This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവമ്പാടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവമ്പാടി

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കൊടവള്ളി ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. 1962-ല്‍ നിലവില്‍വന്ന ഈ പഞ്ചായത്ത് തിരുവമ്പാടി വില്ലേജിനെ പ്രതിനിധാനം ചെയ്യുന്നു. 11 വാര്‍ഡുകളിലായി വിഭജിച്ചിരിക്കുന്ന തിരുവമ്പാടിക്ക് 83.96 ച.കി.മീ. വിസ്തൃതിയുണ്ട്. ജനസംഖ്യ: 26,623(2001), അതിരുകള്‍ വ. വയനാട് ജില്ല; കി.ചാലിയാര്‍ (മലപ്പുറം ജില്ല), കൂടരഞ്ഞി പഞ്ചായത്തുകള്‍; പ.ഇരുവത്തിപ്പുഴ; തെ.കാരശ്ശേരി പഞ്ചായത്തും ഇരുവത്തിപ്പുഴയും. തിരുവമ്പാടിയിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഗ്രാമനാമം നിഷ്പന്നമായതെന്നാണ് ഐതിഹ്യം. പണിയരും മുത്തന്മാരുമാണ് ഈ പ്രദേശത്തെ ആദിവാസികള്‍.

കോഴിക്കോട് ജില്ലയുടെ വ.കി.വയനാടന്‍ മലകളുടെ തെ. പടിഞ്ഞാറായി സമുദ്രനിരപ്പില്‍ നിന്ന് സു. 90 മീ. മുതല്‍ 457 മീ. വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തിരുവമ്പാടിക്ക് പൊതുവേ പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രകൃതിയാണുള്ളത്. ചെറുതും വലുതുമായ നിരവധി തോടുകള്‍ ഈ പ്രദേശത്തു കൂടി ഒഴുകുന്നുണ്ട്. റബ്ബര്‍, തെങ്ങ്, കവുങ്ങ് എന്നിവ കൃഷി ചെയ്യുന്ന ഇവിടെ തദ്ദേശീയരുടെ മുഖ്യതൊഴിലും കൃഷിതന്നെ. 1995-ല്‍ സ്ഥാപിതമായ രാജീവ് ഗാന്ധി കോക്കനട്ട് ക്ളോംപ്ളക്സാണ് പഞ്ചായത്തിലെ ഏക വ്യവസായ സ്ഥാപനം.

പഞ്ചായത്തിന്റെ ഒമ്പതിനായിരം ഏക്കര്‍ പ്രദേശത്തായി വ്യാപരിക്കുന്ന നിത്യഹരിത വനങ്ങളില്‍ പണിയരും, മുത്തന്മാരും ഉള്‍പ്പെട്ട ആദിവാസികള്‍ തിങ്ങിപ്പാര്‍ത്തിരുന്നു. പാലമരം, മഹാഗണി, വെള്ളപൈന്‍, മരുത്, ഈട്ടി, പൂവത്തി തുടങ്ങിയ വൃക്ഷങ്ങള്‍ വളരുന്ന വനങ്ങളില്‍ കാട്ടുപോത്ത്, ആന, മാന്‍, കൂരന്‍, വെരുക്, കാട്ടാട്, മലയണ്ണാന്‍, കുരങ്ങ്, കരിംകുരങ്ങ്, ഉടുമ്പ് എന്നീ മൃഗങ്ങളേയും വാവല്‍, വേഴാമ്പല്‍, മലമുഴക്കി, നീര്‍ക്കാക്ക, ബുള്‍ബുള്‍, നാഗമോഹന്‍ പരുന്ത്, മൂങ്ങ, നത്ത്, ചെമ്പോത്ത് എന്നീ പക്ഷികളേയും കാണാം. തേന്‍, മെഴുക്, കുന്തിരിക്കം, കറുവാപ്പട്ട, പാറമല്ലി, കാട്ടുകുരുമുളക്, തിപ്പലി, കന്മദം തുടങ്ങിയ വനവിഭവങ്ങളും ഇവിടെ ലഭ്യമാണ്. പ്രകൃതി രമണീയമായ വെള്ളരിമലയ്ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.

സ്കൂളുകള്‍, ആശുപത്രികള്‍, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സഹകരണസംഘങ്ങള്‍, മൃഗാശുപത്രി, ടെലിഫോണ്‍ എക്സേഞ്ച്, പൊലീസ് സ്റ്റേഷന്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍