധാനമന്ത്രി എന്നായിരുന്നു സ്ഥാനപ്പേര്) ടി.കെ.നാരായണപിളളയുമായി ചര്‍ച്ച നടത്തിക്കൊണ്ട് സംയോജന നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഐക്യ സംസ്ഥാനം രൂപവത്കരിക്കുകയാണ് അഭികാമ്യമായ കാര്യമെന്ന് തിരുവിതാംകൂര്‍ മന്ത്രിസഭ മേനോനെ അറിയിച്ചു. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട്, ചെങ്കോട്ട, ദേവികുളം, പീരുമേട് എന്നീ പ്രദേശങ്ങളിലെ ഭൂരിപക്ഷം ആളുകള്‍ തമിഴ് സംസാരിക്കുന്നവരായതുകൊണ്ട് ഈ പ്രദേശങ്ങളെ മദ്രാസ് സംസ്ഥാനത്തില്‍ ചേര്‍ക്കാന്‍ തിരുവിതാംകൂര്‍ തമിഴ്നാട് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ആവശ്യമുന്നയിക്കുന്നത് ഐക്യ സംസ്ഥാന രൂപവത്കരണത്തിനു തടസ്സമായേക്കാമെന്ന് നാരായണപിളള വി.പി.മേനോന്റെ ശ്രദ്ധയില്‍പ്പെടുത്തി.

മേനോന്റെ ക്ഷണമനുസരിച്ച് കൊച്ചിയിലെ പ്രധാനമന്ത്രി ഇക്കണ്ടവാര്യരും മറ്റു മന്ത്രിമാരും സംയോജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തെത്തി. മേനോനുമായും തിരുവിതാംകൂര്‍ മന്ത്രിമാരുമായും അവര്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് ഇരു രാജ്യത്തേയും മന്ത്രിസഭകള്‍ സംയോജനത്തെ അനുകൂലിക്കുന്നതായുളള സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. മേനോന്‍ പിന്നീട് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. സംയോജനമാണ് തൃപ്തികരമായ ക്രമീകരണമെന്ന് നേതാക്കള്‍ പൊതുവേ അഭിപ്രായപ്പെട്ടു. തിരുവിതാംകൂര്‍ നിയമസഭയിലെ പ്രതിപക്ഷത്തുണ്ടായിരുന്ന തിരുവിതാംകൂര്‍ തമിഴ്നാട് കോണ്‍ഗ്രസ്സുമായി മേനോന്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായി അവരും സംയോജനത്തെ അനുകൂലിച്ചു.

മേനോന്‍ തിരുവിതാംകൂര്‍ രാജാവിനെ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയപ്പോള്‍ ഇരു രാജ്യങ്ങളും അന്നത്തെ രീതിയില്‍ വെവ്വേറെ നിലനില്ക്കുന്നതാണ് നല്ലതെന്നായിരുന്നു രാജാവിന്റെ പ്രതികരണം. എന്നാല്‍, സംയോജന നിര്‍ദേശത്തിനു വഴങ്ങിയില്ലെങ്കില്‍ തിരുവിതാംകൂറില്‍ ഉത്തരവാദപ്രക്ഷോഭണത്തിന്റെ മാതൃകയില്‍ മറ്റൊരു സമരം രൂപംകൊള്ളാനുളള സാധ്യത മേനോന്‍ രാജാവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എങ്കിലും ചര്‍ച്ച ഫലപ്രദമായില്ല. തിരുവിതാംകൂര്‍ രാജാവില്‍നിന്നും ഉണ്ടായതിനേക്കാള്‍ അനുകൂലമായ പ്രതികരണമായിരുന്നു കൊച്ചി രാജാവില്‍ നിന്നുമുണ്ടായത്. സംയോജനത്തെ കൊച്ചി രാജാവ് സ്വാഗതം ചെയ്തു. രണ്ട് നാട്ടുരാജ്യങ്ങളിലേയും മന്ത്രിസഭകള്‍ ലയനത്തെ സ്വാഗതം ചെയ്തുകൊണ്ടുളള ഔപചാരിക കത്തുകള്‍ മേനോനു നല്കി.

ഇക്കണ്ടവാര്യര്‍

തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ മേനോന്‍ സംയോജനം സംബന്ധിച്ച വിവരങ്ങള്‍ സര്‍ദാര്‍ പട്ടേലിനെ ധരിപ്പിച്ചു. തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നുമുളള നിവേദകസംഘം ഡല്‍ഹിയില്‍ മേനോനെ സന്ദര്‍ശിച്ച് സംയോജനത്തോടനുബന്ധിച്ചുളള ഭരണ സംവിധാനത്തെപ്പറ്റി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളിലേയും മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമടങ്ങിയ സംഘമായിരുന്നു ഇത്. സംയോജനം ഉടനടി നടത്തുന്നതാണെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രസ്താവന പുറപ്പെടുവിച്ചു. തുടര്‍ന്ന് തിരുവിതാംകൂര്‍-കൊച്ചി സംയോജനകമ്മിറ്റി രൂപവത്കരിക്കപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റിന്റെ നാട്ടുരാജ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിരുന്ന എന്‍.എം.ബൂച്ച് ആയിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്‍. തിരുവിതാംകൂറിലെ മന്ത്രിയായിരുന്ന വി.ഒ.മാര്‍ക്കോസ്, കൊച്ചിയിലെ മന്ത്രിയായിരുന്ന പനമ്പിളളി ഗോവിന്ദമേനോന്‍ എന്നിവരെ കമ്മിറ്റിയിലെ അംഗങ്ങളായി നിയമിച്ചു. സംയോജനത്തിനുശേഷമുളള സെക്രട്ടേറിയറ്റ്, ഹൈക്കോടതി, പബ്ളിക് സര്‍വീസ് കമ്മിഷന്‍, റവന്യൂ ബോര്‍ഡ് തുടങ്ങിയവ രൂപവത്കരിക്കാനുളള നിര്‍ദേശങ്ങള്‍ തയ്യാറാക്കുവാന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

തിരുവിതാകൂര്‍ രാജാവ് ഡല്‍ഹിയില്‍ സര്‍ദാര്‍ പട്ടേലുമായും വി.പി.മേനോനുമായും നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ചില നിര്‍ദേശങ്ങള്‍ക്ക് ഉടനടി അനുകൂല മറുപടി നല്കാന്‍ അവര്‍ക്കായില്ല. തിരുവനന്തപുരത്തേക്ക് തിരിച്ചുപോയ രാജാവിനുണ്ടായ അതൃപ്തി പരിഹരിക്കുവാന്‍ അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന രാജഗോപാലാചാരിയുടെ നിര്‍ദേശാനുസരണം മേനോന്‍ തിരുവനന്തപുരത്ത് രാജാവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് രാജാവ് സംയോജനത്തിന് അനുമതി നല്കി. രാജാവിന് രാജപ്രമുഖ സ്ഥാനം നല്കി. കൊച്ചി രാജാവും സംയോജനത്തെ അനുകൂലിച്ചു. നാട്ടുരാജ്യങ്ങള്‍ ഇന്ത്യാഗവണ്‍മെന്റില്‍ ലയിപ്പിച്ചതിനുപകരമായി ഇന്ത്യാഗവണ്‍മെന്റ് നാട്ടുരാജാക്കന്മാര്‍ക്ക് പ്രിവിപഴ്സ് എന്ന പേരില്‍ പ്രതിഫലം നല്കാന്‍ തീരുമാനിച്ചു. മേയ് 27-ന് തിരുവിതാംകൂര്‍ രാജാവ് സംയോജനം സംബന്ധിച്ച പ്രതിജ്ഞാപത്രത്തില്‍ ഒപ്പുവച്ചു. മേയ് 29-ന് കൊച്ചി രാജാവും പ്രതിജ്ഞാപത്രത്തില്‍ ഒപ്പുവച്ചു.

സംയോജനത്തിനുവേണ്ടിയുളള ചര്‍ച്ചാവേളയില്‍ പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം എറണാകുളത്താക്കണമെന്ന് കൊച്ചിയിലെ മന്ത്രിമാര്‍ വാദിച്ചു. ഒടുവില്‍ ഒരു അനുരഞ്ജനത്തിന്റെ രൂപത്തില്‍ തലസ്ഥാനം തിരുവനന്തപുരത്തായിരിക്കണമെന്നും എന്നാല്‍ ഹൈക്കോടതി എറണാകുളത്തായിരിക്കണമെന്നും തീരുമാനമായി. 1949 ജൂലായ് 1-നാണ് പുതിയ തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ടത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനോടനുബന്ധിച്ചുളള നിയമസഭാഹാളില്‍ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഇരു രാജ്യങ്ങളിലേയും നിയമസഭാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മത മേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വി.പി.മേനോനു പുറമേ നാട്ടുരാജ്യവകുപ്പിന്റെ സെക്രട്ടറി എം.കെ.വെള്ളോടി, സംയോജനക്കമ്മിറ്റി അധ്യക്ഷന്‍ എന്‍.എം.ബൂച്ച് എന്നിവരും സന്നിഹിതരായിരുന്നു. സംയോജനം സംബന്ധിച്ചുളള പ്രതിജ്ഞാപത്രം വെള്ളോടി യോഗത്തില്‍ വായിച്ചു. പറവൂര്‍ റ്റി.കെ.നാരായണപിളള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം ഇക്കണ്ടവാര്യര്‍, എ.ജെ.ജോണ്‍, പനമ്പിളളി ഗോവിന്ദമേനോന്‍, കെ.അയ്യപ്പന്‍, ഡോ. ഇ.കെ.മാധവന്‍, റ്റി.എ.അബ്ദുളള എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. അന്നേദിവസം വൈകുന്നേരം കവടിയാര്‍കുന്ന് കൊട്ടാരത്തില്‍ വച്ച് ആനി മസ്ക്രീന്‍, ഇ.ജോണ്‍ ഫിലിപ്പോസ്, എന്‍.കുഞ്ഞിരാമന്‍ എന്നിവര്‍ രാജപ്രമുഖന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.

ഇരു രാജ്യങ്ങളിലേയും നിയമസഭകള്‍ ചേര്‍ത്ത് പുതിയ നിയമസഭ നലവില്‍വന്നു. രണ്ട് നിയമസഭകളിലുമുള്‍പ്പെട്ട എല്ലാ അംഗങ്ങളേയും പുതിയ നിയമസഭാംഗങ്ങളായി അംഗീകരിച്ചിരുന്നു. പുനഃസംഘടിപ്പിക്കപ്പെട്ട നിയമസഭയുടെ ആദ്യസമ്മേളനം 1949 ജൂല. 11-ന് നടന്നു. ടി.എം.വര്‍ഗീസിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തെ തുടര്‍ന്ന് 1949 ജൂല. 7-ന് ഉദ്ഘാടനം ചെയ്യപ്പെട്ട തിരുവിതാംകൂര്‍-കൊച്ചി ഹൈക്കോടതി കേരളപ്പിറവി വരെ പ്രവര്‍ത്തനം തുടര്‍ന്നു. 1956 ഒ. 31 വരെ തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനം നിലനിന്നു. ന. 1-ന് കേരളസംസ്ഥാനം രൂപവത്കരിക്കപ്പെട്ടപ്പോള്‍ തിരുവിതാംകൂര്‍-കൊച്ചിയും മലബാറും ചേര്‍ന്ന് ഭാഷാടിസ്ഥാനത്തിലുള്ള ഒറ്റ സംസ്ഥാനമായി.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍