This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവാര്‍പ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവാര്‍പ്പ്

കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കിലെ പള്ളം ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. തിരുവാര്‍പ്പ്, സൌത്ത് ചെങ്ങളം എന്നീ വില്ലേജുകളും 11 വാര്‍ഡുകളും ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 33.59 ച.കി.മീ. വിസ്തൃതിയുണ്ട്. തിരുവാര്‍പ്പ് ശ്രീകൃഷ്ണക്ഷേത്രം പ്രസിദ്ധമാണ്. ഇവിടെ വാര്‍പ്പില്‍ ഉറപ്പിച്ച ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചതിനാലാണ് ഈ പ്രദേശത്തിന് തിരുവാര്‍പ്പ് എന്ന പേര് ലഭിച്ചതെന്നാണ് ഐതിഹ്യം. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജന്മിത്വവും ജാതിവ്യവസ്ഥയും ശക്തിയായി നിലനിന്നിരുന്ന പ്രദേശമായിരുന്നു തിരുവാര്‍പ്പ്. ജാതീയമായ വിവേചനത്തിന്റേയും ബഹിഷ്കരണത്തിന്റേയും അത്യുന്നതിയില്‍ തദ്ദേശീയരില്‍ ഭൂരിഭാഗം വരുന്ന അധഃസ്ഥിതര്‍ ബുദ്ധമതം സ്വീകരിച്ചതായി കരുതപ്പെടുന്നു. കിളിരൂര്‍ ക്ഷേതത്തിലെ ബുദ്ധപ്രതിമ, തിരുവാര്‍പ്പിലെ കാവു തീണ്ടല്‍ ചടങ്ങ് എന്നിവ ഈ പ്രദേശത്തിന്റെ ബൗദ്ധ പാരമ്പര്യത്തിലേക്കു വെളിച്ചം വീശുന്നു. 1860-ലും 1864-ലും ക്രിസ്ത്യന്‍ മിഷണറിമാര്‍ തിരുവാര്‍പ്പില്‍ നിരവധി ആരാധനാലയങ്ങള്‍ സ്ഥാപിച്ചു. 1937 ജനു. 19-ന് തിരുവാര്‍പ്പില്‍ എത്തിയ ഗാന്ധിജി, അധഃസ്ഥിതരോടൊപ്പം ക്ഷേത്രപ്രവേശനം നടത്തി.

കുട്ടനാടന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന താഴ്ന്ന പ്രദേശമായതിനാല്‍ തിരുവാര്‍പ്പിന്റെ ഭൂരിഭാഗവും വര്‍ഷകാലത്ത് വെള്ളത്തില്‍ മുങ്ങുക പതിവാണ്. വെള്ളം വറ്റിച്ചശേഷമാണ് ഇവിടത്തെ വയലുകളില്‍ കൃഷിയിറക്കുന്നത്. ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥ അനുഭവപ്പെടുന്ന ഈ പഞ്ചായത്തിലൂടെ ഒഴുകുന്ന മീനച്ചില്‍ആറിന്റെ കൈവഴികളാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സുകള്‍. കൃഷിയാണ് തദ്ദേശീയരുടെ പ്രധാന തൊഴില്‍ മേഖല. പൊതുവേ മണല്‍ കലര്‍ന്ന ചെളിമണ്ണ് കാണപ്പെടുന്ന ഇവിടം നെല്ലിന് പുറമേ തെങ്ങ്, വാഴ, മരിച്ചീനി, പയറ്, പച്ചക്കറികള്‍ എന്നിവയുടെ കൃഷിക്കും അനുയോജ്യം തന്നെ. മൃഗപരിപാലനവും മത്സ്യബന്ധനവുമാണ് തദ്ദേശീയരുടെ മറ്റ് പ്രധാന തൊഴില്‍ മേഖലകള്‍. പരമ്പരാഗത കുടില്‍ വ്യവസായങ്ങളായ കളിമണ്‍ പാത്രനിര്‍മാണം, പായ്-കൊട്ട നെയ്ത്ത് എന്നിവയും ഇവിടെയുണ്ട്. 4 റബ്ബര്‍ അനുബന്ധ ചെറുകിട വ്യവസായ യൂണിറ്റുകളും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍