This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവരങ്കന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവരങ്കന്‍

ആദിപാണനാര്‍. തിരുവരങ്കത്ത് പെരുംപാണനാര്‍ എന്നും പറയപ്പെടുന്നു. പാണന്മാരുടെ വര്‍ഗോത്പത്തി പുരാണത്തില്‍ തിരുവരങ്കനെപ്പറ്റി പറയുന്നുണ്ട്. തിരുവരങ്കന്‍ ശിവന്റെ പിണിയൊഴിച്ച കഥ അതിലുണ്ട്. തിരുവരങ്കത്തെ പാണനാരുടെ കഥ പറയിപെറ്റ പന്തിരുകുലം കഥയിലുമുണ്ട്. ഒരിക്കല്‍ ശിവകോപത്താല്‍ പാണനാര്‍ ഭസ്മീകരിക്കപ്പെട്ടു. പാര്‍വതി അപ്പോള്‍ത്തന്നെ പാണനാരെ പുനര്‍ജീവിപ്പിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ പാണനാര്‍ ശിവന്‍ ഇനിആരേയും ശപിക്കാനാകാത്ത മട്ടില്‍ ഉറങ്ങിപ്പോട്ടെ എന്ന് ശപിച്ചു. അതു സംഭവിച്ചപ്പോള്‍ ദേവന്മാര്‍ പാണനാരോട് ശിവനെ ഉണര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ തിരുവരങ്കത്തെ പാണനാര്‍ പാട്ടുപാടി പരമശിവനെ ഉണര്‍ത്തി. ഇതില്‍ സംപ്രീതനായ മഹേശന്‍ ഏഴുവീടുകളില്‍ കയറി തുയിലുണര്‍ത്തിയാല്‍ അന്നന്നത്തെ അഷ്ടിക്കുള്ള വക കിട്ടുമാറാകട്ടെ എന്ന് അനുഗ്രഹിച്ചു. അങ്ങനെയാണ് തുയിലുണര്‍ത്തുപാട്ട് പാണന്മാരുടെ ജീവിതവ്രതമായി മാറിയത് എന്നു കരുതപ്പെടുന്നു. പാണന്മാര്‍ ഗ്രാമങ്ങള്‍ തോറും നടന്ന് ഈശ്വരനെ വാഴ്ത്തിക്കൊണ്ട് തുയിലുണര്‍ത്തുപാട്ട് പാടുന്ന ആചാരത്തിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത് ഈ കഥയാണ്. തുയിലുണര്‍ത്തുപാട്ട് എന്ന പദത്തിന് ലോകരക്ഷയ്ക്കുവേണ്ടി ഈശ്വരനെ നിദ്രയില്‍ നിന്ന് ഉണര്‍ത്തുക എന്നാണര്‍ഥം. തമിഴ്നാട്ടിലും കേരളത്തിലും ഗായക കവികളായി സ്മരിക്കപ്പെടുന്ന പാണന്മാര്‍ ഈ പുരാണ കഥാപാത്രത്തിന്റെ പരമ്പരയില്‍പ്പെട്ടവരാണ് എന്ന് ഒരു പ്രബലവിശ്വാസം ഉണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍