This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവല്ല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവല്ല

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ ഉള്‍പ്പെട്ട ഒരു മുനിസിപ്പാലിറ്റിയും പട്ടണവും. 32 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്ന തിരുവല്ല മുനിസിപ്പാലിറ്റിക്ക് 27.5 ച.കി.മീ. വിസ്തൃതിയുണ്ട്. കാവുഭാഗം, തിരുവല്ല, കുറ്റിപ്പുഴ എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന തിരുവല്ലയുടെ വ.പായിപ്പാട് പഞ്ചായത്തും പ.പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളും തെ.കുറ്റൂര്‍ പഞ്ചായത്തും കി.കവിയൂര്‍ പഞ്ചായത്തും അതിരുകള്‍ നിര്‍ണയിക്കുന്നു. തിരുവനന്തപുരം-കോട്ടയം റെയില്‍പാതയിലെ ഒരു പ്രധാന സ്റ്റേഷനും പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനും കൂടിയാണ് തിരുവല്ല.

പത്തനംതിട്ട ജില്ലയുടെ വ.പ. ഭാഗത്ത് സ്ഥിതിചെയ്യുന്ന തിരുവല്ലയുടെ ഭൂരിഭാഗവും സമതലപ്രദേശമാണ്. ചുരുക്കം ചിലയിടങ്ങളില്‍ കുന്നിന്‍പുറങ്ങള്‍ കാണാം. നഗരാതിര്‍ത്തിയിലൂടെ ഒഴുകുന്ന മണിമലയാറാണ് ഈ പ്രദേശത്തെ മുഖ്യ ജലസ്രോതസ്. ചെറുതോടുകളും കുളങ്ങളുമാണ് മറ്റു ജല സ്രോതസ്സുകള്‍. വളക്കൂറുളള മണല്‍ കലര്‍ന്ന മണ്ണിനാല്‍ സമ്പന്നമായ ഇവിടെ നെല്ല്, പയറ്, എളള്, പച്ചക്കറി, തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, കശുമാവ്, പ്ലാവ്, മാവ്, റബ്ബര്‍, കമുക് എന്നിവ കൃഷിചെയ്യുന്നു. കരിമ്പു കൃഷിക്കു പേരുകേട്ട പ്രദേശമാണ് തിരുവല്ല. തിരുവല്ലയ്ക്കടുത്തുളള പുളിക്കീഴില്‍ ഒരു പഞ്ചസാര ഫാക്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാപാരം, കൃഷി, കൈത്തൊഴിലുകള്‍, വ്യവസായം, നിര്‍മാണം തുടങ്ങിയവയും തദ്ദേശീയരുടെ തൊഴില്‍ മേഖലകളില്‍പ്പെടുന്നു.

വിദ്യാഭ്യാസരംഗത്ത് 11 ഹൈസ്കൂളുകളും 13 എല്‍.പി.സ്കൂളുകളും 6 യു.പി.സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. മാര്‍ത്തോമ കോളജ്, സംസ്കൃത സര്‍വകലാശാലാ കേന്ദ്രം, അധ്യാപക പരിശീലനകോളജ്, ഒരു ഗവണ്‍മെന്റ് അംഗീകൃത കോളജ് എന്നിവയാണ് തിരുവല്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

താലൂക്ക് ആശുപത്രി, പ്രാഥമികാരോഗ്യകേന്ദ്രം, ആയുര്‍വേദ ഡിസ്പെന്‍സറി, ഹോമിയോ ഡിസ്പെന്‍സറി, ഇ.എസ്.ഐ. ആശുപത്രി എന്നിവയ്ക്കു പുറമേ സ്വകാര്യ മേഖലയില്‍ 5 ആശുപത്രികളും തിരുവല്ലയുടെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നു.

ഗവണ്‍മെന്റിന്റെ അധീനതയിലുളള ട്രാക്കോ കേബിള്‍ ഫാക്ടറി, സ്വകാര്യ മേഖലയിലെ കോശീസ് മില്‍, തൈമാല ഉത്പാദനകേന്ദ്രം എന്നിവ തിരുവല്ലയിലെ പ്രമുഖ വ്യാവസായിക സ്ഥാപനങ്ങളാണ്. തിരുവല്ലയുടെ ചെറുകിട വ്യവസായരംഗവും ഏറെ സജീവമാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന ബാങ്കുകളുടേയും ശാഖകള്‍ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നാടോടി കലാരൂപങ്ങളും നാടന്‍ പാട്ടുകളും തിരുവല്ലയുടെ സാംസ്കാരിക മണ്ഡലത്തെ സമ്പന്നമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ചക്രപ്പാട്ട്, പുളളുവന്‍പാട്ട്, ഉടുക്കുപാട്ട്, പന്തുകളി, കടുവകളി എന്നിവ തിരുവല്ലയുടെ ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും സജീവമാണ്. നാടന്‍ പാട്ടില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ നിരവധി ഗായകരും ഗായകസംഘങ്ങളും തിരുവല്ലയിലുണ്ട്. മുമ്പ് തിരുവല്ലയില്‍ നിന്ന് കണ്ടത്തില്‍ കൊച്ചീപ്പന്‍ മാപ്പിളയുടെ പത്രാധിപത്യത്തില്‍ നവഭാരതിയും മറ്റൊരു പത്രമായ ഭാരതചന്ദ്രികയും പ്രസിദ്ധീകരിച്ചിരുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയമായ സി.എം.എസ്.സ്കൂള്‍ സ്ഥാപിച്ചത് തിരുവല്ലയിലെ തുകലശ്ശേരിയിലാണ്. ശ്രീരാമകൃഷ്ണാശ്രമവും ഗോസ്പല്‍ ഫോര്‍ ഏഷ്യ തുടങ്ങിയ നിരവധി ക്രിസ്തീയ സഭകളുടെ ആസ്ഥാനങ്ങളും തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്നു. ലോകപ്രസിദ്ധ യുക്തിവാദി ഡോ. എ.റ്റി.കോവൂര്‍, നാഗാലന്‍ഡ് ഗവര്‍ണറായിരുന്ന ഡോ. എം.എം.തോമസ്, മലയാള സിനിമാ വേദിയിലെ എം.ജി.സോമന്‍, കെ.ജി.ജോര്‍ജ് എന്നിവരുടെ ജന്മദേശവും തിരുവല്ലയാണ്.

ചരിത്രം.

പുരാതനകാലത്ത് കേരളത്തിലുണ്ടായിരുന്ന അറുപത്തിനാല് ഗ്രാമങ്ങളിലൊന്നാണ് മധ്യതിരുവിതാംകൂറില്‍ മണിമലയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ഈ പ്രദേശം. ഉണ്ണുനീലിസന്ദേശത്തില്‍ തിരുവല്ലയെക്കുറിച്ചുളള വര്‍ണന കാണുന്നു. ഇതില്‍ 'വല്ലവായ്' എന്ന സ്ഥലനാമമാണ് കാണുന്നത്. ഇവിടെയുളള ശ്രീവല്ലഭ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തിരുവല്ല എന്ന സ്ഥലനാമം നിഷ്പന്നമായതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സ്ഥലനാമത്തെപ്പറ്റി മറ്റഭിപ്രായങ്ങളുമുണ്ട്.

പുരാതനകാലത്ത് തിരുവല്ല ഒരു ദ്രാവിഡ സംസ്കാരകേന്ദ്രമായിരുന്നുവെന്ന് കരുതാന്‍പോന്ന തെളിവുകള്‍ ലഭ്യമാണ്. നിര്‍മാണ ആവശ്യങ്ങള്‍ക്കും മറ്റുമായി ഭൂമി കുഴിച്ചപ്പോള്‍ കണ്ട ഗുഹ, മുതുമക്കത്താഴികകള്‍, കിണര്‍, വലിയ കരിങ്കല്‍പ്പാളികള്‍, കെട്ടിടങ്ങളുടെ അടിത്തറ എന്നിവയൊക്കെ തിരുവല്ലയുടെ പ്രാക് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ഏറെക്കാലം ഈ നാട് ഒരു ബുദ്ധമതകേന്ദ്രമായി ശോഭിച്ചിരുന്നെന്നുവേണം കരുതാന്‍. ശ്രീവല്ലഭക്ഷേത്രസ്ഥാനത്ത് ഒരു കാലത്തുണ്ടായിരുന്ന മല്ലികാവനമെന്ന കാവ് ഒരു താപസ സങ്കേതമായിരുന്നെന്നും ബ്രാഹ്മണാഗമനത്തിനുമുമ്പ് അവിടെയുണ്ടായിരുന്ന സന്ന്യാസികള്‍ ബൌദ്ധസന്ന്യാസികളാവാനാണ് സാധ്യതയെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. തിരുവല്ലയിലെ പല സ്ഥലനാമങ്ങളും ബൗദ്ധപ്രതാപത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ചോളദേശത്തുനിന്നു വന്ന ബ്രാഹ്മണര്‍ ഈ സ്ഥലത്ത് ശ്രീചക്രം വച്ച് ആരാധന തുടങ്ങി. പിന്നീട് ക്ഷേത്രം പണിത് ശ്രീവല്ലഭനെ കുടിയിരുത്തുകയും ചെയ്തു. 8-ാം ശ.-ത്തോടെ ഈ സ്ഥലം ബ്രാഹ്മണ ഗ്രാമമായി മാറി. ഗ്രാമത്തിന്റെ വളര്‍ച്ച ശ്രീവല്ലഭക്ഷേത്രത്തെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. കൊല്ലവര്‍ഷാരംഭത്തില്‍ തിരുവല്ലയില്‍ ശൈവമതപ്രഭാവമായിരുന്നു നിലനിന്നതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. പിന്നീട് ഇവിടം വൈഷ്ണവകേന്ദ്രമായി മാറിക്കഴിഞ്ഞെന്നുവേണം കരുതാന്‍.

തിരുവല്ലയുടെ ദേശചരിത്രം ശ്രീവല്ലഭക്ഷേത്രചരിത്രവുമായി അഭേദ്യബന്ധം പുലര്‍ത്തുന്നു. ദേശം ക്ഷേത്രത്തിന്റെ വകയായിരുന്നു. പത്തില്ലത്തില്‍ പോറ്റിമാര്‍ എന്നറിയപ്പെട്ടിരുന്ന ഊരാളരാണ് പഴയകാലത്ത് ക്ഷേത്രഭരണം നടത്തിയിരുന്നത്. ഈ പ്രദേശം ഏറെക്കാലം നന്റുടൈനാടിന്റെ കീഴിലും പിന്നീട് തെക്കുംകൂറിലും ഉള്‍പ്പെട്ടിരുന്നെങ്കിലും പത്തില്ലത്തില്‍ പോറ്റിമാരാണ് നാടടക്കി വാണിരുന്നത്. തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ കായംകുളം ആക്രമിച്ചതിനുശേഷം തിരുവല്ലയും കീഴടക്കിയതോടെ പോറ്റിമാരുടെ പ്രതാപത്തിന് മങ്ങലേറ്റു. പിന്നീട് ക്ഷേത്രവും സമ്പത്തും തിരുവിതാംകൂറിന്റെ വകയായി.

ശ്രീവല്ലഭക്ഷേത്രത്തില്‍ വിഷ്ണുവാണ് മുഖ്യപ്രതിഷ്ഠ. ശ്രീചക്രം, അയ്യപ്പന്‍, കുരവന്‍ തുടങ്ങിയ ഉപദേവതകളുമുണ്ട്. വട്ടശ്രീകോവില്‍ ചെമ്പോല മേഞ്ഞതാണ്. കഥകളി ഇവിടെ ഒരു വഴിപാടായി നടത്താറുണ്ട്. ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങളുളളതില്‍ ചാലക്കുഴിപ്പളളിയും കടപ്രത്തുപളളിയും പഴക്കമേറിയവയാണ്. തുകലശ്ശേരി കുന്നിന്‍ മുകളില്‍ പാശ്ചാത്യ മിഷനറിമാര്‍ സ്ഥാപിച്ച പളളിയും ആംഗ്ലോമലയാളം മിഷന്‍ സ്കൂളും പ്രസിദ്ധമാണ്.

മണിപ്രവാള ഗ്രന്ഥമായ ലീലാതിലകത്തിന്റെ കര്‍ത്താവ് തിരുവല്ലയിലെ പ്രസിദ്ധ തന്ത്രികളായ മാമ്പഴ പട്ടേരിമാരില്‍ ഒരാളാണെന്ന് ചിലര്‍ കരുതുന്നു. നിരണം കവികള്‍ക്കും തിരുവല്ലയോട് നേരിയ ബന്ധമുണ്ട്. കുഴിക്കാട്ട്പച്ചയെന്ന തന്ത്രശാസ്ത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവ് തിരുവല്ല കുഴിക്കാട്ടില്ലത്തെ ഒരു നമ്പൂതിരിയാണ്.

(പ്രൊഫ. വി.എ. രാമചന്ദ്രന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍